UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നൂറാം വാര്‍ഷികം ആഘോഷിക്കേണ്ട ഒരു സ്കൂളിനെ മണ്ണു മാഫിയ ഇഞ്ചിഞ്ചായി കൊല്ലുന്ന വിധം

Avatar

വിഷ്ണു എസ് വിജയന്‍ 

“സ്കൂള്‍ വണ്ടിയില്‍ നിന്നും ഇറങ്ങുന്ന കുഞ്ഞുങ്ങള്‍ നേരെ ചെല്ലുന്നത് ഈ വലിയ കുഴിയുടെ ഭാഗത്തേക്കാണ്. കണ്ണ് തെറ്റിയാല്‍ കുഞ്ഞുങ്ങള്‍ അപകടത്തില്‍പ്പെടും. എന്‍റെ ഇളയ കുഞ്ഞ് ഭാഗ്യം കൊണ്ടാണ് ഒരു പ്രാവശ്യം രക്ഷപ്പെട്ടത്. അതോര്‍ക്കുമ്പോള്‍ ഇപ്പോഴും ചങ്ക് പിടയ്ക്കും”- 
മോഹിനി എന്ന അമ്മയുടെ വാക്കുകളില്‍ വല്ലാത്തൊരു ഭയം തളംകെട്ടി കിടന്നിരുന്നു. മോഹിനിയുടെ രണ്ടു കുട്ടികളും ആക്കുളം കരിമണലില്‍ കുഴിവിള യുപി സ്കൂളിലാണ് പഠിക്കുന്നത്. സന്തോഷമായി സ്കൂളില്‍ പോയി വന്നുകൊണ്ടിരുന്ന കുഞ്ഞുങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി പറയുമ്പോള്‍ മോഹിനി മാത്രമല്ല എല്ലാ രക്ഷിതാക്കളും വികാരഭരിതരാകുന്നു. അത്രമേല്‍ ഭയം അവരെ ബാധിച്ചിട്ടുണ്ട്.

 

നൂറാം വാര്‍ഷികം ഗംഭീരമായി ആഘോഷിക്കേണ്ട സമയത്ത് ഒരു വിദ്യാലയവും അവിടുത്തെ കുട്ടികളും ഭീതിയുടെ പിടിയിലാണ്. അനധികൃത മണ്ണെടുപ്പിന്റെ ഫലമായി രൂപപ്പെട്ട വലിയ ഗര്‍ത്തം നോക്കി പേടിയോടെയാണ് ഓരോ ദിവസവും ഇവിടുത്തെ കുട്ടികള്‍ സ്കൂളില്‍ എത്തുന്നത്. ആക്കുളത്തിനടുത്ത് കരിമണലില്‍ കുഴിവിള യുപി സ്കൂളിലെ കുട്ടികള്‍ക്കാണ് ഈ ദുര്‍ഗതി വന്നുചേര്‍ന്നിരിക്കുന്നത്.

 

അലന്‍ ക്ലൈവ് നെറ്റോ എന്ന പ്രവാസിയാണ് സ്കൂള്‍ നിലകൊള്ളുന്ന കുന്നില്‍പ്രദേശം ഇടിച്ചു നിരത്തി വീട് പണിയുന്നത്. വീട് പണിക്ക് വേണ്ടി മണ്ണെടുത്ത് തുടങ്ങിയതോടെ റോഡും സ്കൂളും തമ്മില്‍ ഉള്ള അന്തരം വളരുകയും സ്കൂളിലേക്കുള്ള റോഡ്‌ പൊട്ടി പൊളിയുകയും ചെയ്തു. ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം ഏതാണ്ട് ഒരു വലിയ കുന്നില്‍ മുകളില്‍ ഒറ്റപ്പെട്ട അവസ്ഥയാണ്‌. സ്കൂളിനും പ്രധാന ഹൈവേയ്ക്കും ഇടയില്‍ വലിയൊരു ഗര്‍ത്തം രൂപപ്പെട്ടു.ഇപ്പോള്‍ ഇവിടം ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മറച്ചിരിക്കുകയാണ്. ഈ ഗര്‍ത്തതിന് മുകളില്‍ ഉള്ള പൊട്ടിപ്പൊളിഞ്ഞ ചെറിയ പാതയിലൂടെയാണ് കുട്ടികള്‍ സ്കൂളിലേക്ക് എത്തുന്നത്. മുതിര്‍ന്നവര്‍ക്ക് തന്നെ ഭയാനകമായ അവസ്ഥയാണ്‌. അപ്പോള്‍ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ.

“ഒരു ദിവസം കുഞ്ഞ് സ്കൂള്‍ ബസില്‍ നിന്നും ഇറങ്ങിയ ഉടനെ പൂവ് പറിക്കാന്‍ വേണ്ടി ഓടി. നേരെ ഓടിപ്പോയത് ഈ കുഴിയുടെ ഭാഗത്തേക്കാണ്. ഞാനും ടീച്ചര്‍മാരും കൃത്യസമയത്ത് കണ്ടില്ലായിരുന്നുവെങ്കില്‍…” മോഹിനിയുടെ വാക്കുകള്‍ ഇടറുന്നു.

 

100 വര്‍ഷം പഴക്കമുള്ള സ്കൂളാണ് കരിമണലില്‍ കുഴിവിള യുപി സ്കൂള്‍. ഏറെയും സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ സ്കൂള്‍ ഈ വര്‍ഷം നൂറാം വാര്‍ഷികം ആഘോഷിക്കാനായി തയ്യാറായിക്കൊണ്ടിരിക്കുമ്പോഴാണ് പ്രശ്നങ്ങളുടെ ഗര്‍ത്തത്തിലേക്ക് ചെന്ന് പതിച്ചിരിക്കുന്നത്. ആറ്റിപ്ര വില്ലേജ് ഓഫീസിന്‍റെ പരിതിയിലാണ് സ്കൂള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം.

 

സ്കൂളിന് സമീപത്തു കൂടി കടന് പോകുന്ന ദേശീയപാതയുടെ  ജോലികള്‍ പുരോഗമിക്കുന്നതിന്‍റെ മറപിടിച്ചാണ് ഇയാള്‍ റോഡിന് അരികിലുള്ള സ്വന്തം  ഭൂമിയുടെ ഭാഗമായുള്ള കുന്ന് സ്കൂളിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തില്‍ ഇടിച്ചു നിരത്തുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു.

 

റോഡ്‌ പണിയ്ക്ക് വേണ്ടി മണ്ണെടുക്കുകയായിരിക്കും എന്നാണ് പ്രദേശവാസികള്‍ ആദ്യം വിചാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ തന്നെ സംരക്ഷണ മതില്‍ കെട്ടി നല്‍കും എന്നും കരുതി. എന്നാല്‍ പതിയെ കാര്യങ്ങള്‍ മനസിലാക്കി വന്നപ്പോഴേക്കും ഇയാള്‍ നല്ലൊരു ഭാഗവും ഇടിച്ചു നിരത്തിക്കഴിഞ്ഞിരുന്നു.

 

 

“ജിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും അവര്‍ അനുമതി വാങ്ങിയിട്ടുണ്ട്. പക്ഷെ അതില്‍ പറയുന്ന ഒരു കാര്യവും അവര്‍ ഇതുവരെ ചെയ്തിട്ടില്ല. പ്രദേശവാസികളെ അറിയിച്ചു കൊണ്ട് വേണം അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.എന്നാല്‍ പ്രദേശവാസികളെ ആരെയും തന്നെ ഇക്കാര്യം അറിയിച്ചിരുന്നില്ല. പ്രത്യേകിച്ച് ഈ വസ്തുവിന്റെ അരികില്‍ കൂടി പോകുന്ന പിഡബ്ല്യുഡി റോഡിന്റെ അധികൃതരെയും ഇക്കാര്യങ്ങള്‍  അറിയിച്ചിട്ടില്ല. നാട്ടുകാര്‍ എല്ലാവരും വിചാരിച്ചിരുന്നത് ഹൈവേയുടെ ജോലികള്‍ക്ക് വേണ്ടി മണ്ണ്‍ എടുക്കുന്നതായിരിക്കും എന്നാണ്. പിന്നെ ഈ സ്ഥലത്ത് റോഡിനോട് ചേര്‍ന്ന്‍ ഷീറ്റ് മറയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ക്ക് സംശയം തോന്നുന്നതും തടയുന്നതും പോലീസിനെ അറിയിക്കുന്നതും ഒക്കെ.” വാര്‍ഡ്‌ കൌണ്‍സിലര്‍ ശിവദത്ത് പറയുന്നു.

 

വീട് വെക്കാന്‍ വേണ്ടി നഗരസഭയില്‍ നിന്നും ഇവര്‍ അനുമതി നേടിയിട്ടുണ്ടെന്നും സ്കൂളിന് സംരക്ഷണ മതില്‍  കെട്ടിക്കൊടുക്കാം എന്ന ഉറപ്പിന്മേലാണ് അനുമതി നേടിയെടുത്തതെന്നും എന്നാല്‍ മുദ്രപത്രത്തില്‍ എത്ര നാള്‍ കൊണ്ട്  മതില്‍ കെട്ടിക്കൊടുക്കും എന്ന് പറഞ്ഞിട്ടില്ല എന്നും നാട്ടുകാര്‍ പറയുന്നു.

 

 

“നിശ്ചിത സമയത്തിനുള്ളില്‍ മതിലിന്‍റെ പ്ലാന്‍ വരച്ചു മതില്‍ കെട്ടിപ്പൊക്കണം എന്ന് കൌണ്‍സിലറും ആവശ്യപ്പെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് സത്യാവസ്ഥ അറിയാന്‍ വില്ലേജ് ഓഫിസുമായി ബന്ധപ്പെടുമ്പോഴാണ് മണ്ണെടുക്കാനുള്ള അനുമതി അവര്‍ വില്ലേജ് ഓഫീസില്‍ നിന്നും  വാങ്ങിയിരുന്നു എന്ന് അറിയുന്നത്. മണ്ണെടുക്കാന്‍ ഉള്ള കാലാവധി കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും ഗവണ്മെന്റിന്റെ പക്കല്‍ നിന്നും അനുമതി വാങ്ങി. പക്ഷെ അതു സ്ഥലം കൌണ്‍സിലര്‍ ആയ ഞാനോ എംഎല്‍എയോ മന്ത്രിയും ആരും അറിഞ്ഞിട്ടില്ല.

 

മന്ത്രിയാണ് പറഞ്ഞത് വേണ്ട രേഖകളുമായി വന്നാല്‍ എന്താണ് കാര്യം എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കാം എന്ന്. അങ്ങനെ ഇതുവരെ ഉള്ള സംഭവങ്ങളുടെ വിവരങ്ങള്‍ ഒക്കെ ഞാന്‍ മന്ത്രിയ്ക്ക് കൈമാറി. മന്ത്രി കാര്യങ്ങള്‍ പഠിച്ചപ്പോഴാണ്‌ പ്രശ്നങ്ങള്‍ മനസിലാകുന്നത്. അപ്പോള്‍ തന്നെ ഞാന്‍ പിഡബ്ല്യുഡിയുമായി ബന്ധപ്പെടുകയും റോഡ്‌ വശത്തെ മണ്ണെടുപ്പിന്‍റെ അപകടത്തെ കുറിച്ച് ബോധിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ അവര്‍ കാര്യത്തില്‍ ഇടപെട്ടു. ഇപ്പോള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാണ്”- ശിവദത്ത് പറയുന്നു.

 

രാത്രിയുടെ മറവിലാണ്  ഇവിടത്തെ മണ്ണിടിച്ചിൽ നടത്തിയിരുന്നത് എന്നത് പരിസര വാസികള്‍ പറയുന്നു.

 

 

“ശാന്തസുന്ദരമായിരുന്നു സ്കൂള്‍ അംഗണം. സ്കൂളിലേക്കുള്ള റോഡ്‌ പൊട്ടിപ്പൊളിഞ്ഞു മുന്നില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടതോടെ സ്കൂളിന്‍റ ഒരു നിഴല്‍ മാത്രമാണ് ഇപ്പോള്‍ താഴെ റോഡില്‍ നിന്നാല്‍ കാണാന്‍ സാധിക്കുന്നത്. റോഡില്‍ നിന്നാല്‍ കാണാമായിരുന്ന സ്കൂളില്‍ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി നാട്ടുകാര്‍ക്ക് ഓടി എത്താനും പ്രയാസമില്ലയിരുന്നു. എന്നാല്‍ ഇപ്പോള്‍ വലിയ കുന്നു ഓടിക്കയറി വേണം സ്കൂളില്‍ എത്താന്‍. മണ്ണിടിച്ചു ഈ അവസ്ഥയില്‍ ആയ ശേഷം പല കുട്ടികളെയും സ്കൂള്‍ മാറ്റുന്നതിനെ കുറിച്ച് രക്ഷിതാക്കള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. നൂറ് വര്‍ഷം തികയാന്‍ പോകുന്നു എന്ന് പറഞ്ഞിട്ട് എന്താ കഥ? അപകടത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി കുട്ടികളെ പഠിപ്പിക്കേണ്ട ഗതിയാണ് ഇപ്പോള്‍. കാര്യങ്ങള്‍ ആദ്യമേ അറിയാന്‍ സാധിച്ചിരുന്നെങ്കില്‍ എന്തെങ്കിലും ഒക്കെ ചെയ്യാമായിരുന്നു. ഇപ്പോള്‍ ഏറെ വൈകിപ്പോയി. സ്കൂള്‍ അധികൃതരും കൃത്യമായി ഇടപെടല്‍ നടത്തിയില്ല ആദ്യം.”- പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത അധ്യാപിക പറയുന്നു.

സ്കൂളിന്‍റെ അവസ്ഥയെപ്പറ്റി അന്വേഷിക്കാന്‍ എത്തിയ അഴിമുഖം പ്രതിനിധിയോട് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് തയ്യാറായില്ല. സര്‍ക്കാര്‍ കാര്യം ആയതിനാല്‍ അഭിപ്രായം പറയാന്‍ സാധിക്കില്ല എന്നാണ് അവര്‍ പറയുന്നത്.

 

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍