UPDATES

സ്വാമി സംവിദാനന്ദ്

കാഴ്ചപ്പാട്

സ്വാമി സംവിദാനന്ദ്

വായന/സംസ്കാരം

വയലറ്റ് നിറമുള്ള ഉറുമ്പുകള്‍; കുഴൂരെന്തിന് കവിതയെഴുതുന്നു?

ഹിമാലയത്തിലേക്കുള്ള ചാര്‍ധാം യാത്രയില്‍ വഴിനിറയെ മെയ് – ജൂണ്‍ മാസത്തില്‍ വയലറ്റ് വാകമരങ്ങള്‍ യാത്രക്കാരന്റെ മനസ്സിലേക്ക് കുളിരു കോരിയിട്ട് തലയാട്ടി ചിരിച്ച് നില്പുണ്ടാവും. കുഴൂര്‍ വിത്സന്റെ കവിതകളില്‍ നിന്നും വയലറ്റ് പുറത്ത് ചാടി വിരിഞ്ഞു നില്ക്കുന്നതാവും. യുഗങ്ങളായി കവിതയെഴുതുന്നവര്‍ക്ക് മാത്രം മനസ്സിലാവുന്ന നോവില്‍ ചിലവരികള്‍ക്കിടയില്‍ ആരും കാണാതെ ഒരു മൗനമൊളിപ്പിച്ചും ചില കരച്ചിലുകള്‍ക്കിടയില്‍ ആര്‍ക്കും കൊടുക്കാന്‍ മടിക്കുന്ന സ്‌നേഹമൊളിപ്പിച്ചും കലഹിച്ചും വിതുമ്പിയും അക്ഷരങ്ങളുടെ വള്ളത്തിലേറി കവിതക്കടലില്‍ മീന്‍ പിടിക്കുന്ന മുക്കുവനാക്കാനും നങ്കീസാവാനും ചൂണ്ടക്കുരുക്കില്‍ വിരുന്നു പോകാന്‍ കൊതിക്കുന്ന മത്സ്യമാവനുമൊക്കെ കവി നമ്മളെ പഠിപ്പിക്കും.

 

അവനവനില്‍ നിന്നും അടുത്ത ഗ്രഹത്തിലേക്ക് പുറപ്പെട്ടുപോയ ആത്മഭാഷണങ്ങളുടെ ഘോഷയാത്രയാണ് വിത്സന്റെ ‘വയലറ്റിനുള്ള കത്തുകള്‍’. അടുത്ത ഗ്രഹമായിട്ട് ചൊവ്വയോ പ്‌ളൂട്ടയോ അംബികാ പിള്ളയോ സുമേഷോ സതീഷോ ഉണക്കമീനോ ജൂണ്‍ മാസമോ പച്ചവെള്ളമോ… ഗ്രഹമേതുമാവട്ടെ അവനവനില്‍ നിന്നും പുറപ്പെട്ടുപോയ ആത്മഭാഷണങ്ങളുടെ ഉറുമ്പിന്‍ യാത്രയാണ് വിത്സന്റെ കവിതകള്‍. ഉറുമ്പിനു മാത്രം സാധ്യമാവുന്ന ഭാഷയില്‍ പരസ്പരം മിണ്ടിയും മിണ്ടാതെയും വാക്കുകള്‍ യാത്രയാവുമ്പോള്‍ ഞാനൊരു കുട്ടിയായ് വിരല്‍തുമ്പുകൊണ്ട് ഉറുമ്പിന്‍ കൂട്ടത്തെ വരിതെറ്റിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഒരോ വാക്കിന്റെ വളവിലും ഉറുമ്പുകള്‍ വീണ്ടും വീണ്ടും വഴികണ്ടു പിടിച്ചു യാത്ര തുടരും. വീണ്ടും വീണ്ടും ഞാന്‍ ആഞ്ഞാഞ്ഞ് ശ്രമിക്കും. ഒടുവില്‍ എന്റെ വിരല്‍തുമ്പില്‍ ഒരു കാല്‍ മുളച്ചു വരും. എന്റെ മിഴിത്തുമ്പില്‍ വെറൊരു കാല്‍. എന്റെ മൊഴിത്തുമ്പില്‍ മറ്റൊന്ന്. എന്റെ മനത്തുമ്പില്‍, എന്റെ മഴത്തുമ്പില്‍, എന്റെ വഴിത്തുമ്പില്‍.. അങ്ങനെ മൊത്തതില്‍ ഞാനൊരു ഉറുമ്പായി മാറുന്നു. വയലറ്റ് നിറമുള്ള ഉറുമ്പ്. ഉറുമ്പുകള്‍ക്ക് മാത്രം മനസ്സിലാവുന്ന ഭാഷയില്‍ ഞാന്‍ സഹയാത്രികരോട് കുശലം പറഞ്ഞ് ഘോഷയാത്രയായി അടുത്ത ഗ്രഹത്തിലേക്ക് യാത്രയാവുന്നു. ആ ഗ്രഹത്തിന്റെ പേര് രമണിയെന്നാണ്, ആ ഗ്രഹത്തിന്റെ പേര് അന്നയെന്നാണ്, ആ ഗ്രഹത്തിന്റെ പേര്‍ ബിജുക്കുട്ടനെന്നാണ്. ആ ഗ്രഹത്തിനു പേരിടണം. ആ ഗ്രഹം കണ്ടെത്തണം. ആ ഗ്രഹത്തിനെ ജനിപ്പിക്കാന്‍ ആഗ്രഹിക്കണം. ഞാനൊരു വയലറ്റ് ഉറുമ്പായത് കൊണ്ട് ഇതെല്ലാം നടക്കും; കാരണം വയലറ്റ് ഉറുമ്പിനെ എല്ലാവരും സ്‌നേഹിക്കും. ഉറുമ്പായതിനു ശേഷം എനിക്ക് ചുണ്ടുകള്‍ കൊണ്ട് മിണ്ടണം.

 

 

എനിക്ക് നിന്‍റെ
ചുണ്ടുകള്‍ കൊണ്ട്
മിണ്ടണം
ലോകം അതിനെ
ചുംബനം
എന്ന് വിളിച്ചേക്കും
എനിക്കതില്‍ പരാതിയില്ല
ലോകം അങ്ങനെ
പലതിനെയും
പലതാക്കിയിട്ടുണ്ട്.

 

വീണ്ടുമെപ്പൊഴൊ പെട്ടെന്നൊരു പ്രാവശ്യം കൂടി ജനിക്കണമെന്നാശിച്ചിരിക്കുകയായിരുന്നു. ചുമ്മായൊന്നുമല്ല. ജീവിച്ചു ജീവിച്ചു മുഷിഞ്ഞു. വഴിതെറ്റി വഴിതെറ്റി മടുത്തു. കബളിപ്പിച്ചും വഞ്ചിച്ചും ബീഡിക്കറ ചുണ്ടിനെ വിശുദ്ധ കറുപ്പണിയിച്ചു. എനിക്കങ്ങനെ ബോറടിച്ചു. അപ്പോഴാണ് സിഗരറ്റു വലിക്കുകയും കള്ളുകുടിക്കുകയും ഒന്നും ചെയ്യാത്ത ചിന്നമ്മയെന്ന കാമുകിയുടെ ആദ്യ കണ്ണുനീര്‍, മരമായ് നിന്ന എന്റെ കാല്ക്കല്‍ വീണത്. ഒരു മരത്തിന് തണല്‍ നല്‍കാന്‍ സാധിക്കും. ഒരു മരത്തിനു കുളിര്‍ നല്കാന്‍ സാധിക്കും. ഒരു മരത്തിനു കിളികള്‍ക്ക് കൂടു കെട്ടാന്‍ ഇടം നല്കാന്‍ സാധിക്കും. ഒരു മരത്തിനു ഓര്‍മ്മകളില്‍ വസന്തമായിപ്പെയ്യാന്‍ സാധിക്കും. ഇതെല്ലാം സാധിക്കുമ്പോള്‍ മരത്തിനു ജീവിതം പെട്ടെന്നു മടുക്കും. കാരണം ചിന്നമ്മയെന്ന കാമുകിക്ക് തണലിഷ്ടമായിരുന്നു; കുളിരിഷ്ടമായിരുന്നു; വസന്തമിഷ്ടമായിരുന്നു; പക്ഷെ അവരുടെ വിശുദ്ധിയെ ഭയന്ന് എനിക്കൊരു കിളിയായ് പറന്നു പോകാന്‍ കൊതിയായി. മരമായത് കൊണ്ട് കിളിയായ് അവരില്‍ നിന്ന് ഓടിയകലാന്‍ സാധിക്കില്ലെന്നെനിക്ക് മനസ്സിലായി. ചിന്നമ്മയ്ക്ക് ഞാനെന്ന മരത്തണല്‍ വേണം. ഒടുവില്‍ എനിക്കവരുടെ വിശുദ്ധിയേറിയ വയറില്‍ തന്നെ ഒളിച്ചിരിക്കാനും അതില്‍ നിന്നും പൂര്‍ണ്ണ വിശുദ്ധനായ് വീണ്ടും ജനിക്കാനും കൊതിവന്നു. അവരുടെ മുല ചുരത്തുന്ന വിശുദ്ധ നീര്‍ കുടിച്ച് ഒരു തടിയന്‍ ഗുണ്ടൂസ് തേനുണ്ണിയായ് വളരാന്‍. എന്റെ വിഷം പുരണ്ട മനസ്സില്‍ ചിന്നമ്മയുടെ പ്രണയത്തില്‍ എനിക്കവരുടെ മകനായിത്തന്നെ ജനിക്കണമായിരുന്നു. അത്ര മാത്രം വിശുദ്ധമായിരുന്നു ചിന്നമ്മയുടെ ജീവിതവും ജീവിത പരിസരവും. ആ വിശുദ്ധയുടെ മകനാവണമെന്ന് വീണ്ടും വീണ്ടും വഴിതെറ്റി വലയുന്ന വയലറ്റുറുമ്പ് ആശിക്കുന്നു.

 

അമ്മേ,
അന്നംകുട്ടീ
എന്നോട്
പൊറുക്കണം
ഒരു നിമിഷം എങ്കില്‍ ഒരു നിമിഷം
ഞാന്‍ മറ്റൊരു പെണ്ണിന്റെ
മകനായ് പിറക്കുന്നതായി
ആഗ്രഹിച്ചു പോയി
പൊറുക്കണം
അവളുടെ
പേരു ഞാന്‍ പറയില്ല
അമ്മയ്ക്ക്
പിന്നെയും
സങ്കടമാകും.

 

മറ്റൊരു ഗ്രഹത്തിനു ശേഷം ഞാന്‍ മറ്റൊരു യുഗത്തിലേക്ക് സ്ഥാനാന്തരണം ചെയ്യപ്പെട്ടു. ഈ യുഗത്തിനു കൃത, ത്രേത, ദ്വാപര, കലി എന്നൊന്നുമായിരുന്നില്ല പേര്‍. ഈ യുഗത്തിന്റെ പേര്‍ പ്രണാംശ് എന്നായിരുന്നു. എല്ലാ യുഗത്തിന്റെയും ദൈര്‍ഘ്യം ചേര്‍ത്തുവെച്ചാല്‍ പ്രണാംശ് യുഗത്തില്‍ ഒരു വയലറ്റുറുമ്പിന്റെ ഒരു നൊടിയായി. അത്തരം പത്ത് നൊടികള്‍ ചേരുന്നത് ഒരു മാത്രയായി. പത്ത് മാത്രകള്‍ ഒരു നിമിഷം അത്തരം അറുപത് നിമിഷങ്ങള്‍ ചേരുന്നത് ഒരു വിനാഴിക. അത്തരം അറുപത് വിനാഴികകള്‍ ചേരുന്നത് ഒരു നാഴിക. അത്തരം അറുപത് നാഴിക ഒരു ദിവസം. അങ്ങനെ 365 ദിവസം ചേരുമ്പോള്‍ വയലറ്റ് ഉറുമ്പിന്റെ ഒരു വര്‍ഷം. അത്തരം 100 വര്‍ഷം ഒരു വയലറ്റ് ഉറുമ്പിന്റെ പൂര്‍ണ്ണായുസ്സെത്തും. അതിനു ശേഷം അത്രയും സമയം പ്രപഞ്ചം ശൂന്യമായും പ്രണയ രഹിതമായും കിടക്കും. അങ്ങനെ ശൂന്യകരമായിക്കിടക്കുമ്പോഴാണ് ഇങ്ങനെ കുറിക്കുന്നത്.

 

ഈ ജന്മത്തില്‍
തെരുവില്‍ അലഞ്ഞുതിരിഞ്ഞു
നടക്കുകയായിരുന്നു
മഴവെള്ളമാണു
കുടിച്ചിരുന്നത്
ഇടയ്ക്ക് വെയിലിനെ തൊട്ടുനക്കി
……..
ആ ഇലകള്‍ തുന്നി
ഉറുമ്പുകള്‍ കൂടുകളുണ്ടാക്കി
സങ്കടമെന്നത്
മറന്നു പോയിരുന്നെങ്കിലും
അതുപോലൊന്ന്
ഇടയ്ക്കിടെ കണ്ണില്‍ മുട്ടി.

 

ജിപ്‌സികളെ ചുട്ടുപൊരിച്ചു തിന്നുന്ന ഒരു നാടുണ്ടായിരുന്നു. അവിടെ ജിപ്‌സികള്‍ വളര്‍ത്തു മൃഗമായിരുന്നു. പശുവിനെയോ യാക്കിനെയോ പോലെ, അല്ല യാക്കിനെപോലെ എന്നു മതി. യാക്കിന്റെ പുറത്താണ് നടക്കുന്നത്. യാക്കിന്റെ തോലാണു പുതയ്ക്കുന്നത്. യാക്കിന്റെ പാലുകുടിച്ച് മയങ്ങും. യാക്കിന്റെ ഇറച്ചിയാണു തിന്നുന്നത്. തണുപ്പുകാലത്ത് കഴിക്കാന്‍ യാക്കിന്റെ ഇറച്ചി ഉണക്കി വെച്ചിരിക്കും. യാക്കിന്റെ നെയ്യും യാക്കിന്റെ എണ്ണയും ഒക്കെ. യാക്കിന്റെതെന്നപോലെ എന്തിനും ഏതിനും ജിപ്‌സികളെ വളര്‍ത്തുമൃഗമായി വെച്ചിരുന്ന ഒരു ഗ്രാമത്തില്‍ ആയിരം ജിപ്‌സിമൃഗങ്ങളെ വളര്‍ത്തിയിരുന്ന ഒരു വയലറ്റുറുമ്പായിരുന്നു അപ്പോള്‍ ഞാന്‍. എന്റെ നന്നായ് പഠിക്കുന്ന മകന്റെ നാവിലേക്ക് ഒരു രുചിവേണമായിരുന്നു. അന്ന് ജിപ്‌സിയെ കൊല്ലണ്ട എന്നു തീരുമാനിച്ചു. ഉടന്‍ കവി ഒരു ചമ്മന്തി തന്നു.

 

 

എനിക്ക് ചാണകം മെഴുകിയ
ഒരു വീട്ടില്‍
നന്നായ് പഠിക്കുന്ന
ആ കുട്ടിയുള്ള വീട്ടില്‍
ഒരു രാവിലെ
ചമ്മന്തിയാകണം
അവന്‍ പെരുക്ക പട്ടിക
ചൊല്ലുന്ന നാവില്‍
എരിയണം.

 

ഇങ്ങനെ പല ജന്മങ്ങളുടെ രഹസ്യങ്ങളഴിക്കുന്ന ഒരു വയലറ്റ് ഉറുമ്പിനെക്കുറിച്ച് അല്ല; എന്നെക്കുറിച്ച് ഞാന്‍ കവിയിലൂടെ, അല്ല; അക്ഷരങ്ങളിലൂടെ നിരനിരയായി ഒരു ഗ്രഹത്തില്‍ നിന്നും വെറൊരു ഗ്രഹത്തിലേക്ക് വളരെ തിരക്കിട്ട് പായുകയായിരുന്നു. ഒരുറുമ്പിന്‍ കൂട്ടത്തിലെ വരിതെറ്റിക്കാന്‍ ആഗ്രഹമില്ലാത്തത് കൊണ്ട് ഞാന്‍ ഒപ്പമുള്ള അനേകായിരം ഉറുമ്പുകള്‍ക്കൊപ്പം തിരക്കിട്ട് പരസ്പരം ചുണ്ട് തൊട്ട് ഒരു നിമിഷം നിന്ന് (അതെ നാലു യുഗങ്ങളും ചേര്‍ന്നാലാണ് ഞങ്ങളുടെ ഒരു നിമിഷത്തിന്റെ പാതിയുടെ പാതിയുടെ പാതിയുടെ പാതിയാവുന്നതെന്നോര്‍ക്കണം) പെട്ടെന്ന് റ്റാറ്റ പറഞ്ഞ് ഞങ്ങള്‍ പായുകയാണ്. ഞങ്ങള്‍ വയലറ്റ് ഉറുമ്പുകളാണെന്നതാണ് പ്രത്യേകത. ഞങ്ങള്‍ ഒരു ഗ്രഹത്തില്‍ നിന്നും ചിഞ്ചുവെന്നും മഞ്ചുവെന്നും ഷീബയെന്നും റംലയെന്നും ഷാനവാസെന്നും രതീഷെന്നും കുട്ടപ്പനെന്നും സുമേഷെന്നും ജാനുക്കുട്ടിയമ്മയെന്നും ഒക്കെ പേരായാ ഗ്രഹങ്ങളിലേക്ക് പായുകയാണ്. അതെ അങ്ങനെയിരിക്കുമ്പോള്‍ ഞങ്ങളുടെ ഒരു കാല്‍ അറ്റുപോകും. ഞങ്ങളുടെ മിഴിതുമ്പില്‍ വെറൊരു കാല്‍, ഞങ്ങളുടെ മൊഴിതുമ്പില്‍ മറ്റൊന്ന്, ഞങ്ങളുടെ മനതുമ്പില്‍, ഞങ്ങളുടെ മഴതുമ്പില്‍, ഞങ്ങളുടെ വഴിതുമ്പില്‍ അങ്ങനെ രണ്ട് കാല്‍ മാത്രം അവശേഷിച്ച് മനുഷ്യനായ് മാറും. വയലറ്റ് നിറമുള്ള ഉറുമ്പ്, ഉറുമ്പുകള്‍ക്ക് മാത്രം മനസ്സിലാവുന്ന ഭാഷയില്‍ നിന്ന് പെട്ടെന്ന് മനുഷ്യരായ് മാറി സഹയാത്രികരോട് കുശലം പറഞ്ഞ് ഘോഷയാത്രയായി അടുത്ത ഗ്രഹത്തിലേക്ക് യാത്രയാവുന്നു. ആകെക്കൂടി സങ്കടപ്പെട്ട് വലഞ്ഞും, സന്തോഷത്തോടെ ഭോഗിച്ചും, വഞ്ചിച്ചും, സൊറപറഞ്ഞും, ധ്യാനിച്ചും, ആത്മീയപ്പെട്ടും, അറപ്പോടെ കണ്ടും , ആറടിക്കായ് കലപിലകൂടുന്ന മനുഷ്യനെന്ന ഒറ്റപ്പെട്ട ഗ്രഹമായി മാറും. അപ്പോള്‍ മാത്രം ഞങ്ങള്‍ക്ക് കവിത വായിക്കേണ്ടി വരും. അല്ലാത്തപ്പോഴൊക്കെ സ്വയം കവിതയായി രൂപാന്തരം കൊതിച്ചവര്‍. കവിത വായിക്കുമ്പോള്‍ എല്ലാവര്‍ക്കും വയലറ്റ് നിറത്തിലുള്ള കണ്ണുകള്‍ പണിയുവാന്‍ വിത്സനു കഴിയുന്നു. എല്ലാവര്‍ക്കും ഒത്തിരി ദുഖമുണ്ടെന്ന് മനസ്സിലാക്കിക്കാനും എല്ലാവര്‍ക്കും എല്ലാവരെയും സ്‌നേഹിക്കാമായിരുന്നു. അല്ലേല്‍ വേണ്ട ചുരുങ്ങിയ പക്ഷം എനിക്ക് നിന്നെയെങ്കിലും സ്‌നേഹിക്കാമായിരുന്നു. അല്ല നീ ജനിച്ചത് തന്നെ എന്നെ സ്‌നേഹിക്കാനാണ് എന്നോര്‍മ്മിപ്പിക്കാനും. ഞാന്‍ നിന്നെ സ്‌നേഹിക്കുമെന്നും ഇനിയും ഇനിയുമുള്ള എല്ലാ ജന്മങ്ങളിലും നീയെന്നെ സ്‌നേഹിച്ചിരിക്കും ഞാന്‍ നിന്നെയുമെന്ന് ഓരോ മനുഷ്യാത്മാവിനെയും സങ്കല്പിക്കുവാന്‍ ഓമനത്വമുള്ള വാക്കുകളിലൂടെ കവിക്ക് കഴിയുന്നുണ്ടെന്നോര്‍ത്ത് ഈ കവിതകള്‍ക്കുള്ളിലേക്ക് ഞാന്‍ പിന്‍വാങ്ങുന്നു. വെറൊരു ഗ്രഹത്തില്‍ വെച്ച്, വെറൊരു യുഗത്തില്‍ നീയീ പുസ്തകം എന്നെങ്കിലും തുറന്നു നോക്കുമ്പോള്‍ ഒരു ഇരട്ടവാലനായ് എന്നെയിതിനുള്ളില്‍ കണ്ടെത്തും, വയലറ്റ് നിറമുള്ള ഇരട്ടവാലനായ്.. ഉമ്മ.

 

ഒരു ദിവസം
ഒരു ഇരട്ടവാലന്‍ പുഴുവിനെ കണ്ട് പേടിച്ച്
നീയെന്റെ തുടയില്‍
അമര്‍ത്തിപ്പിടിച്ചതിന്റെ പാട്
ഇപ്പോഴുമുണ്ട്.

 

(കുഴൂര്‍ വില്‍സന്റെ ഉടന്‍ പുറത്തുവരാനിരിക്കുന്ന വയലറ്റിനുള്ള കത്തുകള്‍ എന്ന സമാഹാരത്തെ കുറിച്ച്)

സ്വാമി സംവിദാനന്ദ്

സ്വാമി സംവിദാനന്ദ്

ഹരിദ്വാര്‍ അഭേദഗംഗാമയ്യാ ആശ്രമത്തിന്റെ മഹന്ത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, കാശി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദൈവത്തോറ്റം, അഭയാര്‍ത്ഥിപ്പൂക്കള്‍ എന്നീ രണ്ട് ചൊല്‍ക്കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞുതാമര എന്ന പേരില്‍ 2006 മുതല്‍ കവിതാ ബ്ളോഗ് ഉണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍