UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അബ്ദുള്‍ ഖാദറിന് ഗുരുവായൂരില്‍ കാര്യമുണ്ട്; ചെന്നിത്തലയ്ക്ക് അറിയില്ലെങ്കിലും നാട്ടുകാര്‍ക്കതറിയാം

ഉത്സവക്കഞ്ഞി കുടിക്കാനായിട്ടാണ് കെവി അബ്ദുള്‍ഖാദര്‍ എത്തിയത്. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടാണ് ചടങ്ങുകള്‍.

നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വിവാദ പരാമര്‍ശത്തിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രോത്സവ നഗരിയിലെത്തിയ കെവി അബ്ദുള്‍ഖാദര്‍ എംഎല്‍എയ്ക്ക് വന്‍ സ്വീകരണം. ഉത്സവക്കഞ്ഞി കുടിക്കാനായിട്ടാണ് അബ്ദുള്‍ഖാദര്‍ എത്തിയത്. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടാണ് ചടങ്ങുകള്‍. ഉത്സവക്കഞ്ഞി നല്‍കുന്നത് ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റിയ വര്‍ഷം മുതല്‍ അബ്ദുള്‍ഖാദര്‍ ഇവിടെ മുടങ്ങാതെ എത്താറുണ്ട്.

ഉത്സവനഗരിയില്‍ എത്തിയ കെ.വി അബ്ദുള്‍ഖാദര്‍ എംഎല്‍എയെ ദേവസ്വം ചെയര്‍മാന്‍ അടക്കമുളളവരും നാട്ടുകാരും ചേര്‍ന്നാണ് സ്വീകരിച്ചത്. പാളപ്ലേറ്റില്‍ വിളമ്പിയ കഞ്ഞിയും മുതിരയും ഇടിച്ചക്കയും ചേര്‍ത്ത പുഴുക്കും ഇലക്കീറില്‍ നല്‍കിയ തേങ്ങയും ശര്‍ക്കരയും കഴിച്ചാണ് എംഎല്‍എ ക്ഷേത്രനഗരി വിട്ടത്.

കഴിഞ്ഞ ദിവസമാണ് ഗുരുവായൂര്‍ എംഎല്‍എയായ അബ്ദുള്‍ഖാദറിനെതിരെ ചെന്നിത്തല വിവാദപരാമര്‍ശം നടത്തുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജാകാര്യത്തില്‍ അബ്ദുള്‍ഖാദറിന് എന്താണ് കാര്യമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമര്‍ശം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പൂജയ്ക്ക് കൊണ്ടുവന്ന 15000 ലിറ്റര്‍ വെള്ളം പൊലീസ് നോക്കി നില്‍ക്കെ സദാചാര ഗുണ്ടകള്‍ ഒഴുക്കി കളഞ്ഞുവന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ സഭയിലെ ആരോപണം. കൊച്ചിയിലെ ശിവസേനയുടെ സദാചാര ഗുണ്ടാ ആക്രമണം അബദ്ധത്തില്‍ ഗുരുവായൂര്‍ വിഷയത്തില്‍ ഉള്‍പ്പെടുത്തി പറയുകയായിരുന്നു ചെന്നിത്തല.

ചാവക്കാട് നിന്ന് കൊണ്ടുവന്ന വെള്ളം ഒഴുക്കി കളഞ്ഞത് കോണ്‍ഗ്രസിലെയും ലീഗിലെയും നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു എന്നായിരുന്നു ഗുരുവായൂര്‍ എംഎല്‍എയായ കെവി അബ്ദുള്‍ ഖാദര്‍ ഇതിന് നല്‍കിയ മറുപടി. ഇത് ഖണ്ഡിച്ച രമേശ് ചെന്നിത്തല അബ്ദുള്‍ഖാദറിന്റെ ഇടപെടലിനെ ചോദ്യം ചെയ്തു. അപ്പോഴാണ് ഗുരുവായൂരിലെ പൂജാകാര്യത്തില്‍ അബ്ദുള്‍ ഖാദറിന് എന്താണ് കാര്യമെന്ന് ചെന്നിത്തല ചോദിച്ചത്. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വരുന്നത്. ഇതോടെ സഭ ബഹളത്തില്‍ മുങ്ങി. രമേശ് ചെന്നിത്തല അബ്ദുള്‍ഖാദറിനെതിരെ നടത്തിയ പരാമര്‍ശം സഭാ രേഖയില്‍നിന്ന് നീക്കിയതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. അതേസമയം വിവാദ പരാമര്‍ശം രമേശ് ചെന്നിത്തല നിഷേധിച്ചു. അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ചെന്നിത്തലയുടെ വാദം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍