UPDATES

സയന്‍സ്/ടെക്നോളജി

സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കാന്‍ പറ്റിയ സ്മാര്‍ട്ട് ഫോണ്‍!

ജപ്പാനിലെ ഇലക്ട്രോണിക്‌സ് കമ്പനിയായ ക്യോസെറയാണ് കഴുകി വൃത്തിയാക്കാന്‍ പറ്റിയ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്

എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ഫോണ്‍ ഒന്നു കഴുകി വൃത്തിയാക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്. ഇതെന്തു മണ്ടന്‍ ചോദ്യം, വാട്ടര്‍പ്രൂഫ് ഫോണെന്നൊക്കെ കേട്ടിട്ടുണ്ട് എന്നുവച്ച് ‘കഴുകാന്‍ പറ്റുന്ന ഫോണോ’ എന്ന് സംശയിക്കേണ്ട. അങ്ങനെയൊരു ഫോണ്‍ ഇറങ്ങിയിട്ടുണ്ട്. ഇവിടെയല്ല. ജപ്പാനില്‍ ആണെന്ന് മാത്രം. വെറും വെള്ളമല്ല ചൂടുവെള്ളമോ സോപ്പോ ഉപയോഗിച്ചു കഴുകിയാലും ഫോണിന് ഒരു ചുക്കും സംഭവിക്കില്ല എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

ജപ്പാനിലെ ഇലക്ട്രോണിക്‌സ് കമ്പനിയായ ക്യോസെറയാണ് മേല്‍പ്പറഞ്ഞ തരത്തിലുള്ള ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. റഫ്‌റെ എന്നാണ് അവര്‍ തങ്ങളുടെ സൂപ്പര്‍ഫോണിന് പേരിട്ടിരിക്കുന്നത്. കൈയുറ ധരിച്ചിരിക്കുമ്പോഴും നനഞ്ഞ വിരലുകള്‍ ഉപയോഗിച്ചും ഈ ഫോണിന്റെ ടച്ച്‌സ്‌ക്രീന്‍ പ്രവര്‍ത്തിപ്പിക്കാം. ഇതു കൂടാതെ പൊടി, വൈദ്യുതാഘാതം എന്നിവയ്ക്കും റഫ്‌റെയെ പ്രവര്‍ത്തനരഹിതമാക്കാനാവില്ല എന്നും ക്യോസെറ അവകാശപ്പെടുന്നു. 2015 ഡിസംബറില്‍ അവര്‍ പുറത്തിറക്കിയ ‘ഡിഗ്‌നോ റഫ്‌റെ’ എന്ന ഫോണിന്റെ പരിഷ്‌കരിച്ച പതിപ്പാണ് റഫ്‌റെ.

കഴുകാന്‍ മാത്രമേ പറ്റുകയുള്ളോ. പെര്‍ഫോമന്‍സ് എങ്ങനെയുണ്ടാവും എന്ന ചോദ്യത്തിനുത്തരമായി റഫ്‌റെയുടെ വിശദവിവരങ്ങള്‍ പങ്കുവയ്ക്കാം. 1280ഃ720 റെസല്യൂഷന്‍ നല്‍കുന്ന അഞ്ച് ഇഞ്ച് ടിഎഫ്ടി സ്‌ക്രീനാണ് റഫ്‌റെയുടേത്. ജപ്പാനില്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്ന ഡ്രാഗണ്‍ട്രെയില്‍ ഗ്ലാസ് സുരക്ഷയും കമ്പനി ഫോണിനു നല്‍കിയിട്ടുണ്ട്. 1.4 ജിഗാഹെര്‍ട്‌സ് വേഗതയുള്ള സ്‌നാപ്ഡ്രാഗണ്‍ 430 ഒക്റ്റാ-കോര്‍ പ്രോസ്സസര്‍, അഡ്രീനോ 505 ഗ്രാഫിക്‌സ് പ്രൊസസിംഗ് യൂണിറ്റ് എന്നിവയോടൊപ്പം 2ജിബി റാം കൂടിയാകുമ്പോള്‍ കുഴപ്പമില്ലാത്ത പെര്‍ഫോമന്‍സ് റഫ്‌റെയ്ക്ക് നല്‍കാനാകും എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ആന്‍ഡ്രോയിഡ് നൌഗറ്റ് ആണ് റഫ്‌റെയ്ക്ക് ജീവന്‍ പകരുക. ജിബി ഇന്റേര്‍ണല്‍ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗപ്പെടുത്തി 200 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്നതാണ്. അതോടൊപ്പം തന്നെ 13 എംപി റിയര്‍ ക്യാമറയും അഞ്ച് എംപി ഫ്രണ്ട്ക്യാമറയും ഈ ഫോണിനുണ്ട്. 3000 എംഏഎച്ച് ബാറ്ററിയാണ് റഫ്‌റെയ്ക്ക് കമ്പനി നല്കിായിരിക്കുന്നത്. ഇത്രയൊക്കെ സൌകര്യങ്ങള്‍ ഉണ്ടെങ്കിലും ബാറ്ററി അല്‍പ്പം കുറഞ്ഞു പോയില്ലേ എന്നുള്ള സംശയം ന്യായമാണ്. ശ്രദ്ധേയമായ ഒരു പ്രത്യേകത ഈ ഫോണിന് ഇയര്‍പീസ് സ്പീക്കര്‍ ഇല്ലയെന്നതാണ്. ക്യോസെറെയുടെ സ്മാര്‍ട്ട് സോണിക് റിസീവര്‍ സാങ്കേതിക വിദ്യയാണ് ഇതിനു സഹായകരമായിരിക്കുന്നത്. ഇതിലൂടെ നെറ്റ്വര്‍ക്ക് വഴി വരുന്ന ശബ്ദതരംഗങ്ങള്‍ വൈബ്രേഷന്‍ രൂപത്തിലേക്കും തുടര്‍ന്ന് ഫോണിന്റെ സ്‌ക്രീനില്‍കൂടി ഉപയോക്താവിന്റെ കാതുകളിലെക്കും സന്ദേശമെത്തുന്നു.

വേറൊന്നു കൂടി ക്യോസെറ റഫ്‌റെയില്‍ ചേര്‍ത്തിട്ടുണ്ട്, ഒരു സ്‌പെഷ്യല്‍ കുക്കിംഗ് ആപ്പ്. ആപ്പ് ഉപയോഗിക്കുമ്പോള്‍ റെസിപ്പികള്‍ പരിശോധിക്കുന്നതിനും, ടൈമര്‍ സെറ്റ് ചെയ്യുന്നതിനും കോള്‍ അറ്റന്‍ഡ് ചെയ്യുന്നതിനും ഹാന്‍ഡ് ജെസ്ച്ചര്‍ സപ്പോര്‍ട്ട് ഉള്ളതിനാല്‍ നിങ്ങള്‍ക്ക് ഫോണില്‍ സ്പര്‍ശിക്കേണ്ടി വരുന്നില്ല.

ഇനി വിലയെക്കുറിച്ച് പറയാം. പെയ്ല്‍ പിങ്ക്, ക്ലിയര്‍ വൈറ്റ്, ലൈറ്റ് ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാവുന്ന റഫ്‌റെയ്ക്ക് 43,000യെന്‍ ആണ് കമ്പനി വിലയിട്ടിരിക്കുന്നത്. അതായത് ഏകദേശം 25,660 ഇന്ത്യന്‍ രൂപ. 2017 മാര്‍ച്ചില്‍ ഫോണ്‍ വിപണിയിലെത്തും എന്ന് ക്യോസെറ അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍