UPDATES

വിദേശം

ഒരു മരുഭൂമി ഒരു നഗരത്തെ വിഴുങ്ങുമ്പോള്‍

Avatar

ജാവിയേര ക്വിറേഗ
(ബ്ലൂംബര്‍ഗ്)

ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമി വളരുകയാണ്. അതിന്റെ പാതയിലാണ് ചിലിയുടെ തലസ്ഥാനം സ്ഥിതി ചെയ്യുന്നത്.

സാന്റിയാഗോ നഗരം. ഏഴുമില്യന്‍ ആളുകള്‍ ജീവിക്കുന്ന ഇവിടം അട്ടക്കാമ മരുഭൂമിയില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെയാണ്. അറുപത്തിയാറിന് ശേഷം ഏറ്റവും വരണ്ട കാലം അനുഭവിക്കുകയാണ് സാന്റിയാഗോ. സാന്റിയാഗോയില്‍ വെള്ളമെത്തിക്കുന്ന സിയെറ നെവാഡാസിലെ ആന്‍ഡസ് മലനിരകളില്‍ അല്‍പ്പംപോലും മഞ്ഞുവീണിട്ടില്ല.

“കാലാവസ്ഥാ മേഖലകള്‍ തെക്കുഭാഗത്തേയ്ക്ക് മാറുകയാണ്”, ചിലി സര്‍വകലാശാലയിലെ ഭൂമിശാസ്ത്ര പ്രൊഫസര്‍ ഫ്രാന്‍സിസ്കോ ഫെരാണ്ടോ പറയുന്നു. “സാന്റിയാഗോ ഒരു മരുഭൂമിയോ അര്‍ദ്ധമരുഭൂമിയോ ആയിമാറാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ സംഭവിക്കുന്നതിന് കാരണം ആഗോളതാപനമാണ്. അത് കുറയുന്നതിന്റെ സൂചനയൊന്നും കാണാനില്ല.”

സാന്റിയാഗോയില്‍ നിന്ന് വെറും മുന്നൂറുകിലോമീറ്റര്‍ മാറിയാല്‍ കാര്യങ്ങള്‍ എത്ര മോശമായി എന്ന് കാണാം. എട്ടാംവര്‍ഷത്തിലേയ്ക്ക് നീളുന്ന വരള്‍ച്ചയാണിവിടെ. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയും. ഒരിക്കല്‍ ഫലഭൂയിഷ്ടമായിരുന്ന ചോപ്പ-ലിമാരി നദിക്കരയില്‍ തലമുറകളായി ജീവിച്ചിരുന്ന കര്‍ഷകര്‍ തോട്ടങ്ങള്‍ ഉപേക്ഷിച്ചും കന്നുകാലികളെ നഷ്ടപ്പെടുത്തിയും ചിലരൊക്കെ വീടുപേക്ഷിച്ചും അല്‍പ്പമെങ്കിലും വെള്ളമുള്ളയിടങ്ങള്‍ അന്വേഷിച്ചുപോയിക്കഴിഞ്ഞു.

ലിമാരി നദിയുടെ പ്രഭവസ്ഥാനത്തെ പലോമ റിസര്‍വോയര്‍ ശൂന്യമാണ്. ഇത് ലാറ്റിന്‍ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട ജലസേചനമാര്‍ഗമാണ്. ഡാമിന്റെ ഗേറ്റുകള്‍ അടഞ്ഞുകിടക്കുന്നു. ഡാമില്‍ എത്താതെ കിടക്കുന്ന അല്‍പ്പം വെള്ളമാണ് നദിയില്‍ ഉള്ളത്. നദീതടം ഉണങ്ങി നിലം വിണ്ടുകിടക്കുന്നു. മുപ്പതുകിലോമീറ്റര്‍ ദൂരെ കൊഗോട്ടി റിസര്‍വോയറും ശൂന്യമാണ്. സാന്റിയാഗോയുടെ അടുത്തുള്ള കുലിമോ ഡാം ഉണങ്ങിക്കിടക്കുന്നു.

നദീതടങ്ങളില്‍ ഒരിക്കല്‍ ഫലം നിറഞ്ഞിരുന്ന അവോക്കാടോ, ബദാം മരങ്ങളുടെ കുറ്റികള്‍ കാണാം. മുന്തിരിവള്ളികള്‍ ഉണങ്ങിയ തണ്ടുകളുടെ ഒരു കൂടായി മാറിയിരിക്കുന്നു.

“നീല സ്വര്‍ണ്ണം” എന്ന വെള്ളം അന്വേഷിച്ചുപോയ അടോള്‍ഫോ കോര്‍ട്ടസ് അയാളുടെ 187 ഹെക്ടര്‍ ഭൂമിയില്‍ അഞ്ച് കുഴല്‍ക്കിണറുകള്‍ കുത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.

ഇരുപത്തഞ്ചുവര്‍ഷത്തിനിടെ തന്റെ തോട്ടത്തില്‍ കോര്‍ട്ടസ് ഇങ്ങനെയൊരു അവസ്ഥ കണ്ടിട്ടില്ല. ഈ അറുപത്തിയെട്ടുകാരന്‍ ഇപ്പോള്‍ തന്നെ 122 ഹെക്റ്റര്‍ കൃഷി അവസാനിപ്പിച്ചിരിക്കുകയാണ്. ലിമാരിയിലെ ജലനിരപ്പ് ഇനിയും താഴ്ന്നാല്‍ ബാക്കിയുള്ളതും നിറുത്തേണ്ടിവരുമെന്ന് കോര്‍ട്ടസ് പറയുന്നു.

“ജൂലൈയില്‍ മഴ പെയ്തില്ലെങ്കില്‍ ഈ വര്‍ഷം നഷ്ടപ്പെടും”, അദ്ദേഹം ഒരിക്കല്‍ ബദാമും ഓറഞ്ചും വിളഞ്ഞിരുന്ന മരുഭൂവിലൂടെ നടന്നുകൊണ്ടു പറഞ്ഞു. “നാനൂറുമുതല്‍ അഞ്ഞൂറ് മില്ലിമീറ്റര്‍ മഴയെങ്കിലും കിട്ടിയാലേ കാര്യങ്ങള്‍ സാധാരണനിലയിലാകൂ. ഒന്നോ രണ്ടോ മഴ കൊണ്ടൊന്നും കാര്യമില്ല.”

2010 മുതല്‍ സാന്റിയാഗോയില്‍ ശരാശരി മഴയുടെ മൂന്നിലൊന്നു മാത്രമാണ് ലഭിച്ചിട്ടുള്ളത്. ലാ നിന എന്ന കാലാവസ്ഥാവ്യതിയാനം ഇതിന്റെ കാരണമാണ് എന്ന് സീനിയര്‍ കാലാവസ്ഥാ നിരീക്ഷകനായ ജേസന്‍ നിക്കോളസ് പറയുന്നു. എന്നാല്‍ ലാ നിന മാത്രമാകില്ല ഏകകാരണം.

“ഇത് തുടര്‍ച്ചയായി നടക്കുന്നത് കൊണ്ടു മറ്റെന്തോകൂടി ഇതിനുപിന്നിലുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു,” നിക്കോളസ് ആഗോളതാപനത്തെ സൂചിപ്പിച്ചുകൊണ്ടു പറഞ്ഞു.

ഒരു മരുഭൂമി വിഴുങ്ങാന്‍ പോകുന്ന ഒരു നഗരത്തെപ്പോലെയല്ല സാന്റിയാഗോ പെരുമാറുന്നത്. ധനികപ്രദേശങ്ങളില്‍ നിറയെ നീന്തല്‍ക്കുളങ്ങള്‍, ഓട്ടോമാറ്റിക്ക് ചെടിനനയ്ക്കല്‍ സംവിധാനങ്ങള്‍, വിസ്തൃതമായ പുല്‍ത്തകിടികള്‍, നനഞ്ഞ കാലാവസ്ഥയ്ക്ക് യോജിച്ച തരം മരങ്ങള്‍ നിറഞ്ഞ ഉദ്യാനങ്ങള്‍…

നഗരത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന മലകളില്‍ വരള്‍ച്ച അതിന്റെ ചിഹ്നങ്ങള്‍ കാണിച്ചുതുടങ്ങി. ജലലഭ്യത കുറഞ്ഞതുകൊണ്ട് തന്റെ കമ്പനിക്ക് മുപ്പതിനായിരം ടണ്‍ കോപ്പര്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞില്ല എന്ന് ലോസ് ബ്രോണ്‍കസ് കമ്പനിയുടെ സിഇഓ ആയ മാര്‍ക്ക് കുട്ടിഫാനി പറയുന്നു.

ആന്‍ഡിയന്‍ മഞ്ഞുരുകി നിറയുന്ന മൈപ്പോ നദിയില്‍ നിന്നാണ് സാന്റിയാഗോയ്ക്ക് വെള്ളം കിട്ടുന്നത്. മറ്റൊരു നദിയായ മാപോചോ അല്‍പ്പം പോലും വെള്ളം നഗരത്തില്‍ കയറാതെ ചുരുങ്ങിയെന്നു ചിലിയുടെ ജലവിതരണസംവിധാനമായ അഗ്വാസ് ആന്‍ഡിനാസിന്റെ തലവന്‍ ഫിലിപ്പെ ലരൈന്‍ പറയുന്നു.  

“വരള്‍ച്ചയുടെ ആദ്യദിവസം മുതല്‍ ഈ അവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്”, ലരൈന്‍ പറയുന്നു. “എന്നാല്‍ സ്ഥിതി ഞങ്ങള്‍ പ്രവചിച്ചതിനേക്കാള്‍ മോശമാണ്.”

എസോ റിസര്‍വോയറില്‍ അമ്പതുമില്യന്‍ ക്യുബിക്ക് മീറ്റര്‍ വെള്ളം ഒക്റ്റോബറില്‍ ഉണ്ടെങ്കില്‍ ഒരുവര്‍ഷം കൂടി അഗ്വാസിന് ജലവിതരണം നടത്താന്‍ കഴിയും എന്നാണു ലരൈന്‍ പറയുന്നത്. ഇരുനൂറ്റിഇരുപത് ക്യുബിക്ക് മീറ്റര്‍ സംഭരണശേഷിയുള്ള എസോയില്‍ ഇപ്പോള്‍ നൂറ്റിയിരുപത് ക്യുബിക്ക് മീറ്റര്‍ വെള്ളമാണ് ഉള്ളത്.

“വാങ്ങാവുന്ന ജല അവകാശങ്ങള്‍ എല്ലാം വാങ്ങുക എന്നതാണ് കമ്പനിയുടെ പോളിസി. കൃഷിക്കാരില്‍ നിന്ന് വാടകയ്ക്ക് വാങ്ങാവുന്നതും എല്ലാം”, ലാരൈന്‍ പറയുന്നു. “ഞങ്ങള്‍ വലിയ ലാഭമൊന്നും ഉണ്ടാക്കിയിട്ടില്ല.”

സാന്റിയാഗോയുടെ ജലവിതരണത്തിന്റെ പതിനഞ്ചുശതമാനം വരുന്ന കിണറുകള്‍ സംരക്ഷിക്കാനാണ് ഈ പണം പോകുന്നത്. കിണറുകള്‍ ഉണങ്ങാതെ സൂക്ഷിക്കുന്നതിനാല്‍ ഇതൊരു സമ്പാദ്യമായാണ് കാണുന്നത് എന്നും ലരൈന്‍ പറയുന്നു.

ലാ നിന എല്‍ നിനോ ആയി മാറുമ്പോള്‍ ജൂലൈയില്‍ സാന്റിയാഗോയില്‍ മഴ പെയ്യുമെന്നാണ് കരുതുന്നത്. എത്ര പെയ്യുമെന്നും എത്ര നാള്‍ പെയ്യുമെന്നതുമാണ് ചോദ്യം.

അതിനിടെ കഴിഞ്ഞ ഹിമയുഗത്തില്‍ വീണ മഞ്ഞിലാണ് സാന്റിയാഗോയുടെ പ്രതീക്ഷ. ഇതാവട്ടെ ഒരുപാട് ദശാബ്ദമൊന്നും നീണ്ടുനില്‍ക്കില്ല എന്ന് പ്രൊഫസര്‍ ഫെര്‍ണാണ്ടോ പറയുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍