UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെയ് ദിനം അടിച്ചുപൊളിച്ചോ? ശമ്പളബാക്കി കിട്ടാനുള്ള മുന്‍ ഇന്ത്യാവിഷന്‍ തൊഴിലാളി

Avatar

എസ്. വിനേഷ് കുമാര്‍

1886-ല്‍ അമേരിക്കയിലെ ചിക്കാഗോയിലും ഇല്ലിനോയിസിലും നടന്ന ഹേ മാര്‍ക്കറ്റ് കലാപത്തിന്റെ സ്മരണ പുതുക്കിയാണ് സര്‍വദേശീയ തൊഴിലാളി ദിനം മെയ് ഒന്നിന് ലോകമൊട്ടാകെ ആചരിക്കുന്നത്. ഇന്ത്യയില്‍ ഇതിന്റെ പരിച്ഛേദമായതില്‍ കേരളത്തിന് വലിയ സ്ഥാനമുണ്ട്. സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും നേടിയെടുത്ത തൊഴിലവകാശങ്ങളില്‍ ബോധവാന്‍മാരാണ് മലയാളികള്‍ എന്ന കാര്യത്തില്‍ സംശയമില്ല. ഉഴവുകാളകളെപ്പോലെ തൊഴിലെടുക്കുന്ന മനുഷ്യജീവിതങ്ങളുടെ നേര്‍ചിത്രങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുതിയ വാര്‍ത്തകളല്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. 

അസംഘടിതമേഖലയില്‍ ഇപ്പോഴും തന്റെ അവകാശത്തെക്കുറിച്ച് ബോധ്യമുണ്ടായിട്ടും നിസ്സഹായരാവുന്ന കുറെ തൊഴിലാളി ജീവിതങ്ങള്‍ മലയാള മണ്ണിലും ഉദയം ചെയ്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസവും മറ്റേത് തൊഴിലാളികളേക്കാള്‍ സാമൂഹ്യബോധവും കൃത്യതയാര്‍ന്ന കാഴ്ച്ചപ്പാടും നിലപാടുമുള്ളവരാണിവര്‍. എന്നാല്‍ തൊഴിലിന് സമയക്ലിപ്തതയില്ലാതെയും മതിയായ വേതനം ലഭിക്കാതെയും സുരക്ഷിതമായ അന്തരീക്ഷങ്ങളുടെ അഭാവവുമെല്ലാം കാരണം ജീവിതം അരക്ഷിതാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ട വിഭാഗം. ഗ്ലാമറുള്ള അടിമകളായ മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണീ തൊഴിലാളിവര്‍ഗം. പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങളില്‍ ജോലിയെടുക്കുന്നവര്‍. തൊഴിലിന് യാതൊരു സുരക്ഷിതത്വമില്ലെങ്കിലും ഈ മേഖലയിലേക്കുള്ള തൊഴിലാളികളുടെ ഒഴുക്ക് ക്രമാതീതമായി ഉയരുകതന്നെ ചെയ്യുന്നുണ്ടെന്നത് വര്‍ത്തമാനകാല യാഥാര്‍ഥ്യം. ഏതുനിമിഷവും യാതൊരു കാരണവുമില്ലാതെ നഷ്ടപ്പെടാവുന്ന തൊഴില്‍. സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലോ അച്ചടക്ക നടപടിക്ക് വിധേയമായോ തൊഴില്‍രഹിതരാവുന്ന ഈ യുവതയുടെ എണ്ണവും പെരുപ്പവും മാത്രം വാര്‍ത്തകളില്‍ ഇടംനേടാതെ പോകുന്നു. ആകാശത്തിന് കീഴില്‍ നടക്കുന്ന ഏതു വിഷയത്തിലും ഇടപെടുകയും ചര്‍ച്ചകള്‍ നടത്തുകയും വാര്‍ത്തകളിലൂടെ സമൂഹത്തിന് മുന്നില്‍ കണ്ണാടിപോലെ  തിളങ്ങുകയും ചെയ്യുന്ന മാധ്യമങ്ങളിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ മാത്രം മുഖ്യധാരാസമൂഹത്തിന് മുന്നില്‍ എത്താതെ പോകുന്നു. സോഷ്യല്‍ മീഡിയയുടെയും നവമാധ്യമങ്ങളുടെയും വരവോടെയാണ് പലപ്പോഴും ഇത്തരത്തിലുള്ള വിഷയങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലെത്തുന്നത്. എന്നാല്‍ ഗൗരവമായ ചര്‍ച്ചകള്‍ നടക്കാതെ ഈ വിഷയം ഒടുങ്ങുകയും ചെയ്യുന്നു. ദൃശ്യമാധ്യമങ്ങളില്‍ ഫ്രയിമിന് മുന്നില്‍ തിളങ്ങുകയും പത്രങ്ങളിലെ ബൈലൈന്‍ വിപ്ലവത്തില്‍ അഭിരമിക്കുകയും ചെയ്യുന്നവരുടെ കാലത്ത്, മാധ്യമപ്രവര്‍ത്തകന്‍ എന്നത് കേവലമൊരു പ്രഫഷണല്‍ മാത്രമാണ്. അതിനപ്പുറം സാമൂഹ്യപ്രതിബദ്ധതയൊന്നും പുതിയ തലമുറയില്‍ തുലോംകുറവാണ് താനും.

ഇന്ത്യാവിഷന്‍ ചാനല്‍ പൂട്ടിയിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ആറ് മാസം വരെയുള്ള ശമ്പളകുടിശ്ശികയില്‍ ഒരുരൂപ പോലും ഈയുള്ളവനുള്‍പ്പെടെ ഒരുജീവനക്കാര്‍ക്കും ലഭ്യമായിട്ടില്ല. പിഎഫ് തുകയില്‍ തൊഴിലാളിയില്‍ നിന്ന് ഈടാക്കുന്ന തുക അടച്ചിട്ടുമില്ല. 300-ഓളം തൊഴിലാളികള്‍ ഇങ്ങനെ വഴിയാധാരമായി. ചാനല്‍ ചെയര്‍മാന്‍ മന്ത്രി എം കെ മുനീറിന്റെ വീട്ടിലേക്കുള്‍പ്പെടെ തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജേര്‍ണലിസ്റ്റുകള്‍ ഏറെക്കുറെ എല്ലാവരുംതന്നെ വൈകിയാണെങ്കിലും ചെറുതും വലുതുമായ സ്ഥാപനങ്ങളില്‍ ജോലിക്ക് കയറി. നോണ്‍ ജേര്‍ണലിസ്റ്റുകളില്‍ പ്രബലവിഭാഗം ഇപ്പോഴും തൊഴില്‍രഹിതരായി കഴിയുന്നുണ്ട്.

ടിവി ന്യൂ ചാനലിലും സമാനമായ അവസ്ഥതന്നെയാണ് ഏറെക്കുറെ. ചേംബര്‍ ഓഫ് കൊമേഴ്‌സ് ഏറെ കൊട്ടിഘോഷിച്ചാണ് ചാനല്‍ തുടങ്ങിയത്. മികച്ച സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ഓണ്‍ എയര്‍ ചെയ്ത സ്ഥാപനത്തില്‍ ഒരുവര്‍ഷത്തിനിടെ തന്നെ പ്രതിസന്ധി തലപൊക്കി. ശമ്പളം മുടങ്ങുന്നത് പതിവായി. തൊഴിലാളികള്‍ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ചാനല്‍ സംപ്രേഷണം നിലച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഉള്‍പ്പെടെയുള്ള ഇടപെടലിനെത്തുടര്‍ന്ന് ടിവി ന്യൂ വീണ്ടും സംപ്രേഷണം ആരംഭിച്ചെങ്കിലും പഴയ പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കി. മാസങ്ങളോളം ശമ്പളം ലഭിക്കാതെ വന്നതോടെ തൊഴിലാളികള്‍ കൂട്ടത്തോടെ പുതിയ ലാവണങ്ങള്‍ തേടിപ്പോയി. ഇപ്പോള്‍ ചാനല്‍ ഓണ്‍ എയറില്‍ ഉണ്ടെങ്കിലും ഏറെക്കുറെ നിലച്ചമട്ടാണ്. ശമ്പളയിനത്തിലും പിഎഫ് ഉള്‍പ്പെടെയും ഭീമമായ തുകയാണ് തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്. നിരവധി പേര്‍ തൊഴില്‍രഹിതരായി തുടരുന്നു.

ജീവന്‍ ടിവിയില്‍ നാമമാത്രം തൊഴിലാളികളെ ഉപയോഗിച്ച് ഉഴവുകാളകളെപ്പോലെ ജോലി ചെയ്യിപ്പിക്കുന്നു. ശമ്പളം മുടങ്ങല്‍ ഇവിടെയും പതിവ് സംഭവം. റിപ്പോര്‍ട്ടറിലാവട്ടെ ഇന്ത്യാവിഷനില്‍ അവസാനകാലത്തുണ്ടായ അതേ അവസ്ഥയിലാണിപ്പോള്‍. ശമ്പളം കൃത്യമായി കിട്ടാറേയില്ല. ഏതു നിമിഷവും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന റിപ്പോര്‍ട്ടറിലെ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനൊപ്പം തൊഴില്‍ സുരക്ഷിതത്വത്തിന്റെ ആശങ്ക തലയ്ക്ക് മുകളില്‍ നില്‍ക്കുന്നു. സൂര്യടിവിയില്‍ വാര്‍ത്ത അവസാനിപ്പിച്ചതോടെ ഇവിടെയും നിരവധി തൊഴിലാളികള്‍ വഴിയാധാരമായി. സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലില്‍  ശമ്പളക്കുറവ് തൊഴിലാളികളെ വേട്ടയാടുമ്പോള്‍ കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ചാനലില്‍ ശമ്പളം വൈകല്‍ പതിവ് സംഭവം മാത്രം.

കരാറുവ്യവസ്ഥ മാധ്യമങ്ങളില്‍ ശക്തിപ്രാപിക്കുന്നതാണ് മറ്റൊരുകാര്യം. മാതൃഭൂമി പത്രത്തില്‍ സ്ഥിരനിയമനം പൂര്‍ണ്ണമായും റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ആറുമാസം മുമ്പാണ് ഉണ്ടായത്. മജീദിയ വേജ് ബോര്‍ഡ് നടപ്പാക്കുന്നതിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത തൊഴിലാളികളെ സ്ഥലംമാറ്റത്തിന്റെ പേരില്‍ വ്യാപകമായി മാതൃഭൂമി നാടുകടത്തി. അഗര്‍ത്തല, ഗുവാഹത്തി, സെക്കന്തരബാദ്, കൊഹിമ തുടങ്ങി അപ്രധാനവും വിദൂരവുമായ സ്ഥലങ്ങളിലേക്കായിരുന്നു നാടുകടത്തല്‍. നാവടക്കൂ പണിയെടുക്കുവെന്ന തത്വം നടപ്പാക്കുന്നതില്‍ മാതൃഭൂമിതന്നെയാണ് മുന്നില്‍. മനോരമയിലും കരാര്‍വ്യവസ്ഥയ്ക്കാണ് മാനേജ്മെന്റ് പ്രാധാന്യം നല്‍കുന്നത്. ചാനലില്‍ ഉള്‍പ്പെടെ കരാറുവത്കരണംകൊണ്ടുവരാന്‍ മനോരമയ്ക്ക് കഴിഞ്ഞു. മാധ്യമം പത്രത്തിലും കരാറുവത്കരണം ശക്തിപ്രാപിച്ചു. കേരള കൗമുദിയിലെത്തുമ്പോള്‍ ജേര്‍ണലിസ്റ്റ് വാര്‍ത്തയെഴുതുന്നതിനൊപ്പം പത്രംപിടിക്കലും പരസ്യപിടിക്കലും നിര്‍ബന്ധം. സ്റ്റാഫ് ആണെന്നോ ലൈനര്‍ ആണെന്നോ ഭേദമില്ലാതെ എല്ലാവര്‍ക്കും ഇത് ബാധകമാണ്. ഏറ്റവും കുറഞ്ഞ വേതനത്തിന് അമിതമായി ജോലി ചെയ്യിപ്പിക്കുന്നതിലൂടെയാണ് മംഗളം പത്രവും തൊഴിലാളി വിരുദ്ധമാകുന്നത്. സിറാജിലും ദീപികയിലുമൊക്കെ കൂട്ടപ്പിരിച്ചുവിടലിന് യാതൊരു ദാക്ഷണ്യവും മാനേജ്‌മെന്റ് കാണിക്കാറില്ല. തേജസ് പത്രത്തില്‍ മാസങ്ങളായി തൊഴിലാളികള്‍ക്ക് ശമ്പളത്തിന്റെ 70 ശതമാനം മാത്രമാണ് ലഭിക്കുന്നത്. 

കേരളത്തില്‍ കൂണ്‍ മുളച്ചു പൊങ്ങും പോലെയാണ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഉദയം. പ്രതിവര്‍ഷം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നു. ഇതില്‍ കഷ്ടിച്ച് പത്ത് ശതമാനം പേര്‍ പോലും വാര്‍ത്തയുടെ ലോകത്ത് ശോഭിക്കാനാവാത്തവരാണെന്ന് കഴിഞ്ഞകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. നെറ്റ് (നാഷണല്‍ എലിജിബിള്‍ ടെസ്റ്റ്) പോലുമില്ലാത്ത അധ്യാപകതൊഴിലിന് അര്‍ഹരല്ലാത്തവരാണ് മിക്ക ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലെയും അധ്യാപകര്‍. മാധ്യമ സ്ഥാപനങ്ങളില്‍ എഴുത്തു പരീക്ഷയിലും അഭിമുഖങ്ങളിലും പരാജയപ്പെട്ട് പുറത്താവുന്നവരാണ് പലപ്പോഴും ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപകരെന്ന് പരിശോധിച്ചാല്‍ വ്യക്തമാണ്. യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍പ്പോലും മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ച്ചര്‍ നിയമനം മാത്രമാണ് നടക്കാറ്. ഇങ്ങനെ ഗുണനിലവാരം കുറഞ്ഞ അധ്യാപകരുടെ ശിക്ഷണത്തില്‍ പഠിച്ചിറങ്ങുന്ന കുട്ടികളാണ് ശമ്പളമില്ലെങ്കിലും മാധ്യമസ്ഥാപനങ്ങളില്‍ അപ്രന്റീസുകളായിപ്പോലും ജോലിക്ക് കയറുന്നത്. ഇവരെ ചൂഷണം ചെയ്താണ് പല സ്ഥാപനങ്ങളും ഇന്ന് നിലനില്‍ക്കുന്നത് തന്നെ.

നിയമനം നല്‍കുമ്പോള്‍ അപ്പോയ്‌മെന്റ് ഓര്‍ഡറോ സാലറി സ്ലിപ്പോ കൊടുക്കാതെ  ഐഡി കാര്‍ഡ് മാത്രം നല്‍കും. പ്രൊബേഷന്‍ പിരിയഡ് കഴിഞ്ഞാല്‍ സ്ഥിരപ്പെടുത്താതെ ഒഴിവ് കഴിവ് പറഞ്ഞ് തടിയൂരുകയും ചെയ്യും. നോണ്‍ ജേര്‍ണലിസ്റ്റുകളെ അത്രത്തോളം ചൂഷണം ചെയ്യുന്നില്ല. എത്രയൊക്കെ ആളുകള്‍പോയാലും പുതിയ ആളുകളെ കിട്ടാന്‍ ബുദ്ധിമുട്ടില്ലാത്തതാണ് മാധ്യമമേഖലയില്‍ തൊഴിലാളി ചൂഷണം വര്‍ധിക്കാന്‍ കാരണമാകുന്നത്. ശമ്പളമില്ലാത്തതിനാല്‍ ഫീസ് കൊടുക്കാനില്ലാതെ ഹോസ്റ്റലുകളില്‍ നിന്നും വാടക വീടുകളില്‍ നിന്നും സ്ത്രീകളുള്‍പ്പെടയുള്ള മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട സംഭവം നിരവധിയാണ്. ശമ്പളമോ മെട്രോ അലവന്‍സോയില്ലാതെ ഡല്‍ഹി, മുംബൈ, ചെന്നൈ നഗരങ്ങളിലുള്‍പ്പെടെയുള്ള ജീവനക്കാര്‍ പെരുവഴിയിലായ നിരവധി സംഭവങ്ങള്‍ ഈയടുത്തകാലത്തുണ്ടായി. ഹോസ്റ്റലില്‍ അറ്റകുറ്റപണികള്‍ കാരണം പുറത്തായ മൂന്ന് പെണ്‍കുട്ടികള്‍ക്ക് ജീവന്‍ ടിവി താമസിക്കാന്‍ സ്ഥലം നല്‍കിയത് എറണാകുളത്തെ പ്രമുഖ ബാര്‍ ഹോട്ടലില്‍. ഇത് ചോദ്യം ചെയ്ത ജേര്‍ണലിസ്റ്റുകളെ നിര്‍ദ്ദാക്ഷിണ്യം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് മാനേജ് മെന്റ് പകവീട്ടി.

കേരളത്തിലെ ഏറ്റവും വലിയ അസംഘടിത തൊഴിലാളികളാണ് മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ സ്ഥിര തൊഴിലാളിയായിരിക്കണം. താല്‍ക്കാലിക തൊഴിലാളികളും ലൈനര്‍മാരും സ്ട്രിംഗര്‍മാരുമാണ് മാധ്യമപ്രവര്‍ത്തകരില്‍ ബഹുഭൂരിഭാഗവും. അതുകൊണ്ട് തന്നെ ഇവര്‍ യൂണിയന്റെ ഭാഗമല്ലാതെ പോവുകയും ചെയ്യുന്നു. കെയുഡബ്ല്യുജെ സംഘടനയ്ക്ക് ശക്തമായൊരു ട്രേഡ് യൂണിയന്‍ സ്വാഭാവമില്ല. ആ പരിമിതികളില്‍ വീര്‍പ്പ് മുട്ടുന്നതും തൊഴിലാളികള്‍തന്നെ. ശക്തമായ നിരവധി പ്രക്ഷോഭങ്ങള്‍ കെയുഡബ്ല്യുജെ നടത്തിയെങ്കിലും ഇതുകൊണ്ടൊന്നും തൊഴിലാളി ചൂഷണത്തിന് ഒരു കുറവും വന്നില്ല. യൂണിയനില്‍ അംഗത്വമുണ്ടെങ്കിലും സംഘടനാകാര്യങ്ങളില്‍ പങ്കെടുക്കരുതെന്നാണ് മാതൃഭൂമി മാനേജ്‌മെന്റിന്റെ കര്‍ശന നിര്‍ദേശം. ഇക്കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പില്‍പോലും വിരലിലെണ്ണാവുന്നവരാണ് മാതൃഭൂമിയില്‍ നിന്ന് വോട്ട് രേഖപ്പെടുത്താനെത്തിയത്. പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പിലാകട്ടെ മാതൃഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ട പത്രപ്രവര്‍ത്തകന്‍ സി നാരായണനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മാതൃഭൂമി മാനേജ്‌മെന്റിനെതിരെയുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ ഫലമായിരുന്നു സി നാരായണന്റെ വിജയം.

കാസര്‍ക്കോട് നടന്ന പത്രപ്രവര്‍ത്തക യൂണിയന്‍ സമ്മേളനത്തില്‍ വാര്‍ത്തയില്ലാ സമരം എന്ന മുദ്രാവാക്യമായിരുന്നു ഏറെ ശ്രദ്ധേയമായത്. വാര്‍ത്ത ചെയ്യാതെ പണിമുടക്കുക. അതെത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയുകതന്നെ വേണം. ഷിഫ്റ്റ് അടിസ്ഥാനമാക്കിയാണെങ്കിലും ജേര്‍ണലിസം ട്രെയിനികളെ രണ്ട് ഷിഫ്റ്റ് വരെ ജോലിചെയ്യിപ്പിക്കുന്ന മാധ്യമസ്ഥാപനങ്ങളുണ്ട്. കേരളകൗമുദിയും മംഗളവും സുപ്രഭാതവുമെല്ലാം ആളെക്കുറച്ചുകൊണ്ട് തൊഴില്‍ സമയം കൂട്ടിക്കൊണ്ടിരിക്കുന്നു. മറ്റെന്ത് കാര്യത്തിലും പ്രതികരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം കാര്യത്തിലെത്തുമ്പോള്‍ മൗനത്തിലാവുന്ന അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

(ഇന്ത്യാവിഷനില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നു ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍