UPDATES

വിദേശം

ഇസ്ലാമോഫോബിയയ്ക്ക് ബൈ പറഞ്ഞ് ലണ്ടന്‍ നിവാസികള്‍; വിശ്വാസം സാദിഖ് ഖാനെ

Avatar

അഴിമുഖം പ്രതിനിധി

പതിനൊന്ന് വര്‍ഷം മുമ്പ് ലണ്ടനില്‍ നടന്ന സ്‌ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെടുകയും 700-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് ബ്രിട്ടനിലെ പാക് വംശജര്‍ പൊതുജനങ്ങളുടെ വിമര്‍ശനത്തിനും സംശയദൃഷ്ടികള്‍ക്കും വിധേയമായി. എന്നാല്‍ ഇപ്പോള്‍ ലണ്ടനിലെ മേയറായി പാകിസ്താന്‍ വംശജന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ലണ്ടന്‍ നഗരത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മുസ്ലിം നഗരപിതാവാകുന്നുവെന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്.

കടുത്ത മത്സരത്തിന് ഒടുവിലാണ് ലേബര്‍ പാര്‍ട്ടിയുടെ സാദിഖ് ഖാന്‍ വിജയപഥമേറിയത്. ഈ വിജയം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ഇസ്ലാം വിരുദ്ധ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയും ഇംഗ്ലണ്ടില്‍ പാക് വംശജര്‍ നേരിട്ടു കൊണ്ടിരിക്കുന്ന സ്വത്വ പ്രതിസന്ധിക്കും പരിഹാരവുമാണ്.

ഖാന്റെ ഇസ്ലാമിക വിശ്വാസവും മുസ്ലിം സമുദായവുമായുള്ള ബന്ധവും ഇംഗ്ലണ്ടിന്റെ തലസ്ഥാനത്തെ സുരക്ഷിതമായി സൂക്ഷിക്കാന്‍ പറ്റിയ വ്യക്തിയാണോ അദ്ദേഹം എന്ന ചോദ്യമാണ് ടോറികള്‍ ഉയര്‍ത്തിയിരുന്നത്. അദ്ദേഹം തീവ്രനിലപാടുകളുള്ള മുസ്ലിങ്ങളുമായി വേദി പങ്കിട്ടിരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്ന് ഗോള്‍ഡ് സ്മിത്ത് ആവശ്യപ്പെട്ടിരുന്നു.

ലണ്ടന്‍ നഗരത്തിന്റെ ജനസംഖ്യ 8.6 മില്ല്യനാണ്. ഭയത്തിനുമേല്‍ പ്രതീക്ഷയും വിഭജനത്തിനുമേല്‍ ഐക്യവും നേടിയ വിജയമായിട്ടാണ് ഖാന്‍ തന്റെ നേട്ടത്തെ വിശേഷിപ്പിച്ചത്. ഇസ്ലാമിനെ രാഷ്ട്രീയമായി പൊള്ളുന്ന വിഷയമായി പടിഞ്ഞാറന്‍ രാഷ്ട്രീയ നേതാക്കള്‍ കാണുമ്പോള്‍ ഖാന്‍ അതിനെ പുല്‍കുകയാണ് ചെയ്തത്. ഒരിക്കലും തന്റെ വിശ്വാസത്തെ ഖാന്‍ മറച്ചു വച്ചില്ല. ഖാന്റെ മതവിശ്വാസം തന്നെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം. ഭീകരരേയും തീവ്രവാദികളേയും തോല്‍പ്പിക്കുന്ന ബ്രിട്ടീഷ് മുസ്ലിമാകാനാണ് തനിക്ക് താല്‍പര്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ഖാന്‍ എതിരാളിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സാക് ഗോള്‍ഡ് സ്മിത്തിനെ പരാജയപ്പെടുത്തിയതെന്ന് എപി റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്‍സര്‍വേറ്റീവ് തന്നെയായ ബോറിസ് ജോണ്‍സന് പകരമായാണ് ഖാന്‍ മേയര്‍ പദവിയിലേറുന്നത്.

ഇംഗ്ലണ്ട് യൂറോപ്യന്‍ യൂണിയനില്‍ തുടരണമോയെന്നുള്ള ഹിതപരിശോധനയ്ക്ക് കേവലം മൂന്ന് ആഴ്ച്ച മാത്രം അവശേഷിക്കവേയാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. കുടിയേറ്റ നിയന്ത്രണം വേണമെന്ന അടക്കമുള്ള വിഷയങ്ങളില്‍ കടുത്ത രാഷ്ട്രീയമായി വിഭജനം ഈ ഹിതപരിശോധന വരുത്തിക്കഴിഞ്ഞിരുന്നു.

അമേരിക്കയേയും മറ്റും താരതമ്യപ്പെടുത്തുമ്പോള്‍ ലണ്ടനിലെ മേയര്‍ക്ക് കുറഞ്ഞ അധികാരങ്ങളേയുള്ളൂ.

രണ്ട് സ്ഥാനാര്‍ത്ഥികളുടേയും പശ്ചാത്തലം വളരെ വ്യത്യാസമാണ്. 45 വയസ്സുള്ള ഖാന്‍ പാകിസ്താനിയായ ബസ് ഡ്രൈവറുടെ മകനാണ്. തെക്കന്‍ ലണ്ടനിലെ മണ്ഡലമായ ടൂട്ടിങില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എംപിയായ ഖാന്‍ അഭിഭാഷകന്‍ കൂടിയാണ്. 24 വയസ്സുവരെ മാതാപിതാക്കളോടൊപ്പം ചെറിയ വീട്ടിലായിരുന്നു താമസം.

എന്നാല്‍ 41-കാരനായ ഗോള്‍ഡ് സ്മിത്താകട്ടെ കോടീശ്വരന്റെ മകനാണ്. പരിസ്ഥിതി പ്രവര്‍ത്തകനായ അദ്ദേഹം ഇപ്പോള്‍ റിച്ച്‌മോണ്ടില്‍ നിന്നുള്ള എംപിയും. അദ്ദേഹത്തിന്റെ സഹോദരി ജെമീമ ഖാന്റെ മുന്‍ഭര്‍ത്താവ് പാക് ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനാണ്.

ടോറികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ പോകാതെ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഖാന്‍ ലേബര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നത്. ലണ്ടന്‍ നിവാസികള്‍ക്ക് താങ്ങാനാവുന്ന വാസസൗകര്യം, യാത്രാച്ചെലവ് കുറയ്ക്കല്‍, ബിസിനസിനെ പിന്തുണയ്ക്കുമെന്നും പ്രോത്സാഹിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു അദ്ദേഹം നല്‍കിയിരുന്നത്.

ഇസ്ലാമിക ഭീകരര്‍ വെള്ളവും വളവും നല്‍കുന്നുവെന്ന് സ്മിത്ത് ഖാനെതിരെ ആരോപണം ഉന്നയിക്കാറുണ്ടായിരുന്നു. ഇതിനെ ജമീമ വിമര്‍ശിച്ചിരുന്നു. തനിക്ക് അറിയാവുന്ന സ്മിത്തല്ല ഇപ്പോഴത്തേത് എന്ന് അവര്‍ പറഞ്ഞിരുന്നു.

ഈ വിജയം ലേബര്‍ പാര്‍ട്ടിക്ക് ഒരു ആശ്വാസം കൂടിയാണ്. ലണ്ടന് പുറത്ത് അവര്‍ തോല്‍വികള്‍ ഏറ്റുവാങ്ങുകയായിരുന്നു. 2020-ല്‍ നടക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കുക ക്ലേശകരമാണെന്ന വിലയിരുത്തലാണ് ലേബര്‍ പാര്‍ട്ടിയെ കുറിച്ചുള്ളത്.

പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മെച്ചമുണ്ടാക്കാറുണ്ട്. എന്നാല്‍ ലേബറിന്റെ ചരിത്രം തിരിച്ചും. എങ്കിലും ചില വിമര്‍ശകര്‍ പറയുന്നത് പോലെ ഇംഗ്ലണ്ടില്‍ ലേബറിന് കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോയിട്ടില്ല. വെല്‍ഷില്‍ അവര്‍ പ്രമുഖ പാര്‍ട്ടി തന്നെയാണ്. സ്‌കോട്ട് ലന്റില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് പിന്നില്‍ മൂന്നാമത്തെ വലിയ പാര്‍ട്ടിയുമാണ് ലേബര്‍. സ്‌കോട്ട് ലന്റില്‍ ദശാബ്ദങ്ങളായി രാഷ്ട്രീയ പുറംമ്പോക്കില്‍പ്പെട്ടിരുന്ന കണ്‍സര്‍വേറ്റീവുകള്‍ റൂത്ത് ഡേവിഡ്‌സണനെന്ന നേതാവിന് കീഴിലാണ് നേട്ടം കൊയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍