UPDATES

പണം തീരുന്നു; ഗ്രീന്‍ പീസ് ഇന്ത്യ പൂട്ടലിന്റെ വക്കില്‍

അഴിമുഖം പ്രതിനിധി

അടച്ചുപൂട്ടലിന്റെ ഭീഷണി നേരിടുന്ന ഗ്രീന്‍പീസ് ഇന്ത്യയുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന് അവശേഷിക്കുന്നത് ഒരു മാസം മാത്രം. ജീവനക്കാരുടെ ശമ്പളത്തിനും ഓഫീസ് ചെലവുകള്‍ക്കുമായി സംഘടനയുടെ കൈയില്‍ അവശേഷിക്കുന്നത് ഇനി ഒരു മാസത്തേക്കുള്ള പണം മാത്രമാണ്. വികസനത്തിന് എതിരു നില്‍ക്കുന്നുവെന്ന് ബിജെപിയുടെ നേതൃത്വത്തിലെ കേന്ദ്ര സര്‍ക്കാര്‍ സംഘടനയുടെ ഫണ്ട് വരുന്ന വഴികള്‍ അടച്ചിരിക്കുകയാണ്. കപടത കൊണ്ടുള്ള ശ്വാസം മുട്ടിക്കല്‍ ആണ് ഇതെന്ന് ആരോപിച്ച ഗ്രീന്‍ പീസ് ഇന്ത്യ ഏകപക്ഷീയമായ ശിക്ഷാ നടപടികള്‍ പിന്‍വലിക്കുന്നതിനും സംഘടനയുടെ വിജയകരമായ പ്രചാരണം കാരണമാണ് സംഘടനയെ പൂട്ടിക്കാന്‍ ശ്രമിക്കുന്നതെന്നും സമ്മതിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംഘടന പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഗ്രീന്‍ പീസ് ഇന്ത്യയുടെ ആഭ്യന്തര ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതു മൂലം 340 ജീവനക്കാരുടെ ജോലി നഷ്ടപ്പെടുത്തുക മാത്രമല്ല സുസ്ഥിര വികസനം, പരിസ്ഥിതി നീതി, ശുദ്ധവും താങ്ങാനാകാവുന്ന ഊര്‍ജ്ജം തുടങ്ങിയ വിഷയങ്ങളിലെ പാവപ്പെട്ടവരുടെ ശബ്ദം കൂടിയാണ് നിലയ്ക്കുന്നത്. 

സംഘടനയുടെ 14 വര്‍ഷത്തെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട അവസ്ഥ മുന്നിലെത്തിയിരിക്കേ ജീവനക്കാരെ അതിനുവേണ്ടി തയ്യാറാക്കുന്നതിനുവേണ്ടി സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സമിത് ഐഷ് അഭിസംബോധന ചെയ്ത് സംസാരിച്ചു.

പൂര്‍ണമായും അടച്ചു പൂട്ടുന്നതില്‍ നിന്ന് ഗ്രീന്‍ പീസ് ഇന്ത്യയെ രക്ഷിക്കാനും നമ്മുടെ ആഭ്യന്തര അക്കൗണ്ടുകളെ മരവിപ്പിക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തോട് പോരാടാനും ഒരു മാസമാണ് അവശേഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

വിദേശ ഫണ്ട് ആരോപണങ്ങളെ തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം സ്വീകരിച്ച നടപടികള്‍ ദല്‍ഹി ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. 77,000 ഇന്ത്യാക്കാര്‍ സംഭാവന നല്‍കുന്ന ആഭ്യന്തര ബാങ്ക് അക്കൗണ്ടാണ് മന്ത്രാലയം ഏറ്റവും ഒടുവിലായി മരവിപ്പിച്ചിരിക്കുന്നത്. 

പുതിയ നിയമ പോരാട്ടങ്ങള്‍ക്ക് സംഘടന ഒരുങ്ങുന്നുണ്ടെങ്കിലും നിയമ പോരാട്ടം ജൂണ്‍ ഒന്നാം തിയതിയും കടന്നു പോകുമെന്നത് ഐഷിനെ ആശങ്കപ്പെടുത്തുന്നു. അടുത്തമാസം ഒന്നാം തിയതിയോടെ സംഘടനയുടെ ഫണ്ട് തീരും.

ആഭ്യന്തര മന്ത്രാലയം അവരുടെ തീരുമാനത്തിന്റെ അനന്തരഫലം തിരിച്ചറിയണമെന്ന് ഗ്രീന്‍ പീസ് ഇന്ത്യ ആവശ്യപ്പെട്ടു. കുതന്ത്രങ്ങളിലൂടെ ഞങ്ങളെ ശ്വാസം മുട്ടിക്കാനാണ് ആഭ്യന്തരമന്ത്രി ശ്രമിക്കുന്നത്. നിരോധനം ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹത്തിന് അറിയാവുന്നത് കൊണ്ട് അതിന് ശ്രമിക്കുന്നത് എന്നും ഐഷ് കൂട്ടിച്ചേര്‍ത്തു. മറ്റു ഇന്ത്യന്‍ പൗര സമൂഹങ്ങളും ഈ ഭീഷണിയുടെ നിഴലിലാണെന്ന് ഐഷ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍