UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂത്രമൊഴിക്കാന്‍ പോലും ഇടമില്ലാത്തപ്പോള്‍ ഏത് വികസനത്തെക്കുറിച്ചാണ് പറയുന്നത്?

Avatar

സുനിത ദേവദാസ്

പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ടോയ്‌ലറ്റ് സൌകര്യം ഉറപ്പുവരുത്തണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഈ ആവശ്യം ഉള്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന സംവാദത്തില്‍ അഴിമുഖവും പങ്കുചേരുന്നു. മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസാണ് ഫേസ്ബുക്കില്‍ ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് നിരവധി പേര്‍ പ്രതികരണങ്ങളായും പോസ്റ്റുകളായും രംഗത്തെത്തി. സി പി ഐ എം പൊളിറ്റ്ബ്യൂറോ  അംഗം പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇതിനോട് പ്രതികരിച്ചുകൊണ്ട് കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടാകും എന്നു പ്രതീക്ഷിക്കാം. താന്‍ ഫേസ്ബുക്കില്‍ ഉയര്‍ത്തിയ വിഷയത്തെ കൂടുതല്‍ വ്യക്തമായി അവതരിപ്പിക്കുകയാണ് സുനിത ദേവദാസ് ഇവിടെ. 

‘സ്ത്രീകളുടെ ടോയ്‌ലറ്റ് പ്രശ്‌നം’ എന്ന വിഷയം ഫേസ്ബുക്കിലൂടെ മുന്നോട്ട് വെച്ചപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഇത് എന്റെ അനുഭവമാണെന്ന് എല്ലാവരും പറഞ്ഞു. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇതേ പ്രശ്‌നങ്ങള്‍ നേരിടുന്നു എന്ന് അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. വ്യക്തിപരമായ ഒരനുഭവത്തില്‍ നിന്നാണ് ചെറുത് എന്ന് തോന്നിയേക്കാവുന്ന ഈ വിഷയത്തെക്കുറിച്ച് ഗൗരവമായി ആലോചിച്ചത്.

കഴിഞ്ഞ ഒരു മാസമായി ഭയങ്കര പുറം വേദന ഉണ്ടായിരുന്നു. ആദ്യം ഗൗനിച്ചില്ല. കിഡ്‌നി സ്‌റ്റോണ്‍ എന്ന് കരുതിയാണ് ആശുപത്രിയില്‍ പോയത്. പരിശോധനകള്‍ക്ക് ശേഷം കിഡ്‌നിയില്‍ അണുബാധയാണെന്ന് ഡോക്ടര്‍ പറഞ്ഞു. അവിടെ വച്ചാണ് ഡോക്ടര്‍ ജീവിതചര്യയെ കുറിച്ച് ചോദിച്ചത്. അപ്പോഴാണ് ആദ്യമായി അത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിച്ചതു തന്നെ. പലതും ഡോക്ടറോട് പറയാന്‍ പോലും മടി തോന്നി. എന്നും ആള്‍ക്കൂട്ടത്തിലായിരുന്നു ജീവിതം. മൂത്രം ഒഴിക്കാന്‍ തോന്നും എന്നതിനാല്‍ വെള്ളം കുടിക്കാന്‍ പോലും മടിച്ചിരുന്നു. പേടിയോടെ മാത്രമാണ് വെള്ളം കുടിച്ചിരുന്നത്. എപ്പോള്‍ മൂത്രമൊഴിക്കാന്‍ തോന്നുമെന്ന് അറിയില്ല. ടോയ്‌ലറ്റുകള്‍ ഉണ്ടായാല്‍ തന്നെ വൃത്തിയില്ലാത്തതായിരിക്കും. അറപ്പും വെറുപ്പും തോന്നുന്നത്. നല്ല ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമാണ് എന്റെ അനുഭവത്തില്‍ നല്ല ടോയ്‌ലറ്റുകള്‍ കണ്ടിട്ടുള്ളത്. അതാണെങ്കില്‍ എല്ലാവര്‍ക്കും പോകാന്‍ പറ്റുന്നതുമല്ല. 35 രൂപയ്ക്ക് ചായ കുടിച്ച് എത്ര പേര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാന്‍ പറ്റും? എന്റെ മത്രമല്ല എനിക്ക് ചുറ്റുമുള്ള ഓരോ സത്രീയുടേയും അനുഭവമാണ് ഇത്. ഇങ്ങനെ ജീവിക്കുന്നതിന്റെ ദൂഷ്യഫലം എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മനസിലാകുന്നത്. നമ്മുടെ വ്യക്തിപരമായ കുഴപ്പമല്ല പലപ്പോഴും ഇത്. നിലവിലെ ഈ സാമൂഹിക വ്യവസ്ഥയെ പേടിച്ച് നാം വരുത്തിവയ്ക്കുന്നതാണ്. പിന്നീട് വരുന്ന ചികിത്സ ചെലവുകള്‍ എത്ര പേര്‍ക്ക് താങ്ങാനാകും? മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഉള്‍പ്പെടെ പിന്നെയും പ്രശ്‌നങ്ങള്‍ തന്നെ. അതുകൊണ്ടാണ് പൊതുവായി ഈ വിഷയം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.

നമ്മുടെ നാട്ടില്‍ ഷീ-ടോയ്‌ലറ്റുകളും ഇ-ടോയ്‌ലറ്റുകളുടെ ഒക്കെ ഉണ്ട്. എല്ലാം പൂര്‍ണമായും ഉപയോഗിക്കാന്‍ പറ്റുന്നവയാണ് എന്ന് തോന്നുന്നില്ല. വൃത്തിയുള്ള ഇടങ്ങളില്‍ ഒളികാമറയും മറ്റും ഉണ്ടാകുമോ എന്ന സുരക്ഷാപ്രശ്‌നങ്ങള്‍ വേറെയും. മാളുകളില്‍ ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഉണ്ട് . എന്നാല്‍ മാളുകളില്‍ കയറി മൂത്രം ഒഴിക്കാന്‍ കോണ്‍ഫിഡന്‍സ് ഇല്ലാത്ത സ്ത്രീകളാണ് കൂടുതല്‍. സാധാരണ ദിവസങ്ങളില്‍ ഇങ്ങനെ എങ്കില്‍ പ്രത്യേക ശുചിത്വം പാലിക്കേണ്ട ആര്‍ത്തവ സമയത്ത് കാര്യങ്ങള്‍ കൂടുതല്‍ കഷ്ടമാണ്. പാഡ് മാറ്റാന്‍ പോലും സൗകര്യമില്ല. അഥവ മാറ്റിയാല്‍ തന്നെ ഉപയോഗിച്ച പാഡ് കളയാനാകാത്ത അവസ്ഥ. ബാഗില്‍ സൂക്ഷിച്ച് വീട്ടില്‍ എത്തി നശിപ്പിക്കേണ്ടി വരുന്നു. പുരുഷന്മാര്‍ ഉള്‍പ്പെടെ ധാരാളം സുഹൃത്തുക്കളുടെ ഇടയില്‍ സ്വന്തം ബാഗ് എവിടെയുംവയ്ക്കാതെ ചുമന്നു നടക്കേണ്ട ഗതികേട്. എന്നാല്‍ ആരോടും ഒന്നും പറയാനും ആവില്ല. സ്ത്രീകള്‍ക്ക് മാത്രം മനസിലാകുന്ന പ്രശ്‌നങ്ങളാണ് ഇതെന്ന് തോന്നുന്നു.

പൊതു ഇടങ്ങളിലെ ടോയ്‌ലറ്റുകള്‍ സാര്‍വത്രികമാക്കും-ടി എം തോമസ് ഐസക്
പൊതു ഇടങ്ങളിലെ സ്ത്രീ സൌഹൃദ ടോയിലറ്റ്; പിണറായി വിജയന്‍റെ പ്രതികരണം

സ്ത്രീകളുടെ നല്ലവശം മാത്രമാണ് പുരുഷന്മാര്‍ കാണുന്നത് എന്ന് തോന്നാറുണ്ട്. സുന്ദരിയായ, സൗമ്യയായ സ്ത്രീയെ മാത്രം. ആര്‍ത്തവമുള്ള, വയറിളക്കം വന്ന, രോഗിയായ സ്ത്രീയെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് പറ്റുന്നുണ്ടോ? പെണ്‍ മക്കള്‍ ഉണ്ടാകുമ്പോഴാണ് പുരുഷന്‍ ഈ കാര്യങ്ങളെല്ലാം കുറച്ചെങ്കിലും മനസ്സിലാക്കുന്നത്. ഈ സംരക്ഷണമാകട്ടെ വളരെ കുറച്ച് കാലം മാത്രമാണ് കിട്ടുന്നതും. ഇപ്പോഴത്തെ കാലത്ത് പത്താം വയസ്സില്‍ തന്നെ ആര്‍ത്തവം തുടങ്ങുന്നുണ്ട്. സ്വന്തം കാര്യങ്ങള്‍ പോലും ശരിക്കും ചെയ്യാന്‍ സാധിക്കാത്ത പ്രായം. വലിയ സ്‌കൂളികളില്‍ ഇതിനൊക്കെ പ്രത്യേക സൗകര്യം ഉണ്ടാകും. എന്നാല്‍ സാധാരണ സ്‌കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഈ കാലം നരകതുല്യമാണ്. സ്ത്രീയെന്ന ജീവിതത്തെ സ്‌നേഹിക്കാന്‍ പോലും അവര്‍ക്ക് പറ്റുന്നില്ല.

സ്ത്രീകള്‍ക്കായി പല സംഘടനകള്‍ ഉണ്ട്. പലതും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയുള്ളത്. പല രാഷ്ട്രീയ താല്പര്യങ്ങള്‍ ഉള്ള സംഘടനകള്‍. അതായത് സ്ത്രീകള്‍ ഓരോ വിഭാഗമായി സംഘടിക്കുന്നു. അല്ലാതെ പൊതുവായി സ്ത്രീകള്‍ എന്ന നിലയില്‍ പ്രതിനിധീകരിക്കപ്പെടുന്നില്ല. സ്ത്രീ വോട്ടു ബാങ്കല്ല. അവള്‍ക്ക് സമ്മര്‍ദ്ദ ശക്തിയാകാന്‍ സാധിക്കുന്നില്ല. അവരവരുടെ വീട്ടിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒരു പക്ഷേ പൊതുരംഗത്ത് ഉള്ള പുരുഷന്മാര്‍ പോലും ബോധവാന്മാരല്ല. അല്ലെങ്കില്‍ അവരുടെ ജീവിത നിലവാരം മികച്ചതാണ്, ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നില്ല. പലപ്പോഴും മധ്യ വര്‍ഗ സ്ത്രീ പ്രശ്‌നങ്ങള്‍ മാത്രമാണ് അഭിസംബോധന ചെയ്യപ്പെടുന്നത്. സാധാരണ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

കാനഡയില്‍ കേരളത്തിലേതിനേക്കാള്‍ ടോയ്‌ലറ്റുകള്‍ ഉണ്ടെന്നതാണ് എന്റെ അനുഭവം. എന്നാല്‍ വൃത്തിയുടെ കാര്യത്തില്‍ ഏറെ മെച്ചമാണ്  കാര്യങ്ങള്‍. കേരളത്തില്‍ മുക്കിലും മൂലയിലും ആരാധനാലയങ്ങള്‍ ഉണ്ട്. ഇവയോട് ചേര്‍ന്ന് ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നത് ഏറെ പ്രയോഗികമാണ്. നടത്തിപ്പിനായുള്ള പണം ഒരു ബോക്‌സില്‍ നിക്ഷേപിക്കാന്‍ സൗകര്യം ഒരുക്കണം. കഴിവുള്ളവര്‍ പണമിടട്ടെ. നിര്‍ബന്ധിത പിരിവ് ഒരിക്കലും നടത്തരുത്. ഒരു രൂപ നല്‍കി മൂത്രമൊഴിക്കാന്‍ സാധിക്കാത്ത എത്രയോ പേരുണ്ട് നമ്മുടെ നാട്ടില്‍. പുതിയ ബിസിനസ് സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയ്ക്ക് അംഗീകാരം നല്‍കാന്‍ ടോയ്‌ലറ്റ് നിര്‍ബന്ധിതമാക്കണം. സ്ത്രീകളെ പോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ ഈ പ്രശ്‌നങ്ങളും പരിഗണിക്കണം. അവര്‍ക്കും മനുഷ്യന്‍ എന്ന രീതിയില്‍ ചില ആവശ്യങ്ങള്‍ ഉണ്ട്.

വികസനത്തിന് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന നാട്ടില്‍ ആവശ്യത്തിന് ടോയ്‌ലറ്റുകള്‍ ഉണ്ടാക്കുക , അവ വൃത്തിയായി സൂക്ഷിക്കുക എന്നിവ അത്ര വലിയ പ്രശ്‌നമായി തോന്നുന്നില്ല. ചെറിയ പദ്ധതിയാകുമ്പോള്‍ കമ്മിഷന്‍ ലഭിക്കില്ല, ലാഭമുണ്ടാക്കാന്‍ സാധിക്കില്ല എന്നതാകാം പലരേയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. മൂത്രമൊഴിക്കാന്‍ സൗകര്യം ഒരുക്കുന്നവര്‍ക്ക് വോട്ട് എന്നതാണ് എന്റെ പക്ഷം. അതില്‍ രാഷ്ട്രീയ വ്യത്യാസമില്ല. പിണറായി വിജയനെയും തോമസ് ഐസക്കിനേയും പോലുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതൊന്നും നടക്കാത്ത സ്വപ്‌നമല്ലെന്ന് ഈ പ്രതികരണങ്ങള്‍ ബോധ്യപ്പെടുത്തുന്നു. ഇടത് പാര്‍ട്ടിയില്‍ നിന്ന് അല്ലാതെ കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. അത് എന്തുകൊണ്ടെന്ന് അറിയില്ല. പരിചയമില്ലാത്ത കുറേപ്പേര്‍ എനിക്ക് മെസേജ് അയക്കുന്നു. കുറച്ചു പേര്‍ ആദ്യമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു. എല്ലാം പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ്. അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാതെ ഇത്രയും വര്‍ഷം മുന്നോട്ട് പോയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനിയും ഇങ്ങനെ മുന്നോട്ട് പോയാല്‍ അത് മോശമാണ്. അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പോലും പരിഹാരം കാണാതെ പിന്നെ എന്ത് വികസനമാണെന്നാണ് പറയുന്നത്?

(മാധ്യമപ്രവര്‍ത്തകയായ സുനിത ഇപ്പോള്‍ കാനഡയില്‍ താമസിക്കുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍