ടീം അഴിമുഖം
പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ ഒരു ഇരയാണെന്നതില്‍ സംശയമില്ല. 2014-ലെ പെഷാവര്‍ സ്‌കൂള്‍ ആക്രമണം പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഭീകരവാദത്തിന്റെ പേരില്‍ നല്‍കേണ്ടി വന്ന വലിയ വിലയായിരുന്നുവെങ്കില്‍ ഈയിടെ ലാഹോറിലുണ്ടായ സ്‌ഫോടനം ആ രാജ്യത്തിന്റെ കണ്ണു തുറപ്പിക്കുന്നതാണ്. ഏറെ കൊട്ടിഘോഷിച്ച സര്‍ബെ അസ്ബ് എന്ന പേരിട്ട സര്‍ക്കാരിന്റെ ഭീകര വിരുദ്ധ നീക്കങ്ങള്‍ക്ക് രാജ്യത്തെ ഭീകരതയുടെ പിടിയില്‍ നിന്നും സ്വതന്ത്രമാക്കാന്‍ സാധിച്ചിട്ടില്ലെന്നത് വ്യക്തമായ ഒരു വസ്തുതയാണ്.
മറ്റൊരു കാര്യം അനേകം ആക്രമണങ്ങള്‍ക്കു പുറമെ ലാഹോര്‍ സ്‌ഫോടനവും പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയ്ക്ക് അടിവരയിടുന്നതാണ്. ലാഹോര്‍ ആക്രമണത്തില്‍ ആക്രമികള്‍ ഉന്നം വച്ചത് ഈസ്റ്റര്‍ ആഘോഷിക്കാന്‍ പാര്‍ക്കിലേക്ക് കൂട്ടമായെത്തിയ ക്രിസ്ത്യന്‍ വിഭാഗത്തെയായിരുന്നു. സാധാരണ ആക്രമികള്‍ ഉന്നം വയ്ക്കാറുള്ള ചര്‍ച്ചുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് സമ്മതിച്ചാലും ഇത്തരമൊരു അപകട സാധ്യതയെ കുറിച്ച് ബോധ്യമുണ്ടായിട്ടും പൊലീസ് സംഭവസ്ഥലത്ത് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടു. അതു കൊണ്ടു തന്നെ ലാഹോര്‍ സ്‌ഫോടനം ഒരു ഇന്റലിജന്‍സ് പിഴവായിരുന്നു.
അതിനു പുറമെ പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ പരസ്യമായ വിവേചനപരമായ നയത്തിന്റെ ഫലം കൂടിയായിരുന്നു ഈ സംഭവം. ഒരു പ്രത്യേക തരം മുസ്ലിംകളെ മാത്രമെ തങ്ങള്‍ ശരിയായ പൗരന്മാരായി ഗണിക്കുന്നുള്ളൂവെന്ന വ്യക്തമായ സൂചനകള്‍ നല്‍കിക്കൊണ്ട് ആ രാജ്യം ദശലക്ഷണക്കിനു വരുന്ന ഇതര മത വിശ്വാസികളെ ഇസ്ലാം മത തീവ്രവാദികള്‍ക്ക് വേഗത്തില്‍ ഉന്നം പിടിക്കാവുന്ന രണ്ടാം കിട പൗരന്മാരാക്കി ചുരുക്കിയിരിക്കുകയാണ്. മുന്‍ പഞ്ചാബ് ഗവര്‍ണറെ കൊന്ന കേസില്‍ പ്രതിയായ അദ്ദേഹത്തിന്റെ അംഗരക്ഷകനും സ്വയം ഒരു ഇസ്ലാമിക പോരാളിയായി വിശേഷിപ്പിക്കുകയും ചെയ്ത മുംതാസ് ഖാദിരിയെ തൂക്കിലേറ്റിയതോടെ നുരഞ്ഞു പൊന്തിയ മതാവേശമാകാം ക്രിസ്ത്യന്‍ വിഭാഗത്തിനു നേര്‍ക്ക് ഒരു ആക്രമണത്തിനുള്ള സാഹചര്യമൊരുക്കിയത്.
എങ്കിലും ലാഹോര്‍ സ്‌ഫോടനത്തിന് മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. പാക്കിസ്ഥാന്‍ താലിബാന്റെ ഭാഗമായ ഒരു ചെറു ഗ്രൂപ്പിന് തങ്ങള്‍ നവാസ് ഷെരീഫിന്റെ സ്വന്തം സംസ്ഥാനമായ പഞ്ചാബിലുമെത്തി എന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് കൊടുക്കുക. ഭീകരവാദ സംഘങ്ങള്‍, അവരുടെ സങ്കീര്‍ണമായ കൂട്ടുകെട്ടുകളും ഭീകരാക്രമണങ്ങള്‍ എന്നിവയെല്ലാം പഞ്ചാബിനെ സംബന്ധിച്ചിടത്തോളം അപരിചിതമല്ല. ഷെരീഫ് സഹോദരന്മാര്‍ക്കും അവരുടെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗിനും (നവാസ്) അവരുടെ പ്രാധ്യാന്യത്തെ കുറിച്ച് ബോധ്യവുമുണ്ട്. ആവശ്യ ഘട്ടങ്ങളിലെല്ലാം പലപ്പോഴും ലീഗിന് പിന്തുണ നല്‍കാറുള്ള മത കക്ഷികളെ നീരസപ്പെടുത്തുമെന്ന ഭയം ഷെരീഫ് സഹോദരന്മാരെ പല ഭീകര സംഘങ്ങള്‍ക്കും തടയിടുന്നതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നു. ലാഹോര്‍ സ്‌ഫോടനം ഒരു പക്ഷെ ഇതിന് മാറ്റമുണ്ടാക്കിയേക്കാം. പഞ്ചാബിലെ തങ്ങളുടെ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് സൈന്യം സര്‍ക്കാരിനെ മറികടന്നിട്ടുണ്ടാകാമെന്നും സൂചനകളുണ്ട്. പലരും ഇത് നല്ല കാര്യമായി കണക്കാക്കുന്നുണ്ടാകാം. എന്നാല്‍ സൂക്ഷ്മമായ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഇത് പാക്കിസ്ഥാന്‍ വീണ്ടും സൈന്യത്തിന്റെ പിടിയിലേക്ക് തിരിച്ചു പോകുന്നതിന്റെ മറ്റൊരു ഉദാഹരണമാകാം. ഭീകരരെ ഉന്നം വയ്ക്കുന്നതില്‍ സൈന്യവും സര്‍ക്കാരില്‍ നിന്നും അത്ര വിഭിന്നമല്ല.