UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാര്‍ വിട്ടുനല്‍കിയത് നടി ആവശ്യപ്പെട്ടിട്ട്; കൊച്ചിയില്‍ പോയത് ഷൂട്ടിംഗ് ആവശ്യത്തിനല്ലെന്നും ലാല്‍

തനിക്കും നടിക്കും ഒപ്പം നിന്നവര്‍ ക്രൂശിക്കപ്പെട്ടത് ഏറെ വേദനിപ്പിച്ചെന്നും ലാല്‍

നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കാര്‍ വിട്ടുനല്‍കിയത് നടി ആവശ്യപ്പെട്ടത് അനുസരിച്ചാണെന്ന് നടനും സംവിധായകനുമായ ലാല്‍. അതേസമയം നടി കൊച്ചിയില്‍ പോയത് ഷൂട്ടിംഗ് ആവശ്യത്തിനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ തനിക്കും നടിക്കും ഒപ്പം നിന്നവര്‍ ക്രൂശിക്കപ്പെട്ടത് ഏറെ വേദനിപ്പിച്ചെന്നും ലാല്‍ അറിയിച്ചു. ആക്രമണത്തിനിരയായ നടി തന്റെ വീട്ടിലെത്തിയപ്പോള്‍ താനാണ് നിര്‍മ്മാതാവ് ആന്റോ ജോസഫിനെ വിളിച്ചുവരുത്തിയത്. ആദ്യം ആന്റോയെ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് താന്‍ മറ്റൊരു സംവിധായകനെ വിളിച്ചെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. അതിന് ശേഷമാണ് പിന്നെയും ആന്റോയെ വിളിച്ചതും അദ്ദേഹം ഓടിയെത്തിയതും.

പിറ്റേദിവസം വരെ പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് ആന്റോ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സംഭവത്തിന് പിന്നില്‍ ആന്റോയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത് തന്നെ വേദനിപ്പിച്ചതായും ലാല്‍ അറിയിച്ചു. ഇത്തരത്തില്‍ ആളുകള്‍ ക്രൂശിക്കപ്പെടുന്നത് ശരിയല്ല. നടി ആക്രമിക്കപ്പെട്ട ദിവസം പോലീസ് സഹായത്തിനായി താനാണ് രാത്രി 11 മണിക്ക് ഡിജിപി ലോകനാഥ് ബഹ്രയെ വിളിച്ചത്. പേടിക്കേണ്ടെന്നും ഉടന്‍ ഉദ്യോഗസ്ഥരെ ഇവിടേക്ക് വിടാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അഞ്ച് മിനിറ്റിനകം ഉന്നത ഉദ്യോഗസ്ഥരടക്കം പോലീസുകാര്‍ സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധര്‍ വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തിച്ചത്. ഇത്രവേഗത്തില്‍ പോലീസ് പ്രവര്‍ത്തിക്കുന്നത് സിനിമയില്‍ മാത്രമാണ് താന്‍ കണ്ടിട്ടുള്ളത്. ഈസമയത്തിനുള്ളില്‍ പ്രതിയെ കണ്ടെത്താനായത് വലിയ കാര്യമാണ്. ഇത്രവേഗം പ്രതിയെ പിടിക്കാനായതും വലിയ നേട്ടമാണെന്നും ലാല്‍ അറിയിച്ചു. മനപ്പൂര്‍വം ഒളിച്ചിരിക്കുന്ന കൊടുംക്രിമിനലിനെ പിടികൂടുക എളുപ്പമല്ല.

പിടിക്കപ്പെട്ടവര്‍ ഇനി വെറുതെയെങ്കിലും പ്രതികളല്ലാത്ത ആരുടെയെങ്കിലും പേര് പറഞ്ഞാല്‍ അയാളുടെ ജീവിതം തകരുന്ന അവസ്ഥയാണ്. ഊഹാപോഹങ്ങള്‍ വച്ച കഥയുണ്ടാക്കുന്നത് നിരവധി പേരുടെ ജീവിതം തകര്‍ക്കും. പ്രതിയെ കോടതിയില്‍ കയറി പിടിച്ചതിനെ വിവാദമാക്കുന്നത് ശരിയല്ല. പ്രതിക്ക് വേണ്ടിയല്ല ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടിയാണ് എല്ലാവരും നില്‍ക്കേണ്ടതെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂജനറേഷന്‍ സിനിമകളോടുള്ള അതൃപ്തിയാണ് ചിലരുടെ പ്രശ്‌നം. ന്യൂജനറേഷന്‍ സിനിമകളെല്ലാം കഞ്ചാവും മയക്കുമരുന്നുമാണെന്ന ആരോപണത്തിന് പിന്നില്‍ ഇത്തരക്കാരാണ്. കഞ്ചാവടിച്ച് സിനിയുണ്ടാക്കിയാല്‍ മാത്രം അത് ഓടില്ലെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. സിനിമയുടെ ഡബ്ബിംഗ് ആവശ്യത്തിനായാണ് ആക്രമിക്കപ്പെട്ട ദിവസം നടി എത്തിയത്. അവര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് തന്റെ വാഹനം ഇതിനായി വിട്ടുനല്‍കുകയായിരുന്നു 15 മിനിറ്റത്തെ ഡബ്ബിംഗിന് ശേഷം കൊച്ചിയിലെ മറ്റൊരു നടിയുടെ വീട്ടിലേക്ക് പോകുമെന്നാണ് അറിയിച്ചിരുന്നത്.

സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിയ ശേഷം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം വിളിച്ച് സ്ഥിരീകരിക്കുകയും ചെയ്തു. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞതിനാലാണ് പിന്നീട് വിളിക്കാതിരുന്നതെന്നും ലാല്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍