UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാല്‍ സലാമില്‍ നിന്നും ജയ് ഭീമിലേക്ക്: എന്തുകൊണ്ടാണ് രോഹിത് വെമുല ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകളെ ഉപേക്ഷിച്ചത്?

Avatar

ജസ്വന്ത് ജെസ്സീ

എന്റെ സുഹൃത്തുകൂടിയായിരുന്ന രോഹിത് വെമുല ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റിന്റെ) കടുത്ത അനുഭാവിയായിരുന്നു എന്നു അധികമാര്‍ക്കുമറിയില്ല. ഹൈദരാബാദ് സര്‍വകലാശാലയിലെ അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷനില്‍ (ASA)ചേരുന്നതിന് മുമ്പ് സി പി എം വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐയുടെ തീപ്പൊരി നേതാവായിരുന്നു.

ദൈവവിശ്വാസം ഉപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്കും ജാതിവ്യവസ്ഥയോടുള്ള വിശ്വാസത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കാനാവുന്നില്ല എന്നു കണ്ടെത്തിയപ്പോഴാണ് അയാള്‍ക്ക് കമ്മ്യൂണിസ്റ്റുകാരോട് മോഹഭംഗം  വന്നത്. തന്റെ നിന്ദിതമായ സാമൂഹ്യക്രമത്തില്‍ നിന്നും തന്നെയും തന്റെ ആളുകളെയും വിമോചിപ്പിക്കാന്‍ കഴിയും എന്നയാള്‍ പ്രതീക്ഷിച്ച സഖാക്കളെന്നു കരുതിയവര്‍ തന്നോട് ജാതിവിവേചനം കാണിച്ചപ്പോഴാണ് അയാള്‍ എസ് എഫ് ഐ വിട്ടത്.

രോഹിതിന് നേരിട്ട അനുഭവം എല്ലാവര്‍ക്കുമറിയാം. ഹൈദരാബാദ് സര്‍വകലാശാലയിലെ എസ് എഫ് ഐ നേതാവ് ധീരജ് പലേരി പോലും ചില സഖാക്കള്‍ മോശമായി പെരുമാറിയതുകൊണ്ടാണ് രോഹിത് എസ് എഫ് ഐ വിട്ടതെന്ന് സമ്മതിക്കുന്നുണ്ട്.

കമ്മ്യൂണിസ്റ്റുകാരുമായുള്ള അസന്തുഷ്ടമായ സഹവാസത്തിനുശേഷം ഇടതുപക്ഷത്തിന്റെ സ്വത്വവാദ മുന്നേറ്റങ്ങളോടുള്ള,പ്രത്യേകിച്ചും ജാതി വിരുദ്ധ പോരാട്ടങ്ങളോട്  അവഗണനക്കെതിരെ പൊതുവേദികളിലും ഫെയ്സ്ബുകിലും രോഹിത് ആഞ്ഞടിച്ചിരുന്നു. ചില സി പി എം പ്രവര്‍ത്തകരുടെ ബ്രാഹ്മണിക പ്രവണതകളെക്കുറിച്ച് മാത്രമല്ല, ഇന്ത്യന്‍ സാമൂഹ്യക്രമത്തിനെ മനസിലാക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ സൈദ്ധാന്തിക പാളിച്ചയെക്കുറിച്ചും അയാള്‍ ബോധവാനായിരുന്നു.

ജീവിതം സ്വയം അവസാനിപ്പിക്കാന്‍  തീരിമാനിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകളുടെ ഒരു ശക്തനായ വിമര്‍ശകനായി മാറിയ അയാള്‍ക്ക് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വൈരുദ്ധ്യത്തെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നു.

സീതാറാം യെച്ചൂരി സര്‍വകലാശാലയില്‍ ഒരിക്കല്‍ പ്രസംഗിച്ചപ്പോള്‍, സ്വകാര്യ മേഖലയിലും കീഴ്ജാതിക്കാര്‍ക്ക് സംവരണം ആവശ്യപ്പെട്ടപ്പോള്‍, 51 കൊല്ലമായി സി പി എമ്മിന്റെ പൊളിറ്റ്ബ്യൂറോവില്‍ ഒരൊറ്റ ദളിത് അംഗം പോലും ഇല്ലാത്തതെന്തേ എന്നാണ് ഫെയ്സ്ബുക് പോസ്റ്റില്‍ രോഹിത് പ്രതികരിച്ചത്.

രോഹിത് എഴുതി,“മാര്‍ക്സ് ‘ഓരോരുത്തരില്‍ നിന്നും അവരുടെ ശേഷിക്കനുസരിച്ച്, ഓരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച്’ എന്നു കടമെടുത്ത് പറഞ്ഞത് എന്താണെന്ന് മനസിലാക്കാന്‍ സഖാക്കള്‍ ഒരു നേരമെങ്കിലും ചെലവഴിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തിലെ ദളിത് നേതാക്കളുടെ ആവശ്യങ്ങളോട് കണ്ണടയ്ക്കുന്നത് ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള മനപൂര്‍വമുള്ള, മര്യാദകെട്ട മണ്ടത്തരമാണ്.”

രോഹിതിന് ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകളുമായി പ്രശ്നങ്ങളുണ്ടായിരുന്നു, കാള്‍ മാര്‍ക്സുമായല്ല.

വിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെ സമരത്തിനും സംവാദത്തിനുമുള്ള ഭൂമികയാണ് സര്‍വ്വകലാശാലകള്‍. ഈ പ്രക്രിയയിലെ പ്രധാന പങ്കാളിയാണ് ASA. ഹിന്ദുത്വ ബ്രാഹ്മണ മേധാവിത്തത്തിനെതിരെയും വലതുപക്ഷ സംഘടനയായ ABVPക്കെതിരെയുമുള്ള അതിന്റെ പോരാട്ടങ്ങള്‍ സകലര്‍ക്കുമറിയാം. ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കാര്യം രോഹിതിനെപ്പോലുള്ള ബുദ്ധിജീവികളുടെ നേതൃത്വത്തില്‍ ജാതി പ്രശ്നങ്ങളോട് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അവഗണന അത് നിരന്തരം തുറന്നു കാട്ടിയിരുന്നു എന്നതാണ്.

ഹിന്ദുത്വ തീവ്രവാദികളെ ആക്രമിക്കാന്‍ സദാ സന്നദ്ധരാകുമ്പോഴും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ നട്ടെല്ലായ വൈദിക ജാതി വ്യവസ്ഥയെ വെല്ലുവിളിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല എന്നതായിരുന്നു.

സവിശേഷാധികാരങ്ങളുള്ള സാമൂഹ്യചുറ്റുപാടില്‍ വളര്‍ന്ന സവര്‍ണര്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യയിലെ ഇടതുപക്ഷ നേതൃത്വം എന്നതാണു രോഹിതിനെപ്പോലുള്ള ദളിത് മാര്‍ക്സിസ്റ്റുകള്‍ കണ്ട പ്രശ്നങ്ങളിലൊന്ന്. ജാതി വിവേചനത്തിന്റെ അനുഭവങ്ങള്‍ എന്താണെന്നതിനെക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമില്ല. ഈ സവര്‍ണ നേതൃത്വം ഇന്ത്യന്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ തീര്‍ച്ചയായും പിറകോട്ടു വലിക്കുന്നു.

വലിയ വിഭാഗം ദളിത് സഖാക്കളുള്ള മാവോവാദികള്‍പ്പോലും ഒരു ദളിതന്നെ പാര്‍ടിയുടെ നേതൃത്വത്തില്‍ എത്താന്‍ അനുവദിച്ചിട്ടില്ല. ദളിതരനുഭവിക്കുന്ന പീഡനങ്ങളെ പൂര്‍ണമായും അവഗണിച്ച് സോഷ്യലിസം എന്ന മിഥ്യയില്‍ ജീവിക്കുന്ന സവര്‍ണ ജാതി മേധാവിത്തമുള്ള ഒരു കേന്ദ്ര സമിതിയാണ് അവരുടെതും.

കമ്മ്യൂണിസ്റ്റുകാരും ബി ജെ പിയും തമ്മിലുള്ള കൃത്രിമമായ വ്യത്യാസം എത്ര നേര്‍ത്തതാണെന്ന് ഇത് വിശദമാക്കുന്നു; ആദ്യത്തെ കൂട്ടര്‍ ഉദാര ബ്രാഹ്മണമേധാവിത്ത വാദികളാണെങ്കില്‍ രണ്ടാമത്തെ കൂട്ടര്‍ യാഥാസ്ഥിതിക ബ്രാഹ്മണ്യവാദികളാണ്. പക്ഷേ ദളിത് പരിപ്രേക്ഷ്യത്തില്‍ ഏറിയും കുറഞ്ഞും രണ്ടുകൂട്ടരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്.

ദളിത് വിമോചന പോരാട്ടങ്ങളെ ‘സ്വത്വ രാഷ്ട്രീയവും’‘വിപ്ലവേതരവും’ ആയി തള്ളിക്കളയുന്നു എന്നതാണ് ഇന്ത്യയിലെ ഇടതു-വലതു പക്ഷങ്ങളുടെ സമാനത.

‘അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി’ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ അംബേദ്കര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ഇടതുപക്ഷം അതിനെ എതിര്‍ത്തതിലൂടെ ചെയ്ത ചരിത്രപരമായ അനീതി ഒരു ദളിത് വിപ്ലവകാരിയും അറിയാതിരിക്കില്ല. 1932-ലെ പൂന ഉടമ്പടിയിലേക്ക് നയിച്ച ദിനങ്ങളില്‍ അംബേദ്കറെ ഇടതു, വലത്, മധ്യ മാര്‍ഗികളെല്ലാം ഒത്തുചേര്‍ന്നെതിര്‍ത്തു. കമ്മ്യൂണിസ്റ്റുകാരും വര്‍ഗീയവാദികളും തമ്മിലുള്ള കൃത്രിമമായ വിഭജനത്തെ ഇത്രയേറെ തുറന്നുകാട്ടിയ ഒരു സന്ദര്‍ഭം ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല. ജാതിയുടെ പേരില്‍ രാജ്യത്തെ വിഭജിച്ചു എന്ന തരത്തില്‍വരെ ഇ എം എസ് നമ്പൂതിരിപ്പാടിനെ പോലെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ആരോപണം ഉന്നയിച്ചു. നമ്പൂതിരിപ്പാടിനെപ്പോലുള്ള ഇടതു ബുദ്ധിജീവികള്‍ക്ക് മനസിലാകാതെ പോയത് അതിനോടകം വിഭജിതമായ ഒരു സമൂഹത്തില്‍ നിന്നും അവരെ സംരക്ഷിക്കാനാണ് അല്ലാതെ സമൂഹത്തെ കൂടുതല്‍ വിഭജിക്കാനല്ല അംബേദ്കര്‍ ശ്രമിച്ചിരുന്നത് എന്നാണ്. ജാതി വ്യവസ്ഥക്കെതിരെ പോരാടിയ രോഹിതിനെ പോലുള്ളവര്‍ ജാതിവാദികളാണെന്ന ബി ജെ പി നേതാവ് ബന്ദാരു ദത്താത്രേയയുടെ വാദം പോലെയാണത്.

വ്യവസ്ഥാപിതമായ തൊഴില്‍ വിഭജനത്തിലൂടെ സംഘടിതമായ ഉത്പാദനത്തെ സാധ്യമാക്കുന്ന ഒരു മികച്ച സാമ്പത്തിക സംവിധാനമാണ് ജാതി എന്ന ഗാന്ധിയന്‍ ധാരണയോടാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ ചേര്‍ന്നുനില്‍ക്കുന്നത് എന്നതാണ് വാസ്തവം.

ജാതി വിഭജനം വെറും തൊഴില്‍ വിഭജനം മാത്രമല്ലെന്നും അസമവും ജാതീയവുമായ ഉത്പാദന ബന്ധങ്ങളെ സൃഷ്ടിക്കുന്ന തരത്തില്‍ തൊഴിലാളികളെ വിഭജിക്കുന്ന ഒന്നാണെന്നും അംബേദ്കര്‍ പറയുന്നു.

പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകന്‍ ലൂയി അല്‍ത്തൂസര്‍ ഭൌതികമായ അസ്തിത്വത്തില്‍ അടിസ്ഥാനമായ പ്രത്യയശാസ്ത്രത്തിന്റെ ‘സംവിധാനം’(apparatus)എന്നുവിളിക്കുന്ന ഒന്നിന്റെ ഭാഗമാണ് ജാതി. ഇന്ത്യന്‍ സമൂഹത്തിലെ എല്ലാത്തരം ചൂഷണത്തിലും ജാതിബന്ധമുണ്ട്. ബൂര്‍ഷ്വാസിക്കും തൊഴിലാളി വര്‍ഗത്തിനുമിടയില്‍ ഇതില്‍ രണ്ടിലും പെടാത്ത ഒരു കീഴാള വിഭാഗമുണ്ടെന്ന് ഇന്ത്യന്‍ ഇടതുപക്ഷം കാണാതെ പോയി. തൊഴിലാളി വര്‍ഗമെന്ന ആശയത്തെ മനസിലാക്കണമെങ്കില്‍ ഇന്ത്യന്‍ സമൂഹത്തിലെ ജാതി വിവേചനത്തെ ഇന്ത്യന്‍ ഇടതുപക്ഷം മനസിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഒരു വ്യവസായവത്കൃത സമൂഹത്തില്‍ നടന്നതിനാല്‍ റഷ്യന്‍ വിപ്ലവം മുഖ്യമായും ഒരു തൊഴിലാളി വര്‍ഗ വിപ്ലവമായിരുന്നു. ഒരു കാര്‍ഷിക സമൂഹമായിരുന്നതിനാല്‍ ചൈനീസ് വിപ്ലവം ഒരു കാര്‍ഷിക കലാപമായിരുന്നു. അതുകൊണ്ടു ശ്രേണീബദ്ധമായി വിഭജിക്കപ്പെട്ട ബ്രാഹ്മണമേധാവിത്തമുള്ള ഇന്ത്യന്‍ സമൂഹത്തില്‍ ഒരു ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റ് വിശകലനപ്രകാരം വിപ്ലവം നടക്കണമെങ്കില്‍ ജാതിയെ ഇല്ലാതാക്കിയാല്‍ മാത്രമേ കഴിയൂ എന്നാണ് എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം.

അനീതിക്കെതിരായ വിവിധ മുന്നേറ്റങ്ങളില്‍ ഭരണകൂട അടിച്ചമര്‍ത്തലില്‍ കൊല്ലപ്പെടുന്നവരെ രക്തസാക്ഷികള്‍ എന്നാണ് വിളിക്കാറുള്ളത്. പക്ഷേ ഈ രക്തസാക്ഷി, എന്റെ സുഹൃത്ത് രോഹിത് വെമുല വ്യത്യസ്തനാണ്. അയാളുടെ ജീവത്യാഗം രാജ്യത്തെ ദളിത്-ബഹുജന്‍ പോരാട്ടങ്ങളെ ഉത്തേജിപ്പിക്കുന്നു എന്നു മാത്രമല്ല, തങ്ങള്‍ക്ക് ചുറ്റുമുള്ള ജാതി എന്ന വലിയ യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ ഉപരിവര്‍ഗ ബുദ്ധിജീവികളേ നിര്‍ബന്ധിതരാക്കുകകൂടി ചെയ്യുന്നു.

ജാതി വിവേചനം മൂലം മിടുക്കനായൊരു ഗവേഷണ വിദ്യാര്‍ത്ഥിക്കു  ജീവനോടുക്കേണ്ടിവന്നു എന്നത് സവര്‍ണ നേതൃത്വത്തിന് കീഴിലുള്ള ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പരാജയത്തെയാണ് കാണിക്കുന്നത്. ഇതിന്റെ ഫലമായി മാര്‍ക്സിന്റെയും അംബേദ്കറിന്റെയും സിദ്ധാന്തങ്ങള്‍ യോജിപ്പിക്കുന്ന ഒരു പുതിയ രാഷ്ട്രീയ ചിന്ത രൂപപ്പെടുകയാണ്. ജാതിയെ തുടച്ചുനീക്കുന്ന പ്രക്രിയയെ വേഗത്തിലാക്കുന്ന ഒരു സംയോജനമാണ് അത്.

(IGNOU-വില്‍ ചരിത്രത്തില്‍ MA വിദ്യാര്‍ത്ഥിയാണ് ലേഖകന്‍.)

കടപ്പാട്: http://www.hindustantimes.com/india/lal-salaam-to-jai-bhim-why-rohith-vemula-left-indian-marxists/story-Ut2xjokyFWae30oQiJZOxJ.html

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍