UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയ ഗെയിംസും കുറേ സെലിബ്രിറ്റികളും; മലയാളിക്കെന്താ ബോധമില്ലേ?

ഉണര്‍ന്നാല്‍ അഴിമതി. ഉറങ്ങിയാല്‍ അഴിമതി. നടന്നാല്‍ അഴിമതി. നടന്നില്ലെങ്കില്‍ അഴിമതി. ചുണ്ടനക്കിയാല്‍ അഴിമതി. ചുണ്ടനക്കിയില്ലെങ്കില്‍ അഴിമതി. ബാര്‍ തുറക്കാന്‍ അഴിമതി. തുറക്കാതിരിക്കാന്‍ അഴിമതി. ചിരിച്ചാല്‍ അഴിമതി. കരഞ്ഞാല്‍ അഴിമതി. കഴിഞ്ഞ 45 മാസത്തെ ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ ബാക്കിപത്രമാണിത്. ഇനിയും 15 മാസം കൂടിയുണ്ട്. ഫൈനല്‍ ‘ലാപ്പ്’ ആണ്. അതിവേഗം ബഹുദൂരം താണ്ടാനുണ്ട്.

അഴിമതിയുടെ വൈന്‍-ബിയര്‍ ബാറാണ് 35-ാം ദേശീയ ഗെയിംസ്. അതിലെ വെറുമൊരു ‘ടച്ചിംഗ്‌സ്’ ആണ് ലാലിസം. അതുകൊണ്ടുതന്നെ, ലാലിസത്തിലെ അഴിമതിയെക്കുറിച്ച് ഒന്നും പറയണ്ട. നാണക്കേടാണ്. വെറും ‘ടച്ചിംഗ്‌സ്’.

ലാലിസം, പക്ഷെ, ഒരു ക്രിമിനല്‍ കുറ്റമാകുന്നത് ദേശീയ കായികമേളയുടെ ഉദ്ഘാടനചടങ്ങില്‍ മോഹന്‍ലാല്‍ പാടി എന്നതാണ്. ലോവര്‍ പ്രൈമറി സ്‌കൂള്‍ തലത്തിലെ കലോത്സവമത്സരത്തില്‍ പോലും മോഹന്‍ലാലിനേക്കാള്‍ ഭംഗിയായി പാടാന്‍ കഴിവുള്ള കുട്ടികള്‍ കാണും. 

എന്നിട്ടും, മോഹന്‍ലാല്‍ എന്തിനാണ് ഇത്തരമൊരു സാംസ്‌കാരിക കുറ്റകൃത്യത്തിന് മുതിര്‍ന്നത്? എന്തിനാണ് സാംസ്‌കാരിക കേരളം ഒരു പാട്ടുതേടി മോഹന്‍ലാലിന്റെ അടുത്തുപോയത്? ഹരിഹരനോടൊപ്പം പാടിക്കളയാം എന്ന് ഏത് ധാര്‍ഷ്ഠ്യത്തിന്റെ പുറത്താണ് മോഹന്‍ലാല്‍ തീരുമാനിച്ചത്? ഹരിഹരന്‍ എന്തിനാണ് മോഹന്‍ലാലിനൊപ്പം പാടാന്‍ തയ്യാറായത്? 

ഉത്തരം ഒന്നേയുള്ളു. പണം കൊടുത്താല്‍ ഏതു പേക്കൂത്തിനും തയ്യാറാണ് നമ്മുടെ തദ്ദേശീയ-ദേശീയ സെലിബ്രിറ്റികള്‍. 

എ.ആര്‍.റഹ്മാന്‍ എന്ന ഓസ്‌കാര്‍ സെലിബ്രിറ്റിക്ക് താങ്ങാനവാത്ത വിലയാണ്. റഹ്മാന്‍ പഴയ ദിലീപാണെന്നും തങ്ങളുടെ സംഗീതസംവിധാനത്തിനു കീഴെ കീബോര്‍ഡ് വായിച്ചിട്ടുണ്ട് എന്നൊക്കെ പലര്‍ക്കും പറയാം. പക്ഷേ, അതൊക്കെ പറഞ്ഞോണ്ട് അങ്ങോട്ട് ചെല്ലണ്ട. പൈസ… പൈസ, അത് നേരിട്ട് എത്തിച്ചാല്‍ മതി. ടിയാന്റെ ഒരു കച്ചേരിയുടെ വിലയ്ക്ക് രണ്ട് മംഗള്‍യാന്‍ തൊടുത്തുവിടാം. അതുകൊണ്ടാണ് റഹ്മാന്‍ എന്ന മൊസാര്‍ട്ടിനെ വേണ്ടെന്ന് വച്ചത്. പകരം കണ്ടെത്തിയതാണ് മോഹന്‍ലാല്‍. തുക അല്‍പ്പം കുറവാണ്. 

ഇത്തരമൊരു സന്ദര്‍ഭം ത്രികാലജ്ഞാനിയായ ഒ.ചന്തുമേനോന്‍ പണ്ടേ കണ്ടിരിക്കുന്നു. ”ഇന്ദുലേഖയില്ലെങ്കില്‍ തോഴിയായാലും മതി.” നമ്പൂതിരി വിളിയ്‌ക്കേണ്ട താമസം, തോഴി ചെന്നു. പിന്നീടതു നമ്മള്‍ നേരിട്ടു കണ്ടു. കേട്ടു. ലാലിസം. 

ഇത്തരമൊരു പേക്കൂത്ത്, യാതൊരു ഉളുപ്പുമില്ലാതെ നടത്തിയ മോഹന്‍ലാല്‍ എന്ന മഹാനായ കലാകാരനെ കേരളീയര്‍ ഒന്നും പറഞ്ഞ് വേദനിപ്പിക്കരുതെന്നാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും മമ്മൂട്ടിയും ‘അമ്മ’യും ഫെഫ്കയും വിഷ്ണുനാഥും ഷാഫി പറമ്പിലും കോടിയേരിയും ഉപദേശിയ്ക്കുന്നത്. കാരണം മോഹന്‍ലാല്‍ കേരളത്തിന്റെ അഭിമാനമാണ്. മലയാളിയുടെ അഹങ്കാരമാണ്. 

സിനിമയിലോ ക്രിക്കറ്റിലോ സെലിബ്രിറ്റിയായാലുള്ള ഗുണമിതാണ്. നിങ്ങള്‍ക്ക് ചെറിയ ഒരു പ്രശ്‌നം വന്നാല്‍ മതി, രാഷ്ട്രീയക്കാര്‍ – കക്ഷിഭേദമില്ലാതെ നിങ്ങളുടെ സഹായത്തിനെത്തും. പണ്ട് തെണ്ടുല്‍ക്കര്‍ക്ക് സമ്മാനം കിട്ടിയ ഫെരാരി കാറിന് കസ്റ്റംസ് തീരുവ കൊടുക്കാതിരിക്കാന്‍ വേണ്ടി ഭരണ-പ്രതിപക്ഷ-സാംസ്‌കാരിക- സാമൂഹിക നായകന്‍മാരൊക്കെ ഒരുമിച്ച് നിന്ന് ഓര്‍മ്മയില്ലേ? 

പ്രധാനമന്ത്രിയെ വിമര്‍ശിയ്ക്കാം. സുപ്രീംകോടതി ജഡ്ജിയെ വിമര്‍ശിക്കാം. ലോക്‌സഭാ സ്പീക്കറെ വിമര്‍ശിക്കാം. പക്ഷെ, സെലിബ്രിറ്റികളെ വിമര്‍ശിച്ചുകൂടാ. സെലിബ്രിറ്റികള്‍ക്ക് തങ്ങളുടെ പ്രതിഫലം ബ്ലാക്കായിട്ടും വൈറ്റായിട്ടും പകുത്തുവാങ്ങാം. ബ്ലാക്ക് മണി വിദേശബാങ്കുകളില്‍ നിക്ഷേപിക്കാം. അതുപിന്നെ വൈറ്റാക്കി തിരിച്ചുനാട്ടിലേക്ക് എത്തിക്കാം. ഏതു സ്റ്റാര്‍ ഹോട്ടലിലും അന്തസ്സായി വ്യഭിചരിക്കാം. കഞ്ചാവടിയ്ക്കാം. കൊക്കൈയ്ന്‍ ഉപയോഗിക്കാം. നിയമവിരുദ്ധമായി ആനക്കൊമ്പു സൂക്ഷിക്കാം. ഇഷ്ടമില്ലാത്ത സഹപ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യാം. എല്ലാം അനുവദനീയം. കാരണം, അവര്‍ നമ്മുടെ അഭിമാനമാണ്. അഹങ്കാരമാണ്. 

മോഹന്‍ലാല്‍ മലയാളിയുടെ അഭിമാനവും അഹങ്കാരവുമൊക്കെ ആയിമാറിയത് അഭിനയത്തിലൂടെയാണ്. സംഗീതത്തിലൂടെയല്ല. വിമര്‍ശിക്കുന്നത് മോഹന്‍ലാല്‍ എന്ന അഭിനേതാവിനെയല്ല. മറിച്ച്, മലയാളിയുടെ സംഗീതബോധത്തിലേക്ക് മോഹന്‍ലാല്‍ വലിച്ചെറിഞ്ഞ ഗായകന്‍ എന്ന അവതാരത്തെയാണ്. 

‘വാനപ്രസ്ഥം’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ ഗംഭീരമാക്കിയ സൂക്ഷ്മാഭിനയത്തിന്റെ സ്ഥാനത്ത് അനുഗ്രഹീത ഗായകനായ യേശുദാസിന്റെ അഭിനയം പരീക്ഷിച്ചു നോക്കൂ. ജനം കൂവുകയില്ലേ? യേശുദാസിന് അറിയാവുന്ന പണി ചെയ്താല്‍ പേരെ എന്നു ചോദിക്കില്ലേ? ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ യേശുദാസിനെ ‘ബുക്കു’ ചെയ്തയാളെ പഴിപറയില്ലേ? അത്രയൊക്കെ ഇവിടെയും നടന്നുള്ളു. 

തെണ്ടുല്‍ക്കറെ നോക്കു. ക്രിക്കറ്റില്‍ നിന്ന് നേടിയ സമ്പാദ്യത്തിന്റെ ഒരു ഭാഗം തനിക്കറിഞ്ഞുകൂടാത്ത ഫുട്‌ബോളില്‍ മുടക്കി. പക്ഷേ, കേരള ടാസ്‌കേഴ്‌സിന്റെ ഉടമ എന്നതിനപ്പുറം തെണ്ടുല്‍ക്കര്‍ കളത്തിലിറങ്ങിയില്ല. കളിയ്ക്കാനറിയാവുന്ന കളിക്കാരെ പണംകൊടുത്തു വാങ്ങുകയായിരുന്നു. പക്ഷേ, മോഹന്‍ലാല്‍ ചെയ്തതോ? ലാലിസം എന്ന പേരിനു തൊഴെ the lal effect എന്നു കൂടി എഴുതിവച്ചിട്ടുണ്ട്. raman efect- നു ശേഷമുണ്ടാകുന്ന ഈ effect ഒരു ഒന്നൊന്നര effect ആയിരുന്നു! 

സംഗീതത്തിന്റെ കുറവ് ഈ കൊച്ചുകേരളത്തില്‍ എവിടെയാണുള്ളത്? f.m-ല്‍ സംഗീതമേയുള്ളു. ചാനലുകളിലെ റിയാലിറ്റിഷോകള്‍ കാണുമ്പോഴാണ് സംഗീതം അറിയാത്തവരായി കേരളത്തില്‍ ഒരു ശതമാനം ആള്‍ക്കാര്‍ പോലും ഇല്ലെന്ന് മനസ്സിലാകുന്നത്. വാര്‍ത്ത വായനയില്‍ പോലും ‘സംഗതി അത്ര പോര’ എന്നു പറഞ്ഞുതുടങ്ങിയിരിക്കുന്നു മലയാളികള്‍. 

പെണ്ണിന്റെ ശബ്ദത്തില്‍ പാടുന്ന ആണും ആണിന്റെ ശബ്ദത്തില്‍ പാടുന്ന പെണ്ണും രണ്ടിനും ഇടയിലുള്ള സഞ്ചാരപഥങ്ങളില്‍ ഉഴലുന്നവരും അടക്കം പറയുന്നതുപോലെ വിപ്ലവഗാനം പാടുന്നവരും ചക്രശ്വാസത്തില്‍ പ്രേമഗാനം പാടുന്നവരുമൊക്കെ ചേര്‍ന്ന് കേരളം ഒരു സംഗീതസാഗരമാണ്. ഇതിനൊക്കെ പുറമെയാണ് എം.കെ. മുനീര്‍, പി.ജെ. ജോസഫ്, ശിവകുമാര്‍, സുരേഷ്‌ഗോപി, ബാലചന്ദ്രമേനോന്‍ തുടങ്ങിയ പ്രതിഭകളുടെ സംഗീതവിസ്മയം. ഇവരോടൊപ്പം ഒരു പേരുകൂടി മലയാളി കൊത്തിവയ്ക്കുന്നു – മോഹന്‍ലാല്‍. 

ചാനലുകളിലെ രാത്രി ചര്‍ച്ചകളില്‍ തന്റെ പേര് വലിച്ചിഴയക്കരുതെന്നാണ് മോഹന്‍ലാല്‍ രേഖാമൂലം കേരളസമൂഹത്തോട് അപേക്ഷിച്ചത്. 

കേരളത്തിലെ ടെലിവിഷന്‍ ചാനലുകളിലെ prime slot ആണ് രാത്രികാല ചര്‍ച്ചകള്‍. നാടിനെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളാണ് രാത്രികാല ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അല്ലാതെ ‘വൈകിട്ടെന്താ പരിപാടി’യുടെ തുടര്‍ച്ചയല്ല. ലാലിസം കേരള ജനതയുടെ സംഗീതബോധത്തിന്റെ മുഖത്തേറ്റ തുപ്പല്‍കറയാണ്. അത് കഴുകിക്കളയാനുള്ള അവകാശം ഓരോ മലയാളിയ്ക്കുമുണ്ട്. വാങ്ങിയ പണം ചെക്കായി തിരിച്ചുനല്‍കിയാല്‍ തീരുന്നതല്ല ആ പ്രശ്‌നം. 

ഇനി ടെലിവിഷന്‍ ചര്‍ച്ചകളില്‍ താങ്കളുടെ പേര് വരുന്നതാണ് പ്രശ്‌നമെങ്കില്‍, താങ്കളെ വാനോളം പുകഴ്ത്തുന്ന പരിപാടികള്‍ക്കും പുതിയ സിനിമകളുടെ പ്രമോഷന്‍ പരിപാടികള്‍ക്കും രാത്രിയും പകലും എന്ന വ്യത്യാസമില്ലാതെ താങ്കളെന്തിനാണ് ടെലിവിഷന്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്? 

എത്ര പെട്ടെന്നാണ് സഹായത്തിനും ഐക്യദാര്‍ഢ്യത്തിനുമായി സുഹൃത്തുക്കളും ഏറാന്‍മൂളി സംഘടനകളും എത്തുന്നത്! ”മോഹന്‍ലാല്‍ എന്ന കലാകാരനെ വേട്ടയാടരുത്; അദ്ദേഹത്തിന്റെ കലാസപര്യ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തെ അനുവദിക്കണം.” എന്നാണ് മോഹന്‍ലാലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു വലിയ നടനായ മമ്മൂട്ടി പറഞ്ഞത്. പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മമ്മൂട്ടി നിന്നില്ല. തനിക്ക് പറയാനുള്ളത് പറഞ്ഞു. അത് ജനം കേട്ടുകൊള്ളണം എന്നതാണ് രീതി. അതാണ് സെലിബ്രിറ്റികളുടെ രീതി. അവരുടെ വായില്‍നിന്ന് മൊഴിയുന്നത് പെറുക്കിയെടുക്കാന്‍ സര്‍വ്വമാനജനവും കാത്തിരിയ്ക്കുന്നു എന്നാണവര്‍ കരുതുന്നത്. മമ്മൂട്ടിയ്ക്ക് പുറകെ, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഏറാന്‍മൂളി സംഘടനയായ ‘അമ്മ’യും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 

മൂന്നോ നാലോ വര്‍ഷം മുമ്പല്ലേ, തിലകന്‍ എന്ന നടനെ ഇതേ ‘അമ്മ’ വിലക്കിയത്. തിലകനെ വച്ച് സിനിമയെടുത്താല്‍ അവരെയും വിലക്കുമെന്ന് ഇതേ സിനിമാതാരങ്ങളുടെ മറ്റൊരു ഏറാന്‍മൂളി സംഘടനയായ ഫെഫ്ക പറഞ്ഞത്? എന്താ, തിലകന്‍ കലാകാരനായിരുന്നില്ലേ? തിലകന്റെ കലാസപര്യയെ ശ്വാസംമുട്ടിച്ചുകൊന്നപ്പോള്‍ മിസ്റ്റര്‍ മമ്മൂട്ടി, നിങ്ങള്‍ എവിടെയായിരുന്നു? 

കലയ്ക്ക് വിലയിടാനാകില്ല എന്നാണ് ഫെഫ്കയുടെ ബി.ഉണ്ണികൃഷ്ണന്‍ പറയുന്നത്. അതായത് മോഹന്‍ലാല്‍ പാടിയ ഗാനങ്ങള്‍ക്ക് വിലയിടാനാകില്ല എന്ന്. ഇവിടെ മൂന്നുകാര്യങ്ങള്‍ പറയാതിരിക്കാന്‍ കഴിയില്ല. ഒന്ന്, യേശുദാസ് പാടിയ സിനിമാഗാനങ്ങള്‍ മോഹന്‍ലാല്‍ ദേശീയ ഗെയിംസില്‍ അവതരിപ്പിച്ചത് കലയല്ല, കലയുടെ നേര്‍ക്കുള്ള കൊഞ്ഞനംകുത്തലാണ്. അതിന് ഒരു രൂപയുടെ വിലപോലുമില്ല. രണ്ട്, ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം എന്നു പറയുന്നത് ഫിലിം അവാര്‍ഡ് നൈറ്റല്ല. മൂന്ന്, ഇതൊക്കെ കലയാണെന്ന് വാദിക്കുന്ന ഉണ്ണികൃഷ്ണന് കലയെക്കുറിച്ചുള്ള ധാരണ വളരെ വികലമാണ്. കലയ്ക്ക് വില നിര്‍ണ്ണയിക്കാനാകില്ല. പക്ഷെ, കലാകാരന് വില നിര്‍ണ്ണയിക്കാം. അതുകൊണ്ടാണ് ഉണ്ണികൃഷ്ണനും മോഹന്‍ലാലും മമ്മൂട്ടിയും കണക്കുപറഞ്ഞ് പണം വാങ്ങുന്നത്. വില നിര്‍ണ്ണയിക്കപ്പെട്ട കലാകാരന്‍ അവതരിപ്പിക്കുന്ന എല്ലാം കലാമൂല്യമുള്ളതാകണമെന്നില്ല. ഉണ്ണികൃഷ്ണന്റെയും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും എല്ലാ സിനിമകളും കലാമൂല്യമുള്ളതല്ലല്ലോ. അപ്പോള്‍, വില നിര്‍ണ്ണയിക്കപ്പെട്ട കലാകാരന് തനിയ്ക്കറിയാന്‍ പാടില്ലാത്ത കാര്യം കലയാണെന്നമട്ടില്‍ അവതരിപ്പിച്ചാല്‍, കലാസ്വാദകര്‍ കൂവുകയല്ലാതെ മറ്റെന്ത് ചെയ്യണം? എല്ലാ മലയാളികളും മോഹന്‍ലാലിന്റെ ഫാന്‍സ് അല്ല. എല്ലാ മലയാളികള്‍ക്കും അടുത്ത സിനിമയ്ക്ക് മോഹന്‍ലാലിന്റെ ഡേറ്റ് വേണ്ട. എല്ലാ മലയാളികള്‍ക്കും മോഹന്‍ലാലിനെ സുഖിപ്പിയ്‌ക്കേണ്ട ബാധ്യതയും ഇല്ല. 

മോഹന്‍ലാലും മമ്മൂട്ടിയും നല്ല നടന്‍മാരാണ്. കഴിഞ്ഞ 30 വര്‍ഷമായി ഇരുവരും മലയാള സിനിമയില്‍ സജീവമായുണ്ട്. സിനിമ എന്ന കലാരൂപത്തിന്റെയും സിനിമ എന്ന കച്ചവടത്തിന്റെയും സജീവസാന്നിദ്ധ്യമാണ്. ഉന്നതകലാകാരന്‍മാര്‍ക്ക് സിനിമയുടെ കലാപരമായ വളര്‍ച്ചയുടെ കാര്യത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയും. എന്നാല്‍, മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് മലയാള സിനിമയെ എങ്ങോട്ടാണ് നയിച്ചത്? 

സംവിധായകന്റെ കലയായി രൂപപ്പെട്ടുവന്ന മലയാള സിനിമയെ ഇവര്‍ രണ്ടാളും ചേര്‍ന്ന് സ്വന്തം ഇമേജിനും സ്വന്തം സാമ്പത്തിക നേട്ടത്തിനും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കുമായി മാറ്റിമറിക്കുകയായിരുന്നില്ലേ? 

ഇരുവരും ചേര്‍ന്നാണ് മലയാള സിനിമയെ താരാധിഷ്ഠിത മാധ്യമമാക്കിമാറ്റിയത്. അതൊരു ദുരന്തത്തിന്റെ തുടക്കമായിരുന്നു. മലയാള സിനിമ പുരുഷാധിപത്യത്തിന്റെയും മാടമ്പികളുടെയും ചട്ടമ്പികളുടെയും ഫ്യൂഡല്‍ബിംബങ്ങളുടെയും കാലഹരണപ്പെട്ട സാമൂഹികമൂല്യങ്ങളുടെയും ദുര്‍മേദസ്സായി മാറി. സിനിമയില്‍ കഥയില്ല. കഥാപാത്രങ്ങളില്ല. കുറേ ‘കട്ടൗട്ട്’ രൂപങ്ങള്‍ മാത്രം. അവര്‍ മുണ്ടുമടക്കിക്കുത്തി, അണ്ടര്‍വെയര്‍ കാണുംവിധം കാലുയര്‍ത്തി പ്രേക്ഷകന്റെ മുഖത്തേക്ക് ചവിട്ടുന്നു; പുലഭ്യം വിളിക്കുന്നു; അട്ടഹസിക്കുന്നു. ഈ പുരുഷ കോമാളികളുടെ പുറകേ നാട്ടിലുള്ള സുന്ദരികളായ സ്ത്രീകളൊക്കെ കാമിച്ചുനടക്കുന്നു. വ്യക്തിത്വമുള്ള ഏത് സ്ത്രീയ്ക്കാണ് ഇത്തരം പേപിടിച്ച പുരുഷകേസരികളെ സ്‌നേഹിക്കാന്‍ കഴിയുക? 

മലയാളത്തിലെ മഹാനടന്‍മാരെ, ഇത്തരം സിനിമകളിലൂടെ നിങ്ങള്‍ വിസര്‍ജ്ജിച്ച ദുര്‍ഗ്ഗന്ധം പരത്തുന്ന കഥാപാത്രങ്ങളില്‍ നിന്നാണ് ഒരു സന്തോഷ് പണ്ഡിറ്റ് ഉണ്ടായതെന്ന് നിങ്ങള്‍ അറിയുന്നുണ്ടോ?

സിനിമ കച്ചവടവുമാണ്. കച്ചവടത്തില്‍ മുതല്‍ ഇറക്കുന്നവനും അവന്‍ വേതനം കൊടുക്കുന്നവനും അവനുണ്ടാക്കുന്ന ഉല്‍പ്പന്നവും അതിന്മേല്‍ അവനുള്ള ലാഭവും ഉണ്ട്. അങ്ങനെയേ ഏത് കച്ചവടവും നിലനില്‍ക്കൂ. കഴിഞ്ഞ 30 വര്‍ഷം കൊണ്ട് സാമ്പത്തികനേട്ടത്തിന്റെ കാര്യത്തില്‍ മാത്രം നിങ്ങള്‍ മഹാനടന്മാര്‍, എത്ര ഇരട്ടി വളര്‍ന്നു? എന്നാല്‍, 30 വര്‍ഷമായി രംഗത്തുനില്‍ക്കുന്ന ഒറ്റ സിനിമാനിര്‍മ്മാതാവെങ്കിലും ഉണ്ടോ മലയാള സിനിമയില്‍? പണം മുടക്കുന്ന നിര്‍മ്മാതാവിന് ലാഭം ഉണ്ടായാല്‍ അയാള്‍ ആ രംഗത്തുതന്നെ തുടരില്ലേ? അതല്ലേ ഒരടിസ്ഥാന സാമ്പത്തികശാസ്ത്രതത്വം? പക്ഷെ, എവിടെപ്പോയി ഈ നിര്‍മ്മാതാക്കള്‍? നിര്‍മ്മാണ കമ്പനികള്‍? 

യാഥാര്‍ത്ഥ്യം ഇതാണ്. അവര്‍ കച്ചവടം നിര്‍ത്തി. നഷ്ടം. ചിലര്‍ ലാഭകരമായ മറ്റു കച്ചവടങ്ങള്‍ നടത്തുന്നു. മറ്റുചിലര്‍ അറിയപ്പെടാത്തവരായി എവിടെയോ ജീവിക്കുന്നു. 30 കൊല്ലം കൊണ്ട് മലയാളസിനിമയില്‍ വളര്‍ന്നത് നിങ്ങള്‍ മാത്രമാണ്. തങ്ങള്‍ കാരണം കുത്തുപാളയെടുത്ത മുതലാളിയുടെ മുന്നിലൂടെ ആഡംബരക്കാറില്‍ പായുന്ന തൊഴിലാളി നേതാക്കളെപ്പോലെയാണ് നിങ്ങള്‍. മലയാളസിനിമയിലെ ഈ മഹാനടന്മാരെ ചരിത്രം, നാളെ അങ്ങനെ രേഖപ്പെടുത്തിക്കൂടെന്നില്ല. 

നിങ്ങളോടൊപ്പം നടിച്ച നായികമാര്‍ എല്ലാംതന്നെ വിസ്മൃതിയിലാണ്. എവിടെപ്പോയി അവരെല്ലാം? വൃദ്ധന്‍മാരായ നിങ്ങള്‍ക്ക് 40 ല്‍ എത്തിയ നായികമാര്‍ അമ്മൂമ്മമാരാണ്. നിങ്ങളോടൊപ്പം പ്രേമിച്ച് നടക്കുവാന്‍ അവര്‍ക്ക് കഴിയില്ല എന്നു നിങ്ങള്‍ തന്നെ തീരുമാനിച്ചു. പുരികത്തിലും മീശയിലും വരെ വിഗ്ഗ് വച്ച്, ആള്‍മാറാട്ടം നടത്തി, നിങ്ങള്‍ കങ്കാളങ്ങള്‍ (സുകുമാര്‍ അഴിക്കോടിനോട് കടപ്പാട്) തകര്‍ത്താടുന്നു. 17 തികയാത്ത പെണ്‍കുട്ടികള്‍, നിങ്ങളുടെ നായികമാര്‍, നിങ്ങളെ പ്രേമിക്കുകയും കാമിക്കുകയും ചെയ്യുന്നു. നിങ്ങള്‍ പത്തോ ഇരുപതോ മല്ലന്‍മാരെ അടിച്ചുംതൊഴിച്ചും ഊതിയും പറപ്പിക്കുന്നു. 

സിനിമ എന്താണെന്ന് മനസ്സിലാക്കി വരുന്ന ഒരു സമൂഹത്തിന്റെ മുമ്പില്‍ ഇത്തരം ശുംഭത്തരങ്ങള്‍ (ജയരാജന്റെ വെളിച്ചം പരത്തുന്നവര്‍ എന്നല്ല അര്‍ത്ഥമാക്കുന്നത്) കാട്ടാന്‍, അതിനു വേണ്ടി കോടിക്കണക്കിന് പ്രതിഫലം വാങ്ങാന്‍, നിങ്ങള്‍ക്ക് ഒരു ഉളുപ്പും ഇല്ല. അതുകൊണ്ടാണ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങില്‍ യേശുദാസ് പാടിയ ഗാനങ്ങള്‍ പോലും പാടാനുള്ള ധാര്‍ഷ്ട്യം മോഹന്‍ലാലിന് ഉണ്ടായത്. അല്ലാതെ, കലാകാരനായതുകൊണ്ടല്ല. അതുകൊണ്ടു തന്നെയാണ് ഐക്യദാര്‍ഢ്യപ്രഖ്യാപനവുമായി മമ്മൂട്ടി രംഗത്തുവന്നതും.

ഉണ്ണികൃഷ്ണന്‍ രംഗത്തുവന്നത് ഇതുകൊണ്ടൊന്നുമല്ല. അത് വയറ്റിപ്പിഴപ്പിന്റെ ലളിതമായ ആത്മീയമന്ത്രമാണ്. 

ഗെയിംസിന്റെ തലേദിവസം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് ഉദ്ഘാടനം അനശ്വരമാക്കാന്‍ പോകുന്ന രണ്ട് ഇതിഹാസങ്ങളെകുറിച്ച് പറഞ്ഞു. ഒന്ന്, മോഹന്‍ലാല്‍. മറ്റൊന്ന് തെണ്ടുല്‍ക്കര്‍. 

ഉദ്ഘാടന ചടങ്ങിന് മോഹന്‍ലാലിന്റെ ലാലിസം എത്ര അനവസരത്തിലായിരുന്നോ അത്ര തന്നെ അനവസരത്തിലായിരുന്നു തെണ്ടുല്‍ക്കറുടെ ‘ഗുഡ്‌വില്‍ അംബാസിഡ’റും.

തെണ്ടുല്‍ക്കര്‍ മികച്ച ക്രിക്കറ്ററാണ്. പക്ഷെ, പത്തുരാജ്യങ്ങള്‍ മാത്രം കളിക്കുന്ന ഒന്നാണ് ക്രിക്കറ്റ്. അതില്‍ മികച്ച കളിക്കാരനാണെന്ന് അര്‍ത്ഥം. അല്ലാതെ, ലോകോത്തരം എന്നല്ല. ദേശീയ ഗെയിംസിലോ, ഏഷ്യാഡിലോ, ഒളിമ്പിക്‌സിലോ തെണ്ടുല്‍ക്കര്‍ കളിക്കുന്ന ക്രിക്കറ്റിന് സ്ഥാനമില്ല. ഇതിലേതെങ്കിലും ഒരു വേദിയില്‍ ഒരു കളിക്കാരനായിട്ട് തെണ്ടുല്‍ക്കര്‍ നാളിതുവരെ ഇറങ്ങിയിട്ടും ഇല്ല.

എന്നാല്‍ ഇരുന്നൂറിലേറെ രാജ്യങ്ങള്‍ പങ്കെടുത്ത മത്സര ഇനത്തിലാണ് പി.ടി.ഉഷ നാലാമത് എത്തിയത്. ദേശീയഗെയിംസിലും ഏഷ്യാഡിലും ഉഷ സുവര്‍ണ്ണ ബാലികയായിരുന്നു. 27 വര്‍ഷങ്ങള്‍ക്കുശേഷം ദേശീയ ഗെയിംസ് കേരളത്തില്‍ വരുമ്പോള്‍ ഗുഡ്‌വില്‍ അംബാസിഡര്‍ ആകേണ്ടിയിരുന്നത് പി.ടി.ഉഷയല്ലേ? തെണ്ടുല്‍ക്കര്‍ ആണോ? പക്ഷെ, നമ്മള്‍ അങ്ങനെയാണ്. തെണ്ടുല്‍ക്കര്‍ സെലിബ്രിറ്റി. ഉഷ, ഇപ്പോഴും, പയ്യോളിയിലെ നാട്ടിന്‍പുറത്തുകാരി. തെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്‌നം. ഉഷയ്ക്ക് മത്സരത്തിന് പാസുപോലും കിട്ടിയെന്നിരിക്കില്ല. 

ഉദ്ഘാടനചടങ്ങിനെക്കുറിച്ച് മോഹന്‍ലാല്‍ വിമര്‍ശനം ഒന്നും ഉന്നയിച്ചില്ല, വിമര്‍ശനം ഏറ്റുവാങ്ങുകയായിരുന്നു. എന്നാല്‍, തെണ്ടുല്‍ക്കര്‍ അങ്ങനെയല്ല. അദ്ദേഹം ചടങ്ങിനെ വിമര്‍ശിച്ചുകൊണ്ട് കത്തെഴുതി. ഇനി, ഇത്തരം ഒരു ചടങ്ങിന് ഇല്ല എന്ന് വ്യക്തമാക്കി. കാരണങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടില്ല. പക്ഷേ, കേള്‍ക്കുന്ന കാരണങ്ങള്‍ ഇതൊക്കെയാണ്. ബി.എം.ഡബ്ല്യു കാറില്‍ വന്ന അദ്ദേഹത്തെ തിരിച്ചയച്ചത് ഇന്നോവയിലായിരുന്നു. ഭാരതരത്‌നം കിട്ടിയ അദ്ദേഹത്തിന്റെ സുരക്ഷിതത്വത്തില്‍ വിള്ളലുകള്‍ ഉണ്ടായിരുന്നു. ഉദ്ഘാടനചടങ്ങില്‍ ഭാരതരത്‌നത്തിന് പ്രത്യേകമായി റോള്‍ ഒന്നും ഇല്ലായിരുന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അങ്ങനെയാണ്. തുറന്നടിക്കും. അടിച്ചുപരത്തും. സിക്‌സര്‍. 

പക്ഷേ, ഐ.പി.എല്ലില്‍ ഇത്രയും അപമാനകരമായ ഒത്തുകളിയും പണാപഹരണവും ഉണ്ടായപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഒരക്ഷരം മിണ്ടിയില്ല. പണം ഓരോ വര്‍ഷവും കൂട്ടിക്കൂട്ടി, എണ്ണിത്തിട്ടപ്പെടുത്തി വാങ്ങുകയായിരുന്നു. സഹാറയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കളിച്ചുകൊണ്ടിരുന്ന സമയത്ത്, സഹാറയുടെ പരസ്യബോര്‍ഡുള്ള വശത്തേയ്ക്ക് മാത്രം ടെണ്ടുല്‍ക്കര്‍ ബൗണ്ടറി അടിച്ചതിനെക്കുറിച്ചും അതു കാരണം ഇന്ത്യയുടെ സ്‌കോറിംഗ് റേറ്റ് കുറഞ്ഞതിനെക്കുറിച്ചും വാര്‍ത്തകള്‍ വന്നപ്പോഴും ക്രിക്കറ്റ് ദൈവം പ്രതികരിച്ചില്ല. കൂടെകളിച്ചുകൊണ്ടിരുന്ന ശ്രീശാന്തിനെതിരെ തെളിവെവിടെ എന്ന കോടതി പരാമര്‍ശം വന്നശേഷവും യഥാര്‍ത്ഥകള്ളന്മാരുടെ തോളില്‍ കയ്യിട്ടുകൊണ്ടുനടക്കുന്ന ക്രിക്കറ്റ് ഇതിഹാസം ഉരിയാടിയില്ല. 

സെലിബ്രിറ്റികള്‍ അങ്ങനെയാണ്. അവരുടെ ആവശ്യത്തിനുവേണ്ടി, അവര്‍ക്കു നഷ്ടമുണ്ടാകാത്തിടത്തുമാത്രമേ, അവര്‍ വാതുറക്കുകയുള്ളു. 

ദേശീയ ഗെയിംസില്‍ ഒരിക്കല്‍ പോലും പങ്കെടുത്തിട്ടില്ലാത്ത തെണ്ടുല്‍ക്കറെ ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ ആക്കിയ മലയാളി മറ്റൊരു മഹാത്ഭുതം കൂടി കാട്ടി. ഇന്നുവരെ ഒരു ചിത്രകലാപ്രദര്‍ശനവും കണ്ടിട്ടില്ലാത്ത, നാളിതുവരെ പെയിന്റോ ബ്രഷോ കാന്‍വാസോ അടുത്തുനിന്നു കണ്ടിട്ടുപോലുമില്ലാത്ത പി.ടി.ഉഷയെ രണ്ടാമതു ബിനാലെയുടെ ഗുഡ്‌വില്‍ അംബാസിഡറാക്കി. 

മലയാളിയുടെ സാമാന്യബോധത്തിന് എവിടെയാണ് ഇത്ര സാരമായ തകരാറു സംഭവിച്ചത്?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍