UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആഷിക്കും മാണിയും മോഹന്‍ലാലും പിന്നെ ഇത്തിരി മാവോയും

Avatar

ലാസര്‍ ഷൈന്‍

1- കെ.എം മാണിയുടെ പേരില്‍ 21 കോടി രൂപയുടെ ആരോപണം നിലനില്‍ക്കെയാണ് നാം മോഹന്‍ലാലിന്റെ മെക്കിട്ട് കയറിയത്. എന്റെ നികുതിപ്പണം എന്ന് നാമോരോരുത്തരും നെഞ്ചത്തടിച്ചു. അതേസമയം, ഓ… രാഷ്ട്രീയക്കാരാകുമ്പോ കോഴയൊക്കെ ഉണ്ടാകുമെന്ന് നാം മാണിയെ നിസാരവല്‍ക്കരിച്ചു. മേടിച്ച കാശ് മടക്കി തരൂ എന്ന് നാം ലാലിനെ നിര്‍ബന്ധിച്ചു. ചെലവായത് എടുക്കാന്‍ പോലും നാം പറഞ്ഞില്ല. ആ വേദിയില്‍ വന്നവരാരൊക്കെ എന്നാലോചിക്കൂ. അവരുടെ യാത്ര, താമസം, ഭക്ഷണം, പ്രതിഫലം എന്നീ ഇനങ്ങളില്‍ ചെലവായതു പോലും ലാലിന്റെ കയ്യില്‍ നിന്നു തന്നെ കൊടുപ്പിച്ചത് അഴിമതിക്കെതിരായ കലാപമാണ് പോലും. ലാലിസത്തിലൂടെ ലാല്‍ ശ്രമിച്ചത് മലയാളത്തില്‍ നിന്ന് ഒരു പുതിയ കലാസംഘത്തെ ഉണ്ടാക്കുകയാണ്. ആ ശ്രമത്തെ ആദ്യ വേദിയില്‍ വെച്ചേ തല്ലിക്കെടുത്താന്‍ കൂട്ടുനിന്നവരാകരുതായിരുന്നു നമ്മള്‍. എല്ലാം വളരെ കൃത്യമായി തന്നെ നടക്കുകയാണല്ലോ കേരളത്തില്‍. ആവര്‍ത്തിക്കട്ടെ, മാണി രാജിവെയ്ക്കാത്ത കേരളത്തിലെ ജനത്തിന് ലാലിനോട് പണം തിരിച്ചു ചോദിക്കാന്‍ എന്ത് ധാര്‍മ്മിക ബാധ്യതയാണുള്ളത്?

2- ആരുമില്ലാത്ത ഓഫീസില്‍ വന്ന് രേഖകള്‍ കത്തിച്ച ശേഷം ‘മാവോകീവോ’ എന്നെഴുതി കടന്നു കളയുന്നവരെ വിപ്ലവകാരികള്‍ എന്നല്ല, ജനശത്രു എന്നാണ് വിളിക്കേണ്ടത്. രേഖകള്‍ കത്തിക്കുന്നതിലൂടെ ലാഭം ഇതാണ്. വനം കയ്യേറ്റവുമായി ബന്ധപ്പെട്ട് ഒരാളെ ശിക്ഷിക്കണമെന്നുണ്ടെങ്കില്‍ ഇന്ന രേഖ വേണമെന്ന് കോടതി പറയുമ്പോള്‍, സര്‍ക്കാര്‍ പറയും അയ്യോ ആ രേഖ മാവോയിസ്റ്റുകള്‍ കത്തിച്ചുവെന്ന്. അപ്പോള്‍ മാവോയിസ്റ്റുകളെന്ന പേരില്‍ നടക്കുന്ന ഈ രേഖകത്തിക്കല്‍ മഹാമഹം ആര്‍ക്കു വേണ്ടിയാണ്?

മിസ്റ്റര്‍ ചെന്നിത്തല, പുസ്തകം വായിക്കുന്നവരേയും പ്രതികരിക്കുന്നവരേയും നക്‌സലൈറ്റുകളാക്കിയും അടിയന്തിരാവസ്ഥ സൃഷ്ടിച്ചും കേരളം വാഴാന്‍ പണ്ട് നോക്കിയിട്ട് നടന്നിട്ടില്ല. ഭരണകൂടം ഭീകരത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നിടത്ത് ഭരിക്കുന്നവര്‍ പരാജയപ്പെട്ടിട്ടേയുള്ളു. കാരണം, നിങ്ങള്‍ക്ക് ജനത്തെ മൊത്തത്തില്‍ ഭയമാണ്. സിപിഎമ്മുകാര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണമാകും ഇനി വരാനുള്ളത്. മാവോയിസമൊക്കെ വെറും പിള്ളേര് കളിയാണ്. കാല്‍പ്പനികപൊട്ടന്മാരാണ് അവര്‍. ജനാധിപത്യത്തെ തകര്‍ക്കാനാണ് അവരും ഭരണകൂടവും ശ്രമിക്കുന്നത്. ഇരുകൂട്ടരും ജനത്തിന് ഒരേ പോലെ ആപത്താണ്.

3-നിഷാം എന്ന ക്രിമിനലിന്റെ ചെയ്തികള്‍ നാട് ഇതിനു മുന്‍പും കണ്ടതാണ്. പോലീസുകാരിയെ പൂട്ടിയിട്ടതടക്കം നിരവധി സംഭവങ്ങള്‍. അയാളടക്കം കാശിന്റെ ഹുങ്ക് കാണിക്കുന്നവരെ സംരക്ഷിക്കുകയാണ് പോലീസ്. ട്രാഫിക്ക് കോണ്‍സ്റ്റബിളായ പത്മിനിയ്ക്ക് നീതി ലഭിക്കാതിരുന്നത് കാശിന്റെ അഹങ്കാരത്തിന് പോലീസ് കീഴടങ്ങിയതിന്റെ തെളിവാണ്. കാശുള്ളവനോടുള്ള വിധേയത്വമാണ് കേരളത്തിലെ ഭരണം. ഒരു വയസന്‍ വാച്ച്മാനെ ഗേറ്റ് തുറക്കാത്തതിന്റെ പേരില്‍ ഇടിച്ചു കൊല്ലാന്‍ നിഷാം ശ്രമിക്കുകയും തുടര്‍ന്ന് പോലീസ് പിടിയിലാവുകയും അയാളുടെ ഫ്ലാറ്റുകളില്‍ റെയ്ഡ് നടക്കുകയും ചെയ്തുവെന്നും അതിനിടയില്‍ യുവനടനും നാല് യുവതികളും കൊക്കൈനുമായി പിടിയിലായെന്നുമാണ് പോലീസ് പറയുന്നത്. ശരി, കേസെടുത്തല്ലോ കാര്യങ്ങള്‍ മുറപോലെ നടക്കട്ടെ… നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ.

ഈ സംഭവത്തിനു ശേഷം നടക്കേണ്ട വിലയിരുത്തലുകള്‍ ഇവയല്ലേ? കേരളത്തില്‍ കൊക്കൈന്‍ ശൃഖല വ്യാപകമാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പ് ഏറ്റെടുക്കണം. നാര്‍ക്കോട്ടിക് സെല്ലുകള്‍ പരാജയം സമ്മതിക്കണം. ലഹരി ശൃംഖല കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണം. ഇതിന്റെ വ്യാപനം എത്രമാത്രമുണ്ടെന്ന് കണ്ടെത്തി ഇരകളോട് അനുകമ്പാപൂര്‍ണ്ണമായി പെരുമാറി ജീവിതത്തിലേയ്ക്ക് മടക്കണം.

അല്ലാതെ 21 കോടി രൂപ കട്ടവരോട് പുലര്‍ത്തേണ്ട സമീപനമല്ല ഒരു ലഹരിയുടെ ഇരയോട് പുലര്‍ത്തേണ്ടത്. മാനസികമായ പരിഹാരമടക്കം വേണ്ടിവരുന്ന ശാസ്ത്രീയമായ നിലപാടാണ് ഇത്തരം വിഷയങ്ങളില്‍ ഉണ്ടാകേണ്ടത്.

മാണിക്കെതിരെ നിലപാടെടുത്തവരേയും ആദിവാസികള്‍ക്കു വേണ്ടി ഐക്യദാര്‍ഢ്യ സമരങ്ങള്‍ നടത്തി സര്‍ക്കാരിനെ മുട്ടുകുത്തിച്ചവരേയും സമരചുംബനം നടത്തിയവരേയും ‘ന്യൂജെന്‍’ എന്ന ഒറ്റ ഉന്നം വെച്ച് ഇല്ലാവാര്‍ത്തകള്‍ ചമയ്ക്കാനും പ്രചരിപ്പിക്കാനും നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. കാരണം, നിങ്ങള്‍ തോല്‍ക്കുന്നത് നിങ്ങളുടെ മാത്രം കുഴപ്പം കൊണ്ടാണ്.

പുതിയ തലമുറ, പുതിയ ചിന്ത ഇവയെയെല്ലാം നിങ്ങള്‍ ഭയക്കുന്നു.

ന്യൂജെനറേഷന്‍ എന്നതിനെ നിങ്ങള്‍ ‘ന്യൂജെന്‍’ എന്ന് പരിഹസിച്ചാലും സംഭവം ഒന്നു തന്നെയാണ് മാറുവിന്‍… മാറ്റുവിന്‍ എന്ന് മുറവിളിക്കുന്ന ഒരു തലമുറ ഇവിടെ കാലങ്ങള്‍ക്കു ശേഷം നാവുയര്‍ത്തിയിരിക്കുന്നു… കലയെടുത്തിരിക്കുന്നു. 

പണ്ടും അവരെ ഹിപ്പികളെന്നും കഞ്ചാവെന്നും സദാചാര വിരുദ്ധരെന്നും കവികളെന്നും കമ്യൂണിസ്റ്റുകളെന്നുമൊക്കെയാണ് വിളിച്ചിരുന്നത്. ഇപ്പോഴും അതു തന്നെ വിളിക്കുന്നു.

നിങ്ങള്‍ക്ക് ഞങ്ങളെ ഭയമാണ്.

ഭയപ്പെടേണ്ട… ഞങ്ങള്‍ നിങ്ങള്‍ തന്നെയാണ്.

സൂക്ഷിച്ച് നോക്കൂ…

4-ലാലിന്റെ പണം തിരികെ വാങ്ങുന്നത് മാണി രാജിവെയ്ക്കാത്ത മന്ത്രിസഭയാണെന്നതാണ് വലിയ തമാശ. അഥവാ, ആഷിക്ക് അബു തുടങ്ങിവെച്ച #entevaka500 സമരത്തില്‍ പങ്കെടുക്കുകയാണ് ഒരുകോടി 60 ലക്ഷം രൂപ തിരികെ കൊടുത്ത് മോഹന്‍ ലാലും 😉 മാണിയാണ്… മാണി മാത്രമാണ് ഇവിടെയെല്ലാം പരിഹസിക്കപ്പെടുന്നത്…

മാണി സാാാാര്‍…… 
രാജിവെയ്ക്കരുത്.
രാജിവെച്ച് ജനാധിപത്യത്തെ നാണം കെടുത്തരുത്….
എങ്ങനെയെങ്കിലും കടിച്ചു തൂങ്ങി അവിടെ കിടന്നോളണം… 
പ്ലീസ്…

(എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമാണ് ലേഖകന്‍)

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍