UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാലിസത്തിലെ കള്ളക്കണക്കുകള്‍

Avatar

സണ്ണി  കാരുവേലിൽ 

ദേശീയ ഗെയിംസ്‌ ഉദ്‌ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം സംഗീതപരിപാടിക്ക് കൈപ്പറ്റിയ തുകയും ചിലവായ തുകയും അദ്ദേഹം ഒരു കുറിപ്പായി സർക്കാരിന്  സമർപ്പിച്ചിരിക്കുകയാണല്ലോ. എന്നാൽ ആ കണക്കിനെ വസ്തുതാപരമായി വിശകലം ചെയ്യുമ്പോൾ ചില യാഥാര്‍ഥ്യങ്ങളിലേക്ക് അത്  വിരൽ  ചൂണ്ടുന്നുണ്ട്.

റെക്കോർഡിംഗിനു വേണ്ടി 46.5 ലക്ഷം രൂപ ചിലവായതായാണ് മോഹന്‍ലാലിന്‍റെ കണക്ക് . ഒരു ലൈവ് ഗാനമേളക്ക് എന്തിനാണ്‌ റെക്കോർഡിംഗ് ? അതുപോലെ ഒരു മുഴുനീള സിനിമയ്ക്കു ചിലവാകുന്ന തുകയേക്കാൾ വലിയ തുക റെക്കോർഡിംഗിന് വേണ്ടി ചിലവായി എന്നു പറയുന്നതിന്റെ യുക്തി മോഹൻലാൽ പരിശോധിക്കേണ്ടതായിരുന്നു . ഫിലിമിംഗ്, ക്യാമറ, എഡിറ്റിംഗ് എന്നിവയ്ക്ക്  വേണ്ടി 19 ലക്ഷം രൂപ ചിലവായി എന്നും കാണുന്നു. അത് സംഗീത ബാന്‍ഡിന്‍റെ  ആദ്യത്തെ ഗാനരംഗം പ്രിയദർശൻ ചിത്രീകരിച്ചതിന്റെ ആവാം. ഇതിന്റെ ചിലവ് നാഷണൽ ഗെയിംസ്  വഹിക്കണം എന്ന് പറയുന്നതിന്റെ യുക്തിയും മനസ്സിലാവുന്നില്ല.  അത് ഈ ബാന്റിലേക്കുള്ള  അദ്ദേഹത്തിന്റെ   നിക്ഷേപമായി കണക്കാക്കാനേ കഴിയൂ. ഇതെല്ലാം ആദ്യത്തെ വേദിയിൽ നിന്നു തന്നെ ഈടാക്കണം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ തന്നെ ഭാഷ കടമെടുത്താൽ അതിമോഹം  എന്നേ പറയാൻ പറ്റൂ. 52 ലക്ഷം രൂപ ഗായകര്‍ക്കും, വേറെ ഒരു 20 ലക്ഷം അവരുടെ താമസത്തിനും ചിലവായി എന്നു കണക്കില്‍ കാണുന്നു. 6 പേരുടെ താമസത്തിന് ഇത്രേം ചെലവ് വരുമോ എന്ന് ആരും സംശയിക്കും.

വലിയ ബജറ്റും അതിനൊത്ത് ഉയരാത്ത പ്രകടനവുമാണ് ലാലിസത്തിനു എതിരെ സോഷ്യൽ മീഡിയ ആഞ്ഞടിക്കാൻ കാരണം . ഞാന്‍ ലാലേട്ടല്ന്‍റെ ഒരു ആരാധകനാണ്. ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. വാങ്ങിച്ച കാശ് തിരിച്ച് കൊടുക്കും എന്നുളളത് വളരെ നല്ല തീരുമാനമാണ്. പക്ഷെ ഈ സാഹസത്തിന്  ഇറങ്ങി പുറപ്പെട്ടപ്പോൾ അദ്ദേഹത്തിനു ചില പിഴവുകൾ സംഭവിച്ചു . രതീഷ്‌ വേഗ എന്ന് ഇന്നലെ പൊട്ടിമുളച്ച സംവിധായകനെ  കണ്ണും അടച്ചു വിശ്വസിച്ചതാണ് ആദ്യത്തേത്. ഒരു ലൈവ് ഷോ പോലും ഇത് വരെ നടത്തിയിട്ടില്ലാത്ത വേഗയെ എങ്ങനെ ലാൽ ഇത്രയും പ്രധാനപ്പെട്ട ഒരു ജോലി ഏല്‍പ്പിച്ചു. അദ്ദേഹം കുറച്ചു സിനിമയ്ക്ക് മ്യൂസിക്‌ ചെയ്തിട്ടുണ്ട് എന്ന കാര്യം  വിസ്മരിക്കുന്നില്ല. എങ്കിലും സിനിമാ ലോകത്ത് തന്നെ ലൈവ് ഷോകൾ  നടത്തി കഴിവും പ്രാഗൽഭ്യവും  തെളിയിച്ച വളരെയധികം പേര്‍ ഇവിടെയുണ്ട്. അവരുടെ ആരുടെയെങ്കിലും സഹായം തേടാമായിരുന്നു. അതിനുള്ള ബജറ്റ് ഉണ്ടായിരുന്നല്ലോ. അതു പോലെ തന്നെ ബാന്‍ഡിലെ മറ്റു അംഗങ്ങളും താരതമ്യേന അറിയപ്പെടാത്തവരാണ്. രണ്ടാമതായി റെക്കോർഡിംഗ് ഒഴിവാക്കി പ്രധാന ഗായകരെ കൊണ്ടെങ്കിലും ലൈവ് പാടിക്കാമായിരുന്നു. മൂന്നാമതായി വിശ്വസനീയമായ ഒരു ബജറ്റ് സമർപ്പിക്കാമായിരുന്നു. അദ്ദേഹം വളരെ നാളുകൊണ്ട്  ഉണ്ടാക്കിയെടുത്ത ബ്രാൻഡ്‌ മൂല്യം  ചൂഷണം ചെയ്യാൻ ചുററും എപ്പോഴും ആൾക്കാർ ഉണ്ടാകും എന്ന് തിരിച്ചറിയുകയും  അതിനു തക്കം പാർത്തു നടക്കുന്ന ഇത്തിള്‍ക്കണ്ണികളെ മനസ്സിലാക്കുകയും ചെയ്‌താൽ മലയാള സിനിമാ പ്രേമികൾക്കു  തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടൻ വിഷമിക്കുന്നതു കാണാൻ ഇടവരില്ലായിരുന്നു. 

ഇതിൽ ഗവണ്‍മെന്‍റിനും പിഴവുകൾ പറ്റിയിട്ടുണ്ട് . ഒന്നാമതായി ഇതുവരെ അരങ്ങേറ്റം നടത്താത്ത ഒരു ബാന്‍ഡിനെ ഈ ചുമതല ഏല്പ്പിച്ചു എന്നുള്ളതാണ്. വെറും മൂന്നു ആഴ്ച കൊണ്ട് ഇതു പോലെ വലിയ ഒരു പ്രോഗ്രാം സംഘടിപ്പിക്കാൻ ഒരു പുതിയ ബാന്‍ഡിനെ ഏല്പ്പിക്കാൻ കാട്ടിയ ധൈര്യം ചോദ്യംചെയ്യപ്പെടേണ്ടതാണ്. രണ്ടാമതായി  ബജറ്റിങിൽ വന്ന പിഴ. എന്താണ് ലഭിക്കാൻ പോകുന്നത് എന്നറിയാതെ മോഹൻലാൽ എന്ന പേരു കേട്ട്  വെറുതെ  കുറച്ചു പണം വാരിക്കോരി കൊടുത്തു. എന്നിരുന്നാലും എല്ലാ പ്രശ്നവും മോഹൻലാലിൻറെ മാത്രം തലയിൽ  കെട്ടി വച്ചു തല്ക്കാലം തടിയൂരാനാണ് സര്‍ക്കാരിന്റെ ശ്രമം. അതിൽ അവർ ഏറെക്കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്‌.

മമ്മൂട്ടി പോലും മോഹന്‍ലാലിന് ഐക്യദാര്‍ഡ്യം പറഞ്ഞ സ്ഥിതിക്ക് വിവാദം കെട്ടടങ്ങട്ടെ എന്ന് ആശിക്കാമെങ്കിലും അതു ദേശീയ ഗെയിംസിന്റെയും മോഹൻലാലിന്റെയും മുകളിൽ വീഴ്ത്തിയ കരിനിഴൽ എളുപ്പം മാഞ്ഞു പോകാൻ സാധ്യത ഇല്ല.

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍