UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാലിസം എന്ന സാഡിസം

Avatar

രാജേഷ് മണി 

ഇന്ന് കേരളത്തിൽ തഴച്ചു വളരുന്ന ഒരു വിനോദ വ്യവസായമാണ് സംഗീതവും അതുമായി ബന്ധപ്പെട്ട മറ്റു ചെറു പരിപാടികളും. വിനോദ വ്യാവസായ രംഗത്തുണ്ടാകുന്ന ദ്രുത വളർച്ചയെ നിർണ്ണയിക്കുന്നത് സാമ്പത്തിക ശാസ്ത്രപരമായി പ്രധാനമായും രണ്ടു ഘടകങ്ങളാണ്. ഒന്ന്, ആ വിനോദ വ്യാവസായ രംഗത്ത് നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികപരമായും അല്ലാതെയുമുള്ള നൂതന മാറ്റങ്ങൾ അഥവാ സായിപ്പിന്റെ ഭാഷയിൽ ‘ഇനൊവേഷൻ’. രണ്ട്, അത്തരത്തിലുള്ള മാറ്റങ്ങൾക്കനുസൃതമായി സൃഷ്ടിക്കപ്പെടുന്ന ഒരു ഉപഭോക്തൃസംസ്കാരത്തിന്റെ ഉയർന്ന തോതിലുള്ള വളർച്ച തുടങ്ങിയവയാണ്. ഇത്തരത്തിൽ ഉണർവുള്ള ഒരു വിനോദ വ്യവസായത്തിൽ ലാഭം പ്രതീക്ഷിച്ചു കൊണ്ടു നിക്ഷേപം നടത്തുവാൻ ഏതൊരു നിക്ഷേപകനും  തല്പരനാകുമെന്ന കാര്യത്തിൽ സംശയമില്ല. മാത്രവുമല്ല അത്തരത്തിൽ നിക്ഷേപങ്ങൾ നടത്തുവാൻ വരുന്നവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യണം.

എന്നാൽ അത്തരത്തിലുള്ള വ്യാവസായിക മാറ്റമാണോ ഇന്ന് കേരളത്തിൽ സംഗീത രംഗത്തുണ്ടാകുന്നത് എന്ന് പരിശോധിക്കേണ്ടതാണ്. കേരളീയർ പൊതുവേ സംഗീതാസ്വാദകരാണെങ്കിലും അതിന്റെ അധുനിക വിപണന സാധ്യത തുറന്നിട്ടത് ടെലിവിഷൻ മാധ്യമങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയാണ്. പ്രത്യേകിച്ച് സംഗീതവുമായ് ബന്ധപ്പെട്ട  ‘റിയാലിറ്റി ഷോകളുടെ’ വളര്‍ച്ചയാണെന്ന് അനുമാനിക്കാം.  ഇത്തരത്തിലുള്ള ‘സംഗീത റിയാലിറ്റി’ ഷോകളുടെ വളർച്ച  ഒരർത്ഥത്തിൽ കാലഹരണപ്പെട്ട പല സംഗീത രൂപങ്ങൾക്കും പുനർജീവൻ നൽകുകയും (ഉദാഹരണമായ് നാടൻ പാട്ടുകൾ), സംഗീത രംഗത്തു പ്രവർത്തിക്കുന്ന, പ്രവർത്തിക്കാൻ താല്പര്യമുള്ള അനേകം കലാകാരന്മാർക്കു ജീവിത വരുമാനം കണ്ടെത്തുന്നതിനുള്ള സാഹചര്യവും സൃഷ്ടിച്ചുവെന്ന കാര്യത്തിൽ സംശയമില്ല.

എന്നാൽ ദൃശ്യമാധ്യമങ്ങളാൽ സൃഷ്ടിക്കപ്പെട്ട ഇത്തരത്തിലുള്ള സംഗീത വിപണിയുടെ സാമ്പത്തിക അടിസ്ഥാനമെന്നു പറയുന്നത് ജനപ്രിയ സംഗീതമായ സിനിമാ ഗാനങ്ങളാണ്. കൂടുതൽ വ്യക്തമായി നിരീക്ഷിച്ചാൽ നമ്മൾക്കു മനസ്സിലാക്കാൻ കഴിയുന്ന വസ്തുത ഇന്നത്തെ സംഗീത വിപണിയുടെ നട്ടെല്ലെന്നു പറയുന്നത് ‘ന്യൂ ജനറേഷൻ’ എന്നറിയപ്പെടുന്ന ആധുനിക സിനിമാ ഗാനങ്ങളല്ല മറിച്ച് പഴയ തലമുറയാൽ സൃഷ്ടിക്കപ്പെട്ട ചെവിക്കു ഇമ്പമാർന്നതും അർത്ഥഗാംഭീര്യവുമുള്ള ‘ആയുസ്സുള്ള’ ഒരു കൂട്ടം സിനിമാഗാനങ്ങളാണെന്ന്. ഇത്തരത്തിലുള്ള ‘പഴയ തലമുറ’ ഗാനങ്ങൾ പ്രായ വ്യത്യാസമില്ലാതെ, വർഗ്ഗ വ്യത്യാസമില്ലാതെ, ദൃശ്യ-ശ്രവണ മാധ്യമ വ്യത്യാസമില്ലാതെ ഇമ്പത്തോടും ഇമ്പമില്ലാതെയും ‘പാടുന്നതും  ആസ്വദിക്കുന്നതും, വീണ്ടും പാടുന്നതും വീണ്ടും ആസ്വദിക്കുന്നതുമാണ്’ ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന സംഗീത വിപണിയുടെ ഘടന. ഒരു പക്ഷേ ഇതു മലായാള ഭാഷയിൽ മാത്രമല്ല മറ്റു ഭാഷകളിലെ സംഗീത വിപണിയിലും പ്രസക്തമാണ്.

ചുരുക്കത്തിൽ കേരളത്തിൽ അതിവേഗത്തിൽ വളരുന്ന സംഗീത വിപണിയുടെ  രക്തവും മാംസവും എന്നു പറയുന്നത് ഒരു നിശ്ചിത കാലഘട്ടത്തിൽ ഒരു കൂട്ടം കലാകാരന്മാരാൽ സൃഷ്ടിക്കപ്പെട്ടതാണ്. (അത്തരത്തിലുള്ള സൃഷ്ടികളെകുറിച്ചും അവയുടെ സ്രഷ്ടാക്കളെ കുറിച്ചും പൂർണ്ണമായും വിവരിക്കാൻ ഈ ലേഖനത്തിൽ പരിമിതികളുള്ളതുകൊണ്ട് ഇവിടെ ആരുടെ പേരും പരാമർശിക്കുന്നില്ല).കൂടുതൽ വ്യക്തമായി പറഞ്ഞാൽ കേരളത്തിലെ ഇന്നത്തെ സംഗീത വിപണിയിൽ നൂതനമായ ഒരു തരത്തിലുള്ള ക്രിയാത്മക പ്രവർത്തനങ്ങളും നടക്കുന്നില്ല. മാത്രവുമല്ല  ഈ വിനോദ വിപണി ഒരു ‘ഇത്തിള്‍ക്കണ്ണി വ്യവസായമായി’ പരിണമിക്കുകയും ചെയ്യുന്നു.

ഉദാഹരണമായി കേരളത്തിൽ ഇന്ന് അനുദിനം മുളയ്ക്കുന്ന ‘ലാലിസം’ പോലുള്ള  മ്യൂസിക് ബാൻഡുകളെ കുറിച്ചു പരിശോധിക്കാം. സിനിമാ ഗാനങ്ങളുടെ ആലാപന വിപണി പണ്ടുമുതൽക്കേ കേരളത്തിൽ നിലവിലുണ്ട്. ‘ഗാനമേള’ എന്ന ചലചിത്ര ഗാനാലാപനം നടന്നിരുന്നത് പ്രധാനമായും ഉൽസവ പറമ്പിലെ ആഘോഷങ്ങളിലായിരുന്നു. എന്നാൽ ഇന്നത്തെ രൂപത്തിലുള്ള പാശ്ചാത്യ മാതൃകയിലുള്ള ‘മ്യൂസിക് ബാൻഡുകൾ’ പ്രത്യേകിച്ച് കേരളത്തിൽ ആവിർഭവിക്കുന്നത് പ്രധാനമായും ടെലിവിഷൻ മാധ്യമങ്ങളാൽ പ്രചാരത്തിലായ  സംഗീത റിയാലിറ്റിഷോകളുടെ വളർച്ചയുടെ ഭാഗമായാണ്. ഇന്ന് കേരളത്തിൽ പാടാൻ അറിയാത്തവർ എന്നു പറഞ്ഞാൽ ‘നിർഭാഗ്യർ’ എന്ന സങ്കല്പമാണ് നിലവിലുള്ളത്. കേരളത്തിൽ സംഗീത റിയാലിറ്റി പരിപാടികൾ ഗാനാസ്വാദകരെക്കാൾ കൂടതൽ  ഗാനാലാപകരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ട ഗാന തൊഴിലാളികളുടെ ജനസംഖ്യാ വർദ്ധനവാണ് ഇന്നു കൂണുകൾ പോലെ മുളച്ചുപൊന്തുന്ന മ്യൂസിക് ബാൻഡുകളുടെ ഉത്ഭവത്തിനു കാരണം.

ഇങ്ങനെയുള്ള മ്യൂസിക് ബാൻഡുകൾ ഒരു തരത്തിലുള്ള ‘സാഡിസ’ മാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റേയും വ്യക്തി സ്വാതന്ത്ര്യത്തിന്റേയും പുകമറയിൽ കേരളത്തിൽ പരത്തികൊണ്ടിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ മ്യൂസിക് ബാൻഡുകൾ രൂപംകൊണ്ടിട്ടുള്ളത് അവരുടെ തനതു സംസ്കാരത്തിന്റെ ഭാഗമായിട്ടാണ്. അതുകൊണ്ടു തന്നെ അവിടെ മ്യൂസിക് ബാൻഡുകൾ രൂപം കൊള്ളുന്നതും പ്രവർത്തിക്കുന്നതും നൂതന ആശയങ്ങളുടെയും, ആസ്വാദന ഉല്പന്നങ്ങളുടെയും അടിസ്ഥാനത്തിലാണെന്നു വേണം മനസ്സിലാക്കാൻ. അവിടെ ഓരോ മ്യൂസിക് ബാൻഡിനും അവരുടെ തനതു ആശയത്തിലധിഷ്ഠിതമായ സ്വന്തമായ സംഗീത ഉല്പന്നങ്ങളുണ്ട്.  ഉദാഹരണമായ് അവർ സ്വന്തമായി പാട്ടെഴുതുന്നു, സ്വന്തമായി സംഗീതം പകരുന്നു, സ്വന്തമായ ആശയങ്ങൾകനുസൃതമായി വേഷവിധാനങ്ങളും, ശാരീക ഭാഷകളും, നടനങ്ങളും രൂപവൽകരിക്കുകയും ചെയ്യുന്നു. അതിനു ശേഷം തങ്ങളുടെതു മാത്രമായ സംഗീത-വിനോദ ഉല്പന്നത്തെ ആഗോള വിപണന തന്ത്രങ്ങൾക്കനുസൃതമായി ആഗോളതലത്തിൽ പ്രചരിപ്പിക്കുവാനും വിറ്റഴിക്കുവാനും ശ്രമിക്കുന്നു.

എന്നാൽ കേരളത്തിൽ സംഭവിക്കുന്നതോ സ്വന്തമായി ഒന്നും സൃഷ്ടിക്കാതെ ഒരു സംഗീത ഉല്പന്നത്തിന്റെ നിർമ്മാണത്തിൽ യാതൊരു വിധ പങ്കാളിത്തവുമില്ലാതെ പാശ്ചാത്യ സാങ്കേതിക വിദ്യകളേയും, ആലാപന ശൈലികളേയും, നടന ചേഷ്ടകളേയും വേഷവിധാനത്തേയും, വികലമായി അനുകരിച്ചുകൊണ്ടു കേരളത്തിലെ വിവരമുള്ള പഴയ തലമുറക്കാരാൽ സൃഷ്ടിക്കപ്പെട്ട മനോഹര സിനിമാഗാനങ്ങളേയും നാടൻ പാട്ടുകളേയും പാശ്ചാത്യ സംഗീത സംസ്കാരത്തിന്റെ ചട്ടക്കൂടിൽ നിന്നു കൊണ്ട് വികൃതമാക്കാൻ ശ്രമിക്കുന്നതായിട്ടാണ് കാണുന്നത്. ഇതു തീർത്തും ലജ്ജാകരമാണ്.

സ്വന്തമായി സൃഷ്ടിക്കുന്ന ഒരു സംഗീത ഉല്പന്നത്തെ നിങ്ങൾക്കു എത്തരത്തിൽ വേണമെങ്കിലും പരിണാമത്തിനു വിധേയമാക്കാം. അതിനെയാണ് സായിപ്പു ‘ക്രിയേറ്റീവ് ഡിസ്ട്രക്ഷൻ’ എന്നൊക്കെ വിളിക്കുന്നത്. എന്നാൽ മറ്റുള്ളവരുടെ സർഗ്ഗ സൃഷ്ടികളെ സ്വന്തം പണ സമ്പാദനത്തിനായി വികൃതമാക്കാൻ അനുവദിച്ചുകൂടാ. എന്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണങ്കിലും ശരി അതു സാമൂഹ്യ ദ്രോഹമാണ്.

ഇത്തരത്തില്‍ മറ്റുള്ളവരുടെ ക്രിയേറ്റീവ് ഉല്പന്നങ്ങളുടെമേലുള്ള ചൂഷണവും അവയുടെ വികൃതമാക്കലും, അത്തരത്തിൽ വികൃതമാക്കപ്പെട്ട ക്രിയേറ്റീവ് ഉല്പന്നങ്ങളുടെമേലുള്ള ആസ്വാദന ആസക്തിയും, ഒരു സമൂഹത്തിലുണ്ടാക്കുന്നത് അല്ലെങ്കിൽ ഉണ്ടാക്കപ്പെടുന്നത് സാഡിസമാണ്. കാലാകാലങ്ങളായി ഭൂരിപക്ഷത്താലും അംഗീകരിക്കപ്പെട്ടിട്ടുള്ളതും നല്ലതെന്നു വിശ്വസിച്ചും പോരുന്ന ചില കലാസൃഷ്ടികളെ പരിഷ്കാരത്തിന്റെയും ബൗദ്ധികതയുടെയും പേരിൽ വികൃതമാക്കുന്നവർക്കും, മറ്റുള്ളവരെ വ്യക്തിപരമായി തെറി വിളിക്കുന്നവർക്കും ആക്ഷേപിക്കുന്നവർക്കും സമൂഹത്തിൽ ‘സെലിബ്രിറ്റി ഇമേജ്’ നൽകുന്നതും അതിൽ നിന്നൊക്കെ ആനന്ദം കണ്ടെത്തുവാൻ ശ്രമിക്കുന്നതും മലയാളികളിൽ വളർന്നു വരുന്ന സാഡിസത്തിന്റെ ലക്ഷണങ്ങളായിട്ടു വേണം അനുമാനിക്കാൻ.  ഉദാഹരണമായി വിവരക്കേടും, അഹങ്കാരവും, വികൃത വേഷവിധാനങ്ങളും ചേഷ്ടകളും, മറ്റുള്ളവരെ കളിയാക്കലുകളുമെല്ലാം  ടെലിവിഷൻ സിനിമാ ഇന്റർനെറ്റു മാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നവരെ ന്യായീകരിക്കുന്നതും ആരാധിക്കുന്നതുമെല്ലാം പരിണാമം സംഭവിച്ച മനുഷ്യ ജീവികൾക്കു  മൃഗീയ വാസനകൾ തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങളാണ്. അത്തരത്തിലുള്ള വിനോദ പ്രവർത്തനങ്ങളിൽ ആകൃഷ്ടരാകുമ്പോൾ നമ്മളിൽ വളരുന്ന ‘സാഡോ-മാസോക്കിസത്തിന്റെ’ മാനസികാവസ്ഥ നമ്മളോരോരുത്തരും തിരിച്ചറിയണം.

പട്ടിണി കിടക്കുന്നവന്റെ അടിയന്തര താത്വിക ജ്ഞാനം ഭക്ഷണത്തിൽ അധിഷ്ഠിതമായിരിക്കും. ഭക്ഷണം ആവശ്യത്തിലധികവും ലഭിച്ചു കഴിഞ്ഞാൽ മനുഷ്യ ശരീരത്തിലെ ആന്തരിക ഗ്രന്ഥിസ്രാവത്തിന്റെ ഉല്പാദന തോതു കൂടുകയും അതിനനുസരിച്ചു തലച്ചോറിലെ ആത്മീയ-ഭൗതീക ചിന്തകൾക്കു മാറ്റം വരുകയും ചെയ്യുമെന്നത് ശാസ്ത്രീയ സത്യമാണ്. ഇത്തരത്തിലുള്ള ചിന്തകളുടെ അനന്തരഫലമാണ് മനുഷ്യരിലുണ്ടാകുന്ന തത്വചിന്തകൾക്കടിസ്ഥാനം. ഇത്തരത്തിലുണ്ടാകുന്ന ചിന്തകളുടെ താത്വികവൽകരണം ഇസങ്ങൾക്കു (ism) അഥവാ സിദ്ധാന്തങ്ങൾക്കു രൂപം നൽകുന്നു. ഇങ്ങനെയുണ്ടാകുന്ന സിദ്ധാന്തങ്ങൾ തീർത്തും നൂതനമാകാം അല്ലെങ്കിൽ നിലവിലുള്ള തത്വശാസ്ത്രങ്ങൾക്കു സമാനമാവാം. അത്തരത്തിൽ നൂതന ജീവിത തത്വ സിദ്ധാന്തങ്ങൾക്കു രൂപം നൽകുന്നവരെ നമ്മൾക്കു തത്വജ്ഞാനി (philosopher) എന്നു വിളിക്കാം. എന്നാൽ നിലവിലുള്ള സുഖലോലുപതയുടെ ഭാഗമായി ചിലർക്കുണ്ടാകുന്ന ‘ഇസങ്ങൾ’ ഒരു വിനോദ ഉല്പന്നമായി വിപണിയിൽ പ്രവേശിക്കുമ്പോൾ, അത് മറ്റുള്ളവരെ അനുകരിക്കാത്ത രീതിയിൽ ക്രിയാത്മകവും നൂതനവുമായ ഒരു ‘വിനോദ സങ്കല്പമായി’ രൂപം കൊടുത്താൽ, ഒരു പക്ഷേ ‘ലാലിസം’ പോലുള്ള സംഗീത ഉല്പന്നങ്ങൾക്കു വാണിജ്യ പ്രസക്തിയുണ്ടാകും. മറിച്ച് വെറും അനുകരണവും, അനുകരണനകലയിൽ തന്നെ വഞ്ചനയും കൂടിയായാൽ അത്തരത്തിലുള്ള വിനോദ ഉല്പന്നങ്ങളുടെ സ്രഷ്ടാക്കൾ തീർത്തും സാഡിസ്റ്റുകളാകും.   അവരെയൊക്കെ ആരാധിക്കുന്ന നമ്മൾ മാസോക്കിസ്റ്റുകളും!

സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങളിൽ ഗവേഷകനാണ് ലേഖകൻ

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍