UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മകന്‍ ആരോഗ്യമന്ത്രി, ആശുപത്രിയില്‍ ലാലുവിന്റെ വക മിന്നല്‍ റെയ്ഡ്

അഴിമുഖം പ്രതിനിധി

ഇന്നലെ പട്‌നയിലെ ഇന്ദിരാ ഗാന്ധി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപ്രതീക്ഷിതമായി ഒരു സന്ദര്‍ശകനെത്തി. ബീഹാര്‍ ഭരണസഖ്യത്തിലെ ഘടകകക്ഷിയായ രാഷ്ട്രീയ ജനതാദളിന്റെ തലവന്‍ ലാലു പ്രസാദ് യാദവ് ആയിരുന്നു ആ സന്ദര്‍ശകന്‍. എല്ലാവരും കരുതിയത് അദ്ദേഹം ഏതോ രോഗിയെ സന്ദര്‍ശിക്കാനാണ് എത്തിയത് എന്നാണ്. എന്നാല്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ആരോഗ്യ മന്ത്രി തേജ് പ്രതാപ് യാദവിന്റെ പിതാവുമായ ലാലു എത്തിയത് മിന്നല്‍ റെയ്ഡിനാണെന്ന് വളരെ പെട്ടെന്ന് തന്നെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ തിരിച്ചറിഞ്ഞു.

അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ രോഗികളേയും കൂട്ടിരിപ്പുകാരേയും സമീപിച്ച് ആശുപ്രതിയിലെ സേവനങ്ങളെ കുറിച്ച് അന്വേഷിച്ചു തുടങ്ങി. നിരവധി വാര്‍ഡുകളില്‍ പരിശോധന നടത്തുക കൂടെ ചെയ്തു.

മന്ത്രി സഭയ്ക്ക് പുറത്തുള്ള ഈ അധികാര കേന്ദ്രത്തിനെതിരെ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തുമെന്നതിനാല്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന് തലവേദനയാകും ലാലുവിന്റെ റെയ്ഡ്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറോ അദ്ദേഹത്തിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനോ ഈ ആശുപത്രി സന്ദര്‍ശിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വഴി അറിയിക്കുകയാണ് പതിവെന്നും ഒരു മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു.

ഈ ആശുപത്രിയുമായി ലാലുവിന് ഒരു ബന്ധമുണ്ട്. 1997-ലെ കാലിത്തീറ്റ കുംഭകോണത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടപ്പോള്‍ ഈ ആശുപത്രിയിലെ വിഐപി മുറിയില്‍ അനവധി മാസങ്ങള്‍ അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നു.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച്ച ഒരു മുതിര്‍ന്ന ആര്‍ജെഡി നേതാവ് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇത് മഹാസഖ്യത്തിനെ ഉലച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലേയാണ് ലാലുവിന്റെ ആശുപത്രി റെയ്ഡ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍