UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാലുവിന്റെ മകളുടെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

നിതീഷിന്റെ മൗനാനുവാദത്തോടെയാണ് ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങളെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു

ബിഹാറില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ വിടാതെ കേന്ദ്രസര്‍ക്കാര്‍. ഇന്നലെ അദ്ദേഹത്തിന്റെ പാട്‌നയിലെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയതിന് പിന്നാലെ ഇന്ന് മകള്‍ മിസ ഭാരതിയുടെ വസതിയിലും ഫാമിലും ഓഫീസിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി.

ബിനാമി സ്വത്ത് ഇടപാടുമായി ബന്ധപ്പെട്ട് രാജ്യസഭ എംപിയായ മിസ ഭാരതിയും ഭര്‍ത്താവ് സഹിലേഷ് കുമാറും ആരോപണം നേരിട്ടിരുന്നു. റെയില്‍വേയുടെ ഹോട്ടലുകള്‍ സ്വകാര്യ ഗ്രൂപ്പിന് കൈമാറിയതിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇന്നലെ ലാലുവിന്റെ വസതിയുള്‍പ്പെടെ പന്ത്രണ്ട് സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയത്. ലാലുവിന്റെ ഭാര്യ റാബറി ദേവി, മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

അതേസമയം ബിഹാറിലെ ഭരണകക്ഷിയിലെ പ്രധാന നേതാവായ ലാലുവിനെതിരെ കേന്ദ്രം സ്വീകരിക്കുന്ന ഈ നടപടികള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാകുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസും ആര്‍ജെഡിയും ജെഡിയുവും ഉള്‍പ്പെടുന്ന സഖ്യം ഇതോടെ തകരാനാണ് സാധ്യത. ജെഡിയുവും മുഖ്യമന്ത്രി നിതീഷ് കുമാറും റെയ്ഡുകളില്‍ നിശബ്ദത പാലിക്കുന്നതാണ് ഇത്തരമൊരു നിഗമനത്തിന് കാരണം. നിതീഷിന്റെ മൗനാനുവാദത്തോടെയാണ് ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങളെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു. റെയ്ഡിന് മുന്നോടിയായി പാട്‌നയില്‍ നിന്നും നിതീഷ് വിശ്രമത്തിനായി 110 കിലോമീറ്റര്‍ അകലെയുള്ള രാജ്ഗിറിലേക്ക് പോയിരുന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംകുമാര്‍ കോവിന്ദിനെ പിന്തുണയ്ക്കാന്‍ ജെഡിയു തീരുമാനിച്ചതോടെ തന്നെ സംസ്ഥാനത്തെ മഹാസഖ്യം ഉലച്ചിലിന്റെ വക്കിലെത്തിയിരുന്നു. അതേസമയം ഇന്നലെ സംസ്ഥാനത്തെ എംഎല്‍എമാരെയും എംപിമാരെയും സന്ദര്‍ശിക്കാന്‍ പാട്‌നയിലെത്തിയ രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറിനെ സന്ദര്‍ശിക്കാന്‍ നിതീഷ് കുമാര്‍ തയ്യാറാകാത്തതും ഈ അഭ്യൂഹങ്ങള്‍ക്ക് ബലം പകരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍