UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഭൂമി പതിവ് ചട്ടം ഭേദഗതി’ സര്‍ക്കാര്‍ വക അസംബന്ധ നാടകം; സൂത്രധാരന്‍ മാണി

Avatar

പി കെ ശ്യാം

2012 മെയ് 9 സെക്രട്ടേറിയേറ്റില്‍ നടന്ന നാടകത്തിലെ രണ്ട് അങ്കങ്ങള്‍ മാത്രമേ മുന്നില്‍ തെളിയുന്നുളളൂ. ബാക്കിയെല്ലാം നടന്നത് തീരശീലക്ക് പിന്നിലാണ്. അത് പലതും പത്രവാര്‍ത്തകളിലൂടെ പുറത്ത് വന്നിട്ടുണ്ട്. പൊതുസമൂഹം അറിഞ്ഞിട്ടില്ലാത്ത ഈ രണ്ട് അങ്കങ്ങള്‍ ചേര്‍ത്ത് വായിക്കുക. അപ്പോള്‍ പാഠം പൂര്‍ണമാവും.

നമുക്ക് അറിവുള്ള നാടകത്തിന്റെ തിരശീല ഉയരുന്നത് 2012 മെയ് ഒമ്പതിനാണ്. ഈ നാടകത്തില്‍ അഭിനേതാക്കളായും കാണികളായും നടത്തിപ്പുകാരായും എത്തിയത് ചെറിയൊരു സംഘം മാത്രം. എല്ലാ രാഷ്ട്രീയപ്രസ്ഥാനത്തിലും ഉള്‍പ്പെട്ടവര്‍ ഇതിലുണ്ടായിരുന്നു. അവര്‍ തമ്മിലാണ് നിയമഭേദഗതിയുടെ പേരില്‍ ഇപ്പോള്‍ ചെന്നായ്ക്കളെപ്പോലെ കടിച്ചു കീറുന്നത്. 

കര്‍ട്ടനുയരുമ്പോള്‍ ബഹു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തുണ്ട്. അദ്ദേഹം അധ്യക്ഷ സ്ഥാനത്താണ്. മന്ത്രിമാരായ കെ.എം. മാണി. പി.ജെ. ജോസഫ്, കെ.ബി ഗണേഷ് കുമാര്‍, എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, ഇ.എസ്. ബിജുമോള്‍, കെ.കെ. ജയചന്ദ്രന്‍, എസ്. രാജേന്ദ്രന്‍, മുന്‍ എം.എല്‍.മാരായ മാത്യു സ്റ്റീഫന്‍, ഇം.എം.അഗസ്തി, ഇപ്പോഴത്തെ എം.പി അഡ്വ. ജോയ്‌സ് ജോര്‍ജ്, ഡി.സി.സി പ്രസിഡന്റ് റോയ് കെ.പൗലോസ്, പ്രഫ. ജെ.ജോസ്‌കുട്ടി, ഫാ.സെബാസ്റ്റിയന്‍ കൊച്ചുപുരക്കല്‍, ആര്‍.മണികണ്ഠന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടക്കം 35 പേര്‍ രംഗത്തുണ്ട്. 

ഇവര്‍ക്കു മുന്നിലാണ് സംസ്ഥാന ഭരണത്തില്‍ തിരുവാക്കിന് എതിര്‍വായില്ലാത്ത മന്ത്രി കെ. എം. മണി തന്റെ ആവശ്യങ്ങള്‍ ഒന്നൊന്നായി അവതരിപ്പിച്ചത്. ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്ന സര്‍ക്കാര്‍ ഉത്തരവിലെ പ്രാധന നിര്‍ദേശങ്ങളെല്ലാം മാണി മുന്നോട്ടുവെച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്തിട്ട് ഒരാളും മാണിയുടെ നിലപാടിനെ എതിര്‍ത്തില്ല. ഇതൊരു ചരിത്ര രേഖയായി സെക്രട്ടേറിയേറ്റില്‍ ഇരിപ്പുണ്ട്. ഇടുക്കി ജില്ലയിലെ ഭൂമിയുടെ പട്ടയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നടന്നത്. 

‘കൈയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് നിയമഭേദഗതി കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കണം, 2005ലെ നിയമം വീണ്ടും ഭേദഗതി ചെയ്തും പദ്ധതി പ്രദേശത്തെ കര്‍ഷകര്‍ക്കും കൈവശക്കാര്‍ക്കും നാലു ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്തണം, സര്‍ക്കാര്‍ നല്‍കുന്ന പട്ടയഭൂമി 25 വര്‍ഷത്തിന് ശേഷം മാത്രമേ കൈമാറാവു എന്ന വ്യവസ്ഥയും നീക്കണം, പട്ടയം ലഭിച്ച റവന്യു ഭൂമിയിലെ ചന്ദനം, തേക്ക്, ഈട്ടി, എബണി തുടങ്ങിയ വൃക്ഷങ്ങള്‍ ഒഴികെയുളള മരങ്ങള്‍ മുറിക്കുന്നതിന് അനുവാദം നല്‍കുന്നതിന് ബന്ധപ്പെട്ട ചട്ടങ്ങളില്‍ ആവശ്യമായ ദേദഗതി വരുത്തണം, പട്ടയം നല്‍കാന്‍ 1993ലെ വനനിയമമാണോ 1964 ലെ ഭൂമി പതിവ് നിയമമാണോ പരിഗണിക്കേണ്ടതെന്ന് പരിശോധിക്കണം’ തുടങ്ങിയ ആവശ്യങ്ങളെല്ലാം കെ.എം.മാണി ഈ യോഗത്തില്‍ ഉന്നയിച്ചിരുന്നു. മാണിയുടെ തിരുവാക്ക് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും അടക്കമുള്ളവര്‍ അംഗീകരിച്ച് ഉത്തരവുകളായി പുറത്തു വന്നു. പട്ടയങ്ങള്‍ ഈടായി സ്വീകരിച്ച് കെ.എസ്.എഫ്.ഇ വായ്പ നല്‍കുന്നില്ലെന്ന കാര്യം പരിശോധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കാമെന്നും കെ.എം.മാണി ഉറപ്പ് നല്‍കി. പരിസ്ഥിതി ലോലപ്രദേശമായി വനംവകുപ്പ് നോട്ടീസ് നല്‍കിയതുമൂലം കര്‍ഷകര്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളും യോഗം ചര്‍ച്ച ചെയ്തു. 2003ലെ വനം നിയമത്തില്‍ നിന്നും കൃഷിഭൂമി ഒഴിവാക്കിയിട്ടാണ് നിയമം ഉണ്ടാക്കിയതെന്നും മാണി ചൂണ്ടിക്കാണിച്ചു. പരിസ്ഥിതി ദുര്‍ബലപ്രദേശമായി കൃഷിഭൂമി ഉള്‍പ്പെടുത്തുന്നത് ഒഴുവാക്കി കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് ഒരു സമിതി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമുണ്ടായി. 

ഇടുക്കിയില്‍ വനംവകുപ്പിന്റെ നിലവിലുള്ള ജണ്ടകള്‍ക്ക് അകത്തുള്ള ഭൂമി വനഭൂമിയായും പുറത്തുള്ളത് റവന്യു വകുപ്പ് നിര്‍ദേശിക്കുന്ന ഭൂമിയായി കണക്കാക്കാനും യോഗം തീരുമാനിച്ചു. എന്നാല്‍, ജണ്ടകള്‍ക്ക് പുറത്തും വനം വകുപ്പ് മരങ്ങള്‍ നട്ടുപിടിപ്പിച്ച് പരിപാലിച്ചിട്ടുണ്ടെന്ന് മുന്‍ വനംമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ യോഗത്തെ അറിയിച്ചെങ്കിലും അത് പരിഗണിച്ചില്ല. ഇത്തരം ഭൂമി വനംവകുപ്പ് സംരക്ഷിക്കണമെന്നും വനത്തിനുള്ളില്‍ രേഖയില്ലാതെ കൈയേറി താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കണമെന്ന ഗണേഷ്‌കുമാറിന്റെ നിര്‍ദേശവും അവഗണിച്ചു. കാര്യങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കുന്നതിന് മന്ത്രി അടൂര്‍പ്രകാശ് മെയ് 22ന് ഇടുക്കി സന്ദര്‍ശിക്കുകയും ചെയ്തു. 

2014 ഒക്‌ടോബര്‍ 15 

മുഖ്യമന്ത്രിയും മന്ത്രി കെ.എം.മാണിയും അന്ന് ഉണ്ടായിരുന്നില്ല. മന്ത്രി അടൂര്‍ പ്രകാശിന്റെ അധ്യക്ഷതയില്‍ ഐ.എല്‍.ഡി.എം ഹാളിലാണ് നാടകം അരങ്ങേറിയത്. 1964ലെ ഭൂമി പതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് അടിയന്തിരനടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. പെരിഞ്ചാം കുട്ടി പട്ടയം സംബന്ധിച്ച് 2013 ഡിസംബര്‍ 12ലെ സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാണെങ്കിലും 2014 ജനുവരി നാലിന് പുറപ്പെടുവിച്ച് ഉത്തരവില്‍ കൂടുതല്‍ വ്യക്തതയ്ക്കായി ആവശ്യമായ ഭേദഗതി വരുത്താമെന്ന് മന്ത്രി ഉറപ്പ് നല്‍കി. 

മൂന്നാര്‍ റിസോര്‍ട്ട് മാഫിയക്ക് അനുകൂലമായ തീരുമാനമുണ്ടായതും ഇതേ യോഗത്തിലാണ്. മൂന്നാര്‍ മേഖലയില്‍ 1964ലെ നിയമം അനുസരിച്ച് കാര്‍ഷിക ആവശ്യത്തിന് മാത്രമേ പട്ടയം നല്‍കാന്‍ പാടുള്ളുവെന്ന കാര്യം കലക്ടര്‍ അന്നത്തെ ചര്‍ച്ചയില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ടൂറിസം സാധ്യതയുള്ള മേഖലയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുന്നതിന് എന്‍.ഒ.സി നല്‍കുന്നത് സംബന്ധിച്ച് കൈക്കൊളളുന്നത് സംബന്ധിച്ച ശിപാര്‍ശ ലാന്റ് റവ്‌ന്യു കമ്മീഷണര്‍ മുഖേന സമര്‍പ്പിക്കാനാണ് മന്ത്രി അടൂര്‍ പ്രകാശ് നല്‍കിയ നിര്‍ദേശം. 

ഇടുക്കി ജില്ലയിലെ 1964 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരവും 1993 ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരവും വിതരണം ചെയ്യാനുള്ള പട്ടയങ്ങള്‍ സംബന്ധിച്ച് തടസങ്ങള്‍ അടിയന്തിരമായി നീക്കണമെന്നും പരമാവധി പട്ടയങ്ങള്‍ നവംബര്‍ ആദ്യവാരം വിതരണം ചെയ്യുന്നതിന് നടപടി ത്വരിതപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു. പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭേദഗതി 1964 ലെ ഭൂമി പതിവ് ചട്ടങ്ങളില്‍ വരുത്തണമെന്ന് ഈ യോഗത്തില്‍ കലക്ടര്‍ മന്ത്രിയോട് ചൂണ്ടിക്കാട്ടി. പട്ടയം നല്‍കുന്നതിനുളള വരുമാന പരിധി യഥാക്രമം 30,000-75,00 എന്നതില്‍നിന്ന് ഒരു ലക്ഷമാക്കാനും തീരുമാനമായത് ഈ യോഗത്തിലാണ്. സമയബന്ധിതമായി പട്ടയം നല്‍കുന്നതിന് ആവശ്യമായ ഫീല്‍ഡ് സ്റ്റാഫിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. 2800 പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്‌കെച്ചും മഹസറും തയ്യാറാക്കിയിട്ടുണ്ടെന്ന് സ്‌പെഷല്‍ തഹസില്‍ദാര്‍ യോഗത്തില്‍ വ്യക്തമാക്കി. പട്ടയത്തിനായി ലഭിച്ച അപേക്ഷകളുടെ എണ്ണത്തില്‍ അവ്യക്തയുണ്ടെന്ന് കലക്ടര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രി പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും നിര്‍ദേശം നല്‍കി. 2014 ഡിസംബര്‍ 31 വരെ അപേക്ഷകന്‍ നേരിട്ട് ഹാജരായി പുതിയ അപേക്ഷ നല്‍കാന്‍ പരസ്യം നല്‍കാനും മന്ത്രി കലക്ടറോട് ആവശ്യപ്പെട്ടു. പട്ടയ നടപടികള്‍ വേഗത്തിലാക്കാന്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റ് പ്രകാരം ആവശ്യമായ ജീവനക്കാരെ നിയമിക്കാനും നിര്‍ദേശിച്ചു. ഇടുക്കി ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി രൂപീകരിക്കുന്നത് വരെ പട്ടയവിതരണം സംബന്ധിച്ച ചുമതല ഉടുമ്പന്‍ചോല ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയെ ഏല്‍പ്പിക്കാനും യോഗം തീരുമാനിച്ചിരുന്നു. ഇതോടെ സര്‍ക്കാര്‍ ഉത്തരവിന്റെ പിന്നാമ്പുറ പ്രവര്‍ത്തനങ്ങളാണ് പുറത്താവുന്നത്.

നിവേദിത പി. ഹരന്റെ വട്ടവടം-കൊട്ടക്കമ്പൂര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മേശപ്പുറത്ത് എത്തിയിരുന്നു. ഈ  റിപ്പോര്‍ട്ട് തത്ത്വത്തില്‍ അംഗീകരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.  നിവേദിത പി ഹരന്റെ റിപ്പോര്‍ട്ട് വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങളെ പൂര്‍ണ്ണമായും ഒഴിപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടിനെ മറികടക്കാന്‍ വേണ്ടിയുള്ളതായിരുന്നു ഗവണ്‍മെന്റിന്റെ തിരക്കിട്ട ഭൂപതിവ് ചട്ട ഭേദഗതി. അതുകൊണ്ടു തന്നെ  സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികളൊന്നും നിവേദിയുടെ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യപ്പെടാത്തതിന്റെ കാരണമെന്താണ് എന്നും അന്വേഷിക്കപ്പെടേണ്ടതാണ്. 

ഇടുക്കി ജില്ലയിലെ പട്ടയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റെ മിനിട്‌സ്‌

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍