UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയ് മല്യയ്ക്ക് ഭൂമി ദാനം; ഉമ്മന്‍ ചാണ്ടി കളവ് പറയുന്നത് ആര്‍ക്ക് വേണ്ടി?

വിജയ് മല്യയ്ക്ക് എന്‍ ഇ ബല്‍റാം 1971ല്‍  ഭൂമി നല്‍കി എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെ എന്‍ ഇ ബല്‍റാമിന്റെ മകളും ജനയുഗം ഡെപ്യുട്ടി കോര്‍ഡിനേറ്റിംഗ് എഡിറ്ററുമായ ഗീതാ നസീര്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് അവര്‍ മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിച്ചത്. വ്യവസായ എസ്റ്റേറ്റുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി 1971ല്‍ പ്രീമിയര്‍ ബ്രെവരീസ് എന്ന കമ്പനിക്കാണ് ഭൂമി നല്‍കിയത് എന്നും, ആ കമ്പനിയെ പിന്നീട്‌ 1985ല്‍ കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് മല്യ ബലമായി പിടിച്ചെടുക്കുകയായിരുന്നു എന്നും ഗീതാനസീര്‍ തന്റെ ഫേസ്ബുക്ക്‌ കുറിപ്പില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, 

ഞാൻ എൻ ഇ ബലറാമിന്റെ മകൾ. വിജയ്‌ മല്യക്ക് 1971 ൽ അച്ഛൻ ഭൂമി നല്കി എന്ന പച്ചക്കള്ളം താങ്കൾ എന്തിനു വേണ്ടി പറഞ്ഞു? 1971ൽ വിജയ്‌ മല്യക്ക് പ്രായം 16. വ്യവസായ എസ്റ്റേറ്റുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി പ്രീമിയർ ബ്രെവരീസിന് ആണ് പാട്ടത്തിനു ഭൂമി നൽകിയത്. ആ കമ്പനിയെ 1985ൽ ബഹു കരുണാകരൻ മുഖ്യമന്ത്രിയും ഇ അഹമ്മദ് വ്യവസായ മന്ത്രിയുമായ കാലത്താണ് മല്യ ബലമായി കയ്യടക്കുന്നത്. പാട്ട കാലാവധി തീർന്ന ഒരു കമ്പനിയുടെ പേരിലുള്ള ഭൂമി ഒരു തഹസില്‍ദാർ താല്‍ക്കാലിക പട്ടയം നല്കി എന്നൊക്കെയുള്ള താങ്കളുടെ വാദം വല്ലാത്ത കൌശലം ആയിപ്പോയി. ബല്‍റാം ആരായിരുന്നു എന്ന് താങ്കള്ക്ക് നന്നായറിയാം. സി എം സ്റ്റീഫൻ , കെ കരുണാകരൻ തുടങ്ങിയവരു മായുള്ള തർക്കത്തിൽ പിന്തുണയ്ക്കായി ആന്റണി ,വയലാർ രവി, പി സി ചാക്കോ ,വി എം സുധീരൻ അടക്കമുള്ളവർ ഞങ്ങളുടെ വാടകവീട്ടിൽ പലപ്പോഴും വരുന്ന രംഗങ്ങൾ മനസ്സിലുണ്ട്. 

കേരള രാഷ്ട്രീയത്തിൽ സംശുദ്ധിയുടെ ആൾരൂപങ്ങളായ ബല്‍റാമിനെ പോലുള്ളവരെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്ശം നടത്തും മുൻപ് മേൽ പറഞ്ഞവരോടൊക്കെ ഒന്ന് അന്വേഷിക്കാമായിരുന്നു.എന്തിന്റെ പേരിൽ ആയാലും ആരുടെ ഉപദേശത്തിൽ ആയാലും ഇത്ര അസത്യങ്ങൾ വിളിച്ചു പറയും മുൻപ് ഒന്നോര്ക്കണം ആയിരുന്നു , രാഷ്ട്രീയ സന്യാസിയെ പോലെ ജീവിച്ച ആ നല്ല കമ്യുണിസ്റ്റുകാരന്റെ ഭാര്യ, ഞങ്ങളുടെ അമ്മ ഇപ്പോഴും രണ്ടു മുറിയുള്ള വാടക വീട്ടിൽ എന്റെ ഒപ്പം ജീവിക്കുന്നുണ്ടെന്ന്. വാര്ത്ത 83 വയസ്സായ അവരിൽ ഉണ്ടാക്കിയ നോവ്‌ ഇത്രയും എഴുതാൻ നിര്ബന്ധിതയാക്കി. ഒരു കമ്മ്യുണിസ്റ്റുകാരെന്റെ ജീവിത ശുദ്ധി താങ്കൾക്ക് മനസ്സിലാവില്ല. മറുപടി തരാൻ അച്ഛൻ വരില്ലല്ലോ..
 

ഖേദത്തോടെ ..
ഗീത നസീർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍