UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ എവിടെയാണ് ഭൂമിയുള്ളതെന്ന് രാജമാണിക്യം ചൂണ്ടിക്കാണിച്ചിരിക്കുന്നു; നടപ്പാക്കാന്‍ ധൈര്യമുണ്ടോ ഇടതുസര്‍ക്കാരിന്?

Avatar

ആര്‍ സുനില്‍

‘തോട്ടം മേഖലയില്‍ കമ്പനികള്‍ അനധികൃതമായി കൈവശം വയ്ക്കുന്ന സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനുമായി നിയോഗിച്ച സംസ്ഥാനതല സ്‌പെഷ്യല്‍ ഓഫിസര്‍ കഴിഞ്ഞ ജൂണ്‍ നാലിന് വിശദമായ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.’ – റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ രേഖാമൂലം (ഒക്ടോബര്‍ 27, ചോദ്യം- 4915) നല്‍കിയ മറുപടിയാണിത്. കേരളത്തിന്റെ സാമൂഹിക ചരിത്രത്തെ മാറ്റിമറിക്കാന്‍ കഴിയുന്ന ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമങ്ങള്‍ ഗൗരവത്തോടെ സമീപിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ നിസംഗത തുടരുകയാണ്. നിയമസഭയിലും റിപ്പോര്‍ട്ട് വെളിപ്പെടുത്തപ്പെട്ടിട്ടില്ല. രജിസ്ട്രേഷന്‍ വകുപ്പ് ഇന്‍സ്പക്ടര്‍ ജനറലും സര്‍വെ ഡയറക്ടറുമായ എം.ജി രാജമാണിക്യം ഐഎഎസ് ആയിരുന്നു സ്പെഷ്യല്‍ ഓഫീസര്‍. 

 

ബ്രാഹ്മണ ഊരായ്മയും നായര്‍ കാരായ്മയും ഈഴവ വെള്ളാള കുടിയായ്മയും ദലിതരുടെ അടിയായ്മയും അടക്കമുള്ള സാമൂഹിക സംവിധാനം നിലനിന്നിരുന്നു എന്നാണ് കേരളചരിത്രം പറയുന്നത്. ഭൂമിയുടെ ഉടമകളായിരുന്നു ഊരാളര്‍. എന്നാല്‍, ബ്രിട്ടീഷുകാര്‍ ഇവിടേക്ക് വരുമ്പോള്‍ തിരുവിതാംകൂറില്‍ രാജാക്കന്മാരായിരുന്നു ഭൂമിയുടെ ഉടമകള്‍. കേരളത്തിലെ ഊരാളരായിരുന്ന നമ്പൂതിരിമാര്‍ ബ്രാഹ്മണ ഗ്രാമങ്ങള്‍ക്ക് അകത്തിരുന്ന് രാജാക്കന്‍മാരെ നിയന്ത്രിച്ചിരുന്നതുപോലെ ചില വിദേശ കമ്പനികള്‍ ഇപ്പോഴും  ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് നക്കാപ്പിച്ച നല്‍കി കേരളത്തിലെ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയുടെ അധികാരം നിലനിര്‍ത്തിയിരിക്കുന്നു. ഇത് അവസാനിപ്പിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊന്നും താത്പ്പര്യമില്ല. സാധാരണ ജനങ്ങള്‍ ജീവിതദുരിതങ്ങളുടെ കയത്തിലകപ്പെട്ട് എന്തെങ്കിലും നിയമലംഘനം നടത്തിയാല്‍ കടുത്ത ശിക്ഷ വിധിക്കുന്നവര്‍ ഈ വിദേശികള്‍ക്കു മുന്നില്‍ നിശബ്ദരാണ്. നിയമം നിയമത്തിന്‍റെ വഴിക്കല്ല വിദേശികളുടെ താത്പ്പര്യത്തിന് അനുസരിച്ചാണ് സഞ്ചരിച്ചതെന്ന് കഴിഞ്ഞകാല ചരിത്രസംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. നിയമം മാറ്റിമറിക്കാനും സ്വന്തം പാതയിലൂടെ അതിനെ നയിക്കാനും ശേഷിയുള്ളവരാണവര്‍. നമ്മുടെ ലാന്‍ഡ് ബോര്‍ഡിന്റെ നിയന്ത്രണം ഇപ്പോഴും അവരുടെ ആശ്രിതരുടെ കൈയിലാണ്. ഭൂരഹിതര്‍ക്ക് മിച്ചഭൂമിക്ക് പട്ടയം നല്‍കിയപ്പോഴും അവര്‍ കൈനീട്ടി. അടിയന്തരാവസ്ഥക്കാലത്ത് തഹസീല്‍ദാരുടെ കൈയ്യൊപ്പ് അവര്‍ക്ക് ലഭിച്ചു. ഇതൊന്നും നിയമലംഘനമായി ആരും കണ്ടിരുന്നില്ല. സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന് അടച്ചിട്ടിരുന്ന ചില വാതിലുകള്‍ തുറക്കുകയാണ് രാജമാണിക്യം. അതു തുറന്നപ്പോള്‍ പുറത്തുവന്നത് മലയാളികളെ നടുക്കുന്നൊരു ഭൂതമാണ്. 

കൊളോണിയല്‍ ഭരണം
2013 ഏപ്രില്‍ 25ന് ഏഴു ജില്ലകളിലെയും 2015 ഡിസംബര്‍ 30ന് എല്ലാ ജില്ലകളിലേയും, സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാര്‍ കൈവശം വെച്ചിരുന്ന ഭൂമി സംബന്ധിച്ച് അന്വേഷിക്കാന്‍ രണ്ട് ഉത്തരവുകളിട്ടു. അതിന്റെ ഉടമസ്ഥത സംബന്ധിച്ച് പരിശോധിച്ച് സ്വാതന്ത്ര്യത്തിന് ശേഷം ആര്‍ക്കെല്ലാം ഈ ഭൂമി കൈമാറിയെന്നു കണ്ടെത്തുക, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ ആരെല്ലാം ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന് നിര്‍ണയിക്കുക, ഭൂമി കൈയ്യേറിയവരുടെ വാദങ്ങള്‍ കൂടി കേട്ടശേഷം നിയമപരമായി ഈ ഭൂമി എങ്ങനെ തിരിച്ചുപിടിക്കാമെന്ന് പഠനം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുക തുടങ്ങിയ ദൗത്യമാണ് പ്രത്യേക അധികാരം നല്‍കി രാജമാണിക്യത്തെ സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് ചരിത്രപരമായൊരു ചുമതലകൂടിയായി. ഒരു സാമൂഹിക ശാസ്ത്രജ്ഞന്റെ കരവിരുതോടെ അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു.

സര്‍ക്കാര്‍ ഭൂമി ഇപ്പോഴും ഇംഗ്ലീഷുകാരുടെയും ഇംഗ്ലണ്ടിലെ കമ്പനികളുടെയും കൈകളിലാണ്. രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യത്തെ കമ്പനിയുടെ അധിനിവേശം. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഈ കമ്പനികള്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് ഇംഗ്ലണ്ട് (കണ്‍സോളിഡേഷന്‍) നിയമം, 1908 അനുസരിച്ചാണ്. 1956-ലെ ഇന്ത്യന്‍ കമ്പനി നിയമം അനുസരിച്ചല്ല. മലയാളം റബ്ബര്‍ ആന്‍ഡ് പ്രെഡ്യൂസ് കമ്പനി (യു.കെ), മലയാളം പ്‌ളാന്റേഷന്‍സ് (യു.കെ) കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രോഡ്യൂസ് കമ്പനി (യു.കെ), ആംഗ്‌ളോ അമേരിക്കന്‍ കമ്പനി, ട്രാവന്‍കൂര്‍ റബ്ബര്‍ കമ്പനി, പീരുമേട് ടീ കമ്പനി തുടങ്ങിയവരുടെയല്ലാം രജിസ്‌ട്രേഷന്‍ ഇംഗ്‌ളണ്ടിലാണ്. ഭണഘടനയുടെ ആര്‍ട്ടിക്കിള്‍ 296 അനുസരിച്ച് വിദേശ കമ്പനിയുടെ ഈ രാജ്യത്തെ ഭൂമി ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. എന്നാല്‍, കേരളത്തിന്റെ ഭരണാധികാരികള്‍ ഇക്കാര്യം പരിഗണിച്ചില്ല. നിവേദിത പി. ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതതല കമ്മിറ്റി റിപ്പോര്‍ട്ടും ജസ്റ്റീസ് മനോഹരന്റെ നിയമ നിപ്പോര്‍ട്ടുമാണ് ഇക്കാര്യത്തില്‍ പുതുചിന്തക്ക് വിത്തിട്ടത്. പിന്നീട് ഹൈക്കോടതിയില്‍ അത് പബ്‌ളിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ഭട്ട് വാദിച്ചുറപ്പിച്ചു. സ്വതന്ത്ര ഇന്ത്യ രൂപം നല്‍കിയ നിയമങ്ങളായ വിദേശ നാണ്യവിനമയ നിയമം (ഫെറ)1973, കേരള ഭൂ സംരക്ഷണ നിയമം 1957, ഭൂപരിഷ്‌കരണനിയമം 1963, ഇന്ത്യന്‍ കമ്പനീസ് നിയമം 1956 എന്നിവയെല്ലാം വെല്ലുവിളിച്ചാണ് ഇവര്‍ പ്രവര്‍ത്തനം തുടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടിന്റെ കാതല്‍.

വിദേശകമ്പനികള്‍ക്ക് പാട്ടവ്യവസ്ഥയിലോ സൗജന്യമായോ ഗ്രാന്റായോ നല്‍കിയ ഭൂമിയെല്ലാം കേരള ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് സര്‍ക്കാരിന്റേതാണ്. നിയമത്തില്‍ വിദേശകമ്പനിക്ക് കുടിയാന്‍ എന്ന നിലയില്‍ യാതൊരു ഇളവും നല്‍കാന്‍ വ്യവസ്ഥയില്ല. ഭൂരഹതിരായ കേരളീയര്‍ക്ക് മാത്രമേ കെ.എല്‍.ആര്‍ നിയമം അനുസരിച്ച് ഭൂമി ലഭിക്കുകയുള്ളൂ. വിദേശകമ്പനി ഇതിന്റ പരിധിയില്‍ വരുന്നില്ല. വിദേശ കമ്പനി 1947, 1973 ഫെറ നിയമം അനുസരിച്ച് റിസര്‍വ് ബാങ്കില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. വിദേശകമ്പനി കുടിയാന്‍, കൃഷി ചെയ്യുന്ന കുടിയാന്‍ തുടങ്ങിയ നിര്‍വചനത്തിനകത്തല്ല. അതിന് പുറത്താണ്. ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ഇതുവരെ കോടതി വിധികളും പല ഉത്തരവുകളും വന്നത്. താലൂക്ക് ലാന്‍ഡ് ബോര്‍ഡ്, ഭൂമിയുടെ ഉടമസ്ഥന്റെ തലക്കെട്ടു പോലും നോക്കിയിട്ടില്ല. ലാന്‍ഡ് ട്രൈബ്യൂണലില്‍ ബ്രിട്ടീഷ് കമ്പനിയുടെ കൈമാറ്റ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. കമ്പനി അധികൃതര്‍ ഹാജരാക്കിയ പ്രമാണ രേഖകളില്‍ 1600/1923 വാട്ടര്‍മാര്‍ക്ക് ഇംഗ്‌ളീഷ് കമ്പനിയുടേതാണ്. തിരുവിതാംകൂര്‍ സര്‍ക്കാരിന്‍െ വാട്ടര്‍മാര്‍ക്ക് ഇല്ല. വെണ്ടറും കൈമാറ്റക്കാരനും ഇവിടെ ബ്രിട്ടീഷ് കമ്പനിതന്നെ. 1923-ലെ പ്രമാണത്തിന്റെ മൂലരേഖ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിദേശ കമ്പനിക്ക് ഭൂമി കൈാറ്റം നടത്തുന്നതിന് നിയമം അനുവദിക്കുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് രാജമാണിക്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

വിദേശ കമ്പനികള്‍ക്ക് കേരള മണ്ണില്‍ കാലുകുത്താന്‍ അവകാശമില്ലാത്തതിനാല്‍ നിയമപരമായി ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നാണ് രാജമാണിക്യത്തിന്റെ നിര്‍ദേശം. ഇവരുടെ ഭൂമി ഏറ്റെടുക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന ശുപാര്‍ശയാണ് അദ്ദേഹം മുന്നോട്ടു വെച്ചിരിക്കുന്നത്. ഭൂപരിഷ്‌കരണ നിയമത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട തോട്ടം മേഖലയില്‍ പൊളിച്ചെഴുത്തു വേണമെന്ന പട്ടികജാതി, പട്ടികവര്‍ഗ സംഘടകളുടെ ആവശ്യം തന്നെയാണ് രാജമാണിക്യവും സ്വീകരിക്കുന്നത്. അവര്‍ അതിന് രണ്ടാം ഭൂപരിഷ്‌കരണം എന്നാണ് പേരിട്ടതെന്ന് മാത്രം. രാജമാണിക്യം കേരള സാമൂഹിക ചരിത്രത്തില്‍ പുതിയൊരു പോരാട്ടത്തിന് നാന്ദി കുറിച്ചിരിക്കുകയാണ്. കേരളത്തിലെ ഭൂപരിഷ്‌കരണത്തെക്കുറിച്ച് ഇതുവരെ പറഞ്ഞ കഥകളൊക്കെ കളവായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതൊരു ചരിത്രരേഖയാണ്. ഒപ്പം നിയമങ്ങളിലെ വകുപ്പുകളും ഉപവകുപ്പുകളും അക്കമിട്ട് നിരത്തിയാണ് അദ്ദേഹം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. തിരുവിതാംകൂറില്‍ അയ്യങ്കാളിയുടെ കാലത്ത് പുതുവല്‍ ഭൂമി പതിച്ചുകിട്ടിയതുപോലെ സര്‍ക്കാരിന് വേണമെങ്കില്‍ കേരളത്തില്‍ പുതിയൊരു ഭൂപരിഷ്‌കരണത്തിന് തുടക്കം കുറിക്കാനുള്ള റിപ്പോര്‍ട്ടാണ് രാജമാണിക്യം തയ്യാറാക്കിത്. ഭൂരഹിതരും ദലിതരും ആദിവാസികളുമടങ്ങുന്ന സമൂഹത്തിന്റെ നിസ്സഹായമായ നിലവിളിയും റിപ്പോര്‍ട്ടില്‍ മുഴങ്ങുന്നുണ്ട്.

ടാറ്റയുടെ സ്വതന്ത്ര രാജ്യം
ടാറ്റയുടെ സ്വതന്ത്ര രാജ്യമായ കണ്ണന്‍ദേവന്‍ മലകളുടെ ചരിത്രം പരിശോധിച്ച് രാജമാണിക്യം എത്തിച്ചേര്‍ന്നത് തിരുവിതാംകൂറിലെ ഇടവകകളിലാണ്. കിളിമാന്നൂര്‍, ഇടപ്പള്ളി, വഞ്ഞിപ്പുഴ, പൂഞ്ഞാര്‍, പന്തളം എന്നിവയായിരുന്നു പ്രധാന ഇടവകകള്‍. കിളിമാന്നൂര്‍ ഒഴികെയുള്ള ഇടവകകള്‍ കൊല്ലവര്‍ഷം 904 (1729) നു മുമ്പ് സ്വതന്ത്ര നാടുവാഴികളായിരുന്നു. ആ ദേശങ്ങള്‍ വേണാടിനോട് ചേര്‍ത്തതു മൂലം അധികാര സ്ഥാനം നഷ്ടപ്പെട്ട ദേശാധിപതികള്‍ക്ക് കരമൊഴിവായി നല്‍കിയിട്ടുള്ള ഭൂമിയാണ് ഇടവക ഭൂമി. വേണാടു രാജകുടുംബവുമായി അടുപ്പമുണ്ടായിരുന്ന പൂഞ്ഞാര്‍ രാജകുടുംബത്തിന് പീരുമേട് താലൂക്കിലുള്ള പൂഞ്ഞാര്‍ പകുതിയിലുള്ള മുഴുവന്‍ ഭൂമിയും കരമൊഴിവായി നല്‍കിയിരുന്നു. അക്കാലത്ത് ഭൂമിയുടെ പതിയാണ് രാജാവ്. സാക്ഷാല്‍ ഭൂമിയുടെ അവകാശി. ഹരിഹര അയ്യര്‍ രേഖപ്പെടുത്തിയതനുസരിച്ച് രാജാവിന്റെ കാലത്തെ ഭൂ നിയമങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ട മൂന്നിനം ഭൂമിയുണ്ടായിരുന്നു. അതിലൊന്നാണ് കണ്ണന്‍ദേവന്‍. മലവാരത്തിലെ കാപ്പി, റബ്ബര്‍, തേയില, ഏലം മുതലായ തോട്ടങ്ങള്‍ പ്‌ളാന്‍േഷന്‍ എന്ന അടിസ്ഥാനത്തില്‍ ഭൂ നിയമങ്ങളില്‍നിന്നും ഒഴിവാക്കപ്പെട്ടതിനാല്‍ അവയ്ക്കാരു പ്രത്യേകതരം നിലനില്‍പ്പുണ്ടായിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവ കണ്ണന്‍ദേവന്‍ കമ്പനി വക ഭൂമിയും മണ്‍റോ ഐലന്റുമാണ്.

പൂഞ്ഞാര്‍ ഇടവകയുടെ വകയായിരുന്ന മീനച്ചില്‍ താലൂക്കിലെ കൊണ്ടൂര്‍ പകുതിയില്‍ പെട്ട ‘കണ്ണന്‍ദേവന്‍ അഞ്ചുനാട്ടുമല’ എന്നറിയപ്പെടുന്ന 227ച.മൈല്‍ (145280 ഏക്കര്‍) സ്ഥലം 5000 രൂപ രൊക്കം പറ്റിക്കൊണ്ടും ആണ്ടില്‍ 3000 രൂപ തറപ്പാട്ടം നല്‍കണമെന്ന വ്യവസ്ഥയിലും 1877 ജൂലൈ 11ലെ ഉടമ്പടി പ്രകാരം അന്നത്തെ പൂഞ്ഞാര്‍ ചീഫ് ജോണ്‍ ഡാനിയേല്‍ മണ്‍റോക്ക് പാട്ടത്തിന് നല്‍കി. എന്നാല്‍, പൂഞ്ഞാര്‍ രാജാവിന് ഭൂമിയുടെ മേല്‍ ജന്മാവകാശം ഉണ്ടായിരുന്നില്ല. യൂറോപ്യന്മാര്‍ക്ക് ഭൂമി നല്‍കുന്നതിന് സാമന്തന്മാര്‍ക്ക് തിരുവിതാംകൂറിന്റെ അനുമതി വേണ്ടിയിരുന്നു. അതിനാല്‍ ഉടമ്പടിയുടെ അംഗീകാരത്തിനായി മണ്‍റോ തിരുവിതാംകൂര്‍ രാജാവിനെയും സമീപിച്ചു. 1878 നവംമ്പര്‍ 28ന് തിരുവിതാംകൂര്‍ ഈ ഉടമ്പടി അംഗീകരിക്കുകയും ചെയ്തു. ഭൂമിയില്‍ എപ്പോഴെങ്കിലും ഖനികളോ മിനറല്‍സോ നാണയമോ കണ്ടാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം. അഞ്ചുനാടും കണ്ണന്‍ ദേവന്‍മലകളും തിരുവിതാംകൂറിന്‍ന്റെ അവിഭാജ്യ ഘടകമാണെന്ന് തിരുവിതാകൂര്‍ രാജവംശം 1899 സെപത്ംബര്‍ 29ന് രാജകീയ വിളംബരം നടത്തിയിരുന്നു. അതിനാല്‍ ഭൂമിയില്‍മേലുള്ള സര്‍വ അവകാശങ്ങളും തിരുവിതാംകൂര്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു. 1900-ല്‍ നോര്‍ത്ത് ട്രാവന്‍കൂര്‍ ലാന്‍ഡ് പ്‌ളാനിങ് ആന്റ് അഗ്രി കള്‍ച്ചര്‍ സൊസൈറ്റിക്ക് രൂപം നല്‍കി. അതോടൊപ്പം കണ്ണന്‍ദേവന്‍ ഹില്‍സ് പ്രോഡ്യൂസ് കോ ലിമറ്റഡും നിലവില്‍ വന്നു. 1936 ഏപ്രില്‍ ആറിന് ഈ കമ്പനി ആംഗ്ലോ അമേരിക്കന്‍ ടീ ട്രേഡിങ് കമ്പനിയായി. എല്ലാ കമ്പനികളുടെയും ആസ്ഥാനം യു.കെ ആയിരുന്നു. 1926 ഡിസംബറില്‍ ഇവരുടെ വിലാസം ഹെല്ലിനിക് ഹൗസ്, 8797 ബാത്ത് സ്ട്രീറ്റ്, ഗ്രസ്ഗൗ, ജി.2 2 ഇഎസ്, സ്‌കോട്ട്‌ലന്റ് എന്നായിരുന്നു.

1977 ഏപ്രില്‍ 18നാണ് 5250.60 ഏക്കര്‍ ഭൂമി ടാറ്റാ ഫിന്‍ലേ കമ്പനിക്ക് കൈമാറിയത്. ഈ കമ്പനി ഇന്ത്യന്‍ കമ്പനീസ് നിയമം 1956 അനുസരിച്ചുള്ളതാണ്. ദേവികുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 380/1977 നമ്പരിലായിരുന്നു കൈമാറ്റം നടത്തിയത്. അതാകട്ടെ  34.82 ലക്ഷം രൂപക്കുള്ള കച്ചവടവും. എന്നാല്‍ പണം കൈമാറിയിട്ടില്ല. അതേസമയം അഞ്ചു ശതമാനം പലിശക്ക് എട്ടു ലക്ഷം രൂപ വായ്പ തരപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അതേ ദിവസം തന്നെയാണ് കണ്ണന്‍ ദേവന്‍ കമ്പനി ടാറ്റക്ക് 95783 ഏക്കര്‍ ഭൂമി കൈമാറിയത്. ടാറ്റാ ഇന്ത്യന്‍ കമ്പനി ആക്ട് അനുസരിച്ച് രജിസ്ട്രര്‍ ചെയ്ത കമ്പനിയാണ്. 1.58 കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് 38 ലക്ഷം ഷെയറായി. ബാക്കി 1.19 കോടി വായ്പയായും നല്‍കി. അവിടെയും കൈമാറ്റത്തിന് പണമിടപാട് നടന്നിട്ടില്ല. ദേവികുളം സബ് രജിസ്ട്രാര്‍ ഓഫിസിലെ 1994ലെ മറ്റൊരു രേഖയനുസരിച്ച് ടാറ്റാ ഫിന്‍ലേ കമ്പനി വീണ്ടും പേരു മാറ്റി ടാറ്റ ടീ ലിമിറ്റഡ് എന്നാക്കി. 2005ല്‍ ടാറ്റാ മറ്റൊരു പാട്ടക്കരാര്‍ തയ്യാറാക്കി. കണ്ണന്‍ദേവന്‍ ഹില്‍സ് പ്‌ളാന്‍േറഷന്‍ പ്രൈവറ്റ് ലിമിറ്റഡ് 57250 ഏക്കര്‍ ടാറ്റാ ടീ ലിമിറ്റഡിന് കൈമാറ്റം ചെയ്തു. ഹാരിസണ്‍സും ഇതില്‍നിന്ന് ഭിന്നമല്ല.

സുപ്രീംകോടതിക്കും രക്ഷയില്ല
കോടതി വിധികളെ തലങ്ങും വിലങ്ങും ഉദ്ധരിക്കുന്നവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍. എന്നാല്‍, വിദേശ കമ്പനി നടത്തുന്ന കുടിലതന്ത്രവും പ്രവര്‍ത്തനവും കോടതി ചൂണ്ടിക്കാണിച്ചിട്ടും ആരും ശ്രദ്ധിച്ചില്ല. കണ്ണന്‍ ദേവന്‍ ഹില്‍സ് (തിരിച്ചുപിടിക്കല്‍) നിയമ (1971)ത്തെ ചോദ്യം ചെയ്താണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്. 100 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന, 18500 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പ്‌ളാന്‍േറഷനാണെന്നായിരുന്നു കമ്പനിയുടെ ആദ്യവാദം. കോടതി കമ്പനിയുടെ വാദങ്ങളെല്ലാം തള്ളി. ഭൂമി തിരുവിതാംകൂര്‍ സര്‍ക്കാരിന്റെതായിരുന്നുവെന്ന്‍ വിധിയെഴുതി. ആ ഭൂമി കൃഷിക്കായി, പ്‌ളാന്‍േറഷന്‍ നടത്തുന്നതിന് കൊടുത്തതാണ്. ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിരവധി മാന്വവല്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ.ഡി.എച്ചിനൊപ്പം കൊല്ലത്ത് മണ്‍റോത്തുരുത്തില്‍ 10 സ്‌ക്വയര്‍ മൈലും നല്‍കിയിട്ടുണ്ടെന്ന്‍ ചൂണ്ടിക്കാട്ടി. ഇതിപ്പോള്‍ സര്‍ക്കാരിന്‍േറതാണ്. കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട വില്ലേജിലും കുന്നത്തൂര്‍ താലൂക്കിലെ പടിഞ്ഞാറെ കല്ലട പെരിനാട് വില്ലേജുകളിലും പെട്ട കുറേ വയലുകളും പുരയിടങ്ങളും കോട്ടയം സെമിനാരിപള്ളിയുടെ ആവശ്യത്തിനായി അതിന്റെ തലവനായ മണ്‍റോയുമായി ഉണ്ടാക്കിയ ഉടമ്പടി അനുസരിച്ച് അന്നത്തെ ഭരണാധികാരി പാര്‍വതി ഭായിയാണ് പാട്ടത്തിന് നല്‍കിയത്. കല്ലടയാറ്റിന്റെ രണ്ടു കൈവഴികള്‍ക്കകത്തുള്ള ദ്വീപുപോലെ കിടക്കുന്ന സ്ഥലമാണ് മണ്‍റോ ഐലന്റ് എന്നറിയപ്പെട്ടത്. അതോടൊപ്പം കാര്‍ഷിക പരിഷ്‌കരണത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കേണ്ടെന്നും ഭൂമി സര്‍ക്കാരിന്‍റേതാണെന്നും കോടതി വ്യക്തമാക്കി. എന്നിട്ടും നമുക്ക് മുന്നോട്ടു പോകാനായില്ല.

ഹാരിസണ്‍സിന്റ കുടിയായ്മവാദം
ഹാരിസണ്‍സ് ഉന്നയിക്കുന്നതാകട്ടെ ദയനീയമായ വാദമുഖമാണ്. ഒരുവശത്ത് അവര്‍ പറയുന്നത് അവര്‍ ഭൂമിയിലെ കൃഷിക്കാരായ കുടിയാന്‍ എന്നാണ്. കേരള ഭൂപരിഷ്‌കരണ നിയമം (കെ.എല്‍.ആര്‍) നിയമത്തിലെ സെക്ഷന്‍ 13 അനുസരിച്ച് അവര്‍ക്ക് ഭൂമിയില്‍ അവകാശമുണ്ടെന്നാണ് വാദം. മറുവശത്താകട്ടെ ഭൂമിക്കുമേല്‍ അവകാശവും അധികാരവും അവര്‍ക്കുണ്ടെന്നാണ്. ജന്മിത്വത്തിന് കീഴില്‍ ജന്മിയുടെ മണ്ണില്‍ പണിയെടുക്കുന്നവര്‍ മാത്രമായിരുന്നു കുടിയാന്മാര്‍. കേരളത്തില്‍ നിലനിന്ന കുടിയായ്മ അതായിരുന്നു. ഒരേ സമയം ഇരട്ട വേഷത്തിലാണ് ഹാരിസണ്‍സിന്റെ അഭിനയം. ഒരുഭാഗത്ത് അവര്‍ കൃഷിക്കാരന്റെ ഒറ്റമുണ്ടും കുട്ടിത്തോര്‍ത്തുമായി പ്രത്യക്ഷപ്പെടുന്നു. അതേ രംഗത്ത് ജന്മിത്വത്തിന്റെ അധികാര വേഷത്തിലുമാണ്. ഇതവര്‍ മന:പൂര്‍വം നടത്തുന്ന അഭിനയമാണ്. ജന്മനാ ലഭിക്കുന്നതാണ് ജന്മാവകാശം. ആ അര്‍ഥത്തിലാണ് ചിലരെ ജന്മിമാരെന്നു വിളിച്ചത്. വിദേശീയര്‍ ഈ അര്‍ഥത്തില്‍ ഇവിടുത്തെ ജന്മിമാരാവില്ല.

കുടിയാന്മാര്‍ക്ക് കുടിയായ്മാ സ്ഥിരതയ്ക്കുള്ള അവകാശത്തെക്കുറിച്ച് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘ഏതെങ്കിലും നിയമത്തിലോ നാട്ടാചാരത്തിലോ കീഴ്‌നടപ്പിലോ, കരാറിലോ അല്ലെങ്കില്‍ കോടതിയുടെ ഏതെങ്കിലും ഡിക്രിയിലോ ഉത്തരവിലോ വിപരീതമായി എന്തുതന്നെ അടങ്ങിയിരുന്നാലും ഏതൊരു കുടിയാനും തന്റെ കൈവശ ഭൂമിയുടെ കാര്യത്തില്‍ കുടിയായ്മ സ്ഥിരത ഉണ്ടായിരിക്കുന്നതും കൈവശഭൂമിയില്‍ നിന്നും യാതൊരു ഭൂമിയും 14 മുതല്‍ 22 വരെ വകുപ്പുകളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരം വീണ്ടടുക്കാന്‍ പാടില്ലാത്തതുമാണ്.’ നിയമത്തിന്റ ഈ പരിരക്ഷ ലഭിക്കാനാണ് അവര്‍ കുടിയാന്‍ വേഷം കെട്ടിയത്. കുടിയാന്‍ എന്ന വാക്കിന് അര്‍ഥം ‘കുടിയില്‍ താമസിക്കുന്നവന്‍’ എന്നാണ്. താമസിക്കാന്‍ വീടില്ലാത്ത അടിമയില്‍നിന്ന് വ്യത്യസ്തനായവനെന്നര്‍ഥം. കുടിയിരുപ്പുകാരന്‍ എന്ന നിലയില്‍ കൃഷിക്കാരനാണ്. അതുപോലെ ജന്മിയുടെ ഭൂമിയില്‍ പണിയെടുക്കുന്നവരാണ് കുടിയാന്മാര്‍. ഭൂമിക്കുമേല്‍ അവകാശമില്ലാത്ത കര്‍ഷകരാണിവര്‍. അതേസമയം കര്‍ഷകരുടെ കുടുംബത്തിന് ഭൂമി കൈവശം വെക്കുന്നതിന് പരിധിയുണ്ട്.

വിദേശ കമ്പനിയില്‍നിന്ന് 1970 ജനുവരി ഒന്നിന് മുമ്പ് വിലയാധാരം വാങ്ങിയതിന്റെ പ്രമാണം ഇവരുടെ കൈവശമില്ല. അങ്ങനെ വാങ്ങിയിട്ടില്ലെങ്കില്‍ രണ്ടുവര്‍ഷത്തിനകം പണം നല്‍കി സര്‍ക്കാരില്‍ നിന്നു വാങ്ങണം. അതും ഉണ്ടായിട്ടില്ല. മറുവശത്ത് ഭൂമിക്കു മേല്‍ അധികാരമുള്ളവരായിരുന്നുവെന്നാണ്. ഒരേസമയം കൃഷിക്കാരും ജന്മിയുമായി തിരുവിതാകൂറില്‍ ഒരാള്‍ ഉണ്ടായിരുന്നില്ല. അവരുടെ വാദം അംഗീകരിച്ചാല്‍ അങ്ങനെയുള്ള അസാധാരണ പ്രതിഭാസമാണ് ഹാരിസണ്‍സ്. അവര്‍ ഇവിടുത്തെ ജന്മിയുമല്ല കുടിയാനുമല്ല.

രേഖയില്ലാതെ ഭൂമി കൈയേറിയിട്ടുള്ള ആരില്‍നിന്നും ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിയമത്തിലെ 86- ാം വകുപ്പില്‍ മിച്ചഭൂമികള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി കുടിയാന്‍ എന്ന പദം ഉപയോഗിച്ചതുകൊണ്ട് കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയിലാണ്. പ്രമാണ രേഖകളും അനുമതിയുമില്ലാത്ത കൈയ്യേറ്റം ഒഴിപ്പിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടന്നാണ് നിയമം അനുശാസിക്കുന്നതെന്ന്‍ രാജമാണിക്യം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. നിയമം അനുസരിച്ച് 1970 ജനുവരി ഒന്നിന് മുമ്പ് ഭൂമി വിലയാധാരം വാങ്ങിയതിന് തെളിവ് വേണം. ഇല്ലെങ്കില്‍ രണ്ടു വര്‍ഷത്തിനകം പണംകൊടുത്ത് ഭൂമിവാങ്ങിയിരിക്കണം. വിദേശകമ്പനിക്ക് ഇവിടുത്തെ ജന്മിയോ കുടിയാനോ ആവാന്‍ നിയമപരമായ അവകാശമില്ല. വിശ്വാസ യോഗ്യമായ പ്രമാണരേഖകളൊന്നുമില്ലാതെ ഭൂമി കയ്യേറിയവരില്‍ നിന്ന് അത് തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് രാജമാണിക്യത്തിന്റെ നിര്‍ദേശം. 

ഫെറയെ മറികടക്കാനാവില്ല
വിദേശ കമ്പനികള്‍ക്ക് രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയ നിയമാണ് ഫെറ (വിദേശ നാണ്യവിനിമയ നിയമം 1973). ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഓരാള്‍ വേറെ സിറ്റിസണ്‍ ആണെങ്കില്‍ ഇന്ത്യയില്‍ നിലവിലുള്ള നിയമം അനുസരിച്ച് റിസര്‍വ് ബാങ്കിന്റെ പ്രത്യോകനുമതിയില്ലാതെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാവില്ല. അങ്ങനെ വരുമ്പോള്‍ വിദേശ കമ്പനികള്‍ കേരളത്തില്‍ എങ്ങനെയാണ് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചുവെന്ന ചോദ്യമാണ് രാജമാണിക്യം ഉന്നയിക്കുന്നത്.

രാജ്യത്താകെ നടപ്പാക്കിയൊരു നിയമം കേരളത്തിലെ ചില കമ്പനികള്‍ക്ക് ബാധകമല്ലെന്ന് കോടതിക്കും പറയാനാവില്ല. ഫെറ ഇവര്‍ ലംഘിച്ചിരിക്കുകയാണ്. ലാന്‍ഡ് ട്രൈബ്യൂണല്‍ നിയമങ്ങളെല്ലാം അട്ടിമറിച്ചാണ് ഇവര്‍ക്ക് സൗകര്യം നല്‍കിയത്. ഹാരിസണ്‍സ് കോട്ടയം സ്‌പെഷ്യല്‍ മുന്‍സിഫ് ലാന്‍ഡ് ട്രൈബ്യൂണലില്‍നിന്ന് 1976 സെപ്തംബര്‍ 30ന് വാങ്ങല്‍ (ക്രയവിക്രയ) സര്‍ട്ടിക്കറ്റ് ലഭിച്ചിരുന്നു. 1963ലെ കെ.എല്‍.ആര്‍ നിയമം നിയമത്തിലെ സെക്ഷന്‍72 അനുസരിച്ച് നേടിയ 3062/1976 നമ്പര്‍ സര്‍ട്ടിഫിക്കറ്റാണ്. അതാകട്ടെ ഇംഗ്‌ളീഷ് കമ്പനീസ് ആക്ട് അനുസരിച്ച് 1908-ല്‍ രജിസ് റ്റര്‍ ചെയ്ത ലണ്ടനിലെ ഗ്രേറ്റ് വാര്‍ ട്രീസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം പ്‌ളാന്റേഷന്‍സ് (യു.കെ) യാണ്. ഇവരെ കേരളത്തിലെ കുടിയാനായി കണക്കാക്കാന്‍ നിയമം അനുവദിക്കുന്നുണ്ടോ? മാത്രമല്ല കമ്പനീസ് നിയമം 1956 അനുസരിച്ച് കേരളത്തില്‍ കുടിയാനായി വിദേശകമ്പനിക്ക് തുടരാന്‍ കഴിയില്ല. ഇവിടെ ലാന്‍ഡ് ട്രൈബ്യൂണല്‍ ഭൂപരിധിനിയമം ലംഘിച്ചാണ് വാങ്ങല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നിയമത്തിലെ സെക്ഷന്‍53 (രണ്ടും) 72 ബി(എ)യും (ബി)യും മറികടന്നാണ് 763 ഏക്കര്‍ ട്രൈബ്യൂണല്‍ നിയമവിരുദ്ധമായി പതിച്ചു നല്‍കിയത്.

സെക്ഷന്‍ 53 (രണ്ട്) അനുസരിച്ച് നടപ്പുകുടിയാന് പരമാവധി വ്‌സ്തീര്‍ണത്തില്‍ കുറയാത്ത ഭൂമി സ്വന്തമായുണ്ടെങ്കില്‍ വകുപ്പ് പ്രകാരം ഭൂമി സംബന്ധിച്ച് യാതൊരു അവകാശവും ഉടമാവകാശവും അവകാശ ബന്ധവും വിലക്ക് വാങ്ങാന്‍ അവകാശമില്ല. ഇതിന് സമാനമായി സെക്ഷന്‍ 72(ബി)ല്‍ പരാമാവധി വിസ്തീര്‍ണത്തില്‍ കൂടുതല്‍ ഭൂമി സ്വന്തമായിട്ടുണ്ടെങ്കില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട ഭൂമി പതിച്ചുകിട്ടില്ല.

നിയമത്തില്‍ ഇതെല്ലാം വിശദീകരിച്ചിരിക്കുന്നത് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന കേരളത്തിലെ കുടിയാനെ കുറിച്ചാണ്. ബ്രിട്ടന്റെ ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടിയല്ല.

ഭൂമാപ്പ് തയ്യാറാക്കിയത് വിദേശത്ത്
ലാന്‍ഡ് റവന്യു ആന്റ് ഇകംടാക്‌സ് കമ്മീഷണര്‍ ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ സെന്‍ട്രല്‍ സര്‍വേ ഓഫീസില്‍ ലഭ്യമായ എസ്റ്റേറ്റ് മാപ്പ്, ബ്രിട്ടീഷ് കമ്പനി നിയോഗിച്ച ഏജന്‍സി തയ്യാറാക്കിയതാണ്. മലയാളം പ്‌ളാന്റേഷന്‍, കെ.ഡി.എച്ച്.പി കമ്പനി, ആംഗ്‌ളോ അമേരിക്കന്‍ കമ്പനി, പീരുമേട് ടീ കമ്പനി, ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ കമ്പനി, ഈസ് റ്റ് ഇന്ത്യ ടീ കമ്പനി തുടങ്ങിയവരുടെയെല്ലാം ഭൂമിയുടെ മാപ്പ് തയ്യാറാക്കിയത് സര്‍ക്കാര്‍ സര്‍വേ ഉദ്യോഗസ്ഥരല്ല. എന്നാല്‍, ഔദ്യോഗിക മാപ്പ് എന്ന നിലയിലാണ് ഇത് ഉപയോഗിക്കുന്നത്. നിയമവിരുദ്ധമായ ഈ മാപ്പാണ് ഭൂമിക്കുമേല്‍ അവകാശമുണ്ടെന്നു സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കോടതിക്ക് മുന്നിലും അവര്‍ ഹാജരാക്കുന്നത്.

മലബാര്‍, കൊച്ചിന്‍, തിരുവിതാംകൂര്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെങ്കിലും കേന്ദ്ര സര്‍വേ അതോറിറ്റി അത് ഒദ്യോഗിക മാപ്പാക്കി. സിലോണ്‍ ലൈസന്‍സുള്ള സര്‍വേയര്‍മാര്‍ വിദേശ കമ്പനിയുടെ ഏജന്റുമാരായിരുന്നു. അതാകട്ടെ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അനുമതിയാല്ലാതെ നടത്തിയ സര്‍വേ പ്രവര്‍ത്തനമാണ്. ഇത്തരത്തിലാണ് 1600/1923 എസ്.ആര്‍.ഒ കൊല്ലം തെറ്റായ സര്‍വേ നമ്പരില്‍ പ്രമാണം തയ്യാറാക്കിയത്. പഴയ പത്തനാപുരത്ത് അളന്നു തിട്ടപ്പെടുത്താതെ 10 സ്‌ക്വയര്‍ മൈല്‍ നല്‍കി. പാട്ടക്കരാര്‍ ഉണ്ടാക്കുന്നത് നിശ്ചിത വര്‍ഷത്തിലേക്കാണ്. കലാവധി കഴിയുമ്പോള്‍ പാട്ടം ഒഴിയണം. പാട്ടവ്യവസ്ഥകള്‍ ലംഘിച്ചാല്‍ കരാര്‍ ദദ്ദാക്കുകയും ചെയ്യണം. എന്നാല്‍,  ലാന്‍ഡ്‌ബോര്‍ഡ് ഇക്കാര്യത്തില്‍ ഒരു നിയമനടപടിയും സ്വീകരിച്ചിട്ടില്ല.

ഭൂമി സര്‍ക്കാരിന്‍േറതാണ്
കേരള ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയോ ഹാരിസണ്‍സോ ഭൂരഹിതനായ കുടിയാനല്ല. അതേസമയം കമ്പനികള്‍ നടത്തിയ ശുദ്ധ തട്ടിപ്പും സര്‍ക്കാരിന് അംഗീകരിക്കാനാവില്ല. ഹാരിസണ്‍സിന് ലാന്‍ഡ് ട്രൈബ്യൂണല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റാകട്ടെ നിയമപരമായി നിലനില്‍ക്കില്ല. നിയമത്തിലെ സെക്ഷന്‍ 74-ല്‍ കുടിയായ്മ സംബന്ധിച്ച് വിശദീകരിച്ചിട്ടുണ്ട്. അതനുസരിച്ച് ‘നിയമം നടപ്പാക്കിയതിനുശേഷം യാതൊരു ഭൂമി സംബന്ധിച്ചും യാതൊരു കുടിയായ്മയും സൃഷ്ടിക്കാന്‍ പാടുള്ളതല്ല’. അങ്ങനെ വ്യവസ്ഥകള്‍ ലംഘിച്ച് സൃഷ്ടിക്കുന്ന കുടിയായ്മ അസാധുവാണെന്നും നിയമത്തിന്റെ അതേ ഭാഗത്ത് (രണ്ടാം ഭാഗം) ചൂണ്ടിക്കാണിക്കുന്നുണ്ട്. നടപ്പുകുടിയാന്മാര്‍ക്ക് പതിച്ചു കിട്ടാനുള്ള അവകാശത്തെക്കുറിച്ചാണ് നിയമത്തിലെ 72- ാം സെക്ഷനില്‍ വിശദീകരിക്കുന്നത്. ഇതിലെ ബി(3)ല്‍ ഭൂമി പതിച്ചു കിട്ടാന്‍ അവകാശമുള്ള കുടിയാന്‍, ഭൂമിയുടെ അധികാരമുള്ള പ്രദേശത്തെ ലാന്‍ഡ് ട്രൈബ്യൂണലില്‍ ഉടമാവകാശം സര്‍ക്കാരില്‍ നക്ഷിപ്തമാവുന്ന തീയതി മുതല്‍ രണ്ടു വര്‍ഷത്തിനകം അപേക്ഷ ബോധിപ്പിക്കണമെന്നാണ്. ഇതിനുള്ള അവസാന തീയതിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 1970 ജനുവരി ഒന്നാണ്. ഇനി അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ പരാതി ലഭിക്കാതെ തന്നെ സര്‍ക്കാരിന് സ്വമേധായ കേസെടുക്കാവുന്നതുമാണ്.

ക്രയവിക്രയത്തെക്കുറിച്ചും കെ.എല്‍.ആര്‍ നിയമത്തിലെ സെക്ഷന്‍ 85(3) ല്‍ വിശദീകരിച്ചിട്ടുണ്ട്. അതനുസരിച്ച് ‘കുടിയാനെന്ന നിലയില്‍ കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി വീണ്ടെടുക്കുന്നത് സംബന്ധിച്ച അവകാശ വാദങ്ങള്‍ അവസാനമായി തീരുമാനിച്ച ശേഷം അങ്ങനെയുള്ള ആള്‍ പരമാവധി വിസ്തീര്‍ണത്തില്‍ കൂടുതല്‍ ഭൂമി കെവശം വെച്ചിരിക്കുകയോ അല്ലെങ്കില്‍ ഒരാളുടെ ഉടമയിലുള്ള ഭൂമിയെ സംബന്ധിച്ച് ഭൂവുടമയുടെയും മധ്യവര്‍ത്തിയുടെയും അവകാശവും ഉടമാവകാശവും അവകാശബന്ധവും നടപ്പുകുടിയാന്‍ വിലക്കു വാങ്ങിയ ശേഷം അങ്ങനെയുള്ള ആള്‍ പരാമാവധി വിസ്തീര്‍ണത്തില്‍ കൂടുതല്‍ ഭൂമി ഉടമയായി വെച്ചിരിക്കുകയോ ചെയ്യുന്ന പക്ഷം കൂടുതലുള്ള ഭൂമി വിട്ടുകൊടുക്കേണ്ടതാണ്’. ഭൂപരിധിയില്‍ കൂടുതല്‍ ഭൂമിയുള്ളത് തീര്‍ച്ചയായും സര്‍ക്കാരിന് നല്‍കേണ്ടതാണെന് നിയമം നിര്‍ദേശിക്കുന്നു. അതോടൊപ്പം 85(3)ല്‍ ‘ഭൂമിയുടെ സ്ഥാനം, വിസ്തീര്‍ണം, നിര്‍ണയിക്കപ്പെടാവുന്ന മറ്റ് വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ സ്റ്റേറ്റ്‌മെന്റ് ലാന്‍ഡ്‌ബോര്‍ഡിന് നല്‍കേണ്ടതാണ്. താലൂക്ക് ലാന്‍ഡ്‌ ബോര്‍ഡിലേക്ക് അത് കൈമാറുകയും ചെയ്യണം’. എന്നാല്‍ ഹാരിസണ്‍സിന്റെ കാര്യത്തില്‍ കമ്പനിക്ക് ലഭിച്ച ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് നിയമ സാധുതയില്ലാത്ത രേഖയായിരുന്നു. അതിനെ തെളിവായി സ്വീകരിക്കാന്‍ കഴിയില്ല. അതിനാല്‍ നിയമവിരുദ്ധമായി ലാന്‍ഡ് ബോര്‍ഡ് കമ്പനിക്ക് നല്‍കിയ പ്രമാണ രേഖ തള്ളിക്കളയണമെന്നാണ് രാജമാണിക്യം റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. കെ.എല്‍.ആര്‍. നിയമത്തിലെ 72(1) അനുസരിച്ച്  കുടിയായ്മ സ്ഥിരതക്ക് അവകാശമുള്ള കുടിയാന്മാര്‍ കൈവശം വെച്ചിട്ടുള്ള ഭൂമി ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലാത്ത കൈവശഭൂമികള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. മാത്രമല്ല നിയമത്തിലെ സെക്ഷന്‍ 86 അനുസരിച്ച് നിയമപരമല്ലാതെ കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കേണ്ടതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ഇത് കണ്ടുപിടിച്ച് തിരിച്ചു പിടിക്കേണ്ടത്. ഇത്തരം കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വവുമാണ്.

കമ്പനിയുടെ പൊളിയുന്ന വാദങ്ങള്‍
ഭൂമിയെല്ലാം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് സമര്‍ഥിക്കാന്‍ ഹാരിസണ്‍സ് കാട്ടിയിരുന്നത് കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 1923ല്‍ രജിസ്റ്റര്‍ ചെയ്തതായി അവകാശപ്പെടുന്ന 1600/1923 നമ്പര്‍ ആധാരമായിരുന്നു. അത് പൂര്‍ണമായും വ്യാജമായി നിര്‍മ്മിച്ചതാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. സ്‌പെഷ്യല്‍ ഓഫിസറുടെ അന്വേഷണ പരിധിയില്‍ ഇത്തരം വിഷയങ്ങള്‍ ഇല്ലെന്നായിരുന്നു കമ്പനിയുടെ ഒടുവിലത്തെ വാദം. അധികാരം ഉണ്ടോ എന്നു ചോദിക്കുന്നതിനപ്പുറം ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് പ്രമാണ രേഖയുണ്ടെങ്കില്‍ ഹാജരാക്കുകയാണ് വേണ്ടതെന്നാണ് രാജമാണിക്യത്തിന്റെ മറുപടി.

വിദേശകമ്പനി ഇന്ത്യയില്‍ രജിസ്ട്രര്‍ ചെയ്തുവെന്നതിന് തെളിവില്ല. അവര്‍ കേരളത്തില്‍ പരിധിയില്ലാതെ ഭൂമി നിലനിര്‍ത്തിയതെങ്ങനെ? ഇംഗ്‌ളണ്ടിലെ കമ്പനി ഇന്ത്യയില്‍ എങ്ങനെ സ്വത്ത്‌ നിലനിര്‍ത്തിയെന്ന് വിശദീകരിക്കണം. പ്രമാണ രേഖകളുടെ പിന്‍ബലമുണ്ടെങ്കില്‍ അത് ഹാജരാക്കി കര്‍ഷക കുടിയാനാണെന്ന് തെളിയിക്കണം. നിയമപരമായി സാധുതയില്ലാത്ത സര്‍ട്ടിക്കറ്റുകള്‍ ഹാജരാക്കിയിട്ട് കാര്യമില്ല. പ്രമാണം ഉണ്ടെങ്കില്‍ അത് കര്‍ഷക കുടിയാന് ലഭിച്ചതാണോ? നിയമങ്ങളെല്ലാം അട്ടിമറിച്ചാണോ ഇതെല്ലാം നിലനിര്‍ത്തിയത്? കേരളത്തിന്റെ സമ്പത്ത് വിദേശി കൊള്ള നടത്തിയതിന്റെ ചരിത്രവും അതിന് കങ്കാണിപ്പണിചെയ്ത രാഷ്ട്രീയക്കാരുടെ സ്‌നേഹവുമാണ് റിപ്പോര്‍ട്ട് തുറന്നു കാട്ടുന്നത്. ഏതെല്ലാം വകുപ്പ് പറഞ്ഞാലും വിദേശ കമ്പനികളുടെ കൈയിലുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാരിന്റെ കൈയിലത്തെണം. വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ഭൂമി അവരുടെ കൈവശത്തിലാക്കിയെന്നതിന് ശക്തമായ തെളിവ് പുറത്തുവന്നിട്ടും സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയും കോടതികളെ കബളിപ്പിച്ചും ഭൂമിക്കുമേലുള്ള അധികാരം നിലനിര്‍ത്താനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. കേരളത്തില്‍ മാത്രമാണ് ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയിട്ടുള്ളത്. എന്നാല്‍ കേരളത്തിലെ ഭരണാധികാരികള്‍ക്ക് ഇക്കാര്യം ഇന്നും മനസിലായിട്ടില്ല. ഇവരുടെ ചില്ലമേടയിലേക്ക് പബ്‌ളിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍.ഭട്ട് വലിയൊരു കല്ല് വലിച്ചറിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ, യുഡിഎഫ് നിയമിച്ചയാള്‍ എന്ന നിലയില്‍ സുശീല ഭട്ടിനെ നീക്കി.

ഇപ്പോള്‍ രാജമാണിക്യം അതിനേക്കാള്‍ മാരകമായ ബോംബാണ് വലിച്ചറിഞ്ഞത്. നിയമം നടപ്പാക്കേണ്ടവര്‍ ഇതുവരെ അതിനുവേണ്ടി പ്രവര്‍ത്തിച്ചില്ലെന്ന് ആ റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു. പലരും മറന്നുപോയ നിയമത്തിന്റെ ശക്തിയാണ് ആ പേനയെ ചലിപ്പിച്ചത്. അതാകട്ടെ പ്രമാണ രേഖകളുടെ പിന്‍ബലത്താലാണ് പുതുവഴി വെട്ടിയത്. ചരിത്രകാരന്റെ കരവിരുതോടെ തിരുവിതാംകൂര്‍ സേറ്റേറ്റ് മാന്വവല്‍ മുതലുള്ള ഗ്രന്ഥങ്ങളും ഭൂനിയമങ്ങളും അക്കമിട്ട് നിരത്തി. നിയമത്തിന്റെ സര്‍വ പഴുതുകളും അടച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിനെ മറികടക്കുന്നതിന് രാഷ്ട്രീയ നേതൃത്വത്തിന് താത്പ്പര്യം ഉണ്ടാവാം. എന്നാല്‍ ജനങ്ങള്‍ ഈ റിപ്പോര്‍ട്ടിനുവേണ്ടി രംഗത്തിറങ്ങിയാല്‍ ചരിത്രത്തെ മാറ്റി മറിക്കാന്‍ കഴിയും. ഭൂമി ലഭിക്കുകയെന്നത് മൗലിക അവകാശമാണ്. അതൊരു നിയമാവകാശവുമാണെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മപ്പെടുത്തുന്നു. 

ഭൂപരിഷ്‌കണത്തില്‍ ഭേദഗതി 
കഴിഞ്ഞ സര്‍ക്കാര്‍ ‘ഭൂരഹിതരില്ലാത്ത കേരളം പദ്ധതി’ പ്രഖ്യാപിച്ചിട്ടും കേരളത്തിലെ ഭൂരാഹിത്യത്തിന്റെ സംഖ്യബലത്തിന് യാതൊരു  ഇളക്കവും സംഭവിച്ചില്ല. പദ്ധതി കടലാസിലൊതുങ്ങിയപ്പോഴാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. ‘എല്ലാ സ്വകാര്യ എസ്റ്റേറ്റുകളെയും ഭൂപരിധിക്കുള്ളിലേക്ക് കൊണ്ടുവന്ന് ഇവരുടെ അധികഭൂമി ഭൂരഹിത കര്‍ഷകര്‍ക്ക് വിതരണം ചെയ്യണം. ബ്രിട്ടീഷ് കമ്പനികളും മറ്റുള്ളവരും നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഭൂമി കൂടി ഏറ്റെടുന്നതിക്കുന്നതിന് ഭൂപരിഷ്‌കരണനിയമം ഭേദഗതി ചെയ്യണ’മെന്നാണ് രാജമാണിക്യത്തിന്റെ മുഖ്യനിര്‍ദേശം. കണ്ണന്‍ദേവന്‍ ഹില്‍സ് (തിരിച്ചു പിടിക്കല്‍) നിയമം 1971 അതിന്റെ യാഥാര്‍ഥ അര്‍ത്ഥത്തില്‍ നടപ്പാക്കണം. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കണം. അതേസമയം അടിസ്ഥാന സൗകര്യവികസനത്തിനും വ്യവസായ പദ്ധതികള്‍ക്കും പുതുപദ്ധതികള്‍ക്കും ഉപയോഗിക്കാം. അത് ആഴത്തിലുള്ളൊരു രാഷ്ട്രീയ പ്രക്രിയയാണ്. സാമൂഹിക സാമ്പത്തികരംഗത്ത് വലിയ മാറ്റമാവും. ഗ്രാമീണ ദാരിദ്ര്യം ഇല്ലാതാക്കാം. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താം. പാര്‍ശ്വല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാം. സാമ്പത്തിക രാഷ്ട്രീയ അധികാരത്തിനായുള്ള സംഘര്‍ഷം ലഘൂകരിക്കാം. കാര്‍ഷികോല്‍പ്പാദനവും തൊഴിലും വര്‍ദ്ധിക്കും. സാമ്പത്തികമായി അസമത്വം കുറക്കാം. ജനങ്ങളുടെ വരുമാനം ഉയര്‍ത്താം.അതിനാല്‍ നിയമ ഭേഗതിക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നാണ് രാജമാണിക്യത്തിന്റെ നിര്‍ദേശം. ഉത്തരേന്ത്യയില്‍ സെമീന്ദാരി വ്യവസ്ഥയില്‍ പാവങ്ങളായ ഗ്രാമീണ കര്‍ഷകര്‍ ജന്മികളുടെ ചൂഷണത്തിന്റെ ഇരകളായിരുന്നു. നിരവധിയായ ഭൂപരിഷ്കരണത്തിലൂടെയാണ് സെമീന്ദാരി വ്യവസ്ഥ ഇല്ലാതാക്കിയതെന്നും അദ്ദേഹം കുറിച്ചിട്ടു.

ലോകത്തിലെ ഏറ്റവും വലിയ തോട്ടമാണ് കണ്ണന്‍ദേവന്‍. തോട്ടത്തിനായി വിദേശികളുടെ കോടാലി വീഴുമ്പോള്‍ ഒരു കുന്നില്‍ നിന്ന് മറ്റൊരു കുന്നിലേക്കും താഴ്വരകളില്‍ നിന്ന് താഴ്വരകളിലേക്ക് ജീവനും കൊണ്ട് പാഞ്ഞുപോയ ആദിവാസി ഗോത്രങ്ങളുണ്ട്. ഇടുക്കിയിലെ മുതുവരെ ആട്ടിയോടിച്ചാണ് കണ്ണന്‍ദേവന്‍ രൂപംകൊണ്ടത്. വയനാട്ടിലെ നായ്ക്കരും പണിയരും നീലഗിരിയിലെ ബഡുഗരും ഇരുളരും തോടരും ഭീഷണി നേരിട്ട ഗോത്രങ്ങളാണ്. അവരുടെ പുനം കൃഷി നിരോധിച്ചു. കാലിവളര്‍ത്തലും വിറകും ഏലവും ശേഖരണവും തടഞ്ഞു. പിറന്ന മണ്ണില്‍ പൊരുതി വീണ ആദിവാസികളുടെ അസ്ഥികളുടെ ബലം രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിനുണ്ട്. സാധാരണ പഠന റിപ്പോര്‍ട്ടുകള്‍പ്പോലെ ഇതും സര്‍ക്കാര്‍ അലമാരയില്‍ അടവയ്ക്കുകയോ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുകയോ ചെയ്‌തേക്കാം. എന്നാല്‍ ഇതിന്റെ നാവരിയുക വളരെ പ്രയാസമാണ്. സച്ചിദാനന്ദന്‍ എഴുതിയതുപോലെ മുറിക്കുതോറും വളരുന്ന നാവുമരമാണ് റിപ്പോര്‍ട്ട്. അത് നിങ്ങളോട് സംസാരിക്കുന്നത് നിയമലംഘനത്തിന്റെ ചരിത്ര പാതയെക്കുറിച്ചാണ്. സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കേരളിത്തിന്റെ സാമൂഹിക ചരിത്രഗതിയെ മാറ്റി മറിക്കുന്ന റിപ്പോര്‍ട്ടാണിത്. പലപ്പോഴും ഭൂരഹിതരുടെ സമരത്തിനു മുന്നില്‍ നിന്ന ഇടതു ഭരണാധികാരികളടക്കം ചോദിച്ചത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ ഭൂമിയെവിടെയെന്നാണ്. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ‘മുഖമെവിടെ’ എന്ന കവിതപോലെ ഭൂരഹിതര്‍ക്ക് ഇവിടെ മുഖമുണ്ടായിരുന്നില്ല. സര്‍ക്കാരിന്റെ മുന്നില്‍ ചോദ്യത്തിന് മറുപടി നല്‍കാനാവാതെ അവരും പരുങ്ങി. വിതരണം ചെയ്യാന്‍ സര്‍ക്കാരിന്റെ കൈയില്‍ ഭൂമിയില്ലെന്നാണ് ആവര്‍ത്തിച്ചത്. കേരളത്തിലെ മധ്യവര്‍ഗസമൂഹം കൂടി അത് ഏറ്റുപാടിയതോടെ എല്ലാവരും ഒറ്റക്കെട്ടായി. എന്നാല്‍ രാജമാണിക്യം ഈ പതിവ് പല്ലവിക്കെതിരെ വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. ദരിദ്ര്യര്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാരിന്‍റെ കൈയില്‍ ഭൂമിയുണ്ട്.

റിപ്പോര്‍ട്ടിലെ കാതലായ ഭാഗങ്ങള്‍ നടപ്പായാല്‍ കര്‍ഷകര്‍ കൃഷിഭൂമിയുടെ ഉടമകളായിത്തീരുന്നൊരു പുതിയ കാലത്തിന് തുടക്കമാവും. കേരള സമ്പദ്ഘടനയെ മാറ്റിമറിക്കുന്നൊരു വിപ്‌ളവത്തിന് നാന്ദിയാവും. എന്നാല്‍ റിപ്പോര്‍ട്ട് ആരേറ്റെടുക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തമായി ഉത്തരം പറയാന്‍ ഭരണാധികാരികള്‍ തയ്യാറല്ല. അത്രമാത്രം ശക്തമാണ് വിദേശ കമ്പനികള്‍ക്ക് നമ്മുടെ സര്‍ക്കാരിന്‍ മേലുള്ള സ്വാധീനം. ഈ ചങ്ങലക്കണ്ണി പൊട്ടിക്കാന്‍ കഴിയുന്ന ശക്തി കേരളത്തിലെ ഭൂരഹിത സമൂഹത്തിനുണ്ടോ? നിയമ ഭേദഗതിക്ക് ഇടതു സര്‍ക്കാര്‍ തയ്യാറാകുമോ?

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍