UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ അച്ഛെ ദിന്‍ നമ്മുടെ ഭൂമിയും തട്ടിപ്പറിക്കുമ്പോള്‍ – സി.ആര്‍ നീലകണ്ഠന്‍ എഴുതുന്നു

Avatar

സി.ആര്‍.നീലകണ്ഠന്‍

കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ യഥാര്‍ത്ഥ അജണ്ട വര്‍ഗീയ ഫാസിസം മാത്രമല്ല, മറിച്ച് ഇന്ത്യയെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുക തന്നെയാണ് എന്ന സത്യം ദിവസേന പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. വര്‍ഗീയതയുടെ പ്രഖ്യാപനങ്ങളായ ‘ഘര്‍വാപ്പസി’യും  മറ്റും വെറും മുഖംമൂടികള്‍ മാത്രം. പാരിസ്ഥിതിക നിയമങ്ങള്‍ ലോകം മുഴുവന്‍ കര്‍ശനമാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയുടെ ഭരണകൂടം അവയെ നിഷ്പ്രഭമാക്കുകയാണ്. ഏറ്റവുമൊടുവില്‍ കോര്‍പ്പറേറ്റുകള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്ന ഓര്‍ഡിനന്‍സ് തിടുക്കപ്പെട്ട് പാസാക്കിക്കൊടുക്കുന്നതിലൂടെ ഇന്ത്യയിലെ കോടിക്കണക്കിനു മനുഷ്യര്‍ (പ്രത്യേകിച്ചും കര്‍ഷകര്‍) ഏതു നിമിഷവും സ്വന്തം മണ്ണില്‍ നിന്നും ജീവനോപാധികളില്‍ നിന്നും ജീവിതത്തില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുമെന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. കര്‍ഷകരുടെയും ഭൂവുടമകളുടേയും ‘അവകാശസംരക്ഷണത്തി’നെന്ന പേരിലാണ് ഈ ഓര്‍ഡിനന്‍സ് എന്നതാണ് ഒരു തമാശ. ”ഭൂമി ഏറ്റെടുക്കലിലും പുനരധിവാസത്തിലും സുതാര്യത ഉറപ്പാക്കാനും ന്യായമായ നഷ്ടപരിഹാരത്തിനുള്ള അവകാശം ഉറപ്പാക്കാനും” വേണ്ടിയാണത്രേ ഈ ഓര്‍ഡിനന്‍സ്. എന്നാല്‍ അതിന്റെ പേരിന് നേര്‍വിപരീതമായ ലക്ഷ്യങ്ങളാണ് ഈ ഓര്‍ഡിനന്‍സിനുള്ളത്.

1894 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍മ്മിച്ച നിയമമാണ് സ്വാതന്ത്ര്യം നേടി 67 വര്‍ഷത്തോളം കാലം ഇന്ത്യയില്‍ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് നിലനിന്നിരുന്നത്. ബ്രിട്ടനും അമേരിക്കയുമടക്കം എല്ലാ ജനാധിപത്യ രാജ്യങ്ങളും അവരുടെ നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടും ഇന്ത്യയുടെ ജനാധിപത്യ സര്‍ക്കാരുകള്‍ അതു നിലനിര്‍ത്തി. 1984ല്‍ ചില പൊടിക്കൈകള്‍ വരുത്തിയെങ്കിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായത് 2013 ലാണ്. അതിനു മുമ്പ് രണ്ടുതവണ ‘പുനരധിവാസനയം’ സംബന്ധിച്ച്  സര്‍ക്കാരുകള്‍ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും നിയമം പഴയതുതന്നെയായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍, ഗ്രാമീണര്‍ പ്രത്യേകിച്ചും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് ഭൂമി എന്നതാണല്ലോ ഏകസമ്പത്ത്. അവരുടെ ഭൂമി സര്‍ക്കാരിന് ഏതുസമയത്തും ‘പൊതു ആവശ്യം’ എന്ന നിലയില്‍ ഏറ്റെടുക്കാന്‍ കഴിയുന്ന നിയമമാണത്. ഇതിനോടൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ വെവ്വേറെ നിയമങ്ങളും ഉണ്ടാക്കി. ഖനികള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ (1855), നിലങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ (1962), ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ (1956), മെട്രോ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ (1978) തുടങ്ങിയവയാണ് ഈ പ്രത്യേക നിയമങ്ങള്‍. സ്വന്തം ജീവിതവും ജീവനോപാധികളും നഷ്ടപ്പെടുന്ന ജനതയ്ക്ക് പ്രതിരോധിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. കിടപ്പാടവും തൊഴിലും വരുമാനവും ഒറ്റയടിക്ക് ഇല്ലാതാക്കുന്നതും നാമമാത്രമായ തുക മാത്രം നല്‍കി കുടിയൊഴിപ്പിക്കുന്നതുമായ പ്രക്രിയയ്‌ക്കെതിരെ രാജ്യത്തിന്റെ പല ഭാഗത്തും ജനങ്ങള്‍ ശക്തമായി പോരാടി. കേരളത്തില്‍ തന്നെ അമരാവതി സമരം എന്നറിയപ്പെടുന്ന പോരാട്ടത്തിന് നേതൃത്വം നല്‍കിയത് എ.കെ.ജി.യായിരുന്നു. ഇടുക്കി പദ്ധതിക്കു വേണ്ടി കുടിയിറക്കപ്പെട്ടപ്പോള്‍ പകരം ഭൂമിക്കു വേണ്ടി നടത്തിയ സമരമായിരുന്നു ഇത്. ലോകമാകെ പ്രസിദ്ധമായ ഒന്നാണല്ലോ നര്‍മ്മദാ നദിയില്‍ നിര്‍മ്മിക്കുന്ന സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനാല്‍ മുങ്ങിപ്പോകുന്ന ഇടങ്ങളിലെ മനുഷ്യര്‍ നടത്തിവരുന്ന പോരാട്ടം.

1990-കളായപ്പോഴേയ്ക്കും ഏതാണ്ടെല്ലാ കക്ഷികളും സര്‍ക്കാരുകളും ‘മൂലധനത്തിനും വ്യവസായത്തിനും സൗഹൃദ’നയങ്ങളുള്ളവരായി മാറി. പണം കയ്യിലുള്ളവര്‍ക്ക് പ്രകൃതിയിലെ ഏതു വിഭവങ്ങളും (ഭൂമി മാത്രമല്ല, ഇപ്പോള്‍ വായുവും ഖനിജങ്ങളും വനവും കടലും കായലുമെല്ലാം) തന്നിഷ്ടം പോലെ കയ്യടക്കാമെന്നതായതോടെ, ഭൂമി ഏറ്റെടുക്കലിന്റെ വേഗത പലമടങ്ങായി. മുമ്പ് സര്‍ക്കാര്‍ പദ്ധതികള്‍ക്കായാണ് ഭൂമി ഏറ്റെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ കോര്‍പ്പറേറ്റ് മൂലധനശക്തികള്‍ക്കുവേണ്ടി ഇടനിലക്കാരായി നിന്ന് സര്‍ക്കാര്‍ ജനങ്ങളെ തൂത്തെറിഞ്ഞ് കുടിയിറക്കലും വികസനവും കൊണ്ടുവരാന്‍ തുടങ്ങി. ഇതാണ് ‘വികസന’മെന്നും കുടിയിറക്കുന്നതിനെതിരെ പോരാട്ടങ്ങള്‍ വികസനവിരുദ്ധമാണെന്നുമായി സര്‍ക്കാര്‍ നിലപാടുകള്‍. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്ത്യയില്‍ നടന്ന ഏറ്റവും ശക്തമായ സമരങ്ങളെല്ലാം ഭൂസമരങ്ങളായിരുന്നു. ഗ്രാമീണരും കര്‍ഷകരും ആദിവാസികളും മാത്രമല്ല, നഗരവാസികളും ഇടത്തരക്കാരും പോലും ഈ അധിനിവേശത്തിന്റെ  ഇരകളായി. ഒഡീഷയിലും മഹാരാഷ്ട്രയിലും യു.പി.യിലും പശ്ചിമബംഗാളിലും കേരളത്തിലും (മുല്ലമ്പിള്ളി, ദേശീയപാത, ഹൈസ്പീഡ് റെയില്‍ കോറിഡോര്‍, വാതക പൈപ്പ് ലൈന്‍ തുടങ്ങി നിരവധി പദ്ധതികള്‍) ഒരേ രീതി തന്നെയാണ് സ്വീകരിക്കപ്പെട്ടത്.

ഒരു ഘട്ടത്തില്‍ കോടതികള്‍ക്കുപോലും ചില  ഇടപെടലുകള്‍ നടത്തേണ്ടി വന്നു. നിരാധരാരായ മനുഷ്യര്‍ എവിടെപ്പോകും? എങ്ങനെ ജീവിക്കും? എന്ന ചോദ്യത്തിന് രാഷ്ട്രീയ ഭരണനേതാക്കള്‍ക്ക് മറുപടിയില്ല.

ഇത്തരം നിരവധി പോരാട്ടങ്ങളുടെ കൂടി ഫലമായിട്ടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താല്‍ക്കാലികമായിട്ടാണെങ്കിലും ‘പുനരധിവാസ നയങ്ങള്‍’ പ്രഖ്യാപിക്കേണ്ടിവന്നത്. എന്നാല്‍ ‘നയങ്ങള്‍’ ഏട്ടിലെ പശുമാത്രമായി നിന്നു. റിലയന്‍സിനും ഡി.എല്‍.എഫിനും പോസ്‌കോയ്ക്കും സലീം ഗ്രൂപ്പിനും ദുബായ് പോര്‍ട്ടിനും മറ്റുംവേണ്ടി ജനങ്ങള്‍ കുടിയിറക്കപ്പെട്ടുകൊണ്ടേയിരുന്നു. പോരാട്ടം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതോടെ സര്‍ക്കാരിന് നില്‍ക്കക്കള്ളിയില്ലാതായി. ഗ്രാമവികസനവകുപ്പിന്റെ മന്ത്രിയായി ജയറാം രമേഷ് വരികയും രാഹുല്‍ ഗാന്ധിക്ക് തന്നെ യു.പി.യിലെ പല ഭൂസമരങ്ങളില്‍ പങ്കെടുക്കേണ്ടി വരികയും ചെയ്തതോടെ നിയമത്തില്‍ കാതലായ ചില മാറ്റങ്ങള്‍ വരുത്താന്‍ യു.പി.എ. സര്‍ക്കാര്‍ തീരുമാനിച്ചു.

പുതിയ നയത്തിന്റെ കരട് നാട്ടിലാകെ ചര്‍ച്ചയ്ക്കു വച്ചു. പൂര്‍ണ്ണസമ്മതത്തോടെയല്ലെങ്കിലും നിലവിലുള്ള നിയമത്തില്‍ നിന്നും ഏറെ മുന്നോട്ടുപോകുന്ന ഒന്നെന്ന രീതിയില്‍ ജനകീയ സമര പ്രസ്ഥാനങ്ങള്‍ പുതിയ നിയമത്തെ അനുകൂലിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറത്തുവരുന്നതിനു മുമ്പ് തന്നെ പദ്ധതി സംബന്ധിച്ച ‘സാമൂഹ്യാഘാതപഠനം’ നടത്തണം എന്നത് ഒരു പ്രധാനവ്യവസ്ഥയായിരുന്നു. എന്താണ് ഈ ഭൂമി കൊണ്ടുചെയ്യാന്‍ ഉദ്ദേശിക്കുന്നത്, ആരാണതിന്റെ ഉടമസ്ഥര്‍, അതിന്റെ സാമൂഹ്യവും സാമ്പത്തികവും പാരിസ്ഥിതികവുമായ നേട്ട, കോട്ടവിശകലനങ്ങള്‍, ഭൂവുമടകള്‍ക്കുണ്ടാകുന്ന നഷ്ടം, അതെങ്ങനെ പരിഹരിക്കപ്പെടും, കൃഷി ചെയ്തു ജീവിക്കുന്നവര്‍ക്ക് പകരം കൃഷിഭൂമി നല്‍കല്‍, ഭൂമിയുടെ വില നിര്‍ണ്ണയം തുടങ്ങിയവയെല്ലാം പൊതുസമൂഹത്തിനു മുമ്പില്‍ വയ്ക്കുകയും പൊതുതെളിവെടുപ്പ് നടത്തുകയും വേണം. പാരിസ്ഥിതിക പഠനം പോലെ ഇതും നടത്തണം എന്ന വ്യവസ്ഥ, ഗ്രാമസഭകള്‍ക്കുപോലും ഇതില്‍ ഇടപെടാമെന്ന ജനാധിപത്യതത്ത്വത്തിന്റെ പാലനം മുതലായവ ഇതുകൊണ്ടുണ്ടായി. തന്നെയുമല്ല, സ്വകാര്യ പദ്ധതികള്‍ക്കായിട്ടാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഭൂവുടമകളുടെ 80 ശതമാനം അറിവോടെയുള്ള സമ്മതം മുന്‍കൂറായി നല്‍കിയിരിക്കണം. പൊതു-സ്വകാര്യ (പി.പി.പി) പദ്ധതിയാണെങ്കില്‍ 70 ശതമാനം പേരുടെ വേണം. ചുരുക്കത്തില്‍ കര്‍ഷകരും ഗ്രാമീണരും ഭൂവുടമകളും അറിയാതെ അവര്‍ സമ്മതിക്കാതെ, അവരെ കുടിയിറക്കാനാവില്ല.

ഈ വ്യവസ്ഥ രൂപപ്പെടുത്തിയപ്പോള്‍ തന്നെ കോര്‍പ്പറേറ്റ് ശക്തികള്‍ എതിര്‍ത്തു. വികസനത്തിന് ‘വേഗത കുറയും’ എന്നതായിരുന്നു അവരുടെ പരാതി. ഒപ്പം ഭൂമിയുടെ വില ‘കടലാസ് വിലയുടെ’ ഇരട്ടിയും നാലുമടങ്ങും മറ്റുമാക്കണമെന്ന വ്യവസ്ഥയും അവരെ വല്ലാതെ ചൊടിപ്പിച്ചു. സ്വകാര്യസ്വത്തിനുമേല്‍ സര്‍ക്കാരിന് യാതൊരധികാരവും പാടില്ലെന്ന് നിരന്തരം ശഠിക്കുന്ന,  ലൈസന്‍സ് രാജിനെ നിശിതമായി എതിര്‍ക്കുന്ന, കോര്‍പ്പറേറ്റ് ആഗോളീകരണവാദികളാണിതെന്നു ശ്രദ്ധിക്കുക. ഇവരുടെ ‘കൈവശമുള്ള’ സ്വത്തിനു മേല്‍ ഇവര്‍ക്ക് പരമാധികാരം വേണം. എന്നാല്‍ തലമുറകളായി ഭൂമിയില്‍ ജോലി ചെയ്ത് ജീവിതം മുന്നോട്ടുനീക്കുന്ന കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ഗ്രാമീണര്‍ക്കും വീടുപോയാല്‍ പിന്നെ തെരുവുമാത്രം ആധാരമായവര്‍ക്കും ‘ഈ സ്വകാര്യ സ്വത്തവകാശം’ ഇല്ല! ചുരുക്കത്തില്‍ ജനങ്ങളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഭൂവുടമകള്‍ക്ക് ‘സ്വകാര്യസ്വത്തവകാശം’ ഇല്ല. എന്നാല്‍ ആ ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറിയാല്‍ പിന്നെ അവര്‍ക്ക് അതില്‍ സര്‍വ്വാധികാരം ആയി. ഇപ്പോള്‍ ഇറക്കിയിരിക്കുന്ന ഓര്‍ഡിനന്‍സിന്റെ ഏറ്റവും പ്രധാന വിഷയം ഇതുതന്നെയാണ്. 2013 ലെ നിയമം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. അതിനുവേണ്ട ചട്ടങ്ങള്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളും തയ്യാറാക്കിയിട്ടില്ല. അതു നടപ്പിലാക്കുന്നതിനു മുമ്പുതന്നെ ‘അതിന്റെ കുഴപ്പങ്ങള്‍’ കണ്ടെത്തിയിരിക്കുന്നുവെന്ന് ഒരു ജനാധിപത്യ സര്‍ക്കാര്‍ പറയുന്നു.

ഇതില്‍ ബി.ജെ.പി. എന്ന രാഷ്ട്രീയ കക്ഷിയുടെ നിലപാട് അങ്ങേയറ്റം അപഹാസ്യമാണ്. ഒരു നിയമം നിര്‍മ്മിക്കപ്പെടേണ്ടത് ജനസഭയിലാണ്. ഓര്‍ഡിനന്‍സ് വഴി നിയമം കൊണ്ടുവരേണ്ടത് ഏറ്റവും അനിവാര്യമായ ഘടകങ്ങളിലാണ്. ഇവിടെ ഒരു മാസത്തിലേറെക്കാലം പാര്‍ലമെന്റ് സമ്മേളിച്ചപ്പോഴൊന്നും അവതരിപ്പിക്കാന്‍ ശ്രമിക്കാതെ അത് പിരിഞ്ഞ് പിറ്റേന്ന് ഓര്‍ഡിനന്‍സായി ഇറക്കുകയാണ് ചെയ്തത്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ‘ഓര്‍ഡിനന്‍സ് രാജ്’ എന്ന് വിളിച്ച് യു.പി.എ. സര്‍ക്കാരിനെ വിമര്‍ശിച്ചവരാണ് അരുണ്‍ ജെയ്റ്റ്‌ലിയും കൂട്ടരും.

തന്നെയുമല്ല, അനേക മണിക്കൂറുകള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ചര്‍ച്ച ചെയ്ത് ഐക്യകണ്‌ഠേന പാസാക്കിയ ഒരു നിയമമാണ് പാര്‍ലമെന്റിനെ ഷണ്ഡീകരിച്ച് ഓര്‍ഡിനന്‍സ് വഴി റദ്ദാക്കുന്നതെന്നും കാണാം. പാര്‍ലമെന്റ് ചര്‍ച്ചകളില്‍ സജീവമായി ഇടപെട്ട് ഭേദഗതി നിര്‍ദ്ദേശിച്ച വ്യക്തിയാണ് അരുണ്‍ ജെയ്റ്റ്‌ലി. ഇദ്ദേഹവും സുഷമാ സ്വരാജും നല്‍കിയ ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീരിക്കുക പോലുമുണ്ടായി. 60 പേര്‍ പങ്കെടുത്ത ചര്‍ച്ചയാണ് പാര്‍ലമെന്റില്‍ അന്ന് നടന്നത്. ഈ ഓര്‍ഡിനന്‍സ് ബി.ജെ.പി. കൂടി പിന്താങ്ങി പാസാക്കിയ നിയമത്തെ നിഷേധിക്കലാണ്. അധികാരത്തിലെത്തിയപ്പോള്‍ കോര്‍പ്പറേറ്റ് മൂലധനത്തിന്റെ വക്താക്കളായി അവര്‍ മാറുകയാണ് ചെയ്തത് എന്നര്‍ത്ഥം.

ഒരു ഭൂമി ഏറ്റെടുക്കല്‍ തീരുമാനിക്കുമ്പോള്‍ അതിനു മുമ്പ് ജനങ്ങളെ അറിയിച്ച് ഭൂവുടമകളില്‍ ഭൂരിപക്ഷത്തിന്റെയും ‘അറിവോടെയുള്ള സമ്മതം’ വാങ്ങണമെന്ന വ്യവസ്ഥയുടെ നിഷേധം മാത്രമല്ല ഈ ഓര്‍ഡിനന്‍സിലൂടെ നടക്കുന്നത്. ഏതൊക്കെ മേഖലകള്‍ക്കുവേണ്ടിയാണ് ‘ഇളവുകള്‍’ നല്‍കുന്നത് എന്നതും പ്രധാനമാണ്. പ്രധാനമായും അഞ്ചു മേഖലകളെയാണ് ഇതില്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിരോധവും പ്രതിരോധ സാമഗ്രികളുടെ ഉത്പാദനവും, ഗ്രാമീണ പശ്ചാത്തല സൗകര്യവികസനം (വൈദ്യുതീകരണമടക്കം), താങ്ങാവുന്ന വിലയ്ക്കുള്ള ഗൃഹനിര്‍മ്മാണം, വ്യവസായ ഇടനാഴികള്‍, സര്‍ക്കാര്‍ പങ്കാളിത്തമുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ രൂപത്തില്‍ വരുന്ന സാമൂഹ്യപശ്ചാത്തല മേഖല… ഇന്നുണ്ടാകുന്ന ഒരു പദ്ധതിയേയും ഈ അഞ്ചിലൊന്നായി പെടുത്താമെന്നതാണ് വിഷയം. ഇതുവരെ ‘പൊതു’വിപണികള്‍ക്കു മാത്രമായി പെടുത്താവുന്ന ഇളവുകള്‍ ‘പൊതുസ്വകാര്യ പങ്കാളിത്ത’ പദ്ധതികള്‍ക്ക് കൂടി ബാധകമാക്കുന്നു. അതിനൊപ്പമാണ് ‘പൊതു ആവശ്യ’ങ്ങളെന്ന നിലയില്‍ സ്വകാര്യ ആശുപതികള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്കായും ഭൂമി ഏറ്റെടുക്കാമെന്ന ഭേദഗതിയും. റിലയന്‍സ്, അദാനി, പോസ്‌കോ തുടങ്ങിയ വമ്പന്‍മാര്‍ക്കുവേണ്ടി പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമിയാണ് പ്രമുഖ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേകള്‍ക്കിരുവശവുമായി ‘വ്യവസായ കോറിഡോര്‍’ ആയി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ചുരുക്കത്തില്‍ 2013 ലെ നിയമം കൂടി ഒരു സ്ഥലമേറ്റെടുക്കിലും ബാധകമായില്ലെന്നര്‍ത്ഥം.

2013 ലെ നിയമത്തില്‍ ഏറ്റെടുക്കുന്ന ഭൂമി ഏതൊക്കെയായിക്കൂടാ എന്ന രീതിയില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഇനിയിപ്പോള്‍ അതൊന്നുമില്ല. രാജ്യത്ത് ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയതിന്റെ ഭാഗമായി ഭക്ഷ്യോത്പാദന രംഗത്ത് വളര്‍ച്ചയുണ്ടാകണമെന്നതിനാലും കാര്‍ഷികവൃത്തി ജീവനോപാധിയാക്കിയ കര്‍ഷകരുടെ ശക്തമായ പ്രതിരോധത്തിനാലും ബഹുവിള കൃഷി  ചെയ്യുന്നതും ജലസേചന സൗകര്യമുള്ളതുമായ ഭൂമികള്‍ ഏറ്റെടുക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആ നിയമം പറയുന്നു. മറ്റൊരു മാര്‍ഗ്ഗവുമില്ലെന്നു വന്നാല്‍ മാത്രം ഇതേറ്റെടുക്കാം. പക്ഷെ പുതിയ ഓര്‍ഡിനന്‍സ് വഴി മേല്‍പ്പറഞ്ഞ സ്വകാര്യപദ്ധതികള്‍ക്കടക്കം എല്ലാ നല്ല കൃഷിഭൂമിയും ഏറ്റെടുക്കാം. എന്നാല്‍ ഈ ഓര്‍ഡിനന്‍സിനെപ്പറ്റി രാഷ്ട്രപതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍  ഒരു കേന്ദ്രമന്ത്രി പറഞ്ഞത്രേ ‘ഞങ്ങള്‍ക്ക് കര്‍ഷകരുടെ താല്‍പ്പര്യമാണ് ഏറ്റവും പ്രധാനം’ എന്ന്.  വാക്കും പ്രവര്‍ത്തിയും തമ്മില്‍ എന്തെങ്കിലും ബന്ധം വേണമെന്ന് ഭരണഘടനയില്‍ പറയുന്നേയില്ലല്ലോ.

2013 ലെ നിയമത്തിന്റെ 105-ാം വകുപ്പനുസരിച്ച് 2014 ഡിസംബര്‍ 31നകം നിയമത്തില്‍ നിന്നും ഒഴിവാക്കിയിരുന്ന (മേല്‍ സൂചിപ്പിച്ച ദേശീയപാത, ആണവനിലയങ്ങള്‍ മെട്രോ റയില്‍ തുടങ്ങിയവയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളേയും ഈ നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരണം. അതായത് ദേശീയപാത അടക്കം ഭൂമി ഏറ്റെടുക്കുമ്പോള്‍ 2015 മുതല്‍ ഈ നിയമം ബാധകമാക്കണം. ഈ ഒഴിവുകഴിവു പറഞ്ഞാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്നതാണ് വലിയ വഞ്ചന. ദേശീയപാതയും ആണവനിലയങ്ങളുമെല്ലാം ഇപ്പോള്‍ പി.പി.പി. (ബി.ഒ.ടി.) മാതൃകയിലാണ് വരുന്നത് എന്നതിനാല്‍ അവര്‍ക്ക് ഈ ഭൂമി ഏറ്റെടുക്കലും നിയമത്തില്‍ നിന്നും ഒഴിവാക്കുകയാണ് ഇവര്‍ ചെയ്തിരിക്കുന്നത് എന്നര്‍ത്ഥം. തന്നെയുമല്ല പുനരധിവാസം എന്ന സങ്കല്‍പ്പം തന്നെ ഓര്‍ഡിനന്‍സില്‍ ഇല്ല. അതായത് ഏതു മനുഷ്യനും തെരുവിലാകും വിധം സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാം.

കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ അവരുടെ ആഹ്ലാദം മറച്ചുവക്കുന്നതില്‍ നിന്നും തന്നെ ഈ ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം വ്യക്തമാകുന്നു. ഈ ഓര്‍ഡിനന്‍സ് വഴി അടിസ്ഥാന മേഖലയുടെ (നിര്‍മ്മാണ മേഖല എന്ന് വായിക്കുക) വികസനം ത്വരിതപ്പെടുമെന്ന് ചേംബര്‍ ഓഫ് കോമേഴ്‌സ് അധികാരികള്‍ ആഹ്ലാദിക്കുന്നു. ഇനി ഏതുതരം പദ്ധതികള്‍ക്കും (ആരോഗ്യം, വിദ്യാഭ്യാസം മുതലായവയ്ക്കുള്ള സ്വകാര്യസ്ഥാപനങ്ങളടക്കം) ഗതിവേഗം കിട്ടും, ചിലവു കുറയും എന്നും അവര്‍ കരുതുന്നു. കര്‍ഷകരും മറ്റും നിരന്തരം കേസിനു പോകുന്നതും സമരം നടത്തുന്നതും വികസനത്തിനു തടസ്സമാണ്. നൂറിലേറെ സ്മാര്‍ട്ട് സിറ്റികളും വിവിധ പ്രത്യേക സാമ്പത്തിക മേഖലകളും  ഭൂമിക്കായി ‘ദാഹിച്ചു’ കൊണ്ടിരിക്കുകയാണല്ലോ.

ഭൂമിയുടെ സ്വഭാവം, പദ്ധതിയുടെ ‘പൊതുതാല്‍പര്യം’, ഭൂമിയുടെ വില, നഷ്ടപരിഹാരത്തുക മുതലായവ നിര്‍ണ്ണയിക്കാന്‍ കളക്ടര്‍ക്ക് വീണ്ടും അധികാരം നല്‍കുകയാണ് ഓര്‍ഡിനന്‍സ്. ബ്രിട്ടീഷ് കാലത്തെ നിയമം തിരിച്ചുവരുന്നുവെന്നര്‍ത്ഥം.

ഭൂമിയേറ്റെടുക്കുന്നതിലെ തടസ്സങ്ങളും കാലതാമസവും മറ്റു നിബന്ധനകളും (പരിസ്ഥിതി നിയമങ്ങള്‍ അടക്കം) മറ്റുമാണ് വികസനത്തിനു തടസ്സമെന്ന വാദത്തെ നിരാകരിക്കുന്നതാണ് 2014 അവസാന മാസങ്ങളില്‍ സി.എ.ജി. പുറത്തുവിട്ട കണക്കുകള്‍. ഒരു പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത ഭൂമി അഞ്ചുവര്‍ഷക്കാലം അതിനായി ഉപയോഗിക്കാതിരുന്നാല്‍ ഭൂവുടമയ്ക്കു തിരിച്ചുനല്‍കുമെന്ന വ്യവസ്ഥ നിലവിലെ നിയമത്തില്‍ ഉണ്ടായിരുന്നു. പുതിയ ഓര്‍ഡിനന്‍സ് അത് ഭേദഗതി ചെയ്തു.  ‘അഞ്ചുവര്‍ഷമോ നിശ്ചിത കാലാവധിയോ’ എന്നാക്കി. ആരാണ് ‘നിശ്ചിത കാലാവധി’ നിശ്ചയിക്കുന്നത്, എന്താണതിന്റെ അടിസ്ഥാനം എന്നൊന്നും പറയുന്നില്ല.ഇനി സി.എ.ജി. പറയുന്നത് കേള്‍ക്കുക. പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കായി വിജ്ഞാപനം ചെയ്ത 45,635 ഹെക്ടര്‍ ഭൂമി സംബന്ധിച്ചാണ് ഈ റിപ്പോര്‍ട്ട്. അനേകവര്‍ഷം കഴിഞ്ഞിട്ടും ഇതില്‍ 40 ശതമാനത്തോളം ഭൂമിയില്‍ ഒന്നും ചെയ്തിട്ടില്ല. ഈ വികസനത്തിന്റെ കാര്യക്കാരായ റിലയന്‍സ്, ഡി.എല്‍.എഫ്.,  എസ്സാര്‍ തുടങ്ങിയ കമ്പനികളെ സി.എ.ജി. നശിതമായി വിമര്‍ശിക്കുന്നു. ഒരു കാര്യവുമില്ലാതെ ജനങ്ങളെ ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കുന്ന പ്രവണത ശരിയല്ലെന്നും പറയുന്നു. ഇതില്‍ പലതും ‘പൊതുതാല്‍പ്പര്യം’ എന്ന രീതിയില്‍ വിജ്ഞാപനം നടത്തി ഏറ്റെടുത്തതാണ്. ആ ഭൂമിയാണ് തരിശായി കിടക്കുന്നത്. ഉദാഹരണമായി മഹാരാഷ്ട്രയിലെ ദ്രോണനഗരിയില്‍ (നവി മുംബെയ്)  മുകേഷ് അംബാനിയുടെ ഒരു പ്രത്യേക സാമ്പത്തിക മേഖലയായി 2006 ല്‍ ഏറ്റെടുത്ത 1250 ഹെക്ടര്‍ ഭൂമിയുടെ കഥ സി.എ.ജി. ചൂണ്ടിക്കാട്ടുന്നു. എട്ട് വര്‍ഷക്കാലത്തിനിടയില്‍ ഒരു വ്യവസായ സ്ഥാപനം പോലും അവിടെ ഉയര്‍ന്നുവന്നില്ല. മറ്റൊരു ഞെട്ടിക്കുന്ന സത്യവും സി.എ.ജി. കണ്ടെത്തി. വിവിധ സ്വകാര്യകമ്പനിക്കാര്‍, സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയ ഭൂമി പണയംവച്ച്  ഇതിനകം 6309.53 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. ഈ പണം അവര്‍ തിരിച്ചടയ്ക്കാതിരുന്നാല്‍ ഏറ്റെടുക്കാന്‍ ബാങ്കുകള്‍ക്ക് കഴിയുക സര്‍ക്കാര്‍ നല്‍കിയ ഭൂമി മാത്രം. അവര്‍ക്കെന്തു ചേതം?

കുറ്റം ബി.ജെ.പി.യുടേത് മാത്രമല്ല
കേന്ദ്രം ഭരിക്കുന്ന കക്ഷിയെന്ന രീതിയില്‍ ബി.ജെ.പിയാണ് ഒന്നാം പ്രതിയെങ്കിലും മറ്റു കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും ഇതു പാസാക്കിയ കേന്ദ്ര (യു.പി.എ) സര്‍ക്കാരിലെ പി.ചിദംബരം അടക്കമുള്ള മന്ത്രിമാരും ഇതിനെതിരായിരുന്നു. കോണ്‍ഗ്രസും സി.പി.എമ്മുമടക്കമുള്ളവര്‍ എതിര്‍ക്കുന്നത് ‘ഓര്‍ഡിനന്‍സ് വഴി നിയമം കൊണ്ടുവന്ന’തിനെതിരെയാണ്. (കോണ്‍ഗ്രസിലെ ജയറാം രമേഷ്, മണിശങ്കര്‍ അയ്യര്‍ തുടങ്ങിയ ചിലര്‍ ആത്മാര്‍ത്ഥമായി എതിര്‍ക്കുന്നുണ്ട് എങ്കിലും!) പാര്‍ലമെന്റില്‍ വന്നിരുന്നെങ്കില്‍ പിന്തുണയ്ക്കുമായിരുന്നു എന്നും കരുതാം. കാരണം ഏതാണ്ടെല്ലാ കക്ഷികള്‍ ഭരിക്കുന്ന സര്‍ക്കാരുകളും 2013 ലെ നിയമം ‘വികസനവിരുദ്ധമാണ്’ എന്നു തുറന്നുതന്നെ പറഞ്ഞവരാണ്.

ഭൂമി അടിസ്ഥാനപരമായി ഒരു സംസ്ഥാന വിഷയമാണ്. അതില്‍ത്തന്നെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം ലഭിക്കേണ്ട വിഷയമാണ്. പഞ്ചായത്ത് രാജ് നിയമമനുസരിച്ച് അവര്‍ക്കാണ് അന്തിമാധികാരം. ഇതെല്ലാം ഇവിടെ നഷ്ടമാക്കപ്പെടുന്നു. ബി.ജെ.പി. ഭരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭൂമി ഏറ്റെടുക്കലിനെതിരെ ശക്തമായ സമരങ്ങള്‍ നടന്നുവരുന്നു. 2012 ല്‍ ഈ നിയമം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്ന കാലത്തുതന്നെ എതിര്‍ത്ത കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഉണ്ട്. അന്ന് ഹരിയാനയും മഹാരാഷ്ട്രയും ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആയിരുന്നെങ്കിലും ഇന്നത്തെ ബി.ജെ.പി. സര്‍ക്കാര്‍ നിലപാടായിരുന്നു അവര്‍ക്കും. പി.പി.പി. പദ്ധതികളെ നിയമത്തില്‍ നിന്ന് പൂര്‍ണ്ണമായോ ഭാഗീകമായെങ്കിലുമോ (50 ശതമാനം ഭൂമിയെങ്കിലും) ഒഴിവാക്കണമെന്നവര്‍ അന്നേ ആവശ്യപ്പെട്ടിരുന്നതാണ്.

ബി.ജെ.പി.യെ നഖശിഖാന്തം എതിര്‍ക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തിലെ ഉമ്മന്‍ചാണ്ടി  സര്‍ക്കാരിന്റെ നിലപാടും വ്യത്യസ്തമല്ല. മുല്ലമ്പിള്ളിയും കിനാലൂരും ആറന്‍മുളയും അനുഭവമായി അവര്‍ക്കു മുമ്പിലുണ്ടായിട്ടും ഒരു കാര്യവുമില്ല. പ്രാഥമിക വിജ്ഞാപനത്തിന് മുമ്പ് സാമൂഹികാഘാതപഠനം നടത്തലും പൊതുതെളിവെടുപ്പും 70-80 ശതമാനം ഭൂവുടുമകളുടെ സമ്മതവും മറ്റും വേണമെന്ന വ്യവസ്ഥ വികസനവിരുദ്ധമാണെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ‘പദ്ധതി ബാധിക്കുന്നവര്‍ക്ക്’ നല്‍കുന്ന പരിഗണന ഏറിപ്പോകുന്നുവെന്നും അവര്‍ക്ക് പരാതിയുണ്ട്. ഈ നിബന്ധനകള്‍ വന്‍കിട പദ്ധതികള്‍ക്ക് മാത്രം മതിയെന്ന് കര്‍ണ്ണാടകയിലെ (അന്നത്തെ) കോണ്‍ഗ്രസ് സര്‍ക്കാരും അഭിപ്രായപ്പെട്ടിരുന്നു. രാഹുല്‍ഗാന്ധിയെ ഭയന്ന് ഇവരൊന്നും  അന്നന്ന് വാലുപൊക്കിയില്ലെന്നു മാത്രം. ഇപ്പോള്‍ അതൊകെ അവരുടെ ‘മോദി സര്‍ക്കാര്‍’ പരിഹരിച്ചിരിക്കുന്നു. അധികാരത്തിലിരുന്ന കാലത്ത് പശ്ചിമബംഗാളില്‍ സിംഗൂരും നന്ദിഗ്രാമും കേരളത്തില്‍ മുല്ലമ്പിള്ളിയും കിനാലൂരും നടത്തിയെടുത്ത സി.പി.എമ്മിനും മറിച്ചൊരു താല്‍പ്പര്യമുണ്ടെന്ന് പറയാനാകില്ല.

ഫലത്തില്‍ ജനകീയ സമരങ്ങളും കോടതിയിടപെടലുകളും മറ്റും വഴി യു.പി.എ. സര്‍ക്കാര്‍ തയ്യാറാക്കിയ നിയമത്തെ കീറിയെറിഞ്ഞിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഇതിനെതിരെ സംഘടിത പ്രസ്ഥാനങ്ങള്‍ രംഗത്തുവരാന്‍ യാതൊരു സാധ്യതയുമില്ല. കുടിയിറക്കലിനെതിരെ പോരാടുന്നവരുടെ ഐക്യം മാത്രമേ പ്രതിരോധ സാധ്യതയായി നിലനില്‍ക്കുന്നുള്ളു.

 

(പ്രമുഖ സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകനാണ് ലേഖകന്‍)

 

*Views are personal

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍