UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്ന് സെന്റ് ഭൂമി എന്ന പുത്തന്‍ കോളനിവത്കരണം

Avatar

ജിഷ ജോര്‍ജ്

മാനവവിഭവ സൂചികയിലും സാക്ഷരതയിലും മുന്നില്‍ നില്‍ക്കുന്നുവെന്ന് മേനി നടിക്കുന്നൊരു സംസ്ഥാനത്ത് അന്തിയുറങ്ങാന്‍ ഒരു വീടോ മരിക്കുമ്പോള്‍ അടക്കം ചെയ്യാന്‍ ആറടി മണ്ണോ സ്വന്തമായി ഇല്ലാത്ത ലക്ഷകണക്കിനാളുകള്‍ ജീവിക്കുന്നുണ്ടെന്നറിയുമ്പോള്‍, കേരളം അതിന്റെ മറ്റെല്ലാം നേട്ടങ്ങള്‍ക്കു മുന്നിലും സ്വയം തലതാഴ്ത്തി നില്‍ക്കേണ്ടി വരികയാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, കണക്കുകള്‍ സ്പഷ്ടമായി മുന്നില്‍ ഉള്ളപ്പോഴും പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഒഴിച്ച് മറ്റൊന്നും തന്നെ, മണ്ണും പാര്‍പ്പിടവും എല്ലാ മനുഷ്യനും സ്വന്തമാക്കാന്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ആത്മാര്‍ത്ഥമായ ഒരു ശ്രമവും നടക്കുന്നില്ല. ദളിത് – ആദിവാസി ഉന്നമനത്തിനായി കോടികള്‍ ചെലവിടുന്നു എന്നു പറയുന്നവര്‍ക്കു മുന്നില്‍ തന്നെയാണ് ദിവസേനയെന്നോണം ആദിവാസികളും ദളിതരും പട്ടിണി കൊണ്ടും രോഗം കൊണ്ടും മരിച്ചു വീഴുന്നതും വീടില്ലാതെ തെരുവില്‍ അന്തിയുറങ്ങേണ്ടി വരുന്നതും.

കാലങ്ങളായി തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഈ ദുരിതം ഭരണകൂട ചൂഷണത്തിന്റെ സൃഷ്ടിയാണ്. ജനകീയസമരങ്ങളെ പോലും അടിച്ചമര്‍ത്തി തങ്ങളുടേതായ താത്പര്യം, പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടേയിരിക്കുമ്പോള്‍ ആ ഭരണകൂടത്തിനെതിരേ കൂടുതല്‍ ശക്തിയോടെ, ഐക്യത്തോടെ പോരാടേണ്ടതുണ്ട്. മാറിവരുന്ന സാഹചര്യങ്ങളില്‍ ആ പോരാട്ടത്തിന് കൂടുതല്‍ കരുത്തുണ്ടായി വരുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്നും നാളെയുമായി തൃശൂരില്‍ ഭൂമി, പാര്‍പ്പിടം, അധികാരം, തുല്യ നീതി എന്ന മുദ്രാവാക്യവുമുയര്‍ത്തിയുള്ള ‘ഭൂ അധികാര പ്രഖ്യാപന കണ്‍വെന്‍ഷന്‍’. തൃശ്ശുര്‍ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ ഇന്ത്യയിലെ നിരവധി ഭൂസമര നേതൃത്വങ്ങളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്. ഇന്നു രാവിലെ 11മണി മുതല്‍ ദളിത് അംബേദ്കറൈറ്റ് നേതൃസംഗമവും വിവിധ പ്രമേയ അവതരണങ്ങളും നടക്കും വൈകീട്ട് നാലു മണിയ്ക്ക് നടക്കുന്ന അവകാശ പ്രഖ്യാപന മാര്‍ച്ചിനെ തുടര്‍ന്നുള്ള ഭൂ അധികാര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഗുജറാത്ത് ദളിത് സമരനേതാവും ഉന ദളിത് അത്യാചാര്‍ ലഡത് സമതിയുടെ പ്രധാന കണ്‍വീനറുമായ ജിഗ്‌നേഷ് മേവാനി ഉദ്ഘാടനം ചെയ്യും. രാത്രി 8 മണി മുതല്‍ കവിയരങ്ങും ജനകീയ ഗാനങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള സാംസ്‌കാരിക സംഗമവും നടക്കും. ഇവ കൂടാതെ വിവിധ ചര്‍ച്ചകള്‍ സെമിനാറുകള്‍ എന്നിവയും രണ്ടു ദിവസത്തെ കണ്‍വെന്‍ഷന്റെ ഭാഗമായി സാഹിത്യ അക്കാദമിയിലും തൃശ്ശുര്‍ സിഎംഎസ് സ്‌കൂള്‍ കോമ്പൗണ്ടിലുമായി നടക്കുന്നുണ്ട്.

കേരളത്തില്‍ 2,44,124 (2.44 ലക്ഷം) കുടുംബങ്ങള്‍ ഭൂരഹിതരായി പുറമ്പോക്കുകളിലും ചേരികളിലും കഴിയുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ അനൗദ്യോഗികമായി ഈ കണക്ക് ഏതാണ്ട് അഞ്ചു ലക്ഷത്തോളം കുടുംബങ്ങള്‍ വരും. ഭരണഘടനയുടെ പിന്‍ബലവും നിയമപരമായ പരിരക്ഷയും ഉണ്ടായിട്ടും കേരള ജനസംഖ്യുടെ 1.45 ശതമാനം വരുന്ന ആദിവാസികളില്‍ പകുതിയും ഇന്ന് ഭൂരഹിതരാണ്; ഭൂ അധികാര സമിതി ജനറല്‍ കണ്‍വീനര്‍ എം. ഗീതാനന്ദന്‍ ചൂണ്ടിക്കാണിക്കുന്നു. “മാനവ വിഭവ സൂചികയിലും സാക്ഷരതയിലും മുന്‍പന്തിയിലാണ് എന്ന് പറയുമ്പോഴും ആദിവാസി വികസനത്തിനായി കോടികള്‍ ചെലവിടുമ്പോഴും ആദിവാസി ഊരുകളില്‍ കുഞ്ഞുങ്ങള്‍ പട്ടിണികൊണ്ടും പോഷകാഹാരക്കുറവുകൊണ്ടും മരിച്ചു വീണുകൊണ്ടേയിരിക്കുന്നു. ആദിമ ജനത കുടിയിറക്കപ്പെട്ടത് അവരുടെ ഭൂമിയില്‍ നിന്നു മാത്രമല്ല തങ്ങളുടെ തനത് സംസ്‌കത്തില്‍ നിന്നും ഭക്ഷ്യ പാരമ്പര്യത്തില്‍ നിന്നും കൂടിയാണ്. കേരളത്തിലെ ദളിത് ജനസംഖ്യയുടെ 47.5 ശതമാനവും കഴിയുന്നത് 26,193 കോളനികളിലായിട്ടാണ്. 29.9 ശതമാനം ദളിതര്‍ കഴിയുന്നതാവട്ടെ സമാന സാഹചര്യങ്ങളിലും. കോളനികളിലെ പുതുതലമുറ കുടുംബങ്ങളില്‍ മിക്കവരും വീടു വയ്ക്കാന്‍ സ്ഥലമോ പണമോ ഇല്ലാത്തവരാണ്. സമാനമായ സാഹചര്യത്തിലൂടെയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹവും കടന്നു പോവുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയിലേയ്ക്ക് പ്രതിവര്‍ഷം 2000 കോടിയിലേറെ രൂപ സംഭാവന ചെയ്യുന്ന മത്സ്യത്തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും കഴിയുന്നത് ഭൂമിയും വാസയോഗ്യമായ പാര്‍പ്പിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ്. കേരളത്തിലെ ഇതര പാര്‍ശ്വവത്കൃത പിന്നാക്ക വിഭാഗങ്ങള്‍, ചെറുതല്ലാത്തരൊളവില്‍ മത ന്യൂനപക്ഷങ്ങള്‍ എന്നിവരും ഭൂരാഹിത്യമെന്ന ദുരന്തം പേറുന്നവരാണ്. ഈ അടിസ്ഥാന ജന വിഭാഗങ്ങള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുന്നതിനും രാഷ്ടീയ സാമൂഹിക അധികാരം ആര്‍ജ്ജിക്കുന്നതിനും ഭൂമിയുള്‍പ്പെടെയുള്ള വിഭവങ്ങളില്‍ അധികാരവും ഉടമസ്ഥതയും ലഭിക്കേണ്ടത് അടിയന്തിരമാണ്.”

“മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് കൃഷിഭൂമിയും ഭൂരഹിതര്‍ക്ക് സാമൂഹിക ജീവിതത്തിനാവശ്യമായ ഭൂമിയും എന്ന ഭൂസമരങ്ങളിലൂടെ നേടിയെടുത്ത അവകാശത്തെ അട്ടിമറിച്ച് മൂന്നു സെന്റ് ഭൂമി നല്‍കി കോളനിവത്കരിക്കാണുള്ള ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. ഈ പദ്ധതികളിലൂടെ കേരളത്തില്‍ പുതുതായി രൂപപ്പെടാന്‍ പോവുന്നത് പതിനായിരത്തിലധികം കോളനികളായിരിക്കും. ഭൂരാഹിത്യവും ചേരികളും കോളനികളുമാണ് പാര്‍ശ്വവത്കൃത ജനതയുടെ സാമൂഹിക രാഷ്ട്രീയ പിന്നോക്ക അവസ്ഥയ്ക്ക് കാരണം എന്നിരിക്കെയാണ്, സര്‍ക്കാര്‍ ഈ ജനതയെ മൂന്ന് സെന്റ് വീതം നല്‍കി വീണ്ടും കോളനിവത്കരിക്കാന്‍ ശ്രമിക്കുന്നത്. സ്വാതന്ത്ര്യം കിട്ടി 68 വര്‍ഷം കഴിഞ്ഞിട്ടും തോട്ടം മേഖലയിലെ കോര്‍പ്പറേറ്റുകള്‍ ഇപ്പോഴും തുടരുന്നത് കൊളോണിയല്‍ ഭൂ ബന്ധങ്ങളും കൊളോണിയല്‍ തൊഴില്‍ ബന്ധങ്ങളുമാണ്. ധനവിഭവ കേന്ദ്രീകരണം കോര്‍പ്പറേറ്റുകളില്‍ ഒതുങ്ങുന്നു എന്നല്ലാതെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് തോട്ടം മേഖലയെക്കൊണ്ട് മറ്റ് പ്രയോജനങ്ങള്‍ ഒന്നുമില്ല. ഇവിടങ്ങളിലെ തൊഴിലാളികള്‍ തുച്ഛമായ കൂലിയും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ജീവിത സാഹചര്യങ്ങളുമായി കഴിയുന്നവരാണ്. കേരള സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും തോട്ടം ഭൂമിയുടെ പുനര്‍വിതരണം അത്യന്താപേക്ഷിതമാണ്’;” ഗീതാനന്ദന്‍ പറയുന്നു.

ഭൂരഹിതര്‍ക്ക് നല്‍കാന്‍ ഭൂമിയില്ലെന്ന സര്‍ക്കാര്‍ വാദത്തെ ഗീതാനന്ദനും ഭൂ അധികാര സംരക്ഷണ സമിതി ചെയര്‍മാന്‍ സണ്ണി കപിക്കാടും വസ്തുതകള്‍ നിരത്തി ഖണ്ഡിക്കുന്നു. നിലവില്‍ സര്‍ക്കാര്‍ ലാന്‍ഡ് ബാങ്കില്‍ മാത്രം 1,80,787 (1.80 ലക്ഷം) ഏക്കര്‍ ഭൂമിയുണ്ട്. കുത്തകകള്‍ കൈവശം വച്ചിരിക്കുന്ന, സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതായ ഭൂമി ഏതാണ്ട് എട്ടു ലക്ഷത്തോളം ഏക്കര്‍ വരും. നിയമ നിര്‍മ്മണത്തിലൂടെ ഈ ഭൂമി ഏറ്റെടുക്കാം എന്നിരിക്കെ മൂന്നു സെന്റിലൂടെയും കോളനിവത്കരണത്തിലൂടെയും ഭൂരാഹിത്യമെന്ന അടിസ്ഥാന പ്രശ്‌നത്തെ ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമുക്കുന്നതെന്തിനെന്ന് ഇവര്‍ ചോദിക്കുന്നു.

ആദിവാസി, ദളിത് മറ്റ് പാര്‍ശ്വവത്കൃതര്‍ എന്നിവരെ കോളനികളിലും ചേരികളിലും ഒതുക്കി നിര്‍ത്തിക്കൊണ്ടുള്ള വിവേചങ്ങളും കാലാകാലങ്ങളായി പാര്‍ശ്വവത്കൃത ജനതയോട് തുടരുന്ന ഇത്തരം അസമത്വങ്ങളും ഇനിയെങ്കിലും അവസാനിപ്പിക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിരവധി ദശാബ്ധങ്ങളായി കേരളത്തിലെ ദളിത് ആദിവാസി ജനത ആവശ്യപ്പെടുന്നത് ഭൂ വിതരണത്തിലെ തുല്യ നീതിയും അന്തസുള്ള തൊഴിലും ജീവിതമാര്‍ഗ്ഗങ്ങളുമാണ്. മുത്തങ്ങ, ചെങ്ങറ, അരിപ്പ സമരങ്ങള്‍ അതിന്റെ നേര്‍ സാക്ഷ്യമാണ്.

ഡോ.എം.ജി രാജമാണിക്യം സ്‌പെഷ്യല്‍ ഓഫീസറായ കമ്മീഷന്‍ അടുത്തിടെ സര്‍ക്കാറിനു നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചു ലക്ഷത്തോളം ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് ഇപ്പോള്‍ സാധ്യമാണ്. ഈ ഘട്ടത്തില്‍ തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള കൂട്ടായ രാഷ്ട്രീയ സാമൂഹിക സമര്‍ദ്ദങ്ങള്‍ രൂപപ്പെടുത്തനാണ് ശ്രമിക്കുന്നതെന്ന് ഭൂ അധികാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ജിഷ ജോര്‍ജ്‌)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍