UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ഡിസ്‌കവറി സ്‌പോര്‍ട്ട് എന്ന അഭിജാതശിശു

ടാറ്റാമോട്ടോഴ്‌സ് ചെയ്ത ഏറ്റവും ബുദ്ധിപരമായ കാര്യം ഏതാണെന്നു ചോദിച്ചാല്‍ ബൈജു എന്‍. നായര്‍ മുതല്‍ രത്തന്‍ടാറ്റ വരെയുള്ള ആരും പറയും ജ്വാഗ്വര്‍ ലാന്‍ഡ് റോവര്‍ കമ്പനിയെ വാങ്ങിയതാണെന്ന്. നഷ്ടത്തിലായിരുന്ന ജെ.എല്‍.ആറിനെ വാങ്ങാന്‍ രത്തന്‍ടാറ്റ കാട്ടിയ ചങ്കൂറ്റം ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്. പക്ഷേ രത്തന്റെ മാന്ത്രിക കരസ്പര്‍ശത്താല്‍ ജെ.എല്‍.ആര്‍. ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ദൃശ്യമാണ് പിന്നീട് കണ്ടത്. ലോകമെമ്പാടും ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ ഹരമായി മാറി. അടുത്ത കാലത്ത് ചൈനയില്‍ പോയപ്പോള്‍ ചറപറാന്ന് റേഞ്ച്‌ റോവര്‍ സ്‌പോര്‍ട്ടും മറ്റും ചീറിപ്പായുന്നതു കണ്ടപ്പോള്‍ അഭിമാനപൂരിതമായി അന്തരംഗം.

രത്തന്‍ ടാറ്റയും ടാറ്റാമോട്ടോഴ്‌സും എന്തു മാജിക്കാണ് കാണിച്ചതെന്നറിയില്ല. ഏതായാലും ജെ.എല്‍.ആര്‍ വാഹനങ്ങള്‍ ഇപ്പോള്‍ ഇന്ത്യയുടെയും ഹരമായി മാറിക്കഴിഞ്ഞു. ജാഗ്വര്‍ എക്‌സ് ജെ., എക്‌സ് എഫ്. എക്‌സ് ജെ.എല്‍, റേഞ്ച്‌റോവര്‍ സ്‌പോര്‍ട്ട്, ഇവോക്ക്, വോഗ് എന്നിവയെല്ലാം കേരളത്തിലും ചൂടപ്പം പോലെ വിറ്റഴിയുന്നു. ഇതിനിടെ ജെ.എല്‍. ആറിന്റെ കുടുംബത്തില്‍ നിന്ന് യൗവ്വനയുക്തനായ ഒരു യുവാവ് വിട പറഞ്ഞിരുന്നു ഫ്രീലാന്‍ഡര്‍. ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ എന്ന ഈ എസ്.യു.വിക്ക് വില താരതമ്യേന കുറവായിരുന്നു. എന്നാല്‍ ഗുണഗണങ്ങള്‍ കൂടുതലുമായിരുന്നു.

ഫ്രീലാന്‍ഡറിനെ പിന്‍വലിക്കുമ്പോള്‍ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു, ഇവന് പകരക്കാരനായി ഇവനിലും വലിയവന്‍ വരുമെന്ന്. അങ്ങനെ വന്നവനാണ് ഡിസ്‌കവറി സ്‌പോര്‍ട്ട്. ഒരു കുളിരൂറുന്ന പ്രഭാതത്തില്‍ ഡിസ്‌കവറി സ്‌പോര്‍ട്ട് എന്ന ഈ അഭിജാതശിശുവിനെ ‘കൈകാര്യം’ ചെയ്തതിന്റെ വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കുക.

ഡിസ്‌കവറി സ്‌പോര്‍ട്ട്
ഓഫ് റോഡ് യാത്രകള്‍ സുഗമമാക്കാനായി രൂപകല്പന ചെയ്ത ഇയുസിഡി പ്ലാറ്റ്‌ഫോമിലാണ് ഡിസ്‌കവറി സ്‌പോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 2014-ലെ ന്യൂയോര്‍ക്ക് ഓട്ടോഷോയിലാണ് ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്.

കാഴ്ച
അരങ്ങൊഴിഞ്ഞ ഫ്രീലാന്‍സറുമായി ബന്ധമൊന്നുമില്ലാത്ത രൂപമാണ് ഡിസ്‌കവറി സ്‌പോര്‍ട്ടിന്. കുറെയെങ്കിലും സാദൃശ്യം റേഞ്ച്‌റോവര്‍ സ്‌പോര്‍ട്ട് എന്ന വല്യേട്ടനോടാണ്. (കാണാന്‍ സുന്ദരന്‍ എന്നും ഇവോക്ക് തന്നെ) ഫ്രീലാന്‍ഡറിനേക്കാള്‍ 91.മി.മീ നീളവും 80 മി.മീ വീല്‍ ബെയ്‌സും കൂടുതലുണ്ട്. ഈ വലിപ്പക്കൂടുതല്‍ മൂലം മൂന്നാം നിര സീറ്റുകൂടി ഫിറ്റു ചെയ്യാന്‍ കഴിഞ്ഞു. ഇതിനായി മള്‍ട്ടി ലിങ്ക് റിയര്‍ സസ്‌പെന്‍ഷന്‍ കൂടി ഇണക്കിച്ചേര്‍ത്തു. 7 സീറ്റര്‍ ആയതോടെ സമാന സെഗ്‌മെന്റില്‍ പെട്ട ഓഡി ക്യൂ 5, ബി.എം.ഡബ്ല്യു എക്‌സ് 3, വോള്‍വോ എക്‌സ് സി 60 എന്നിവയെക്കാള്‍ മുന്‍തൂക്കം ഡിസ്‌കവറി സ്‌പോര്‍ട്ടിനായി. ഈ പാവങ്ങളൊക്കെ ജന്മനാ 5 സീറ്ററാണല്ലോ! പക്ഷേ ഒന്നുണ്ട്, മൂന്നാം നിര സീറ്റില്‍ ലെഗ്‌സ്‌പേസ് കുറവാണ്. കുട്ടികള്‍ക്കേ സുഖമായി ഇരിക്കാന്‍ പറ്റൂ. തന്നെയുമല്ല, 7 സീറ്റര്‍ മോഡലില്‍ സ്‌പേസ് സേവര്‍ സ്‌പെയര്‍വീല്‍ ആണ് വരുന്നത്. 5 സീറ്റര്‍ മോഡലില്‍ സാധാരണ ടയറും. താഴ്ന്ന ബോണറ്റും കുഞ്ഞന്‍ ഹെഡ്‌ലാമ്പുകളും ഫോഗ്‌ലാമ്പ് ഇന്റഗ്രേറ്റ് ചെയ്ത തടിയന്‍ ബമ്പറും വലിയ നെറ്റഡ് എയര്‍ഡാമും അലൂമിനിയം ഫിനിഷുള്ള സ്‌കഫ് പ്ലേറ്റുമാണ് മുന്‍ഭാഗത്തിന് ഭംഗി പകരുന്നത്. ഗ്രില്‍ പൂര്‍ണ്ണമായും ലാന്‍ഡ്‌റോവറിന്റെ വംശ മഹിമ പേറുന്നു.

വശങ്ങളില്‍ തടിച്ച ഷോള്‍ഡര്‍ ലൈനുണ്ട്. ഇത് മുന്‍ ഫെന്‍ഡറില്‍ നിന്നാരംഭിച്ച് ടെയ്ല്‍ ലാമ്പു വരെ നീളുന്നു. തടിച്ച ‘സി’ പില്ലറും പിന്നിലേക്കുള്ള മൂന്നാം നിര വിന്‍ഡോയും ടൊയോട്ട ഫോര്‍ച്യൂണിന്റെ വിദൂരഛായയുള്ളതാണ്. ടോപ്എന്‍ഡ് മോഡലില്‍ കറുത്ത റൂഫും കറുത്ത ‘എ’ പില്ലറുമുണ്ട്. ടെയ്ല്‍ലാമ്പ് ‘സ്‌മോക്ക്ഡ്’ ആണ്. ഗ്ലോസി ബ്ലാക്ക് ഫിനിഷ് ലാമ്പിനു ചുറ്റുമുണ്ട്.

പിന്‍ഭാഗത്തെ കറുത്ത, തടിയന്‍ ബമ്പറും താഴെയുള്ള അലൂമിനിയം സ്‌കഫ് പ്ലേറ്റും ഉരുണ്ട, ഇരട്ട എക്‌സ്‌ഹോസ്റ്റും സുന്ദരം. ഏത് ആംഗിളിലും സുന്ദരനും കരുത്തനുമാണ് പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ട്.

ഉള്ളില്‍
ഏതൊരു ആധുനിക ജെ.എല്‍.ആര്‍ വാഹനങ്ങളെയും പോല തന്നെ ഗംഭീരമാണ് ഡിസ്‌കവറി സ്‌പോട്ടിന്റെയും ഉള്‍ഭാഗം. ബീജും ബ്ലാക്കും അലൂമിനിയം ഫിനിഷുമാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ജോയ്സ്റ്റിക് പോലെയുള്ള ഗിയര്‍ സെലക്ടറും, ഡോര്‍പാഡിന്റെ മേലെയുള്ള പവര്‍വിന്‍ഡോയുമെല്ലാം റേഞ്ച് റോവര്‍ മോഡലുകളില്‍ കാണപ്പെടുന്നതു തന്നെ. സ്റ്റിയറിംഗ് വീലില്‍ ഓഡിയോ ക്രൂയിസ് കണ്‍ട്രോള്‍ സ്വിച്ചുകള്‍. ഡാഷ് ബോര്‍ഡില്‍ 8 ഇഞ്ച് ഡിസ്പ്ലേ. ഇതില്‍ നാല് സെക്ഷനുകളുണ്ട്. ടച്ച് സ്‌ക്രീനാണ്. ഡ്രൈവ് ചെയ്യുമ്പോഴും ഉപയോഗിക്കാന്‍ എളുപ്പം. സ്റ്റിയറിംഗ് ഇന്‍പുട്ട്, റിയല്‍ ടൈം സെന്റര്‍ ഡിഫറന്‍ഷ്യല്‍ എന്നിവയുടെ വിവരങ്ങളും ഈ സ്‌ക്രീനില്‍ അറിയാം.

സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം. 7 യു.എസ്. ബി ചാര്‍ജ്ജിംഗ് പോയിന്റുകള്‍, ധാരാളം സ്റ്റോറേജ് സ്‌പേസ് എന്നിവയും കാണാം. ടോപ് എന്‍ഡ് മോഡലില്‍ പനോരമിക് സണ്‍റൂഫ്, ലെതര്‍സീറ്റുകള്‍, റിയര്‍വ്യൂ ക്യാമറ, പാര്‍ക്ക് അസിസ്റ്റ് (പാരലല്‍ പാര്‍ക്ക് ഉള്‍പ്പെടെ) റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം, 10 വേ പവേര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, 17 സ്പീക്കര്‍ മെറീഡിയന്‍ ഓഡിയോ സിസ്റ്റം അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍ എന്നിവയുമുണ്ട്.

ഒന്നും രണ്ടും നിര സീറ്റുകളില്‍ ഇഷ്ടം പോലെ ലെഗ്‌സ്‌പേസുണ്ട്. പിന്‍സീറ്റുകാര്‍ക്ക് ബി പില്ലറില്‍ എ.സി. വെന്റുകളുമുണ്ട്.

എഞ്ചിന്‍
ഇന്ത്യയില്‍ ഒരേയൊരു ഡീസല്‍ എഞ്ചിന്‍ മോഡല്‍ മാത്രമേ ഡിസ്‌കവറി സ്‌പോര്‍ട്ടിനുള്ളു. ഈ 2.2. ലിറ്റര്‍ എഞ്ചിന്‍ 147/187 ബി.എച്ച്.പി. പവര്‍ വേരിയന്റുകളില്‍ ലഭ്യമാണെന്നു മാത്രം. 4 സിലിണ്ടര്‍ എഞ്ചിനാണിത്. ഫ്രീലാന്‍ഡറില്‍ ഉണ്ടായിരുന്ന എഞ്ചിന്‍ തന്നെയാണിത് എന്നറിയുക. 9 സ്പീഡാണ് ഗിയര്‍ ബോക്‌സ്. 1400 ആര്‍.പി.എമ്മില്‍ പോലും 9-ാം ഗിയറില്‍ ഓടിച്ചു പോകാം എന്നത് കൗതുകം പകരുന്ന കാര്യമാണ്.

ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ രീതിയാണ് ഗിയര്‍ബോക്‌സിന്. 100 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ 11.5 സെക്കന്റാണ് 147 ബി.എച്ച്.പി. എഞ്ചിന് വേണ്ടത്. കുതിച്ചുചാടുന്ന രീതിയല്ല. അടക്കവും ഒതുക്കവുമുള്ള പവര്‍ ഡെലിവറി രീതിയാണ് എഞ്ചിനുള്ളത്. പാഡ്ല്‍ ഷിഫ്റ്റില്‍ വിരലമര്‍ത്തി മാനുവലായി ഓടിച്ചുപോകുന്നതും ഹരം പകരും. 18 കിലോമീറ്ററോളം മൈലേജും ഈ എഞ്ചിന്‍ തരുന്നുണ്ട്.

ഹാന്‍ഡ്‌ലിങ്ങിന്റെ മികവാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഓള്‍ ഇന്‍ഡിപെന്‍ഡന്റ് സസ്‌പെന്‍ഷന്‍ ഇന്ത്യന്‍ റോഡുകള്‍ക്കു ചേരുന്നതു തന്നെ. ബോഡി റോള്‍ നാമമാത്രമേയുള്ളു. ഹൈസ്പീഡിലും കോര്‍ണറിങ്ങിലും കൈവിട്ടു പോകാത്ത മിതത്വം കാത്തുസൂക്ഷിക്കുന്നുണ്ട് ഡിസ്‌കവറി സ്‌പോര്‍ട്ട്. ഇലക്ട്രിക് സ്റ്റിയറിങ്ങിന്റെ ഈസിനെസും ഒന്നാന്തരം ഫുള്‍ടൈം ഫോര്‍വീല്‍ ഡ്രൈവ് അഥവാ ടെറെയ്ന്‍ റെസ്‌പോണ്‍സ് സിസ്റ്റവും ഉള്ളതുകൊണ്ട് ഏതു മലയും കയറാന്‍ സജ്ജനാണ് ഡിസ്‌കവറി സ്‌പോര്‍ട്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 700 കി.മീ. ഉള്ളതും മലകയറ്റക്കാര്‍ക്ക് പ്രയോജനം ചെയ്യും. 600 മി.മീ. വെള്ളക്കെട്ടിലൂടെയും ഇവനെ അനായാസം പായിക്കാം

ഫ്രീലാന്‍ഡറിനെക്കാള്‍ നാലു തലമുറയെങ്കിലും മുന്നിലാണ് ഡിസ്‌കവറി സ്‌പോര്‍ട്ട്. റേഞ്ച്‌റോവര്‍ എന്ന വില കൂടിയ, ലക്ഷ്വറി എസ്.യു.വികളോട് അടുത്തുകൊണ്ടിരിക്കുകയാണ് ലാന്‍ഡ്‌റോവറിന്റെ മോഡലുകളെന്ന് ഡിസ്‌കവറി സ്‌പോര്‍ട്ട് തെളിയിക്കുന്നു. ഏത് പ്രതികൂല വേളയിലും ഒപ്പം നില്‍ക്കാന്‍ ആത്മസമര്‍പ്പണമുള്ള എസ്.യു.വി. അതാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍