UPDATES

ബിജെപിയുടെ കമ്യൂണിസ്റ്റ് പ്രോജക്റ്റ്; എകെജിയുടെ ‘മണ്ണിനുവേണ്ടി’ കുമ്മനം

കേരളത്തിൽ അങ്ങോളം ഇങ്ങോളം നടന്നുവരുന്ന ഇരുപതിലേറെ ഭൂ സമരങ്ങളെ ഏകോപിക്കാൻ തീരുമാനിച്ചു ബിജെപി

കെ എ ആന്റണി

കെ എ ആന്റണി

നാല് പതിറ്റാണ്ടുകൾക്ക് മുൻപ് എ കെ ജി ‘മണ്ണിനുവേണ്ടി’ എന്ന തന്റെ പുസ്തകത്തിലെ ‘സമരത്തിന്റെ ആരംഭം’ എന്ന ആദ്യ അധ്യായത്തിൽ ഇങ്ങനെ എഴുതി:

“ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയിട്ട് 27 വർഷമായി. 43 കൊല്ലം മുൻപ് കറാച്ചിയിലും പിന്നീട് ഫേസ്‌പൂരിലും മറ്റും കൃഷിഭൂമിയിൽ പണിയെടുക്കുന്ന കൃഷിക്കാരന് അതിന്റെ അവകാശം നൽകണമെന്ന പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സാണ്, അന്നു മുതൽ ഇന്നുവരെ അതേപ്പറ്റി വാതോരാതെ പ്രസംഗിക്കുന്ന കോൺഗ്രസ് നേതൃത്വമാണ്, തങ്ങളുടെ കാർഷിക പരിഷ്‌ക്കാരങ്ങളെക്കുറിച്ചു പെരുമ്പറയടിക്കുന്ന കോൺഗ്രസ് നേതാക്കളാണ്, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിക്കുന്നത്. എന്നാൽ ഈ രാജ്യത്തെ സ്ഥിതി എന്താണ്? കോൺഗ്രസ് സർക്കാർ ജന്മിത്വം അവസാനിപ്പിച്ചിട്ടില്ല. അധ്വാനിക്കുന്ന കൃഷിക്കാരന് കൃഷിഭൂമിയുടെ അവകാശം പകർന്നുകൊടുത്തിട്ടില്ല. കൃഷിക്കാരനെ വരിഞ്ഞുമുറുക്കുന്ന ചങ്ങലക്കെട്ടുകളിൽ നിന്ന് മോചിപ്പിച്ചിട്ടില്ല. എന്നു മാത്രമല്ല ഓരോ ദിവസവും പാട്ടക്കാരനും വാരക്കാരനും കുടികിടപ്പുകാരനും അവർ അധ്വാനിച്ചിരുന്ന ഭൂമിയിൽ നിന്നും ആട്ടിയകറ്റപ്പെടുകയാണ്. ഒരുപിടി മണ്ണിനുവേണ്ടി സ്വന്തം നാടുവിട്ട് മലയിൽ കയറി മണ്ണിനോടും മലയോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ചു കാട് തെളിച്ചു സ്വർണം വിളയിക്കുന്ന കൃഷിക്കാരൻ മണ്ണിൽ നിന്ന് ഇന്നും അടിച്ചിറക്കപ്പെടുന്നു.”

എകെജി ഇത് എഴുതുന്നതിനു മുൻപ് തന്നെ (അതായതു 1958-ൽ) കേരളത്തിൽ ഭൂപരിഷ്കരണ ബില്ല് അവതരിപ്പിക്കപ്പെട്ടിരുന്നു. 1958-ൽ അവതരിപ്പിക്കപ്പെട്ട ഭൂപരിഷ്കരണ ബില്ല് 1960, 63, 64, 69 വർഷങ്ങളിൽ ചില്ലറ ഭേദഗതികളോടെ പാസ്സാക്കപ്പെട്ടെങ്കിലും കേരളത്തിൽ ജന്മിത്വം പൂർണമായും അവസാനിപ്പിക്കപ്പെട്ടുകൊണ്ടുള്ള നിയമം നിലവിൽ വന്നത് 1970-ൽ മാത്രമാണ്.

താനടക്കമുള്ള ചില കമ്മ്യൂണിസ്റ്റ് നേതാക്കളും ഫാദർ വടക്കൻ, വെല്ലിങ്ടൺ തുടങ്ങിയവരും മണ്ണിനുവേണ്ടിയും കുടിയിറക്കുകൾക്കെതിരായും നടത്തിയ ഐതിഹാസിക സമരങ്ങളെക്കുറിച്ചുള്ളതാണ് എകെജി യുടെ ‘മണ്ണിനുവേണ്ടി’ എന്ന പുസ്തകം. സത്യത്തിൽ കുടിയാൻമാർക്ക് വേണ്ടിയും മലയോര കര്‍ഷകര്‍ക്കുവേണ്ടിയും പാർശ്വവൽക്കരിക്കപ്പെട്ട ഒരു വലിയ വിഭാഗം ജനതക്കുവേണ്ടിയും എകെജിയെ പോലുള്ള ത്യാഗമനസ്കരായ കമ്മ്യൂണിസ്റ്റ് നേതാക്കൾ നടത്തിയ സമരങ്ങളും ചെറുത്തുനില്‍പ്പുകളാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടം ഉണ്ടാക്കിക്കൊടുത്തത്.

ജന്മിത്തം അവസാനിച്ചെങ്കിലും ഇന്നും പാവപ്പെട്ടവന്റെയും ആദിവാസി-ദളിത് വിഭാഗങ്ങളുടെയും ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആയിട്ടില്ല. മാറിമാറി വന്ന സർക്കാരുകൾ ആദിവാസി-ദളിത് വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ച് കൊണ്ടുവന്ന പദ്ധതികൾക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നും നമുക്കറിയാം. അത്തരം പദ്ധതികൾക്കായി ഒഴുക്കിയ പണമത്രയും എങ്ങനെ ഉദ്യോഗസ്ഥ മേലാളന്മാരുടെയും ഇടനിലക്കാരുടെയും കീശകളിലേക്ക് ഒഴുകിയെന്നതും നമുക്കറിയാം. കിടപ്പാടം ഇല്ലാത്ത ലക്ഷകണക്കിന് കുടുംബങ്ങൾക്കുവേണ്ടി കൊണ്ടുവന്ന ഭവന നിർമാണ പദ്ധതികൾക്കും തരിശുരഹിത കേരളം പദ്ധതിക്കുമൊക്കെ എന്ത് സംഭവിച്ചുവെന്നും നാം കണ്ടതാണ്.

കേരളത്തിൽ കമ്മ്യൂണിസ്റ്റുകൾ തുടങ്ങിവെച്ച ഭൂസമരങ്ങൾ പിന്നീട് സി കെ ജാനു , എം ഗീതാനന്ദൻ, ളാഹ ഗോപാലൻ തുടങ്ങിയവർ ഏറ്റെടുത്തു. എന്നിട്ടും ഒന്നും എവിടെയും എത്തിയിട്ടില്ല. കേരളത്തിൽ ഇപ്പോഴും ഭവനരഹിതരായ മുന്ന് ലക്ഷത്തിൽപരം കുടുംബങ്ങൾ ഉണ്ടെന്നാണ് കണക്ക്. പുതിയകാല കമ്മ്യൂണിസ്റ്റുകൾ ചുവടു മാറ്റി ചവിട്ടുമ്പോൾ അവർ ഇട്ടിട്ടുപോയ ഇടമാണ് ഇപ്പോൾ സംഘപരിവാർ ലക്ഷ്യം വെക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രണ്ടുനാൾ മുൻപ് ഗവിയിലെ ഭൂ സമരക്കാരെ സന്ദർശിച്ചതും കേരളത്തിൽ അങ്ങോളം ഇങ്ങോളം നടന്നുവരുന്ന ഇരുപതിലേറെ ഭൂ സമരങ്ങളെ ഏകോപിക്കാൻ തീരുമാനിച്ചതിനെയും ഈ പശ്ചാത്തലത്തിൽ വേണം നോക്കിക്കാണാൻ.

ഒരു കാലത്തു കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ നടന്നുപോയ അതേ പാതയിലൂടെ സഞ്ചരിക്കാൻ ഒരുങ്ങുകയാണ് ഇന്നിപ്പോൾ സംഘപരിവാർ. കേരളത്തിൽ കരുത്താർജിക്കാനും അതുവഴി അധികാരത്തിലെത്താനും ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുക്കുക എന്നതാണ് ഏക മാർഗം എന്ന് സംഘപരിവാർ തിരിച്ചറിഞ്ഞിരിക്കുന്നു. ഏറെ കൊട്ടിഘോഷിച്ച് അധികാരത്തിൽ വന്ന പിണറായി സർക്കാർ വിദ്യാർഥി പ്രശ്നങ്ങളിലടക്കം മുഖം തിരിഞ്ഞു നിൽക്കുമ്പോൾ തിരുവനന്തപുരം ലോ അക്കാഡമിക്ക് മുൻപിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ ഉപവാസം ഇരിക്കുന്നതും ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടു തന്നെ.

കമ്മ്യൂണിസ്റ്റുകാരുടെ വീഴ്ച മുതലെടുക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെങ്കിൽ അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ഇങ്ങനെപോയാൽ സ്വന്തം കാൽകീഴിലെ മണ്ണ് ഒലിച്ചുപോകാൻ അധികം താമസം ഉണ്ടാവില്ലെന്ന് കമ്മ്യൂണിസ്റ്റുകൾ ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍