UPDATES

ട്രെന്‍ഡിങ്ങ്

ഒരായുസിന്റെ സമ്പാദ്യം സെക്കന്റുകള്‍ കൊണ്ട് കുത്തിയൊലിച്ച് പോകുന്നത് കണ്‍മുന്നില്‍ കണ്ടവരാണ് ഈ ഗ്രാമീണര്‍

ഉരുള്‍ പൊട്ടലില്‍ പാതാര്‍ ഗ്രാമം ഇല്ലാതായി രണ്ടുമണിക്കൂറുകള്‍ക്ക് ശേഷമാണ് കവളപ്പാറയിലെ മുത്തപ്പന്‍ കുന്ന് ഇടിഞ്ഞ് അന്‍പതിയോമ്പതുപേരുടെ ജീവന്‍ നഷ്ടപ്പെട്ടത്.

നിലമ്പൂരിലെ പാതാര്‍ എന്ന കൊച്ചുഗ്രാമം ഇല്ലാതായത് നിമിഷങ്ങള്‍ക്കമാണ്. തൊട്ടടുത്തുള്ള കാവളപ്പാറ മുത്തപ്പന്‍ കുന്ന് ഉരുള്‍പൊട്ടലില്‍ അറുപതോളം പേര്‍ മരണപ്പെട്ടത് കാരണം അധികൃതരുടെയും മറ്റും ശ്രദ്ധ അവിടെക്ക് തിരിഞ്ഞു. അതുകൊണ്ട് തന്നെ പാതാര്‍ എന്ന ഗ്രാമം ഇല്ലാതായ കഥ വളരെ വൈകിയാണ് പുറം ലോകം അറിഞ്ഞത്. പാതാര്‍ അങ്ങാടിക്ക് അരികിലെ തോട്ടിലൂടെ കലക്കവെള്ളം എത്തി തുടങ്ങിയപ്പോള്‍ തന്നെ പ്രദേശത്തുള്ളവര്‍ മാറി താമസിച്ചതുകൊണ്ട് ജീവഹാനി സംഭവിച്ചില്ല. പക്ഷെ ഓരായുസ് കൊണ്ട് കെട്ടിപ്പെടുത്ത സ്വത്തുകളും സ്വരുക്കൂട്ടിയതുമെല്ലാം സെക്കന്റുകള്‍കൊണ്ട് കുത്തിയൊലിച്ച് പോകുന്നത് കണ്‍മുന്നില്‍ കണ്ടവരാണ് ഈ ഗ്രാമത്തിലെ ജനങ്ങള്‍.


ഇരുപത്തില്‍ താഴെ കടകളുള്ള പാതാര്‍ അങ്ങാടിയും സമീപ ഭാഗങ്ങളും ഇന്ന് കണ്ടാല്‍ ഏതോ പുഴയാണെന്ന് മാത്രമെ ആദ്യമായി അവിടെ എത്തുന്ന ആളുകള്‍ കരുതൂ. കൂറ്റപാറകളും വൃക്ഷങ്ങളും കടപുഴകി പാറക്കെട്ടുകള്‍ നിറഞ്ഞ പുഴപോലെയാണ് ഇന്ന് പാതാര്‍.

ഓഗസ്റ്റ് 8-ന് വൈകിട്ട് മൂന്ന് മണിയോടെ പാതാറിന്റെ മുകളിലുള്ള ഗര്‍ഭംകലക്കി മലയിലും തേന്‍മലയിലും ചെറിയ ഉരുള്‍പൊട്ടലുണ്ടായി. .ഇതിന് പിന്നാലെ പാതാര്‍ അങ്ങാടിക്ക് അരികിലൂടെ ഒഴുകുന്ന ഇഴുവാത്തോട്ടില്‍ കലക്കവെള്ളം ഒഴുകിയെത്തിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. തുടര്‍ന്ന് ഇവര്‍ പ്രദേശം വിട്ട് മാറാന്‍ തുടങ്ങി.

അഞ്ചരയ്ക്ക് അതിരുവീട്ടിമല പൊട്ടിയത്തോടെ ഇഴുവാത്തോട്ടിലൂടെ കുത്തിയൊലിച്ച് എത്തിയ മലവെള്ളവും കൂറ്റന്‍പാറകളും വൃക്ഷങ്ങളും പാാതാറിലേക്ക് പതിച്ചപ്പോള്‍ പ്രദേശത്തെ 13 കടകളും 11 വീടുകളും ഉണ്ടായിരുന്ന സ്ഥലത്ത് അവശേഷിക്കുന്നത് തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും പാറക്കൂട്ടങ്ങളും മാത്രമാണ്.

അതിരിവീട്ടി മലയും ഗര്‍ഭംകലക്കി മലയും തേന്‍മലയും കൂടാതെ മലാംകുണ്ട്, വാളംകൊല്ലി മലകളിലുമുള്‍പ്പെടെ പ്രദേശത്ത് എട്ടോളം ചെറുതുവലുതുമായ ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാമപ്പാറ മലവഴി വരുന്ന പാതാര്‍ തോടിനരികിലുള്ള റോഡുകളും വീടുകള്‍ നിന്ന പ്രദേശങ്ങളും ഒലിച്ചുപോവുകയും ചെളിയും പാറയും കനത്തില്‍ വന്ന് അടിയുകയും ചെയ്തിരിക്കുകയാണ്. അങ്ങാടിയിലുണ്ടായ മസ്ജീദ് ഭാഗികമായി തകര്‍ന്ന് ദുരന്തത്തിലെ അവശേഷിപ്പുപോലെ നില്‍ക്കുകയാണ്.

ഉരുള്‍ പൊട്ടലില്‍ പാതാര്‍ ഗ്രാമം ഇല്ലാതായി രണ്ടുമണിക്കൂറുകള്‍ക്ക് ശേഷമാണ് കവളപ്പാറയിലെ മുത്തപ്പന്‍ കുന്ന് ഇടിഞ്ഞ് (രാത്രി എട്ടുമണി) അന്‍പതിയോമ്പതുപേരുടെ ജീവന്‍ നഷ്ടപ്പെട്ടത്.

മുത്തപ്പന്‍കുന്നിന്റെ മറുവശമാണ് പാതാര്‍ ഗ്രാമം. കവളപ്പാറ പോലെ തന്നെ ഒരു കുടിയേറ്റ ഗ്രാമമാണ് പാതാറും. എണ്‍പതുകളിലാണ് ഈ പ്രദേശത്തേക്ക് വടക്കന്‍ മലബാറില്‍ നിന്നും തിരുവതാംകൂറില്‍ നിന്നുമെല്ലാമുള്ള ജനങ്ങളുടെ കുടിയേറ്റം ആരംഭിച്ചത്.

പാതാര്‍ വഴിയായിരുന്നു നിലമ്പൂര്‍ – അകമ്പാടം മലയോര പാതയ്ക്കായി പദ്ധതി തയ്യാറാക്കിയിരുന്നു. പക്ഷെ ഉരുപൊട്ടലില്‍ പാതാര്‍ ഗ്രാമം തന്നെ ഇല്ലാതായി പോയതോടെ സര്‍വേ നടപടി പൂര്‍ത്തിയായ ആ റോഡും ഇല്ലാതായി.

പാതാറും കവളപ്പാറയും ഉള്‍പ്പെടുന്ന മേഖലകള്‍ എട്ട് വര്‍ഷം മുമ്പ് മാധവ് ഗാഡ്ഗില്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായി രേഖപ്പെടുത്തിയ സോണ്‍ ഒന്നില്‍ ഉള്‍പ്പെട്ട പ്രദേശമാണ്.


.

.

.


.

.

.

.

.

.

ചിത്രങ്ങള്‍ – ഗിരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍