UPDATES

ഐസിബി

കാഴ്ചപ്പാട്

ഐസിബി

ന്യൂസ് അപ്ഡേറ്റ്സ്

ഇതാ നല്ലൊന്നാന്തരം ചന്ത ചൈനീസുമായി ഞാന്‍!

ഐസിബി

എല്ലാ ദിവസവും ഒരേ ചുറ്റുപാടിൽ, പരിചിതമായ ഭാഷ പറഞ്ഞ്, നാക്കിനു പരിചിതമായ രുചികൾ നുണഞ്ഞ്, മഴ-വെയിൽ-കാറ്റ് എന്നിവ കൃത്യമായി കൈകാര്യം ചെയ്ത് ദിവസേന ജീവിക്കാൻ ഒരു സുഖം തന്നെയാണ്; അതിലൊരു സംശയവും ഇല്ല. ലോകത്തിന്റെ ഏതറ്റത്തു ചെന്നാലും മൂന്നാം ദിവസം പുട്ടും കടലയും രണ്ട് നേന്ത്രപ്പഴവും കുളിക്കാൻ ഒരു തോർത്തു മുണ്ടും തലയിൽ തേക്കാൻ ഒരിച്ചിരി വെളിച്ചെണ്ണയും കയറ്റി കുത്താൻ ഒരു കളറു ലുങ്കിയും ഒക്കെയാണ് ഒരു മലയാളിയുടെ ഉത്തമ ഉട്ടൊപ്പിയ! അല്ലാതെന്തു ജീവിതം?

എന്നാൽ ജീവിക്കണം. നമ്മളറിയാത്ത, നമ്മളെയറിയാത്ത നമുക്കൊന്നും മനസ്സിലാവാത്ത ഒരു രാജ്യത്ത്, ജീവിതത്തിൽ ഒരു രണ്ട് മാസമെങ്കിലും എല്ലാം ഇട്ടെറിഞ്ഞു പോയി താമസിക്കണം. സ്വന്തം വ്യക്തിത്വത്തിന്റെ പരിമിതികളും പുതിയ തലങ്ങളും അപ്പൊഴാണ് തിക്കിതിരക്കി വന്നു നമ്മളൊരു അവതാരമായി മാറുന്നത്. ഒരു ഗ്ലാസ് ചൂട് വെള്ളം ചോദിക്കാനുള്ള ഭാഷ പോലും കൈവശം കാണരുത്. ജീവിതത്തിനു ഒരു സാഹസികതയൊക്കെ വരും- ബസിൽ കയറുന്നത്, പച്ചക്കറി വാങ്ങുന്നത്, എവിടെയൊ ഒരു മുക്കിൽ ആരോ മുരിങ്ങക്കാ കണ്ടു എന്ന കിംവദന്തി കേട്ട് അതും തിരഞ്ഞിറങ്ങുന്നത് എന്നിങ്ങനെ ദിവസവും ഒരു ചാക്ക് സാഹസികതയും ചിരിയും അനുഭവങ്ങളും. 

ചൈനയിൽ എത്തിയയിടയ്ക്ക് ഞാൻ ഭാഷ പഠിക്കാനായി ഇവിടെ ഒരു യൂണിവേഴ്സിറ്റിയിൽ ചേർന്നിരുന്നു; എന്നാൽ ആറു മാസത്തിനു ശേഷം വ്യക്തിപരമായ കാരണങ്ങൾ കൊണ്ടും പിന്നെ ഇപ്പോൾ നാലു കാലിൽ അതിവേഗം ബഹുദൂരം ലക്ഷ്യമിട്ട് പറന്നു നടക്കുന്ന ഒരു കുഞ്ഞു സഖാവും കാരണം ഒരു ഘടനാപര ഭാഷാപഠനം വിദൂര സ്വപ്നമായി നിലകൊള്ളുകയാണ്. എന്നാൽ ഭാഷ ഇല്ലാതെ ഒരു ചുക്കും ഇവിടെ നടക്കില്ല എന്നത് കൊണ്ടും ഭാഷ അറിയുന്നവരെ എപ്പോഴും കൊണ്ടുനടക്കുന്നത് ഒരു ഇമ്പോസിബിൾ ആഗ്രഹം ആയതുകൊണ്ടും, ഭാഷ കൈക്കലാക്കാൻ ഞാൻ ചില സൂത്രപണികൾ അസൂത്രണം ചെയ്തു. അപ്പോൾ എങ്ങനെ ഒരു ഭാഷ കാശു മുടക്കാതെ മണി മണിയാക്കാം എന്നതിലേക്കൊരു എത്തി നോട്ടം.  

എനിക്കറിയുന്ന പരിചിതമായ ഭാഷകൾ ഉപയോഗിക്കാൻ യാതൊരു ചാൻസും കിട്ടരുത്. എവിടെയും എന്തും പറയാൻ ചൈനീസ് മാത്രമായിരുന്നു എനിക്ക് ശരണം. അതിനു ഏറ്റവും ആദ്യമായി ഞാൻ ചെയ്തത് മൊബൈലിൽ ഇംഗ്ലീഷ്- ചൈനീസ് ഡിക്ഷനറി ഇൻസ്റ്റാൾ ചെയ്യുക ആയിരുന്നു. എന്നാലും ഇതൊരു കൈത്താങ്ങായി മാത്രമെ ഉപകരിക്കൂ എന്നതാണ് വാസ്തവം. കാരണം, ഡിക്ഷനറിയിൽ ഉള്ള പല വാക്കുകളും വളരെ ഔപചാരികമായവ ആയിരിക്കും. നാട്ടിൽ ഇംഗ്ലീഷ്- മലയാളം ഡിക്ഷനറി നോക്കി “സഹോദരാ, ഭൂഗർഭ റയിൽ കേന്ദ്രം എവിടെയാ?” എന്നു ചോദിച്ച പോലെയുണ്ടാകും! ചൈനീസ് ഭാഷക്ക് സ്വരഭേദങ്ങൾ വളരെ പ്രധാനമാണ്. ഒരു വാക്ക് അതു പറയേണ്ട അതേ ട്യൂണിലും രീതിയിലും പറഞ്ഞില്ലെങ്കിൽ നമ്മള്‍ വിദേശീസ് ആണെന്ന പരിഗണന തന്നു പോലും അവര് മനസ്സിലാക്കില്ല. ഉദാഹരണത്തിനു നമ്മുടെ കോഴിക്കോട്ടങ്ങാടിയില് ഒരു സായിപ്പ് വന്നു “ചേട്ടാ” എന്നുള്ളത് “ചേറ്റ” “ചെറ്റാ” “ചേത്താ” എന്നു വിളിച്ചാലും നമുക്കത് മനസ്സിലാകും. പക്ഷെ ചൈനീസ് ചേട്ടന്മാർക്ക് സിംപ്ലി മനസ്സിലാവില്ല. അങ്ങനെയാണ് നാട്ടുകാര്‍ മുഴുവൻ എന്റെ ചൈനീസ് അധ്യാപകർ ആകുന്നത്- എന്റെ എളിയ അഭിപ്രായത്തിൽ ഏറ്റവും ബെസ്റ്റും അവരു തന്നെയാ. 

മാർക്കെറ്റിൽ ചെന്ന് ഞാൻ പറയും “കൂശുഗുആ.” ഗ്രഹണഗ്രാഹ്യ വിളക്കുകൾ ഒന്നും മിന്നുന്നത് കാണുന്നില്ലെങ്കിൽ ഞാൻ അതിന്റെ എല്ലാ സ്വരഭേദങ്ങളും എടുത്ത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് വീശും “ഖു ഗുആ” “ഘൂ കു ആ” “കുകുആ” ഗൂ കു ആ” “ഗൂ ഗൂആ”… അവരൊക്കെ എന്നെ നിർവികാരമായി നോക്കി നിൽക്കും, ഇജ്ജാതി ഐറ്റെംസ് ഇനിയുമുണ്ടൊ എന്നും കാത്ത്. പിന്നെ സ്വയം നിയന്ത്രിച്ച് ഞാൻ തൊട്ടു മുന്നിലുള്ള കയ്പ്പക്കായ എടുത്ത് “ഇജ്ജാതി രണ്ടെണ്ണം” എന്നു വിരലു പൊക്കി കാണിക്കും. അപ്പം ആ നിമിഷം ഗ്രഹണഗ്രാഹ്യ വിളക്കുകൾ ഒന്നിച്ചങ്ങോട്ട് പ്രകാശപൂരിതമാകും “ആആഹ്… ക്കു അ് ഗുവാ” . പിന്നെ അതു ശരിക്കും സ്ഫുടമായി പറയുന്ന വരെ കയ്പ്പ തരില്ല. പിന്നെ പിന്നെ പോകുന്ന കടകൾ സ്ഥിരമാവുകയും ചെയ്തപ്പോൾ ഞാനെന്തു തൊട്ടാലും അതിന്റെ പേരും ഊരും ഉപയോഗവും പഠിപ്പിക്കൽ അവരേറ്റെടുത്തു. അങ്ങനെ ഞാൻ ചന്ത ചൈനീസ് പഠിച്ചു. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു ഭാഷയിൽ മിക്കപ്പോഴും നമ്മള്‍ പഠിച്ചു വെക്കുന്ന ഒരു പോഴത്തരമാണ്, ആ ഭാഷയിൽ തന്നെ “എനിക്ക് ഈ ഭാഷ അറിയില്ല” എന്നത്. “മുജെ ഹിന്ദി നഹി മാലൂം” “തമിൾ തെരിയാത്” “കന്നട ഗൊത്തില്ല”. പിന്നെ ആരെന്തു പറഞ്ഞാലും അതാദ്യമെ അങ്ങെടുത്തിടും. എന്നിട്ട് തെക്കോട്ടും നോക്കി ഇരിക്കും “ഹൊ രക്ഷപ്പെട്ടു” എന്നും ഓർത്ത്. ഡോണ്ടു ഡോണ്ടു. നെവെർ ഡോണ്ടു! ഭാഷ അറിയാത്ത ഒരിടത്തേക്ക് പോകുമ്പോൾ മൂന്നു വാക്യങ്ങൾ അവരുടെ ഭാഷയിൽ നിർബന്ധമായും പഠിച്ചിരിക്കണം: “ഇതിനെന്താ പറയുക?” “എങ്ങനെയാ പറയുക?” “എനിക്ക് മനസ്സിലായില്ല”. ബാക്കി നാട്ടുകാര്‍ ഏറ്റെടുത്തോളും. ഏതൊരു ഭാഷയുടെയും പത്ത് ക്രിയാപദങ്ങൾ, പത്ത് നാമപദങ്ങൾ, പത്ത് വിശേഷണപദങ്ങൾ കയ്യിലുണ്ടെങ്കിൽ വളരെ ലളിതമായ ആയിരത്തോളം വാക്യങ്ങൾ ഉണ്ടാക്കാം എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. ഒരു ദിവസത്തിൽ അഞ്ചു പുതിയ വാക്കുകൾ പഠിക്കുക എന്നത് ഒരു വലിയ കാര്യമൊന്നുമല്ല. മൊബൈൽ ആപ്പുകൾ അവ എത്രയൊ എളുപ്പമാക്കി തരുന്നു. “അത്” “ഇത്” “ഇന്ന്‍” “നാളെ” “തരൂ” “പിന്നെ” നീ” “അവർ” “ബീഫ്” “ഒന്ന്” “അഞ്ച്” “വെണ്ടക്ക” “സോപ്പ്” എന്നിങ്ങനെയുള്ള അത്യാവശ്യ വാക്കുകൾ അറിഞ്ഞാൽ തന്നെ തട്ടിമുട്ടി കഴിക്കാം. ഇങ്ങനെയുള്ള ഭാഷാ അറിവിനു ഒരു വിളിപ്പേരുണ്ട്; “കാപ്പിക്കട ചൈനീസ്”. അതായത് ഒരു കാപ്പി ഓർഡെർ ചെയ്യാൻ ആവശ്യമുള്ള ചൈനീസ്. 

ഭാഷ പഠിക്കാൻ മൊബൈൽ പോലെ തന്നെ അതിശ്രേഷ്റമായ മറ്റൊരു ഉപകരണമാണ് കുഞ്ഞുങ്ങൾ. ഒരെണ്ണം കയ്യിൽ ഉണ്ടെങ്കിൽ ആളു കൂടുന്നിടത്ത് കുഞ്ഞിനേയും എടുത്ത് നടന്നാ മതി. കുട്ടിയെ കുറിച്ചും കുട്ടിയ്യോടും അവരു ചോദിക്കുന്നതും പറയുന്നതും കേട്ടു ചുളുവിൽ കുറെ പഠിച്ചെടുക്കാം. കുട്ടികളെ ചൈനക്കാർക്ക് പൊതുവെ വലിയ താത്പര്യമാണ്, അവരെ കുറിച്ച് ചോദിച്ച് കൊണ്ടേയിരിക്കും: “ദുഓ ദാ”(എത്ര വയസ്സായി?) ഞാൻ അഭിമാന പൂരിതയായി പറയും “വൊമെൻ യീന്തു രെൻ” (ഞങ്ങൾ ഇന്ത്യാക്കാരാ). പിന്നെ ചോദിക്കും “നാൻ ഹാർ യി ന്യൂ ഹാർ” (ആൺകുഞ്ഞാണോ പെൺക്കുഞ്ഞാണോ?) ഞാൻ തല കുലുക്കി കൊണ്ട് പറയും “ഏയ്… ഒൻപതു മാസം ആയിട്ടെ ഉള്ളൂ”. ആദ്യമൊക്കെ അവര് ഒന്ന്‍ അന്തം വിടും, പിന്നെ പിന്നെ അവരും ക്ലാസെടുത്ത് സഹായിച്ചു. മിക്കവാറും അതൊരു എക്സ്ചേഞ്ച് ക്ലാസ് ആയി മാറുമായിരുന്നു. അവരുടെ മക്കൾ എന്റെയടുത്ത് ഇംഗ്ലീഷ് പ്രാക്ടീസും ഞാൻ എന്റെ ചൈനീസ് പ്രാക്ടീസും. അങ്ങനെ “പന്തെവിടെ” “ചേട്ടൻ എവിടെ” “ഓടി വാ” എന്നിങ്ങനെയുള്ള കുഞ്ഞു വാക്യങ്ങൾ പഠിച്ചു. 

ഇനി അവസാനമായും ഏറ്റവും പ്രധാനമായും വേണ്ട ഭാഷാപഠന സഹായിയാണ് “ഉളുപ്പില്ലായ്മ”. ഉള്ളത് കൊണ്ട് ഓണമല്ല നല്ല തൃശ്ശൂർ പൂരം നടത്താനുള്ള ചങ്കൊറപ്പുണ്ടാകണം. ചുൻ ലീ ചേട്ടൻ എന്തു വിചാരിക്കും ലിയു ജോങ്ങ് അമ്മായി ചിരിക്കില്ലെ എന്നൊക്കെയുള്ള കോമ്പ്ലെക്സും വെച്ച് നടന്നാൽ വീട്ടിലെ കണ്ണാടിയോട് കാലാകാലം സംസാരിക്കേണ്ടി വരും. മെട്രോ സ്റ്റേഷനിലെ ഇൻഫൊർമേഷൻ ഡെസ്ക്കിൽ ഇരിക്കുന്ന അമ്മായിയോട് “അച്ഛൻ കരയുന്നു. അച്ഛനു പാലു കൊടുക്കണം, റൂം എവിടെയാ?” എന്നു ചോദിച്ചു ഞെട്ടിച്ചാലും, സ്റ്റേഷൻ മുഴുവൻ ചിരിച്ചാലും പതറരുത്. ബാഉ ബാഉ എന്നാൽ കുഞ്ഞ് എന്നും ബാ ബാ എന്ന് പറഞ്ഞാൽ അച്ഛൻ ആണെന്നും അതു തമ്മിൽ മാറി പോയേക്കും എന്നു ആർക്കും മനസ്സിലാക്കാവുന്നതെ ഉള്ള്! അതിലെന്താ ഇത്ര ചിരിക്കാൻ? റൂം എവിടെടീ! 

ഒരു പുതിയ ഭാഷ എന്നാൽ പുതിയ ഒരു ലോകവും സംസ്കാരവും അനുഭൂതിയുമൊക്കെയാണ്. എന്നാൽ ഇടക്ക് എപ്പോഴെങ്കിലുമൊക്കെ നമുക്ക് പരിചിതമായ പ്രയോഗങ്ങളും വാക്കുകളും കടന്നു വരുമ്പൊൾ മനസ്സിൽ ഒരു കൊച്ചു മഴ പെയ്യും! ചൈനീസ് പൊതുവായി ഉപയോഗിക്കുന്നതും പ്രചാരമുള്ളതുമായ അഭിവാദന രീതി “നീ ഹാഒ” എന്നാതാണു. എന്നാൽ ടിവി കാണുംപ്പോൾ പലപ്പോഴും “ദാ ജിആ ഹാഒ” എന്നുപയോഗിച്ചു കാണാറുണ്ടായിരുന്നു. വാക്യാർഥം നോക്കുകയാണെങ്കിൽ “നല്ല വലിയ വീട്” എന്നാണ്. അതാവാൻ വഴിയില്ലാലോ എന്നാലോചിച്ചു അതിന്റെ വേരും തേടി പോയപ്പോഴാണു “ജിയാ” എന്ന വാക്കിനു വീടിനു പുറമേ കുടുംബം എന്നർത്ഥവും , “ഹാഒ” എന്നതിനു “നല്ലത്, അനുഗ്രഹം, നന്മ” എന്നും , “ദാ” എന്നതിനു വലുത്, ആരാധ്യൻ, വിശാലമായത് എന്നും പര്യായങ്ങൾ ഉണ്ടെന്ന് മനസ്സിലായത്. അതായത് നമ്മളെ “ലോകാ സമസ്താ സുഖിനോ ഭവന്തു” ആണ് ഇവരീ വച്ച് കാച്ചുന്നത്! അപ്പോൾ അങ്ങനെ ആവട്ടെ ദാ ജിയാ ഹാഒ!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഐസിബി

ഐസിബി

മലബാറിലെ ഒരു നിറഞ്ഞ കുടുംബത്തില്‍ ജനിച്ചു. വിദ്യാഭ്യാസവും വളര്‍ച്ചയും മലബാറ് തന്നെ നല്കി. ഫംഗ്ഷണല്‍ ഇംഗ്ളീഷില്‍ ബിരുദവും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്ത ബിരുദവും. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റായി മംഗലാപുരത്തും, ക്രിമിനല്‍ സൈക്കോളജിസ്റ്റായി കോഴിക്കോടും വിയ്യൂരും ജയിലുകളില്‍ പ്രവര്‍ത്തന ചരിത്രം. ഒരു പാട് കൊലയും, കളവും, ബലാത്സംഗവും കേട്ട് മനസ്സ് മരവിച്ചപ്പോള്‍ അഹിംസയാവാം ഇനി എന്ന തീരുമാനത്തില്‍ ഗ്രീന്‍പീസ് എന്ന ലോകസംഘടനയില്‍ സമരങ്ങളും അറസ്റ്റും പ്രതിഷേധങ്ങളും ആയി കുറച്ചു കാലം. ഇനി കുറച്ചു കാലം വെറുതെ ഇരിക്കണം, യാത്രിക്കണം, തിന്നണം, എഴുതണം, ശൂന്യതയിലേക്ക് നോക്കി ചിരിക്കണം എന്ന് തീരുമാനിച്ചു ഇപ്പോള്‍ ജോലിയും കൂലിയും ഇല്ലാതെ തോന്നിയത് പോലെ തോന്നിയ സമയത്ത് ചെയ്യുന്നു. വിവാഹിത. ഭര്‍ത്താവ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍. മകന്‍ ആദം. ഒരുപാട് ആളുകളും പാചകവും 'വര്‍ത്താനവും' തിങ്ങി പാര്‍ത്ത ഒരു മലബാര്‍ കുടുംബത്തില്‍ ജനിച്ചു. അത് കൊണ്ട് തന്നെ ജനങ്ങളും, ഭക്ഷണവും, കേട്ടുകേള്‍വികളും, അടക്കം പറച്ചിലുകളും പ്രിയപെട്ടതായി മാറി. വളര്‍ന്നപ്പോള്‍ ഈ പ്രിയങ്ങള്‍ക്ക് ശാഖകള്‍ നല്കി പ്രിയങ്ങള്‍ സംസ്‌കാരത്തോടും, ഭാഷാശൈലികളോടും, ചടങ്ങുകളോടും, പുതുമകളോടും ആയി മാറി. വീണ്ടും വളര്‍ന്നപ്പോള്‍ മേല്‍പ്പറഞ്ഞ പ്രിയങ്ങളെ കൂട്ടിയിണക്കുന്ന യാത്രകളായി പ്രിയം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍