UPDATES

സയന്‍സ്/ടെക്നോളജി

ഈ ഇന്‍റര്‍നെറ്റ് കാലത്ത് റിസ്ക് ആണേ കാര്യങ്ങള്‍

Avatar

ലിഷ അന്ന

ഓഫീസില്‍ എത്തിയപ്പോഴാണ് ഓര്‍മ്മ വന്നത്.

വെള്ളമടിച്ചു കഴിഞ്ഞ് മോട്ടോര്‍ ഓഫ് ചെയ്തിട്ടില്ല. വീട്ടിലേക്കാണെങ്കില്‍ ഒരുപാട് ദൂരവുമുണ്ട് .എന്തു ചെയ്യും?

ഒന്നും ചെയ്യാനില്ല. മൊബൈല്‍ എടുക്കുക. വീട്ടിലെ വൈദ്യുതിസംവിധാനം നിയന്ത്രിക്കുന്ന ആപ്പ് എടുക്കുക. മോട്ടോര്‍ ഓഫ് ചെയ്യുക.

ഇത്രേയുള്ളൂ ഇന്നത്തെ കാര്യം!

പുതുകാലത്ത് ലോകം മുഴുവന്‍ ‘ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് ‘ സംവിധാനത്തിലേയ്ക്ക് പതിയെ മാറുകയാണ്. എവിടെയായിരുന്നാലും സ്വന്തം വീട്ടിലെ ഉപകരണങ്ങളും മറ്റും ഇന്റര്‍നെറ്റ് വഴി പ്രവര്‍ത്തിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനം ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ചെറുതല്ല. സ്മാര്‍ട്ട് ലൈറ്റ് ബള്‍ബുകള്‍ മുതല്‍ സെക്‌സ് ടോയ്‌സ് വരെ, ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണങ്ങളുടെ നിരയിലുണ്ട്.

എന്നാല്‍ ഇവ എത്രത്തോളം സുരക്ഷിതമാണ് എന്നതാണ് ഇന്നത്തെ ടെക് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി. സൗകര്യം കൂടുമ്പോള്‍ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരിക എന്നത് എത്രയായാലും അംഗീകരിക്കാവുന്ന കാര്യമല്ലല്ലോ. കയ്യിലിരിക്കുന്ന കാശും പോവും; ഇടയ്‌ക്കൊക്കെ മാനവും പോയെന്നു വരും.

ലാസ് വേഗാസില്‍ വച്ച് നടക്കുന്ന വെബ് ഹാക്കിംഗ് വിദഗ്ധരുടെ ലോകത്തില്‍ വച്ചേറ്റവും വലിയ ഒത്തുചേരലായ ഡെഫ് കോണ്‍ (DEF CON)ലെ ഇത്തവണത്തെ പ്രധാന ചര്‍ച്ചാവിഷയം ഇവയുടെ സുരക്ഷയെ കുറിച്ചായിരുന്നു. വിദഗ്ദ്ധരായ പതിനയ്യായിരത്തോളം ഹാക്കര്‍മാരാണ് ഇത്തവണ പങ്കെടുത്തത്. സിസിടിവി ക്യാമറ, സോളാര്‍ പാനലുകള്‍, തെര്‍മോസ്റ്റാറ്റുകള്‍ എന്നുവേണ്ട, ഡോര്‍ ലോക്കുകളില്‍ വരെ സുരക്ഷാ പാളിച്ചകള്‍ ഉണ്ടെന്നും ഇവ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്നും ഇവര്‍ കണ്ടെത്തി.

IoT gadgets എന്ന ചുരുക്കപ്പേരിലാണ് ഇത്തരം ഉപകരണങ്ങള്‍ പൊതുവേ അറിയപ്പെടുന്നത്.  ഹോള്‍സ്, ഡാറ്റ ലീക്ക്സ്, ബഗ്സ് തുടങ്ങി ഇന്റര്‍നെറ്റ് ലോകത്തെ സകല വാലായ്മകളും ഇവയെ ഭീകരമായ രീതിയില്‍ തന്നെ ബാധിക്കുന്നതായി ഹാക്കേഴ്‌സ് പറയുന്നു. ഇന്റര്‍നെറ്റ് വഴി സെക്‌സ് ടോയ്‌സ് ഉപയോഗിക്കുന്ന ആളുകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ചോരാന്‍ വരെ യാതൊരു ബുദ്ധിമുട്ടുമില്ല; തീര്‍ന്നില്ലേ!

സൈബര്‍ കള്ളന്മാരുടെ ഏറ്റവും വലിയ പിടിവള്ളി കൂടിയാണത്രേ IoT gadgets. നിരവധി സിസ്റ്റങ്ങളെ ഒറ്റയടിക്ക് തകര്‍ക്കുന്ന Distributed Denial of Service attack (DDoS) രീതിയില്‍ ഇവര്‍ പ്രധാനമായും ഉപയോഗിക്കുന്നത് സിസിടിവി ക്യാമറകള്‍, ഡൊമസ്റ്റിക് റൂട്ടറുകള്‍ തുടങ്ങിയ സ്മാര്‍ട്ട് ഡിവൈസുകള്‍ ആണ്. ഇങ്ങനെ ഹൈജാക്ക് ചെയ്യുന്ന ഡിവൈസുകള്‍ ഇവരുടെ ഓപ്പറേഷന്‍ എളുപ്പമാക്കും. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ നെറ്റ്വര്‍ക്കുകളെക്കാളും പെട്ടെന്ന് ഇവയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താം. നിയന്ത്രിക്കാനും താരതമ്യേന ബുദ്ധിമുട്ടില്ല.

വരുന്നത് വലിയ വലിയ റിസ്‌കുകള്‍
വീട്ടില്‍ സാധാരണ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഡിവൈസുകള്‍ ഹാക്ക് ചെയ്ത് അവ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാശ് തട്ടിയെടുക്കലാണ് ചില സൈബര്‍ തട്ടിപ്പ് വീരന്മാരുടെ രീതി. വലിയ ഉപകരണങ്ങള്‍ ഒന്നും അല്ലാത്തതുകൊണ്ടുതന്നെ ഇക്കാര്യം അത്ര വലുതായി പരിഗണിക്കാറില്ല. പക്ഷേ എണ്ണത്തില്‍ വളരെ കൂടുതല്‍ ആയതിനാല്‍ സൈബര്‍ തട്ടിപ്പ് ലോകത്തെ വലിയൊരു പണം തട്ടിയെടുക്കല്‍ രീതി തന്നെയാണ് ഇതും. വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ ആണ് വ്യാപകമായി ഇങ്ങനെ ഹാക്ക് ചെയ്യുന്നത്. പലതിലും പേഴ്‌സണല്‍ വിവരങ്ങളും മറ്റും അടങ്ങിയിട്ടുള്ളതിനാല്‍ ചോദിക്കുന്ന കാശ് കൊടുത്ത് തട്ടിപ്പിനിരയായവര്‍ മെല്ലെ തടിയൂരുകയാണ് പതിവ്.

മൊബൈല്‍ ഫോണ്‍ ആണ് മറ്റൊരു പ്രധാന ഉപകരണം. നിരവധി ആപ്പുകള്‍ ഉപയോഗിക്കുന്ന പുതുതലമുറ ഫോണുകളില്‍ നുഴഞ്ഞു കയറി വിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പമാണ്. ക്ലൌഡ് ഇന്റര്‍ഫേസുകള്‍ ഉപയോഗിക്കപ്പെടുന്നതിനാല്‍ വിവിധ ഡിവൈസുകള്‍ വഴി മൊബൈല്‍ ഫോണുകള്‍ പെട്ടെന്ന് നിയന്ത്രിക്കാം. അതുവഴി ഫോണില്‍ ലോഗിന്‍ ചെയ്തു വച്ചിരിക്കുന്ന സകല അക്കൌണ്ടുകളും ഹാക്കേഴ്‌സിന്റെ കയ്യിലാവും.

IoT ഡിവൈസുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ ഇവയുടെ സുരക്ഷാസംവിധാനങ്ങളില്‍ മതിയായ ശ്രദ്ധ പുലര്‍ത്തുന്നില്ല എന്നതും ഒരു കാരണമാണ്. ഇവയുടെ അപ്‌ഡേറ്റുകള്‍ ഒന്നും വേണ്ട സമയത്ത് ചെയ്യാറില്ല. ഈ മേഖലയില്‍ കടന്നുവരുന്ന പുതിയ സ്ഥാപനങ്ങള്‍ സുരക്ഷിതമായ കോഡിംഗ് അല്ല മിക്കപ്പോഴും ചെയ്യാറുള്ളത്. പെട്ടെന്ന് വളരാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ അവര്‍ക്ക് സമയമില്ല. എന്ന് മാത്രമല്ല സാമ്പത്തികമായി കൂടുതല്‍ ലാഭവും അധികം സുരക്ഷാസംവിധാനങ്ങളൊന്നും കൂട്ടിച്ചേര്‍ക്കാത്തതു തന്നെയാണ്.

എന്നാല്‍ ഇത്തരം പാളിച്ചകള്‍ ഗാര്‍ഹിക ഉപഭോക്താക്കളെക്കാളേറെ വ്യാവസായിക സ്ഥാപനങ്ങളെയാണ് കൂടുതല്‍ ബാധിക്കാന്‍ പോകുന്നതെന്ന് വെബ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫാക്ടറികളും സ്ഥാപനങ്ങളുടെ മര്‍മപ്രധാനമായ ഓഫീസുകളും സ്മാര്‍ട്ട് ഡിവൈസുകള്‍ ഉപയോഗിക്കുമ്പോള്‍ ആണ് റിസ്‌ക് കൂടുതല്‍. കൂടുതല്‍ കരുത്തേറിയ ചിപ്പുകളും മറ്റുമാണ് ഇവയില്‍ ഉപയോഗിക്കുന്നതെങ്കിലും വീടുകളില്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന അതേ സുരക്ഷാപ്രശ്‌നങ്ങള്‍ തന്നെ ഇവിടെയും ബാധിക്കും. തട്ടിപ്പുകാര്‍ക്ക് ഏറെ പ്രിയം കോര്‍പ്പറേറ്റ് നെറ്റ്വര്‍ക്കുകളോടാണ്. അതാവുമ്പോള്‍ ചോദിക്കുന്ന കാശും കിട്ടുമല്ലോ.

ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന വാഹനങ്ങളിലൊക്കെ ഇത്തരം സുരക്ഷാപാളിച്ചകള്‍ വന്നാലുള്ള കാര്യം ഓര്‍ത്തു നോക്കൂ. ചിലപ്പോള്‍ ജീവന്റെ വിലയായിരിക്കും അത്തരമൊരു വീഴ്ചയ്ക്ക്.

സ്മാര്‍ട്ട് ഡിവൈസുകളില്‍ അബദ്ധം പറ്റാതിരിക്കാന്‍ ഗുണമേന്മയുള്ള കമ്പനി ഉല്‍പ്പന്നങ്ങള്‍ തന്നെ വാങ്ങിക്കുക എന്നത് മാത്രമാണ് പരിഹാര മാര്‍ഗം. പുറമേ വേറെ സുരക്ഷാമാര്‍ഗങ്ങള്‍ ഇതിന്റെ കൂടെ ചേര്‍ക്കുന്നത് താരതമ്യേന ബുദ്ധിമുട്ടും ചെലവും കൂടിയ മാര്‍ഗമാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലിഷ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍