UPDATES

സിനിമ

ഒഎന്‍വിയുടെ അവസാനത്തെ പാട്ടുകള്‍; നാല് അവാര്‍ഡുകള്‍; എന്നിട്ടും എന്താണ് കാംബോജി റിലീസാവാത്തത്?

ഒരു വനിതാ സിനിമാ നിര്‍മ്മാതാവിന് പറയാനുള്ളത്/ലക്ഷ്മി പത്മനാഭന്‍-അഭിമുഖം

1960 ല്‍ കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി എടുത്തിട്ടുള്ളതാണ് കാംബോജി. ദേശീയ അവാര്‍ഡ് ജേതാവായ വിനോദ് മങ്കരയാണ് സംവിധായകന്‍. പ്രണയവും നൃത്തവും സംഗീതവും ജീവിതവും സമന്വയിക്കുന്ന ഒരു മ്യൂസിക് ത്രില്ലറാണ് ചിത്രം. പ്രാചീനമായ രാഗങ്ങളില്‍ ഒന്നായ കാംബോജി കഥകളിയിലെ ഏറ്റവും സുന്ദരമായ രാഗമാണ്. ഒരു കഥകളി നടന്‍റെ ജീവിതവും അയാള്‍ക്ക് നേരിടേണ്ടി വന്ന ദുരന്തവുമാണ് സിനിമയുടെ പ്രമേയം. 2016 ലെ സംസ്ഥാന സിനിമാ അവാര്‍ഡില്‍ മികച്ച ഗാനരചനയ്ക്കും (ഒ എന്‍ വി) സംഗീത സംവിധാനത്തിനും (എം ജയചന്ദ്രന്‍) മികച്ച കൊറിയോഗ്രാഫിക്കും മികച്ച ഗായികയ്ക്കും (കെ എസ് ചിത്ര) ഉള്ള അവാര്‍ഡ് കാംബോജിക്ക് ലഭിക്കുകയുണ്ടായി. സിനിമയുടെ നിര്‍മ്മാതാവ് ഒരു വനിതയാണ് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പാലക്കാട് സ്വദേശിയായ ലക്ഷ്മി പത്മനാഭന്‍ തന്റെ സിനിമാ നിര്‍മ്മാണ അനുഭങ്ങളെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുന്നു.

സഫിയ: മലയാള സിനിമയുമായി ഒരു ബന്ധവും ഇല്ല. വര്‍ഷങ്ങളായി മുംബൈയില്‍ സെറ്റില്‍ഡാണ്. കാംബോജിയുടെ നിര്‍മ്മാതാവായി എത്തുന്നത് എങ്ങനെയാണ്…?

ലക്ഷ്മി പത്മനാഭന്‍ചെന്നൈയില്‍ ജേര്‍ണലിസ്റ്റായ എന്‍റെ ഒരു ബന്ധു ജയശങ്കര്‍ മേനോനും കാംബോജിയുടെ സംവിധായകന്‍ വിനോദ് മങ്കരയും സൂര്യ ടിവിയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഈ സിനിമയുടെ ചിന്ത വരുന്നത്. വിനോദ് സിനിമയെടുക്കുന്ന ആളാണെന്ന് ജയശങ്കര്‍ എന്നോടു പറഞ്ഞിരുന്നു. വിനോദ് സംവിധാനം ചെയ്ത സംസ്കൃത ഭാഷയിലുള്ള ചിത്രമായ ‘പ്രിയ മാനസ’ത്തിന്റെ ഓണ്‍ലൈന്‍ കാമ്പയിനില്‍ ഞാന്‍ പങ്കാളി ആയിരുന്നു.  ഉണ്ണായി വാര്യരെ കുറിച്ചായിരുന്നു ആ സിനിമ. 2014 ല്‍ എന്‍റെ ഭര്‍ത്താവിന്‍റെ പെട്ടെന്നുള്ള മരണം കാരണം ഞാന്‍ നാട്ടിലേക്കു വന്നു. ഞങ്ങള്‍ നാട്ടില്‍ സെറ്റില്‍ ചെയ്യാന്‍ വേണ്ടി പാലക്കാട് ടൌണില്‍ ഒരു ഫ്ലാറ്റൊക്കെ എടുത്തിരുന്നു. ഞാന്‍ മുംബയില്‍ വിസിറ്റിംഗ് ഫാക്കല്‍ട്ടിയായിട്ട് കോളേജില്‍ പഠിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ഭര്‍ത്താവിന്റെ മരണം കാരണം ഒരു വര്‍ഷത്തോളം വല്ലാത്തൊരു മാനസികാവസ്ഥയില്‍ ആയിരുന്നു ഞാന്‍. എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ. കുട്ടികള്‍ ഇല്ല. വല്ലാത്തൊരു ഏകാന്തത ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷവും മുംബൈയില്‍ നിന്നു ഇങ്ങോട്ട് പൂര്‍ണ്ണമായും ഷിഫ്ട് ചെയ്തിരുന്നില്ല. ഇടയ്ക്കു അവിടെയും ഇവിടെയുമായി ഇങ്ങനെ പോകുകയായിരുന്നു. അപ്പോഴാണ് ഈ സിനിമയെ കുറിച്ചുള്ള ഡിസ്ക്കഷന്‍ വരുന്നത്. വിനോദിന്റെ കയ്യില്‍ നല്ല സ്ക്രിപ്റ്റ് ഉണ്ടെന്ന് എന്നോടു ജയശങ്കര്‍ പറഞ്ഞിരുന്നു. പ്രിയമാനസം എനിക്ക് ഇഷ്ടപ്പെട്ട സിനിമയായിരുന്നു. അതിനു ശേഷമാണ് ഈ സിനിമയുടെ കഥ കേള്‍ക്കുന്നത്. 1960 ല്‍ നടന്ന ഒരു സംഭവമാണ്. ഒരു കഥകളി ആര്‍ട്ടിസ്റ്റിന്‍റെ ജീവിതത്തെ കുറിച്ചു. ഒരു സ്ത്രീയെ കൊലചെയ്ത കഥകളി നടന്‍ തൂക്കിലേറ്റപ്പെടുന്നതാണ് യഥാര്‍ത്ഥ സംഭവം. സിനിമയില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്ത്യ ചരിത്രത്തില്‍ തന്നെ ഒരു കലാകാരന്‍ തൂക്കിലേറ്റപ്പെടുന്നത് ആദ്യമായിട്ടായിരിക്കാം. അതൊരു ഇന്‍ററസ്റ്റിംഗ് പോയിന്റാണ്. സിനിമയില്‍ കഥകളി നടന്‍റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒരു കഥകളി നടന്‍റെ ജീവിതമാണ് ഈ സിനിമയില്‍ വിനോദിനെ ആകര്‍ഷിച്ചത്. വിനോദിന്‍റെ നേരത്തെയുള്ള വര്‍ക്കുകള്‍ മികച്ചതായതുകൊണ്ട് തന്നെ അക്കാര്യത്തില്‍ എനിക്കു അധികം ആലോചിക്കാനൊന്നും ഇല്ലായിരുന്നു. മാത്രമല്ല എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. സിനിമയോട് എനിക്കു പണ്ടെ ഒരു ഇഷ്ടമുണ്ടായിരുന്നു. പ്രോവിഡന്‍സ് കോളേജില്‍ പഠിപ്പിക്കുമ്പോള്‍ അവിടെ വെച്ചു ഷൂട്ട് ചെയ്ത സിനിമയില്‍ ഒരു ചെറിയ രംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടൊക്കെയുണ്ട്. കല്യാണം കഴിഞ്ഞു മുംബൈയില്‍ സെറ്റില്‍ ചെയ്തപ്പോഴും മലയാള സിനിമകള്‍ കാണുന്ന പതിവ് നിര്‍ത്തിയിരുന്നില്ല.

സഫിയ: ഷൂട്ടിഗ് സമയത്ത് ഒപ്പം തന്നെയുണ്ടായിരുന്നോ? ഷൂട്ടിംഗ് അനുഭവങ്ങള്‍..?

ലക്ഷ്മി: ഷൂട്ടിംഗ് സമയത്ത് അവസാനം വരെ ഞാന്‍ കൂടെയുണ്ടായിരുന്നു. ഒരു പുതിയ അനുഭവമായിരുന്നു. വരിക്കാശ്ശേരി മനയിലാണ് ഷൂട്ടിംഗ് തുടങ്ങിയത് . തിരുവനന്തപുരത്ത് സ്വാതിതിരുനാള്‍ സംഗീത മണ്ഡപത്തിലും കുതിരമാളികയിലും പിന്നെ വെള്ളായണി കായലിലും തഞ്ചാവൂര്‍ കൊട്ടാരത്തിലും മറ്റും ഉണ്ടായിരുന്നു. വിനീത്, ലക്ഷ്മി ഗോപാലസ്വാമി, രചന നാരായണന്‍ കുട്ടി, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, കലാരഞ്ജിനി, സോന നായര്‍ തുടങ്ങിയവരായിരുന്നു ആര്‍ട്ടിസ്റ്റുകള്‍. സിനിമ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു എക്സ്പീരിയന്‍സ് ആയിരുന്നു. ഒരുപാട് പണം ഡേ ടു ഡേ കൈകാര്യം ചെയ്യണം. പിന്നെ ഷൂട്ടിംഗ് മുതല്‍ സെന്‍സറിംഗ് വരെയുള്ള കാര്യങ്ങള്‍ എല്ലാം പുതിയ അനുഭവങ്ങളായിരുന്നു. സിനിമയില്‍ ഒറ്റയ്ക്ക് ഫൈനാര്‍സ് പാര്‍ട്ട് കൈകാര്യം ചെയ്യുക എന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചു എന്നെപ്പോലെ ഒരു എക്സ്പീരിയന്‍സ് ഒന്നും ഇല്ലാത്ത ഒരാളാകുമ്പോള്‍. അതെല്ലാം കഴിഞ്ഞു വിതരണക്കാരെ കിട്ടാതെ വരുമ്പോള്‍ അത് വലിയ പ്രശ്നമാണ്.

സഫിയ: റിലീസിംഗുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ..?

ലക്ഷ്മി: ഷൂട്ടിംഗ് വിചാരിച്ചപോലെ വളരെ കൃത്യമായി നടന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കുറച്ചു ടൈം എടുത്തു. റിലീസിംഗിലാണ് ആണ് വല്യ പ്രശ്നം വന്നിരിക്കുന്നത്. നമ്മള്‍ ഉദ്ദേശിച്ച സമയത്ത് അത് നടന്നില്ല. നാലു പ്രാവശ്യം അത് മാറ്റിവെക്കേണ്ടി വന്നു. നോട്ട് നിരോധനം വന്നപ്പോള്‍ പ്രശ്നമായി. പിന്നെ തിയ്യറ്ററുകാരുടെ സമരം വന്നപ്പോള്‍ അതും തടസ്സമായി. ക്രിസ്തുമസിന് സിനിമകള്‍ ഒന്നും റിലീസ് ചെയ്തില്ലല്ലോ. എ ക്ലാസ് തിയ്യറ്ററില്‍ തന്നെ സിനിമ റിലീസ് ചെയ്യണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞാന്‍ ഈ സിനിമ എടുക്കുന്നത് തന്നെ എന്‍റെ ഭര്‍ത്താവിന് ഡെഡിക്കേറ്റ് ചെയ്തിട്ടാണ്. ഞങ്ങളുടെ ബന്ധുക്കളെല്ലാം പാലക്കാടാണ്. പിന്നെ പാലക്കാടിന്‍റെയും കഥകളിയുടെയും പശ്ചാത്തലത്തിലുള്ള സിനിമയാണിത്. അതുകൊണ്ട് തന്നെ സിനിമ പാലക്കാട് റിലീസ് ചെയ്യണം എന്നു എനിക്കു ആഗ്രഹം ഉണ്ട്. തിയറ്റര്‍ കിട്ടുന്നില്ല എന്നുള്ളതാണ് പ്രശ്നം.
മുഖ്യ കാരണം എന്താണെന്ന് വെച്ചാല്‍ ഞാന്‍ ഒരു ഔട്ട് സൈഡറാണ് എന്നതു തന്നെ. സിനിമയില്‍ ഞാന്‍ ഒരു വെറും കാണി മാത്രമാണ്. അല്ലാതെ ഉള്ളില്‍ കടന്നിട്ടുള്ളൊരു എക്സ്പീരിയന്‍സ് ഒന്നും സിനിമയില്‍ ഇല്ല. ഞാന്‍ വര്‍ഷങ്ങളായിട്ട് മുംബെയിലാണ്. ശരിക്കും പറഞ്ഞാല്‍ കേരളത്തിലെ ജീവിതം പോലും എനിക്കു അന്യമാണ്. വിനോദ് രണ്ട് മൂന്നു സിനിമകള്‍ ചെയ്തിട്ടുണ്ട്. അവാര്‍ഡ് ഒക്കെ കിട്ടിയിട്ടുണ്ട്. എന്നാല്‍ കൊമേഴ്ഷ്വലി അങ്ങനെ പ്രൂവ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ എസ്റ്റാബ്ലിഷ് ചെയ്ത ഗ്രൂപ്പ് അല്ല. അങ്ങനെയുള്ളവര്‍ക്ക് വല്യ പ്രശ്നം ഉണ്ട്. നമ്മള്‍ എത്ര തന്നെ മികച്ച സിനിമ എടുത്താലും ഡിസ്ട്രിബ്യൂട്ടേര്‍സ് ഹെല്‍പ് ചെയ്യില്ല. ജനറലി പ്രൊഡ്യൂസേര്‍സ് എല്ലാം ഇരുപത്തിയഞ്ച് മുപ്പതു വര്‍ഷം എക്സ്പീരിയന്‍സ് ഉള്ളവരാണ്. അവര്‍ക്ക് തന്നെ ഡിസ്ട്രിബ്യൂഷന്‍ ഉണ്ടാകും. അവരുടെ കയ്യില്‍ തന്നെ കുറച്ചു തിയറ്റേര്‍സ് ഉണ്ടാകും. അതുകൊണ്ട് അവര്‍ക്ക് ഒരു ഹോള്‍ഡ് ഉണ്ട്. തുടക്കത്തില്‍ ചിലപ്പോള്‍ അവരും ഇതുപോലെ സ്ട്രഗിള്‍ ചെയ്തിട്ടുണ്ടാവും. അവര്‍ക്ക് കൃത്യമായ ചില നിബന്ധനകള്‍ ഉണ്ടാകും. ആരാണ് മെയിന്‍ ആക്ടര്‍. ആക്ടര്‍ക്ക് മാര്‍ക്കറ്റ് വാല്യു ഉണ്ടോ എന്നൊക്കെ അവര്‍ നോക്കും. ഇത് രണ്ടും നോക്കിയിട്ടാണൊ നിങ്ങള്‍ സിനിമ എടുത്തത് എന്നൊക്കെയാണ് അവര്‍ എന്നോടു ചോദിക്കുന്നത്. ഞാന്‍ അങ്ങനെ ഒന്നും നോക്കിയിട്ടില്ല. ഒ എന്‍ വി സാറിന്‍റെ പാട്ടിനേക്കാള്‍ വലുതായി എനിക്കു വേറൊന്നും ആലോചിക്കാന്‍ ഇല്ല. ദാസേട്ടന്‍ പാടുമ്പോള്‍ വേറൊന്നും ആലോചിക്കാന്‍ ഇല്ല. ജയചന്ദ്രന്റെ സംഗീത സംവിധാനം, ചിത്രയുടെ ആലാപനം എല്ലാം കൊണ്ടും ഇതൊരു നല്ല സിനിമയാണ്. ഞാന്‍ അങ്ങനെയൊക്കെയാണ് ആലോചിച്ചത്. ഒ എന്‍ വി യുടെ അവസാനത്തെ പാട്ട് എന്നൊക്കെ പറഞ്ഞാല്‍ അതിനു വലിയ വാല്യു ഉണ്ടാകുമല്ലോ. അതൊക്കെ കൊണ്ട് റിലീസിന് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ലെന്ന് ഞങ്ങള്‍ വിചാരിച്ചു. അതൊക്കെ നമ്മളുടെ റൊമാന്‍റിക് ചിന്തകളാണ്. അങ്ങനെയല്ല ബിസിനസ്. അത് വേറൊരു ലോകമാണ്. ആക്ടേഴ്സിന് തന്നെ പ്രൊഡക്ഷന്‍ ഹൌസും ഡിസ്ട്രിബ്യൂഷന്‍ കമ്പനിയും ഒക്കെയുണ്ട്. ദിലീപിന് ഇതെല്ലാം ഉണ്ട്. ദിലീപാണ് പ്രൊഡ്യൂസേര്‍സും തിയ്യറ്റര്‍ ഉടമകളും തമ്മിലുള്ള പ്രോബ്ലം സോള്‍വ് ചെയ്തത്. അങ്ങനെയൊക്കെ ഉള്ളവര്‍ക്ക് പ്രശ്നം ഇല്ല. നമ്മള്‍ ഈ രംഗത്ത് തീര്‍ത്തും പുതിയ ആളുകളാണ്. ഇത് നല്ലൊരു ക്വാളിറ്റിയുള്ള ഒരു സിനിമയാണ്. കാംബോജി ആള്‍ക്കാരില്‍ എത്തിക്കണം എന്നുള്ളതാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ വിതരണക്കാര്‍ പറയുന്നതു നിങ്ങളുടെ സിനിമ കാണാന്‍ ന്യൂജനറേഷന്‍ വരില്ല എന്നാണ്. ഒരുപാട് പണം ചിലവാക്കിയിട്ടുള്ള സിനിമകള്‍ക്കിടയില്‍ ഇതുപോലുള്ള സിനിമകള്‍ക്ക് സ്പേസ് കിട്ടാന്‍ ബുദ്ധിമുട്ടാണ്.

സഫിയ: സംസ്ഥാന സര്‍ക്കാരിന്‍റെ നാല് അവാര്‍ഡുകള്‍ കിട്ടിയല്ലോ. അതുകൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ..?

ലക്ഷ്മി: അവാര്‍ഡ് കിട്ടിയതു കൊണ്ട് അവരുടെ ആറ്റിറ്റ്യൂഡില്‍ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നു. അവാര്‍ഡ് വല്ലാത്തൊരു ബ്യൂസ്റ്റിംഗ് തന്നെയാണ്. ഒരു എസ്റ്റാബ്ലിഷ്ഡ്  ഡിസ്ട്രിബ്യൂട്ടറെ കിട്ടിയാലെ കാര്യമുള്ളൂ. കാരണം അവര്‍ക്ക് തിയറ്റര്‍ ഉടമകള്‍ക്കിടയില്‍ നല്ല ഹോള്‍ഡ് ഉണ്ടാകും. ഇത് കമേഴ്സ്യല്‍ വാല്യു ഉള്ള സിനിമയാണ്. പോപ്പുലര്‍ ലവലിലും ആളുകള്‍ കാണും. അത് പ്രേക്ഷകരെ കാണിക്കാന്‍ ഒരു ചാന്‍സ് നമുക്ക് കിട്ടുക എന്നുള്ളതാണ്. സര്‍ക്കാര്‍ തിയ്യറ്റര്‍ കിട്ടും. ഇത്തരം സിനിമകള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ഒരുപാട് സഹായം ഉണ്ട്. സിനിമയുടെ പലവര്‍ക്കുകളും കെ എസ് എഫ് ഡിസിയിലാണ് ചെയ്തത്. ഡിസ്ട്രിബ്യൂഷന്‍ സൈഡില്‍ ഗവണ്‍മെന്‍റ് തിയ്യറ്റര്‍ തരും എന്നല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. എന്തായാലും നല്ല തിയ്യറ്ററുകളില്‍ തന്നെ സിനിമ കാണിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ നടത്തുന്നത്.

സഫിയ: അവാര്‍ഡിന് അയക്കുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നോ..?

ലക്ഷ്മി: മ്യൂസിക്കിന് നല്ല പ്രതീക്ഷയുണ്ടായിരുന്നു. രോഗ ശയ്യയില്‍ കിടക്കുമ്പോഴാണ് ഒഎന്‍വി സാര്‍ അതെഴുതിയത്. കൈകൊണ്ട് എഴുതാന്‍ ഒന്നും വയ്യായിരുന്നു. എങ്ങനെയൊക്കെയോ സ്ക്രിബിള്‍ ചെയ്തിട്ട് ഭാര്യ അതിനെ ഫെയര്‍ ആക്കി തരികകയായിരുന്നു. മരിക്കുന്നതിന് മൂന്നു ദിവസം മുമ്പാണ് വിനോദിന്റെ കയ്യില്‍ പാട്ട് കിട്ടുന്നത്. ഇത്രയും ഹൈ ക്വാളിറ്റി, ഇത്രയും പ്രണയം ഒക്കെയുള്ള പാട്ട് 85 വയസ്സുള്ള ഒരാളാണ് എഴുതിയിരിക്കുന്നത് എന്നു പറഞ്ഞാല്‍ അത്ഭുതമാണ്. വളരെ ഉദാത്തമായ ഒരു പ്രണയം ആ വരികളില്‍ ഉണ്ടായിരുന്നു. പാട്ടിനെ പറ്റി ഞങ്ങള്‍ക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. എം ജയചന്ദ്രനാണ് സംഗീതം. ജയചന്ദ്രന്‍ അതൊരു തപസ്സു മാതിരിയാണ് ചെയ്തിരിക്കുന്നത്. ഓരോ പാട്ടിനും അത്രത്തോളം ഡെഡിക്കേഷന്‍ കൊടുത്തിട്ടുണ്ട്. ഒ എന്‍ വി സാര്‍ മരിച്ചതോടെ എല്ലാവര്‍ക്കും വലിയ ചലഞ്ച് ആയി. ഈ വരികള്‍ക്ക് പറ്റിയ വിഷ്വല്‍സ് ഞാന്‍ ഉണ്ടാക്കണ്ടേ എന്നാണ് വിനോദ് ചോദിച്ചത്. ജയചന്ദ്രനെ സംബന്ധിച്ചാണെങ്കില്‍ ഓ എന്‍ വി യുടെ അവസാനത്തെ പാട്ടിന് സംഗീതം നല്കുക എന്നത് വലിയ ഉത്തരവാദിത്തമായി.

സഫിയ: സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ ഇത് ഇത്രമാത്രം റിസ്ക്കുള്ള കാര്യമാണെന്ന് മനസിലാക്കിയിരുന്നോ..?

ലക്ഷ്മി: ഒരിക്കലുമില്ല. പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ എസ്റ്റിമേറ്റ് കേട്ടപ്പോള്‍ I can meet it എന്ന ഒരു മനോഭാവമാണ് എനിക്കുണ്ടായിരുന്നത്. പിന്നീട് ഇതിന്റെ ഓരോ കാര്യങ്ങള്‍ വരുമ്പോഴാണ് നമുക്ക് പ്രഷര്‍ വരുന്നത്. ബിസിനസുകാര്‍ക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. പക്ഷേ അങ്ങനെയൊക്കെ ആലോചിച്ചാല്‍ ഇതിന് ഇറങ്ങില്ല. പുറത്തു നിന്നു കാണുന്ന പോലുള്ള ലോകമല്ല ഇത്. അപ്പോള്‍ എന്തുവന്നാലും അഡ്ജസ്റ്റ് ചെയ്യാന്‍ മനസ്സ് പാകപ്പെടുത്തണം. ഈ വല്യ പ്രഷറിനെ അതിജീവിക്കാന്‍ നമ്മുടെ മനസ്സിനെ നമ്മള്‍ ട്രയിന്‍ ചെയ്യണം. എന്തുകൊണ്ടാണ് ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് എന്നൊക്കെയുള്ളത് എനിക്കു മനസ്സിലാകുന്നുണ്ട്. കയ്യിലുള്ളതെല്ലാം കഴിഞ്ഞു കുറെ കടങ്ങളും വരുമ്പോഴാണ് അവര്‍ ജീവിതത്തില്‍ നിന്നു ഒളിച്ചോടുന്നത്. എല്ലാറ്റിനെയും പോസിറ്റീവായി കാണാനും അതിജീവിക്കാനുമുള്ള മനസ്സാണ് വേണ്ടത്.

സഫിയ: ജനിച്ചതും വലര്‍ന്നതും പാലക്കാട് തന്നെയാണോ..?

ലക്ഷ്മി: ഞാന്‍ ജനിച്ചത് ചെന്നൈയിലാണ്. വളര്‍ന്നത് നാട്ടില്‍ തന്നെയാണ്. പഠിച്ചത് വിക്ടോറിയ കോളേജിലാണ്. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും എംഎ, എംഫില്‍ ഒക്കെ എടുത്തു. ഒരു പതിനൊന്നു വര്‍ഷത്തോളം ഞാന്‍ കേരളത്തില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പഠിക്കുന്ന സമയത്ത് ലീവ് വെക്കന്‍സിയില്‍ മേഴ്സി കോളേജില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. കോയമ്പത്തൂരില്‍ വര്‍ക് ചെയ്തിട്ടുണ്ട്. അവസാനം വര്‍ക്ക് ചെയ്തത് പ്രോവിഡന്‍സ് കോളേജിലാണ്. കല്യാണം കഴിഞ്ഞു മുംബയില്‍ സെറ്റില്‍ഡായി. ഭര്‍ത്താവിന് അവിടെ എല്‍ഐസിയിലായിരുന്നു ജോലി. അവിടെയും ഞാന്‍ ടീച്ചിംഗ് തന്നെ ചെയ്തു. എനിക്കു ജേര്‍ണലിസം ഭയങ്കര ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാന്‍ അവിടെ നിന്നു ജേര്‍ണലിസം പഠിച്ചു. ടീച്ചിംഗിന്‍റെ കൂടെ ഫ്രീലാന്‍സ് ജേര്‍ണലിസവും ചെയ്തു. ജേര്‍ണലിസം പഠിക്കുമ്പോള്‍ ഒരു പേപ്പര്‍ ഫിലിമിനെ കുറിച്ചായിരുന്നു. അതുമായി ബന്ധപ്പെട്ട് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒക്കെ പോയിട്ടുണ്ട്. ഇടയ്ക്ക് ഫിലിം റിവ്യൂസും എഴുതാറുണ്ട്.

പ്രൊവിഡന്‍സില്‍ പഠിപ്പിക്കുമ്പോള്‍ ഐവി ശശിയുടെ അനുമോദനം എന്ന സിനിമയില്‍ അപ്പിയര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. കമല്‍ഹാസനായിരുന്നു അതില്‍ അഭിനയിച്ചത്. അന്ന് കമല്‍ഹാസന്‍ എന്നൊക്കെ പറഞ്ഞാല്‍ കുട്ടികള്‍ക്ക് ഇന്ന് ദുല്‍ഖര്‍ സല്‍മാന്‍ പോലെയാണ്. കോളേജിന് തൊട്ടടുത്ത വീട്ടിലായിരുന്നു ഷൂട്ടിംഗ്. ഞാനന്ന് എഡിറ്റര്‍ ആയിരുന്നു. കുട്ടികളുടെ ആവേശം കണ്ട് ഞാന്‍ സിസ്റ്ററോട് കമല്‍ഹാസനെ കോളേജിലേക്ക് ഇന്‍വൈറ്റ് ചെയ്യാമോ എന്നു ചോദിച്ചു. അപ്പോള്‍ സിസ്റ്റര്‍ ഓകെ പറഞ്ഞു. പക്ഷേ കുട്ടികള്‍ കമല്‍ഹാസന്‍റെ അടുത്തു പോകാനോ ഒട്ടോഗ്രാഫ് വേണം എന്നു പറഞ്ഞു ശല്യം ചെയ്യാനോ പാടില്ല എന്നും പറഞ്ഞു. ഞങ്ങള്‍ കുട്ടികളോടെല്ലാം പറഞ്ഞു ഉറപ്പിച്ചു. കമല്‍ഹാസനെ ഞങ്ങള്‍ എങ്ങനെയൊക്കെയോ കുട്ടികളുടെ ഇടയിലൂടെ കാറില്‍ കയറ്റി കൊണ്ടുവന്നു. നടന്‍ ഉമ്മറും കൂടെ ഉണ്ടായിരുന്നു. അവര്‍ രണ്ടുപേരും കുട്ടികളോട് നന്നായി സംസാരിച്ചു. പിന്നെ അവര്‍ കുറച്ചു കുട്ടികളെയും യംഗ് ടീച്ചേര്‍സിനെയും ഒരു സീനിലേക്കു വിളിച്ചു. അങ്ങനെ ഒരു സീനിലില്‍ അപ്പിയര്‍ ചെയ്തു.

സഫിയ: കുടുംബത്തില്‍ നിന്നുള്ള സപ്പോര്‍ട്ട് എങ്ങനെയായിരുന്നു..?

ലക്ഷ്മി: ഫാമിലിയില്‍ നിന്നു നല്ല സപ്പോര്‍ട്ടാണ്. ആരും എതിരഭിപ്രായം പറഞ്ഞിട്ടില്ല. ഞാന്‍ ഇത് ആദ്യം സീക്രട്ട് ആയി വെച്ചിരിക്കുകയായിരുന്നു. എല്ലാം ഓകെ ആയപ്പോഴാണ് ഞാന്‍ എന്‍റെ സഹോദരിയോട് കാര്യം പറയുന്നത്. ചേച്ചിയൊന്നും അങ്ങനെ ഡിസൈഡ് ചെയ്യില്ല. ഞാന്‍ എന്തു തീരുമാനിച്ചാലും കൂടെയുണ്ടാകും. പിന്നെ ചിലരൊക്കെ അത് വേണോ ഭയങ്കര റിസ്ക്കാണ് അതൊന്നും വേണ്ടാട്ടൊ എന്ന രീതിയില്‍ പറഞ്ഞിരുന്നു. അപ്പോഴേക്കും ഞാന്‍ കമ്മിറ്റ് ചെയ്തിരുന്നു. ഇതൊരു നല്ല അവസരമായാണ് ഞാന്‍ കണ്ടത്. നല്ലൊരു ഡയറക്ടറാണ്. പിന്നെ എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ലോകം കാണുന്ന അനുഭവവും കൂടിയാണ്. പിന്നെ എനിക്കു കേരളത്തിലേക്ക് വരാനുള്ള ഒരു സാഹചര്യം ഒരുക്കാനുള്ള കാരണവും കൂടിയായി ഇത് മാറി. ഭര്‍ത്താവിന്‍റെ ഫാമിലിയും ഭയങ്കര സന്തോഷത്തിലാണ്. അവരാരും വേണ്ട എന്നൊന്നും പറഞ്ഞിട്ടേയില്ല. അവര്‍ ഇതിനെ ഭയങ്കര അഭിമാനത്തോടെയാണ് കാണുന്നത്. അവാര്‍ഡൊക്കെ കിട്ടിയപ്പോള്‍ അവരത് ആഘോഷിക്കുകയാണ്. അതൊക്കെയാണ് എനിക്കു വലിയ ആത്മവിശ്വാസം തരുന്നത്.

അച്ഛന്‍ പരമേശ്വര മന്നാടിയാര്‍. അമ്മ ശാരദക്കുഞ്ചിയമ്മ. എന്‍റെ അച്ഛന്‍ എനിക്കു വലിയൊരു ഇന്‍സ്പിറേഷനായിരുന്നു. ഒരു പെണ്‍കുട്ടിയെ വളര്‍ത്തുന്ന രീതിയില്‍ പരിമിതികളോടെയല്ല അച്ഛന്‍ എന്നെ വളര്‍ത്തിയത്. ഞങ്ങള്‍ രണ്ടു ആണും രണ്ടു പെണ്ണുമായിരുന്നു. അങ്ങനെ യാതൊരു വിവേചനവും കാണിക്കാതെയാണ് ഞങ്ങളെ അച്ഛന്‍ വളര്‍ത്തിയത്. പൊതുവേ നായര്‍ കമ്മ്യൂണിറ്റി പെണ്‍കുട്ടികളെ കുറച്ചു കൂടുതല്‍ പ്രിഫര്‍ ചെയ്യുന്ന ഒരു വിഭാഗമാണ്. അതിനേക്കാള്‍ കൂടുതല്‍ പരിഗണന അച്ഛന്‍ തന്നിട്ടുണ്ട്. അച്ഛന്‍ ബ്രിട്ടീഷ് കാലത്ത് ആര്‍മി ഓഫീസറായിരുന്നു. പിന്നീട് റിസൈന്‍ ചെയ്തു ഇങ്ങോട്ട് വരികയായിരുന്നു. അമ്മയുടേത് കുറേ ഭൂമിയൊക്കെയുള്ള ഒരു കുടുംബമായിരുന്നു. ഒരു ജന്മി കുടുംബം. ജോലി രാജി വെച്ച് ചെയ്തു വന്നിട്ട് അച്ഛന്‍ ഭൂമിയൊക്കെ നോക്കി നടത്തി. അച്ഛന്‍ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അച്ഛന്‍ നന്നായി വായിക്കുമായിരുന്നു. പൊതുവെ വീട്ടില്‍ ഒരു മ്യൂസിക് അന്തരീക്ഷം ഉണ്ടായിരുന്നു. അച്ഛന്‍ ക്ലാസ്സിക്കല്‍ മ്യൂസിക്കില്‍ ഭയങ്കര താത്പര്യം ഉള്ള ആളാണ്. കഥകളി സംഗീതവും അച്ഛന് ഇഷ്ടമാണ്. ഇതൊക്കെ എപ്പോഴും കേള്‍ക്കുമായിരുന്നു. ഏട്ടന്‍ നന്നായി മൃദംഗം വായിക്കുമായിരുന്നു. എനിക്കും സംഗീതവും വായനയും ഒക്കെ ഇഷ്ടമാണ്.

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍