UPDATES

കേരളം

തിരിച്ചു പോകാത്ത ആ 29 പേര്‍; കേരളത്തിലെ ജൂത ജീവിതം

Avatar

Ashok K N

മാഞ്ഞാലിപ്പുഴയുടെ തീരത്ത് പുഴയ്ക്ക് അഭിമുഖമായുള്ള പഴയ ഇരുനിലകെട്ടിടം അത്ര പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍പ്പെടില്ല. ആ വഴി നിറയെ തണല്‍ വിരിച്ചുനില്‍ക്കുന്ന വടവൃക്ഷങ്ങളായതിനാലും അധികം ആള്‍പ്പാര്‍പ്പില്ലാത്ത വഴിയായതിനാലും ആ കുന്നിറങ്ങി പുഴയോരത്തുകൂടി അവിടേയ്ക്ക് സഞ്ചരിച്ചെത്തുന്നവരില്‍ പലരും ലക്ഷ്യം വയ്ക്കുന്നത് ആ വീടു തന്നെയായിരിക്കുമെന്നുറപ്പ്. ഇസ്രായേലില്‍ നിന്നുള്ള അതിഥികളാണ് പ്രധാനമായും അവിടേയ്‌ക്കെത്തുക. വര്‍ഷങ്ങള്‍ക്കു മുമ്പ് ആ രാജ്യം പിറവിയെടുത്ത സമയത്ത് ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമൊക്കെ അവിടേയ്ക്ക് ചേക്കേറിയവരില്‍ പലരുമാണ് നിരണ്യ ഗാര്‍ഡന്‍സ് എന്നു പേരുള്ള ആ വലിയ കോമ്പൗണ്ടിലേക്ക് എത്താറുള്ളത്. ഗൃഹനാഥന്റെ പേര് മതിലില്‍ തന്നെ എഴുതിവച്ചിട്ടുണ്ട്. കെ എ നാമിയ അഥവാ കടവില്‍ അബ്രഹാം നാമിയ എന്ന എഴുപത്തൊന്നുകാരന്‍. അറുപത്താറു വര്‍ഷം മുമ്പ് ഇസ്രായേല്‍ എന്ന രാഷ്ട്രം പിറവിയെടുക്കുമ്പോള്‍ ആലുവയ്ക്കടുത്ത ചൊവ്വരയില്‍ അഞ്ചു വയസ്സുകാരനായിരുന്നു അദ്ദേഹം. അച്ഛന്‍ അബ്രഹാമിന് ഏതാണ്ട് നാല്‍പതേക്കറോളം ഭൂമി ഉണ്ടായിരുന്നു അന്ന്. പക്ഷേ ഭൂമി കൃഷിക്കായി പാട്ടത്തിന് നല്‍കിക്കൊണ്ട് പാരമ്പര്യ ബിസിനസായ വസ്ത്ര വ്യാപാരത്തിലായിരുന്നു അവര്‍ ശ്രദ്ധയൂന്നിയിരുന്നത്. അച്ഛന്‍ അബ്രഹാമിനും അമ്മ എസ്തറിന്റേയും ആറ് മക്കളില്‍ ഇപ്പോള്‍ നാമിയ അടക്കം നാലു പേരൊഴികെ ബാക്കിയുള്ളവരൊക്കെ മരിച്ചിരിക്കുന്നു, എസ്തറിന്റെ അഞ്ചു സഹോദരന്മാരും തങ്ങളുടെ മാതൃദേശമായ ഇസ്രായേലിലേക്ക് മുമ്പേ തന്നെ പോയിരിക്കുന്നു. ആ വലിയ വീട്ടില്‍ ഇപ്പോള്‍ നാമിയയും ഭാര്യ റൂബിയും മൂത്ത മകളായ നിഷയും പേരക്കുട്ടിയുമാണ് താമസക്കാര്‍. കേരളത്തിലെ ജൂതസമൂഹത്തിലെ അവശേഷിക്കുന്ന ആറു കുടുംബങ്ങളിലെ 29 പേരില്‍ പ്രായം കൊണ്ട് മുതിര്‍ന്നവരാണ് രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെത്തിയതെന്ന് കരുതപ്പെടുന്ന കറുത്ത ജൂതന്മാരുടെ ഈ പിന്മുറക്കാര്‍. ജറുസലേമില്‍ നിന്നും കേരളത്തിലേക്ക് ആദ്യമെത്തിയ ആ മലബാറി ജൂതന്മാരുടെ തലമുറ ഇന്ന് എണ്ണം കൊണ്ട് ഏറ്റവും കുറഞ്ഞ അംഗങ്ങളുള്ള മതസമൂഹമായി ഇന്ത്യയിലും കേരളത്തിലും മാറിയിരിക്കുന്നു. മരണാനന്തര ചടങ്ങുകള്‍ക്കോ വിവാഹത്തിനോ പോലും 13 വയസ്സിനു മേലെയുള്ള 10 ആണുങ്ങള്‍ ആവശ്യമായിട്ടുള്ള ജൂതന്മാര്‍ ആ ചടങ്ങുകള്‍ക്കു പലതിനും ആ സമയത്ത് ഇസ്രായേലില്‍ നിന്നുമെത്തുന്ന ജൂതന്മാരെ ആശ്രയിച്ച് കോറം തികയ്‌ക്കേണ്ട അവസ്ഥയിലാണിപ്പോള്‍.

”ജൂതന്മാര്‍ ഇസ്രായേലിലേക്ക് മടങ്ങിയതു മാത്രമല്ല കേരളത്തില്‍ ജൂതന്മാരുടെ എണ്ണത്തില്‍ ഇത്രയേറെ കുറവുണ്ടാകാന്‍ കാരണം. പലരും മറ്റുമതങ്ങളിലേക്ക് മാറി. തങ്ങളുടെ കുട്ടികളുടെ താല്‍പര്യത്തിന് അനുസരിച്ച് അവര്‍ അവര്‍ക്കിഷ്ടപ്പെട്ട വരന്മാരെ സ്വീകരിച്ചു,” എല്ലാ മതങ്ങളുടേയും സാരാംശം ഒന്നാണെന്നും ലോകനന്മയ്ക്കായാണ് എല്ലാമെന്നും വിശ്വസിക്കുന്ന നാമിയ പറഞ്ഞു തുടങ്ങിയതവിടെ നിന്നാണ്. നാമിയയുടെ മൂന്നു പെണ്‍മക്കളും വിവാഹം ചെയ്തിരിക്കുന്ന ജൂതരെയല്ല. മാളയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒഫ്താല്‍മോളജിസ്റ്റായി ജോലി ചെയ്യുന്ന മൂത്തമകള്‍ നിഷയുടെ ഭര്‍ത്താവ് പാലക്കാട്ടുകാരന്‍ അമേരിക്കയില്‍ തൊഴിലെടുക്കുന്ന സജിത്താണ്. രണ്ടാമത്തെ മകള്‍ നീതു വിവാഹം ചെയ്തത് ആസ്‌ട്രേലിയയില്‍ ശാസ്ത്രജ്ഞനായ മുംബയ് മലയാളിയായ സുമിത് ബാലിനെ. ലണ്ടനില്‍ താമസിക്കുന്ന ഏറ്റവും ഇളയമകള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ നീമ വിവാഹം ചെയ്തിട്ടുള്ളത് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഋഷിയെ. ”പ്രായമാകുമ്പോള്‍ ഇസ്രായേലിലേക്ക് പോകണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഞാനെന്റെ മക്കള്‍ക്ക് നല്‍കിയിരുന്നു. അവര്‍ ഇന്ത്യക്കാരെ വിവാഹം ചെയ്ത് ഇന്ത്യക്കാരായി കഴിയാനാണ് താല്‍പര്യപ്പെട്ടത്,” നാമിയ പറയുന്നു. ജൂതസ്ത്രീകള്‍ക്ക് പിറക്കുന്നവരൊക്കെ ജൂതന്മാരാണെന്നാണ് ജൂതരുടെ വിശ്വാസമെങ്കിലും നാമിയക്ക് തന്റെ പേരക്കുട്ടികള്‍ ഏതെങ്കിലും പ്രത്യേക മതത്തിലോ ജാതിയിലോ പെട്ടവരാകണമെന്നതിന് യാതൊരു ശാഠ്യവുമില്ല. നാമിയയുടെ ഭാര്യ റൂബിയുടെ അമ്മയും അച്ഛനും സഹോദരങ്ങളുമൊക്കെ ഇസ്രായേലിലേക്ക് വര്‍ഷങ്ങള്‍ക്കു മുന്നേ പോയെങ്കിലും താന്‍ ജനിച്ചു വളര്‍ന്ന നാടിനെ ഉപേക്ഷിച്ച് രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്നേ കേരളത്തിലെത്തിയ പൂര്‍വികരുടെ ദേശം പിറന്നപ്പോള്‍ അവിടേയ്ക്ക് പോകാന്‍ നാമിയക്ക് മനസ്സു വന്നില്ല. പക്ഷേ പോയവര്‍ പലരും ഇടയ്ക്കിടെ തങ്ങളുടെ ജന്മദേശത്തിന്റെ വിളി കേട്ട് തിരിച്ചെത്തുമ്പോള്‍ അവര്‍ക്ക് താമസിക്കാന്‍ ഇടമൊരുക്കുന്നത് നാമിയയുടെ വസതിയാണ്.

1951-ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ പലയിടങ്ങളിലുമായി 26,000-ത്തിലധികം ജൂതന്മാര്‍ ഉണ്ടെന്നാണ് വിലയിരുത്തപ്പെട്ടതെങ്കിലും 1948 മേയ് 14-ന് ഇസ്രായേല്‍ പിറവിയെടുത്തതോടു കൂടി മിക്കവരും തന്നെ ഇസ്രായേലിലേക്ക് പോകുകയായിരുന്നു. 1961-ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ആകെ 370 ജൂതന്മാര്‍ ഉണ്ടെന്നും അതില്‍ 160 പുരുഷന്മാരും 210 സ്ത്രീകളുമുണ്ടെന്നും കണക്കാക്കപ്പെട്ടിരുന്നു. 2001 സെന്‍സസ് പ്രകാരം കേരളത്തില്‍ 51 ജൂതന്മാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് കേവലം 29 ആയി ചുരുങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ജൂതന്മാരെത്തിയത് കേരളത്തിലേക്കാണെന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്. സോളമന്റെ കച്ചവടക്കപ്പലുകളില്‍ തടിയും കുരുമുളകുമൊക്കെയായി വന്നു പൊയ്‌ക്കൊണ്ടിരുന്നവരാണ് അവര്‍. പഴയ മുസിരിസ് തുറമുഖത്തായിരുന്നു ഇവരുടെ വരവ്. പിന്നീട് അസീറിയന്മാരും ബാബിലോണിയരും റോമാക്കാരുമൊക്കെ പാലസ്തീന്‍ ആക്രമിച്ചു കീഴടക്കിയപ്പോള്‍ അവിടെ നിന്നും രക്ഷപ്പെട്ട് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് എത്തപ്പെട്ടവരാണ് കേരളത്തിലെ ആദ്യ ജൂതന്മാര്‍. 1341-ലെ വെള്ളപ്പൊക്കത്തില്‍ മുസിരിസ് തുറമുഖം ഇല്ലാതായതോടെയാണ് കൊച്ചിയിലേക്ക് ജൂതന്മാര്‍ നീങ്ങാന്‍ കാരണം. ജൂതവിരോധികളായ പോര്‍ച്ചുഗീസുകാര്‍ കൊടുങ്ങല്ലൂര്‍ ആക്രമിച്ചതോടെ കൊച്ചിയിലേക്കും കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലേക്കുമുള്ള അവരുടെ പലായനം ശക്തിപ്പെടുകയും ചെയ്തു. പാലസ്തീനില്‍ നിന്നെത്തിയവര്‍ കറുത്ത ജൂതന്മാരായും യൂറോപ്പില്‍ നിന്നും ബാഗ്ദാദില്‍ നിന്നും സ്‌പെയിനില്‍ നിന്നുമൊക്കെ പില്‍ക്കാലത്ത് കേരളത്തിലേക്ക് എത്തിയവര്‍ വെളുത്ത ജൂതന്മാരായുമാണ് കണക്കാക്കപ്പെടുന്നത്. കൊടുങ്ങല്ലൂര്‍ ഭാഗത്തുണ്ടായിരുന്ന ജൂതന്മാരുടെ പിന്‍ തലമുറക്കാരാണ് തങ്ങളെന്ന് കറുത്ത ജൂതരും വെളുത്ത ജൂതരും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും വെളുത്ത ജൂതരുടെ വരവ് 1512നുശേഷമാണെന്നാണ് കറുത്ത ജൂതന്മാര്‍ പറയുന്നത്. കൊടുങ്ങല്ലൂരിലെ ജൂതപ്രമാണിയായ ജോസഫ് റബ്ബാന് ഭാസ്‌കരരവിവര്‍മ്മന്‍ എന്ന ചേരമാന്‍ പെരുമാള്‍ എ ഡി 1000-ല്‍ (കാലം സംബന്ധിച്ച് അഭിപ്രായഭിന്നതകളുണ്ട്) പ്രസാദിച്ചു നല്‍കിയ തിട്ടൂരമാണ് കേരളത്തിലെ ജൂതന്മാരെ സംബന്ധിച്ച ഏറ്റവും പൗരാണികമായ ചരിത്രരേഖ. റബ്ബാന് അഞ്ചുവണ്ണം എന്ന സ്ഥലവും ആനപ്പുറത്തു കയറി നടക്കാനും വാഹനത്തില്‍ സഞ്ചരിക്കാനും കപ്പം പിരിക്കാനും പകല്‍ വിളക്ക് കൊളുത്താനും പല്ലക്കില്‍ സഞ്ചരിക്കാനുമൊക്കെ അവകാശം നല്‍കിക്കൊണ്ടുള്ളതാണ് ഭാസ്‌കരരവിവര്‍മ്മന്റെ ശാസനം. കൊടുങ്ങല്ലൂരിനു പുറമേ കൊല്ലം, മാടായി, ചാവക്കാട്, പന്തലായിനിക്കൊല്ലം, പാലിയം തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായി അക്കാലത്ത് ജൂതന്മാര്‍ താമസിച്ചിരുന്നുവെന്നതിന്റെ തെളിവാണ് ചാവക്കാട്ടെ ജൂതക്കുന്നും മാടായിലെ ജൂതക്കുളവുമൊക്കെ. ഈ പ്രദേശങ്ങളില്‍ നിന്നൊക്കെ ഇസ്രായേലിലേക്ക് കുടിയേറിയ ജൂതന്മാര്‍ പലരും അവിടെ ഇപ്പോള്‍ പല ദേശക്കാരുമായുള്ള സമ്പര്‍ക്കങ്ങളിലൂടെ പലതരം സാംസ്‌കാരികമത വ്യതിയാനങ്ങള്‍ക്ക് ഇടയായിരിക്കുന്നു. ചേന്ദമംഗലത്തു നിന്നും 1955-ല്‍ ഇസ്രായേലിലേക്ക് പോയി അവിടെ പൂക്കൃഷിയില്‍ വലിയ വിപ്ലവം തന്നെ സൃഷ്ടിച്ച ഏലിയാഹു ബസലേലിന്റെ ആണ്‍ മക്കള്‍ പങ്കാളികളെ കണ്ടെത്തിയത് ബള്‍ഗേറിയയിലും റഷ്യയിലുമാണെങ്കില്‍ പെണ്‍ മക്കള്‍ കാനഡയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമൊക്കെയാണെന്ന് സേതുവിന്റെ മറുപിറവിയില്‍ ബസലേലിനെ ഉദ്ധരിച്ച് അദ്ദേഹം രേപ്പെടുത്തുന്നുണ്ട്. ചേന്ദമംഗലത്ത് കോട്ടയില്‍ കോവിലകത്ത് ജൂതപ്പള്ളിക്ക് സമീപം ബസലേല്‍ ഈയിടെ സ്ഥലം വാങ്ങി നിര്‍മ്മിച്ച പള്ളിവാതുക്കല്‍ എന്ന ഇരുനിലഭവനം സ്വന്തം വേരുകളിലേക്ക് തിരിച്ചെത്താനുള്ള ബസലേലിന്റെ അദമ്യമായ മോഹമാണ് വെളിവാക്കുന്നത്.

യഹൂദരുടെ വിശുദ്ധഗ്രന്ഥമായ തോറയുടെ ചുരുളുകളടങ്ങിയ സ്വര്‍ണനിറമുള്ള ഒരു നീളന്‍ ചെപ്പാണ് ചെറിയപ്പിള്ളിയിലെ പള്ളിവാതുക്കല്‍ വീട്ടിലേക്ക് കയറുമ്പോള്‍ വാതില്‍ക്കല്‍ നമ്മെ എതിരേല്‍ക്കുന്നത്. വാതില്‍ക്കല്‍ അത് പ്രതിഷ്ഠിച്ചാല്‍ ദുഷ്ടാത്മാക്കള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നാണ് യഹൂദരുടെ വിശ്വാസം. അതുതൊട്ടു വണങ്ങി പുറത്തേക്കിറങ്ങിയാല്‍ വീട്ടിലുള്ളവര്‍ക്ക് അപകടങ്ങളും സംഭവിക്കില്ലത്രേ. കൊച്ചിയിലുള്ള ഒരു പത്രസ്ഥാപനത്തില്‍ ഫിനാന്‍സ് ഓഫീസറായി തൊഴിലെടുക്കുന്ന മുപ്പത്തെട്ടുകാരനായ മൊര്‍ദോക്കായി ഷഫീറിന്റേതാണ് ആ വീട്. നാലു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ആറുപേര്‍ വസിച്ചിരുന്ന ആ വീട്ടിലിന്ന് ഷഫീറും ഭാര്യ സേറയും മകനും മാത്രമേയുള്ളു. അച്ഛന്‍ മനായി എന്നറിയപ്പെട്ടിരുന്ന മെനാഹെ മരിച്ചത് 2010ലായിരുന്നു. 2013-ല്‍ അമ്മ മിറിയയും ഇക്കഴിഞ്ഞ ഓഗസ്റ്റ് 18-ന് അവിവാഹിതയായ സഹോദരി സിപ്പോറ സോണിയയും (38) വിട പറഞ്ഞു. ജൂതരുടെ മരണത്തിനുശേഷം മോക്ഷപ്രാപ്തി നേടണമെങ്കില്‍ പതിമൂന്ന് വയസ്സിനുമേല്‍ പ്രായമുള്ള പത്ത് ആണുങ്ങള്‍ ഖാദിഷ് എന്ന പ്രാര്‍ത്ഥന നടത്തണമെന്നാണ് വിശ്വാസം. ആ പ്രായത്തിലുള്ള പത്ത് യഹൂദരെ കണ്ടെത്താനാകാതിരുന്നതിനാല്‍ അമ്മ മിറിയക്കായി ആ പ്രാര്‍ത്ഥന നടത്താന്‍ ഷഫീറിനായില്ല. പക്ഷേ സോണിയയുടെ കാര്യത്തില്‍ ഭാഗ്യം തുണച്ചു. ആ സമയത്ത് വാന്‍കൂവറില്‍ നിന്നെത്തിയ ഒരു ജൂതനും ഇസ്രായേലില്‍ നിന്നെത്തിയ രണ്ട് ജൂതന്മാരും നഗരത്തിലുണ്ടായിരുന്നതിനാല്‍ ബാക്കി ഏഴുപേരെ കൂടി ചേര്‍ത്ത് ആ പ്രാര്‍ത്ഥന നടത്താനായി.


”പഴയ ആചാരങ്ങളൊക്കെ തന്നെ ഓര്‍മ്മയായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. പറവൂരില്‍ ജൂത സിനഗോഗിനടുത്ത്, തട്ടുകടവ് പാലത്തിനടുത്തായിരുന്നു ഞങ്ങളുടെ തെക്കിനേടത്ത് വീട്. ശനിയാഴ്ച സാബത്ത് ദിനമായൊക്കെ കണക്കാക്കിയിരുന്നവരാണ് ഞങ്ങള്‍. വെള്ളിയാഴ്ച വൈകുന്നേരം അടുപ്പ് അണച്ചാല്‍ പിന്നെ ശനിയാഴ്ച വൈകുന്നേരം മാത്രമേ കത്തിക്കുകയുള്ളു. ചെറു ചൂടില്‍ ഭക്ഷണം അടുത്ത ദിവസം വൈകുന്നേരം വരെ ചൂടായിക്കൊണ്ടിരിക്കുന്നതിനാല്‍ ചീത്തയാകുകയില്ല. എല്ലാം സൃഷ്ടിച്ചശേഷം ദൈവം ഒരു ദിവസം വിശ്രമിച്ചതിന്റെ പ്രതീകമായാണ് സാബത്ത് ദിനം ആചരിച്ചിരുന്നത്. പക്ഷേ മാതാപിതാക്കളുടെ മരണത്തോടെ അത്തരം ആചാരങ്ങളൊക്കെ നിന്നു,” മൊര്‍ദോക്കായി ഷഫീര്‍ പറയുന്നു. നാലു പെരുന്നാളുകളാണ് പ്രധാനമായും കേരളത്തിലെ ജൂതന്മാര്‍ ആഘോഷിച്ചിരുന്നത്. റോഷ് ഹസാന എന്ന പേരിലണ് ജൂതന്മാരുടെ പുതുവത്സരം. സാധാരണഗതിയില്‍ സെപ്തംബറിലാണ് അത് ആഘോഷിക്കുക. തലേ ദിവസം രാത്രി സിനഗോഗിനടുത്ത വീടുകളിലെത്തി താമസിച്ചശേഷം പിറ്റേന്ന് സിനഗോഗിലെത്തി ആരാധന നടത്തുകയാണ് അന്ന് ചെയ്യുക. പുതുവത്സരദിനാഘോഷം കഴിഞ്ഞ് എട്ടു ദിവസം കഴിഞ്ഞാണ് യോം കിപോര്‍ എന്ന ആഘോഷം. പാപപരിഹാര പെരുന്നാളാണ് അത്. ഒരു വര്‍ഷത്തില്‍ താന്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ പൊറുക്കാന്‍ വൈകിട്ട് ഏഴുമണി വരെ ഉപവാസമെടുക്കുകയാണ് അതിന്റെ രീതി. സുക്കോത്ത് അഥവാ അടച്ചുകെട്ടി പെരുന്നാള്‍ ആണ് മൂന്നാമത്തെ പ്രധാന ആഘോഷം. യോം കിപോര്‍ കഴിഞ്ഞ് അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് അത്. ഈജിപ്തില്‍ നിന്നുള്ള ജൂത പലായനത്തെ അടയാളപ്പെടുത്തുന്നു ആ ചടങ്ങ്. സാധാരണഗതിയില്‍ വീട്ടില്‍ ഏതെങ്കിലുമൊരു മുറി തെരഞ്ഞെടുത്ത് അതില്‍ പച്ചോല ഉപയോഗിച്ച് കെട്ടിയുണ്ടാക്കി അതില്‍ വള്ളിനാരങ്ങ, ബംബ്ലൂസ് നാരങ്ങ, ചില പഴങ്ങള്‍ എന്നിവയൊക്കെ കെട്ടിത്തൂക്കിയിടുകയാണ് പതിവ്. സിമാതോറ എന്ന ആഘോഷമാണ് നാലാമത്തേത്. പെരുന്നാള്‍ പോലെ ഒരാഘോഷമാണത്. പുതുവസ്ത്രങ്ങളൊക്കെ ധരിച്ച് പള്ളിയില്‍ പോകുകയാണ് പ്രധാന ചടങ്ങ്.

കേരളത്തില്‍ നിന്ന് ഇസ്രായേലില്‍ പോയി താമസമാക്കിയവരുമായി നിരന്തര സമ്പര്‍ക്കം തന്നെയുണ്ട് ഇവിടെയുള്ളവര്‍ക്ക്. ഇടയ്ക്ക് ഇസ്രായേല്‍ കാണാന്‍ വേണ്ടി ഇവിടത്തെ ജൂതസമൂഹത്തിലുള്ളവര്‍ അവിടേയ്ക്ക് പോകാറുണ്ട്. അതേപോലെ തന്നെ തങ്ങളുടെ പൂര്‍വികരുടെ ദേശം കാണാന്‍ പേരക്കുട്ടികള്‍ പലപ്പോഴും ഇവിടേയ്ക്കും എത്തുന്നു. 29 പേരോളം കേരളത്തിലുണ്ടെങ്കിലും അസോസിയേഷന്‍ ഓഫ് കേരളാ ജ്യൂസില്‍ പതിനഞ്ചോളം പേര്‍ മാത്രമേയുള്ളു. പലര്‍ക്കും ജൂതനെന്ന ലേബലില്‍ പ്രത്യക്ഷപ്പെടാന്‍ താല്‍പര്യമില്ലാത്തതിനാലാണ് അത്. ഗാസയിലേയും പാലസ്തീനിലേയും ജൂതമുസ്ലിം സംഘര്‍ഷങ്ങള്‍ പലതും കേരളത്തിലും അനുരണനമുണ്ടാക്കുമെന്ന ഭയമാണ് കേരളത്തിലെ ജൂതന്മാരില്‍ പലരേയും സ്വയം വെളിവാക്കലില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്. ”കേരളത്തിലെ ജൂതന്മാര്‍ മിക്കവരും നല്ല രീതിയില്‍ ജീവിക്കുന്നവരാണെങ്കിലും ഏറ്റവും ചെറിയ ന്യൂനപക്ഷ സമുദായമെന്ന നിലയില്‍ ജൂതന്മാര്‍ക്ക് കിട്ടേണ്ട ഒരു ആനുകൂല്യവും ഇന്ന് ലഭിക്കുന്നില്ല. കുമാരപിള്ള കമ്മീഷന്റെ വരവോടെയാണ് ജൂതന്മാര്‍ക്കുണ്ടായിരുന്ന ആനുകൂല്യങ്ങളൊക്കെ തന്നെയും സര്‍ക്കാര്‍ വേണ്ടെന്ന് വച്ചത്. എങ്കിലും എന്റെ മൂത്ത മകള്‍ക്ക് ഒരു മെഡിക്കല്‍ സീറ്റ് ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അത് അനുവദിച്ചു തന്നത് നന്ദിയോടെ സ്മരിക്കുന്നു,” നാമിയ പറയുന്നു.

സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം ചെയ്യുന്നത് ജൂതന്മാര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍ മറ്റു സമുദായങ്ങളിലുള്ളവരെ വിവാഹം ചെയ്തശേഷം ജൂതമതത്തിലേക്ക് അവരെ മാറ്റുന്നതോ മറിച്ച് അവരുടെ മതത്തിലേക്ക് മതംമാറ്റം നടത്തുന്നതും ഇന്ന് ജൂതന്മാര്‍ക്കിടയില്‍ നടക്കുന്നുണ്ട്. മൊര്‍ദോക്കായി ഷഫീര്‍ വിവാഹം ചെയ്തത് ആംഗ്ലോ ഇന്ത്യനായ കൊച്ചിക്കാരി ജയ്‌മോള്‍ ഫെര്‍ണാണ്ടസിനെയാണ്. ജയ്‌മോളുടെ അച്ഛന്‍ ആംഗ്ലോ ഇന്ത്യനും അമ്മ ഹിന്ദുവുമായിരുന്നു. 2009 ജൂണ്‍ 21-നായിരുന്നു അവരുടെ വിവാഹം. പക്ഷേ ജൂതമതത്തിലേക്ക് ജയ്‌മോള്‍ മതം മാറണമെന്ന് ഷഫീറിന്റെ മാതാപിതാക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ മുംബയിലെ മോര്‍ലാന്‍ഡ് റോഡിലുള്ള ജൂത സിനഗോഗില്‍ വച്ച് ജയ്‌മോള്‍ ജൂതമതത്തിലേക്ക് മാറ്റപ്പെട്ടു. ഇപ്പോള്‍ നാലു വയസ്സുകാരനായ മെനാഹിം റെയാന്‍ എന്ന മകനുണ്ട് ഈ ദമ്പതിമാര്‍ക്ക്. കേരളത്തിലെ ജൂതകുടുംബത്തിലെ ഏറ്റവും ഇളയ പിന്മുറക്കാരനാണ് ഈ നാലു വയസ്സുകാരന്‍. ജൂതന്മാര്‍ പൊതുവേ തങ്ങളുടെ മുത്തച്ഛന്റെ പേരാണ് മക്കള്‍ക്ക് നല്‍കാറുള്ളത്. മെനാഹിം എന്നത് ഷെഫീറിന്റെ മുത്തച്ഛന്റെ പേരാണ്.

പഴയ ആചാരങ്ങളൊക്കെ തന്നെ ജൂതസമൂഹത്തിനിടയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെങ്കിലും പഴമയുമായി ചേര്‍ന്ന് പോകണമെന്ന് തന്നെ ശഠിക്കുന്നവരുമേറെ. പക്ഷേ മലയാളി സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകരുതെന്ന കാരണം കൊണ്ട് അവരില്‍ പലരും തങ്ങളെ ജൂതന്മാരെന്ന നിലയ്ക്ക് ലേബല്‍ ചെയ്യുന്നതിനോട് യോജിക്കുന്നില്ല. പ്രത്യേകിച്ചും വെളുത്ത ജൂതന്മാര്‍. പക്ഷേ മാഞ്ഞാലിയില്‍ നാമിയയുടെ വീട്ടിലും ഷഫീറിന്റെ വീട്ടിലുമൊക്കെ ജൂതഭവനങ്ങളുടെ അടയാളങ്ങള്‍ എവിടേയും കാണാം. ബെല്‍ജിയത്തില്‍ നിന്നുള്ള പഴയ തൂക്കുവിളക്കുകള്‍, ആരാധനയ്ക്കുള്ള വിളക്കുകള്‍, പഴയ പാനപാത്രങ്ങള്‍ എന്നിങ്ങനെ നീളുന്നു അത്. പഴയ വസ്തുക്കളോടുള്ള കൗതുകം നാമിയയുടെ നിരണ്യ ഗാര്‍ഡന്‍സില്‍ തന്നെ ദൃശ്യമാണു താനും പഴയ ക്ലോക്ക്, പഴയ മരത്തട്ടുകള്‍, പഴയ ഉപകരണങ്ങള്‍ എന്നിങ്ങനെ പോകുന്നു അത്… നല്ല വായനക്കാരനായതിനാല്‍ നാമിയയുടെ വീട്ടില്‍ മലയാള ഭാഷയിലെ ഏതാണ്ട് രണ്ടായിരത്തോളം പുസ്തകങ്ങളുള്ള വലിയൊരു ലൈബ്രറിയുമുണ്ട്. മരത്തട്ടില്‍ നിര്‍മ്മിച്ച ആ ഇരുനില മാളികയില്‍ നിന്നും മാഞ്ഞാലിപ്പുഴ എല്ലാ വശത്തേക്കും ദൃശ്യമാണ്. തങ്ങളുടെ പൂര്‍വികന്മാര്‍ പണ്ട് കപ്പലോടിച്ച് മുസിരിസിലേക്ക് വന്ന പുഴയാണത്. തുറമുഖം നശിച്ചുപോയെങ്കിലും പുഴ ഇപ്പോഴും ഒഴുകിക്കൊണ്ടേയിരിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു പലായനത്തിന്റേയും കുടിയേറ്റത്തിന്റേയും തിരിച്ചുപോക്കിന്റേയുമൊക്കെ കഥകള്‍ അയവിറക്കിക്കൊണ്ട്.

(ഓട്ടോമൊബൈല്‍ മാസികയായ സ്മാര്‍ട്ട് ഡ്രൈവിന്റെ എഡിറ്ററാണ് ജെ ബിന്ദുരാജ്)

(ഫോട്ടോകള്‍ :ജോണി തോമസ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍