UPDATES

വായന/സംസ്കാരം

ഒന്നേ… രണ്ടേ… അനന്തതയിലേക്ക് തെറ്റുന്ന വരികള്‍

Avatar

ഓഗസ്റ്റ് 10-ന് ഡി.സി ബുക്സ് പുറത്തിറക്കുന്ന ലതീഷ് മോഹന്റെ ‘ക്ഷ വലിക്കുന്ന കുതിരകള്‍’ എന്ന കവിതാ സമാഹാരത്തിന് സനില്‍ വി എഴുതിയ പഠനക്കുറിപ്പ്

കവര്‍ ഡിസൈന്‍: സൈനുല്‍ ആബിദ്
ചിത്രീകരണം: ആമി ആത്മജ
പഠനങ്ങള്‍: കല്‍പ്പറ്റ നാരായണന്‍, സനില്‍ വി.

 

പാട്ടില്‍ പെട്ടു കിടക്കുന്ന കവിതയെ ശബ്ദമില്ലാത്ത അക്ഷരത്തിന്റെ മുഴക്കമാക്കിയെടുക്കുന്നു ‘ക്ഷ വലിക്കുന്ന കുതിരകള്‍’. റിക്ഷയിലെ ‘ക്ഷ’ അക്ഷരങ്ങളുടെ അക്ഷരമാണ്. കൂട്ടി എഴുതുമ്പോള്‍ മുഴങ്ങുന്ന ജീവികളിലൊന്ന്. (ഒച്ചുകള്‍, മഴപ്പാറ്റകള്‍?). കോഴിവാലുള്ള എലികളുമായും ഉപ്പനെപ്പോലെ നീണ്ട കോഴികളുമായും ഈ അക്ഷരത്തിനു സാദൃശ്യം ചൊല്ലാം.

 

വാക്യം വസ്തുതയെ അനുകരിച്ചേക്കാം. വാക്ക് വസ്തുവിനേയും. എന്നാല്‍ അക്ഷരവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ബന്ധമെന്താണ്? എഴുതപ്പെട്ട അക്ഷരത്തെക്കാളും ഉച്ചരിക്കപ്പെട്ട ശബ്ദത്തെക്കാളും സൂക്ഷ്മമായ തലത്തില്‍ ഭാഷയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഇടപാടുകളെന്താണ്? വസ്തുവിനേയോ വസ്തുതയേയോ ഉന്നംവെക്കാത്ത കവിതയില്‍ ഭാഷയുടെ അടിസ്ഥാന യൂണിറ്റെന്താണ്?

: അറ്റുപോകുന്നതിന്‍ മുമ്പ്
പരിസരം മറന്നനുകരിച്ചതിന്‍
ബാക്കികള്‍
(മരണാനന്തരം ദിവാകരന്‍ നീറുകളുടെ കൊട്ടാരത്തില്‍)

 

ഈ ബാക്കികള്‍ കൊണ്ടാണ് കവിതയുണ്ടാകുന്നത്. കവിത ഭാഷയുടെ അനുകരണ സ്വഭാവത്തെ നിഷേധിക്കുന്നില്ല. മറിച്ച്, മരണത്തിനു മുന്നില്‍ പെട്ടുപോയ ജീവികളുടെ കാമൂഫഌഷ് പോലെ മറന്നനുകരിച്ച് ചിന്നഭിന്നമായി പോവുന്ന ബാക്കികളില്‍ നിന്ന് അത് ചിഹ്‌നങ്ങളുണ്ടാക്കുകയാണ്. അതുകൊണ്ട് കവിതയ്ക്ക് അക്ഷരങ്ങള്‍ക്കും മുമ്പേ അപൂര്‍ണ്ണ വിരാമ ചിഹ്നത്തില്‍ ആരംഭിക്കാം. പൂര്‍ണ്ണ വിരാമത്തിനു കുറുകേ ചാടാം. വരി വളയ്ക്കാം. ഒടിക്കാം.

 

അക്ഷരത്തെക്കാള്‍ സൂക്ഷ്മമായി അര്‍ത്ഥത്തെ ശബ്ദവുമായി ബന്ധിപ്പിച്ച് നമ്പരിട്ടാണ് ഛന്ദസ് കവിതയ്ക്ക് കണക്കുണ്ടാക്കിയത്. അക്ഷരത്തെക്കാള്‍ സൂക്ഷ്മവും അമൂര്‍ത്തവുമാണ് അക്കം. ”ഈ വാചകത്തില്‍ പതിനാറ് അക്ഷരങ്ങളുണ്ട്” എന്നത് യാദൃശ്ചികമാണ്. ഈ യാദൃശ്ചികതയിലുള്ള ഇടപെടലാണ് കവിത. ഈ ഇടപെടലിനുള്ള മുന്നൊരുക്കവും നിയമാവലിയുമാണ് ഛന്ദസ്. അര്‍ത്ഥത്തെ തത്ത്വത്തിലെടുത്ത് കവിത അക്കത്തിനും അക്ഷരത്തിനുമിടയില്‍ ഉറയുന്ന യാദൃശ്ചികതയിലേക്ക് കൂപ്പുകുത്തുന്നു.

 

കവിതയ്ക്കുമേല്‍ എടുത്തു വെയ്ക്കപ്പെട്ട രൂപപരമായ സാധ്യതയാണ് ഛന്ദസ്സ് എന്നൊരു വാദമുണ്ട്. ആധുനികത സാമ്പ്രദായിക ചന്ദസ്സിനെ നിഷേധിച്ച് അര്‍ത്ഥാവിഷ്‌കരണത്തിനും അനുഭവ സംവേദനത്തിനും ഉതകുന്ന രൂപങ്ങള്‍ സ്വയം കണ്ടെത്തി സ്വതന്ത്രമായി എന്നും. എന്നാല്‍ സാമ്പ്രദായിക ഛന്ദസ്സു തന്നെ അക്ഷരങ്ങള്‍ക്കു മേല്‍ അക്കമിട്ടുള്ള പകിട കളിയായിരുന്നു. കണക്കുകൊണ്ടുള്ള കവിതയുടെ ഈ കളി എളുപ്പം പിഴച്ചേക്കാം. വസ്തുവിനും വസ്തുതയ്ക്കുമപ്പുറത്തുള്ള വാസ്തവത്തിന്റെ യാദൃശ്ചികതയിലേക്ക് ഊര്‍ന്നിറങ്ങുന്നതിനു പകരം അത് മിത്തിലേക്കും സ്‌തോത്രത്തിലേക്കും വലിഞ്ഞേക്കാം. അല്ലെങ്കില്‍ ചിഹ്നബാക്കികളെ ശ്വാസധാര അളക്കും മാത്രയിലേക്കോ ചുവടുവെയ്പ്പിന്റെ താളവട്ടത്തിലേയ്‌ക്കോ ഇറക്കി വെച്ചേക്കാം. ഛന്ദോമുക്തമെന്നു നിഗളിക്കുന്ന ആധുനികത കവിതയെ സംഗീതാത്മകമാക്കി. അക്ഷരത്തിന്റെ മിടിപ്പിനെ അക്കത്തില്‍ നിന്നു വിടുവിച്ച് ശരീരത്തിലേക്കും ശാരീരത്തിലേക്കും എടുത്തുവെച്ചു. വൃത്തംവെടിഞ്ഞ് കവിത പാട്ടായി – പദ്യത്തിലും ഗദ്യത്തിലും. അക്കത്തിനും അക്ഷരത്തിനുമിടയിലെ ബാക്കികളുടെ യാദൃശ്ചികതയാല്‍ വഴിയും വരിയും തെറ്റാനുള്ള ധൈര്യം വെടിഞ്ഞു കഴിഞ്ഞാല്‍ കവിതയ്ക്ക് നാടന്‍ ശീലിലോ താളത്തിലോ എന്തിനു ഗദ്യത്തില്‍ പോലും മനുഷ്യകഥാനുഗായിയാകാം. സ്വാതന്ത്ര്യഗാനമാലപിയ്ക്കാം. വൃത്തബദ്ധമായ ക്ലാസിക്കല്‍ കവിത ഇന്നാദരിക്കപ്പെടുന്നത് കണക്കിന്റേയും കണിശ്ശതയുടേയും കിറുക്കിന്റേയും പേരിലല്ല. ഛന്ദസ്സിനെ ആന്തരിക വഴക്കമാക്കിയെടുക്കുന്ന സംഗീതാത്മകതയിലാണ് നാം അവയുടെ മേന്മ കാണുന്നത്.
ഛന്ദസ്സും മാനദണ്ഡങ്ങളും ചോദ്യം ചെയ്യപ്പെട്ടതോടെ എന്തും സാഹിത്യമാകാമെന്ന നില വന്നു. എന്തും സാഹിത്യമെങ്കില്‍ ഒന്നും സാഹിത്യമല്ല. പിന്നെ എന്തിനെഴുതണം? വായിക്കണം? ഒന്നുകില്‍ സാഹിത്യത്തെ അതിന്റെ തന്നെ അന്ത്യത്തിന്റെ നിര്‍വ്വഹണവും ആഘോഷവുമാക്കി മാറ്റാം. ചിട്ടയും വട്ടവുമില്ലാത്ത വചനങ്ങളുടെ മാസവും ശരീരങ്ങളുടെ നഗ്നതയുമായി ഈ അന്ത്യത്തെ അവതരിപ്പിച്ചു കൊണ്ടേയിരിക്കാം. അല്ലെങ്കില്‍ വരുന്നതു വരട്ടെ എന്നുറപ്പിച്ച് ഹാസ്യവും ഐറണിയുമായി സാഹിത്യത്തില്‍ തുടരാം.

 

ഈ വഴക്കിലും വഴക്കത്തിലും പെടാതെ ശരീരത്തിന്റേയോ ശാരീരത്തിന്റേയോ താങ്ങുകള്‍ തേടാതെ എഴുതപ്പെട്ട അക്ഷരത്തിന്റെ ആകസ്മികതയിലേക്ക് എഴുതി വഴിതെറ്റുന്ന കവിതകളാണ് ലതീഷിന്റേത്. ഛന്ദസ്സിന്റെ കണക്കില്‍ നിന്നു രക്ഷപ്പെടാനുള്ള കുറുക്കുവഴികളൊന്നും ഇവ തേടുന്നില്ല. കണക്കിനേക്കാള്‍ കൂടിയ കിറുക്കുകള്‍ അക്ഷരങ്ങള്‍ കൊണ്ടാകും. എഴുത്തിലാണ് കവിത. പേനയും അച്ചുകൂടവും ലാപ്‌ടോപ്പും ഒക്കെ വഴി ക്ഷകളെ വലിച്ചിറക്കണം. ഫോണ്ടിലും പേജ് ലേ ഔട്ടിലും കവിത ശ്രദ്ധിക്കുന്നു. അര്‍ത്ഥബോധത്തിന്റെ മറുപുറത്തേയ്ക്കുള്ള യാത്രകള്‍ക്ക് അര്‍ദ്ധവിരാമത്തിന്റേയോ അപൂര്‍ണ്ണ വിരാമത്തിന്റേയോ ചിഹ്നങ്ങളില്‍ നിന്നു പുറപ്പെട്ടു പോരാം.

‘മനോഹരമായി മരിച്ചു കിടക്കാന്‍
മറ്റിടങ്ങള്‍ തേടി
പൊയ്ക്കാലന്‍ കുതിരകള്‍ വലിക്കുന്ന
ചൂരല്‍ വണ്ടിയില്‍’
(മരണാനന്തരം ദിവാകരന്‍ നീറുകളുടെ കൊട്ടാരത്തില്‍)

 

പാഞ്ഞുപോകുന്ന ദിവാകരന്‍ പേരിന്റെ പെരുമാളായ സൂര്യനല്ല. സൂര്യന്റെ പര്യായ പദമാണ്. സംജ്ഞയും ഛായയും ദര്‍തൃപ്രിയകളായ സൂര്യന്റെ തേജസിലും തെളിമയിലുമാണ് വസ്തുലോകത്തിലെ വാക്കുകള്‍ അര്‍ത്ഥോല്‍പാദന ക്ഷമമാകുന്നത്. എന്നാല്‍ ഈ സൂര്യനെ സ്വിച്ച് ഓഫ് ചെയ്തിട്ടാണ് ലതീഷ് അക്ഷരങ്ങളെ തെളിച്ചു കൊണ്ടുവരുന്നത്. കവിയിലെ വായനക്കാരനാണ് ഈ സ്വിച്ച് ഓഫ് കര്‍മ്മം നിര്‍വഹിക്കുന്നത് – നാരായണ ഗുരുവിന്റെ ഈശാവാസ്യ പരിഭാഷയെ ഉദ്ധരിച്ചുകൊണ്ട്.

പിറന്നാദിയില്‍ നിന്നേക-
നായി വന്നിങ്ങു സൃഷ്ടിയും
സ്ഥിതിയും നാശവും ചെയ്യും
സൂര്യ! മാറ്റുക രശ്മിയെ
(അറിയുവാനുള്ള ആഗ്രഹം: കവിതാ നാടകം)

 

ശബ്ദത്തിനും അര്‍ത്ഥത്തിനുമിടയിലെ വളഞ്ഞ വഴികളിലെ ഗതാഗത നിയമമാണെല്ലോ വ്യാകരണം. അര്‍ത്ഥബോധത്തിന് വ്യാകരണം കൂടിയേ തീരൂ. കവിതയ്ക്കും അതു വേണം. എന്നാല്‍ അതു നിയമത്തെ അനുസരണയുടേയും നിഷേധത്തിന്റേയും അല്ലാത്ത മറ്റൊരു നിലപാടിലേക്ക് വിക്ഷേപിക്കുന്നു.

എല്ലാ രാത്രിയിലും
വഴിതെറ്റി അതിലേതന്നെ വരും
പട്ടിയെപ്പേടിച്ചു ശീലിച്ച
ഏകാന്ത സഞ്ചാരി

അയാള്‍ക്കറിയില്ല പട്ടിയെ
കുരയെ, എത്ര കുടിച്ചിട്ടും
വീടെത്താതെ പോയ
അയാളെത്തന്നെ

(ഓട്ടക്കാലിണ: ഏകാകിയും ചന്ദ്രനും)

വഴിതെറ്റിയിട്ടും അതിലേ തന്നെ വരിക. അതും എല്ലാ രാത്രിയിലും. എന്നും തെറ്റുന്ന വഴിയില്‍ നേരെവിടെ? എന്നും വളഞ്ഞ വാലില്‍ നേര്‍വരയെവിടെ? കുടിച്ചു ലക്കുകെട്ടു പരിശ്രമിക്കുകയാണ്, ഒരാള്‍, വീടെത്താന്‍. ലക്ഷ്യത്തിലെത്താന്‍ വഴി തെറ്റുക. ഉന്നംപിടിച്ചു പിഴയ്ക്കുക. മനസ്സുറപ്പിച്ചു പതറുക. പേടിച്ചു ശീലിക്കുക. അനിവാര്യതയ്ക്കും അധികാരത്തിനും ഇടയിലൂടെയുള്ള നിയമത്തിന്റെ വളക്കലിലും പിഴക്കലിലുമാണ് കവിതയുടെ പ്രമാണം കൊട്ടി ഉയരുന്നത്.

 

ഉന്നം നോക്കി ഏറു പിഴപ്പിക്കുന്ന വിരുത് സര്‍ക്കസ്സിലെ കത്തിയേറുകാരന്റേതാണ്. കറങ്ങുന്ന ചക്രത്തിലെ കൂട്ടുകാരിയ്ക്ക് കൊള്ളാതെ വേണം കത്തി എറിഞ്ഞു തറയ്ക്കാന്‍. ശരീരത്തില്‍ കൊള്ളാതെ, എന്നാല്‍ അതിനു തൊട്ടടുത്തായി, കൊണ്ടു കൊണ്ടില്ല എന്ന മട്ടില്‍, ചക്രത്തില്‍ തന്നെ തറയണം. തെറ്റായ ഉന്നത്തിലേക്കും നോക്കാനാവില്ലല്ലോ? എറിയാനും. പാര്‍ത്ഥനെപ്പോലെ അമ്പുകൊള്ളേണ്ട പക്ഷിയെ മാത്രം കണ്ടാല്‍ കത്തിയേറുകാരനാവില്ല. കവിയുമാവില്ല. ഉന്നമിരിക്കുന്ന ചക്രം കറക്കിവിട്ടും ഏറുകാരന്റെ കണ്ണുകെട്ടിയും ഏറിന്റെ ശരിയെ പിഴവിന്റെ കിറുകൃത്യതയാക്കി കളിക്കുകയാണ് സര്‍ക്കസ്. ഈ ചാന്‍സിന്റെ കൃത്യതയാണ് വഴിതെറ്റിയെത്തുന്ന അക്ഷരബാക്കികളെ വരിയാല്‍ നിര്‍ത്തി വലിക്കുന്ന കവിതയുടേയും നിയമം. താളം.

 

 

ഊഹത്തിലോ ഭാവനയിലോ പ്രതീക്ഷയിലോ കാണാവുന്ന പല സാദ്ധ്യതകളില്‍ ഒന്ന് നിവര്‍ത്തിക്കാപ്പെടാനുള്ള ഭാഗ്യമല്ല കവിതയിലും കത്തിയിലും ഇടപെടുന്ന ചാന്‍സ്. സംഭാവ്യതയും സാധ്യതയും കൊണ്ട് അതിനെ അളക്കാനാവില്ല. ഒരു നാണയം ടോസ് ചെയ്താല്‍ വാലോ തലയോ വീഴാനുള്ള സംഭാവ്യത മുന്‍കൂട്ടി കണക്കാക്കാം. നാണയം എറിയപ്പെടുമെന്നും നാണയത്തിന് രണ്ടു വശങ്ങളേ ഉള്ളൂ എന്നും തിരികെ വീഴുമെന്നും വീഴാന്‍ പാകത്തില്‍ ഭൂമി താഴെത്തന്നെ കാണുമെന്നുമൊക്കെയുള്ള പല ഉറപ്പുകളുടെ ബലത്തിലാണ് സംഭാവ്യത നിര്‍ണ്ണയിക്കപ്പെടുന്നത്. ഇത്തരം ഉറപ്പുകള്‍ കൊണ്ടടച്ച ലോകത്തിനുള്ളില്‍ നടക്കുന്ന ഒന്നിനോടൊന്നു ഭേദമില്ലാത്ത നിരവധി ടോസുകളിലൂടെയാണ് സംഭാവ്യത സങ്കല്‍പിക്കപ്പെടുന്നത്. ഈ ഉറപ്പുകള്‍ എടുത്തു മാറ്റിയാല്‍, ഒരൊറ്റ ടോസ് കൊണ്ടുവരുന്ന തലയോ വാലോ പ്രവചനാതീതമായ മഹാസംഭവമായി മാറും. തനിയാവര്‍ത്തനത്തിലെ ഏകതാനതയും സ്ഥിരതയും ഒരുറപ്പും നല്‍കുകയുമില്ല. എറിയലാണ് ചാന്‍സ്, അറിയലല്ല. ഓട്ടക്കാലണ കൊണ്ടാണ് കവിയുടെ ടോസ്. വീണ വശം തിരിച്ചറിയാന്‍ തലയോ വാലോ ഇല്ല. ഓട്ടമാത്രം. ഓട്ടം, പട്ടി, ഓട്ട, വട്ടം, ചന്ദ്രന്‍…. അങ്ങിനെയാണ് ഓട്ടക്കാലണയില്‍ നിന്നും ഓട്ടക്കാലിണകള്‍ ഓടിവരുന്നത്.

 

ജോര്‍ജ്ജ് ഗാമോവിന്റെ ”ഒന്ന്, രണ്ട്, അനന്തം” എന്ന പുസ്തകത്തിലൊരു കഥയുണ്ട്. കുറേ കുരങ്ങ•ാര്‍ ഇംഗ്ലീഷ് ഭാഷയിലെ അക്ഷരങ്ങളുടെ സാധ്യമായ എല്ലാ പൊരുത്തങ്ങളും ടൈപ്പ് ചെയ്തിടുന്നു. അതിലൊരു പൊരുത്തം ഷേക്‌സ്പിയറുടെ റോമിയോ ആന്‍ഡ് ജൂലിയറ്റ് ആയിരിക്കുമെന്നു തീര്‍ച്ച. അസംബന്ധങ്ങളുടെ കൂമ്പാരത്തില്‍ നിന്ന് ഈ പുസ്തകം വായനക്കാരന്‍ കണ്ടെത്താനുള്ള സാധ്യത തീരെ തീരെ വിരളമാണ്. എന്നാല്‍ കുരങ്ങ•ാര്‍ ടൈപ്പ് ചെയ്തിടുന്നതെല്ലാം ഏതെങ്കിലും തരത്തില്‍ പുസ്തകങ്ങളാക്കി ഒരു ലൈബ്രേറിയന്‍ അടുക്കി വെയ്ക്കുന്നു എന്നും കരുതുക. റോമിയോ ആന്‍ഡ് ജൂലിയറ്റില്‍ നിന്നും ഒരക്ഷരം മാത്രം വ്യത്യാസമുള്ളവ, രണ്ടക്ഷരം വ്യത്യാസമുള്ളവ അങ്ങിനെ വ്യക്തമായ നിയമങ്ങളുള്ള കാറ്റലോഗനുസരിച്ചും വെറും ഭാഗ്യംകൊണ്ട് അച്ചടിച്ചു കിട്ടിയ കൃതികളെ ഷെല്‍ഫിലാക്കാം. തെറ്റുകളുടെ ഈ നൂലാമാലയിലൂടെ ഷേക്‌സ്പിയര്‍ തന്നെ കൃതിയിലേക്ക് എഴുതി എത്തി എന്നിരിക്കുക. തന്റെ കൃതിയിലെ ഒരക്ഷരം താങ്ങാന്‍ പോലും ഷേക്‌സ്പിയറിന് ഒരു മനുഷ്യായസ്സില്‍ കഴിഞ്ഞെന്നു വരികയില്ലായിരിക്കാം.

 

എഴുത്തിലെ ചാന്‍സിന്റെ കളിയെ ബോര്‍ഹസ് കൃത്യമായി അളന്നു കുറിക്കുന്നുണ്ട്, പിയറേ മെനാര്‍ഡ് എന്ന കഥയില്‍. ബോര്‍ഹസിന്റെ മെനാര്‍ഡ് ഇരുപതാം നൂറ്റാണ്ടിലിരുന്ന് പതിനേഴാം നൂറ്റാണ്ടില്‍ സെര്‍വാന്റിസ് എഴുതിയ ഡോണ്‍ ക്വിഹോട്ടെ എന്ന നോവല്‍ വീണ്ടുമെഴുതുന്നു. ഒറിജിനല്‍ കൃതിയെ കോപ്പിയടിക്കുകയോ പുതിയ കാലത്തിനനുസരിച്ച് പുനസൃഷ്ടിക്കുകയോ അല്ല മെനാര്‍ഡ്. പഴയ പുസ്തകത്തെ പുതിയതായി എഴുതുകയാണ്. സെന്‍വാന്റിസിന്റേത് മുന്‍ മാതൃകകളില്ലാത്ത തുറന്ന രചനയായിരുന്നു. കൃതിയുടെ പല സാധ്യതകളില്‍ നിന്നും ഒന്നിനെ സൃഷ്ടിക്കുകയായിരുന്നു സെന്‍വാന്റീസ്. എന്നാല്‍ മെനാര്‍ഡിന്റെ എഴുത്ത് ഇങ്ങിനെയായിരുന്നില്ല. സ്വതന്ത്രമായി, ഭാവനാപൂര്‍വ്വം, റിസ്‌ക്കെടുത്ത് എഴുതുമ്പോഴും വരാനിരിക്കുന്ന കൃതി മൂന്നു നൂറ്റാണ്ടു മുമ്പേ വന്നു കഴിഞ്ഞതു തന്നെയാണ്. ഔട്ട്പുട്ടിന്റെ തലത്തില്‍ ഒരത്ഭുതവും പ്രതീക്ഷിക്കാനില്ല. തെന്നുന്ന വഴികളിലാണ് ചാന്‍സ്.

 

ഏതു കൃതിയും അപൂര്‍ണ്ണമാണെന്നും, വായനയിലൂടെ നിരന്തരം നവീകരിക്കപ്പെട്ട്, അത്, പൂര്‍ണ്ണത നേടിക്കൊണ്ടേയിരിക്കുകയാണെന്നും പറയാറുണ്ട്. ഇവിടെ എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള കൂട്ടുകച്ചവടമാണ് കൃതി. എഴുത്തുകാരന്‍ ചെയ്തു തീര്‍ക്കാത്തത് വായനക്കാരന്‍ പൂരിപ്പിച്ചു കൊണ്ടേയിരിക്കുക. അര്‍ത്ഥത്തെ വായനയിലൂടെ പൊലിപ്പിച്ചു കൊണ്ടിരിക്കുക. പറ്റുമെങ്കില്‍ എഴുതാപ്പുറവും വായിക്കുക. എന്നാല്‍ എഴുത്തും വായനയും തമ്മിലുള്ള അപകടകരമായ മറ്റൊരു കളിയാണ് മെനാര്‍ഡിന്റേത്. വായനയില്‍ നിന്നും പിന്നോട്ടാണ് അയാള്‍ എഴുതുന്നത്. ഇന്നിന്റെ അപൂര്‍ണ്ണതയോ അജ്ഞതയോ അല്ല ഭാവി കൊണ്ടുവരുന്ന നവീനതയുടെ അളവുകോല്‍. മെനാര്‍ഡിന്റെ എഴുത്ത് നാളയെ ഇന്നലയിലേക്ക് കുറുക്കി എടുക്കുന്നു. എഴുത്ത് ഇന്നില്‍ നിറഞ്ഞ് തുളുമ്പുന്നു. ഹസ്തരേഖയിലെന്നപോലെ വരിയിലും വരയിലും ആകസ്മികത അത്ഭുതങ്ങളൊന്നും കാട്ടാതെ സന്നിഹിതമാകുന്നു.

 

ആവര്‍ത്തനത്തെ – സാമ്പ്രദായികതയെ – ആകസ്മികതയുമായി കണ്ണി ചേര്‍ക്കുന്ന ക്രിയയാണ് എഴുത്ത്. ഈ ചങ്ങലയുടെ സ്വാതന്ത്ര്യമായിരിക്കണം ഛന്ദസ്സില്‍ കവികളനുഭവിച്ചിരുന്നത്. ഇതേ സ്വാതന്ത്ര്യമാണെന്നു തോന്നുന്നു സാമ്പ്രദായിക ഛന്ദസ്സിനു വെളിയില്‍ ലതീഷ് അനുഭവിക്കുന്നതും.

 

ഭൂമിയില്‍ സാധ്യമല്ലാത്ത ചിലതിന്റെ ഭാഷയിലെ നിലനില്‍പ്പ് എല്ലായ്‌പ്പോഴും
ചിണുങ്ങുന്നതിനിടയിലും നമ്മുടെ ശാഠ്യക്കാരനെ രസിപ്പിച്ചിരുന്നു. ഉദാഹരണത്തിന്,
കൈതത്തുമ്പത്ത് പടം പോലെ പാറുന്ന ഉറയൊഴിഞ്ഞുപോയ പാമ്പില്‍ നിന്ന് എന്താണ്
സാധ്യമാകുക, ഭാഷയിലെ തീണ്ടലുകള്‍ അല്ലാതെ?

(കപ്പത്തോട്ടത്തില്‍ വഴിതെറ്റിയവരുടെ ന്യായങ്ങള്‍)

 

കയ്യിട്ടു നോക്കുന്ന മാളങ്ങളിലൊന്നില്‍ കൊത്താന്‍ തയ്യാറായി നില്‍ക്കുന്ന പാമ്പിലല്ല തീണ്ടലിന്റെ സാധ്യത. പൊഴിഞ്ഞ പടത്തില്‍ നിന്ന് പോയ പാമ്പിലേക്ക് വഴി തെറ്റിയെത്തി വീണ്ടും തീണ്ടണം, വിഷമിറക്കാന്‍. ഭാഷയ്ക്കുള്ളില്‍ പാമ്പിനെ മലര്‍ത്തിയടിച്ചതു കൊണ്ടായില്ല. പറുദീസയില്‍ നിന്ന് കലമ്പിയ ഭാഷയും പാപവും കുറ്റബോധവുമായി മനുഷ്യന്‍ പടിയിറങ്ങിയശേഷം പരസ്പരമറിയാത്ത ജീവജാലങ്ങള്‍ക്കിടയില്‍ അപ്രത്യക്ഷനായ ‘പോയ’ പാമ്പിന്റെ കടിവായിലേയ്ക്കുള്ള മടക്കത്തിലൂടെയാണ് വിഷം ഔഷധമായി മാറുന്നത്.

 

 

ഊഹങ്ങള്‍ക്കും (ഊഹത്തില്‍ ഭീമന്‍ പക്ഷേ അത്ര എളുപ്പമല്ല) പ്രവചനങ്ങള്‍ക്കും വകയില്ലാത്ത ഭാവി കൊണ്ടുവരുന്ന മുന്‍ധാരണകളാണ് ഈ കവിതയുടെ അച്ചടക്കം. ഭാവിയില്‍ അഭ്യൂഹങ്ങള്‍ കുഴിച്ചിട്ട് നമ്മളെ കാത്തിരിക്കുന്ന വൃദ്ധനില്‍ നിന്നും പിന്നോട്ട് ഓടുന്ന കാലമാണിതിന്റേത്. ‘അഞ്ചു മിനിട്ട്’ കൃത്യമായി അഞ്ചു മിനിട്ടു വൈകി എത്തും എന്നുറപ്പുള്ള കാത്തിരിപ്പിന്റെ കാലം. വരും വരും എന്നത് പ്രതീക്ഷയല്ല. തീര്‍ച്ചയാണ്. തീര്‍ച്ചയുടെ ഉറപ്പ് അനിവാര്യതയിലല്ല. ആകസ്മികതയിലാണ്.

നമ്മള്‍ പറഞ്ഞു വരുത്തിയ ഈ രാത്രിയില്‍
നമ്മള്‍ എന്ന പ്രയോഗത്തില്‍
ഞാനും നീയും തനിച്ച്
………..
നമ്മള്‍ എന്ന പ്രയോഗം
നമ്മള്‍ പറഞ്ഞു വരുത്തിയ രാത്രിയില്‍

 

കാലവും പ്രയോഗവുമെല്ലാം പറഞ്ഞുവരുത്തിയതാണ്. സ്വപ്‌നങ്ങള്‍ പോലും ഉറങ്ങുന്ന ഉദാസീനതയുടെ ഉറക്കത്തെയാണ് വായിക്കേണ്ടത്. ആകസ്മികതയില്‍ അപ്രതീക്ഷിതമായൊന്നുമില്ല. ഹോം ഡെലിവറിയായി എത്തുന്ന കാലത്തിന്റെ തീര്‍ച്ചയില്‍ ക്രിയ നടക്കുന്നതോ?

ഓട്ടത്തിനു മുമ്പുള്ള നടത്തത്തിന്റെ
വലിച്ചു നീട്ടപ്പെട്ട അറ്റം
………
നടത്തത്തിനു തൊട്ടുപുറകിലുള്ള
വലിച്ചു നീട്ടപ്പെട്ട
കപടയോട്ടങ്ങള്‍ നിങ്ങളുടെ വണ്ടികള്‍

(പഴയൊരു മുന്‍ധാരണയുടെ ദൈവം മനസ്സു തുറക്കുന്നു)

 

ഓട്ടത്തിനും നടത്തത്തിനുമിടയില്‍ കുറുകുന്ന കാലത്തില്‍ അലസ സഞ്ചാരികള്‍ക്ക് തെറ്റി സഞ്ചരിക്കാനുള്ള വഴികള്‍ തുറന്നുവരുന്നു. ‘നടന്നിടത്തേയ്ക്കു തന്നെ വീണ്ടും നടക്കുന്ന ഉറുമ്പിന്‍ കൂട്ടങ്ങള്‍’ (ഒരേസമയം പരസ്പരം) എം. സി എഷറിന്റെ മോബിയസ് നാട എന്ന ചിത്രത്തെ ഓര്‍മ്മിപ്പിച്ചേക്കാം. അകം പുറം മറിഞ്ഞ് മോബിയസ് നാടയിലൂടെ ഒരേസമയം അകത്തും പുറത്തുമായി കയറി ഇറങ്ങുന്ന ഉറുമ്പുകളുടെ ചിത്രമാണത്. വഴിയുടെ പല മാനങ്ങളിലൂടെയുള്ള വളയലിലും പിരിയലിലും കൂടിയാണ് ഈ നടപ്പു സാധ്യമാകുന്നത്. എഷര്‍ ചിത്രത്തില്‍ അരിച്ചു നടക്കുന്നത് ഒമ്പത് ഉറുമ്പുകളാണെങ്കിലും അവയെ എണ്ണി എടുക്കുക എളുപ്പമല്ല. ഓരോ ഉറുമ്പും ഒരേസമയം വരിയിലും പുറത്തുമാണ്. ഓരോ ഉറുമ്പും അതിന്റെ തന്നെ അകത്തും പുറത്തുമാണ്. അതിന്റെ സമയം, ഒരേ സമയം വരവിന്റേയും പോക്കിന്റേതുമാണ്.

നമ്മളിലേയ്ക്ക് വന്നുപോകുന്ന
വഴികളെ നോക്കിനോക്കി
എന്റെ പട്ടമേയെന്റെനൂലേയെന്ന്
ഒരേസമയം പരസ്പരം

 

പരസ്പര സംവാദത്തിന്റേയോ വിനിമയത്തിന്റേയോ അല്ലാത്ത, അകം പുറം മാനം മറിയലുകളുടെ മറ്റൊരു പാരസ്പരികതയാണ് കവിതയുടേത്. ഇവിടെ ഗദ്യവും പദ്യവും എന്ന വേര്‍തിരിവിനപ്പുറം കവിത അതിന്റെ പുതിയ മറുപുറം കണ്ടെത്തുന്നു – നോവല്‍. ഇതിഹാസങ്ങൡും മഹാകാവ്യങ്ങളിലും കഥയുമായുണ്ടായിരുന്ന ബന്ധത്തെ കവിത വീണ്ടും പുതിയ മാനങ്ങളില്‍ കണ്ടെത്തുന്നു. ആദി മധ്യാന്തങ്ങളുള്ള കഥ ആകസ്മികതയെ പിടിച്ചു കെട്ടുകയല്ല മറിച്ച് ഗുണി-ധര്‍മ്മികളായ കഥാപാത്രങ്ങളുടെ വീക്ഷണകോണുകളിലേയ്ക്കു തുറന്നു വിടുകയാണു ചെയ്തത്. കാലത്തിന്റെ നേര്‍ വരകളേയും വഴികളേയും പിഴപ്പിച്ച നോവലാകട്ടെ സംഭവങ്ങളെ ‘ഇനി..’യില്‍ നിന്നും സ്വതന്ത്രമാക്കി. നോവലിന്റെ ഈ ശേഷി പകര്‍ന്നെടുക്കുന്ന കവിത ബിംബത്തിന്റേയും പാട്ടിന്റേയും ‘പോലെ’കളില്‍ നിന്ന് സ്വതന്ത്രമാകുന്നു.

 

നളചരിതം മൂന്നാം ദിവസത്തില്‍ താഴെ വീണ മേല്‍മുണ്ടെടുക്കാന്‍ രഥം നിര്‍ത്താനാവശ്യപ്പെടുന്ന ഋതുപര്‍ണ്ണനോട് ബാഹുകന്‍ ചോദിക്കുന്നുണ്ട്; എന്താണ് നിന്റെ ലക്ഷ്യം? ദമയന്തിയുടെ പാണീഗ്രഹണമോ വീണുപോയ തോര്‍ത്തുമുണ്ടോ? സമയത്തിന് അങ്ങെത്തണമെന്നുണ്ടെങ്കില്‍ രഥം നിര്‍ത്തുന്നത് റിസ്‌ക്കാണ്. മേല്‍മുണ്ടിലുള്ള താല്‍പര്യം ആഭരണഭ്രമമല്ലെന്നു കാണിക്കാന്‍ ഋതുപര്‍ണ്ണന്‍ ബാഹുകന് മരത്തിലെ ഇലകള്‍ എണ്ണാതെ അളക്കാതെ അറിയാനുള്ള വിദ്യ ഉപദേശിച്ചു കൊടുക്കുന്നു. അക്ഷഹൃദയം ചൂതുകൡയുടെ ചാന്‍സിന്റെ ശാസ്ത്രമാണ്. വഴി തെറ്റാതെ ലക്ഷ്യത്തില്‍ വേഗമെത്താനുള്ള അശ്വഹൃദയവിദ്യ ബാഹുകനറിയാം. കൃത്യമായി വഴിതെറ്റാനുള്ള ഗണിതമാണ് ഋതുപര്‍ണ്ണന്‍ ഉപദേശിച്ചു കൊടുക്കുന്നത്.

 

ബാഹുകനും ഋതുപര്‍ണ്ണനും തമ്മിലുള്ള ഈ വിജ്ഞാന വിനിമയത്തില്‍ കുതിരയും മരവും മാത്രമല്ല കവിതയും വിഷയമാണ്. കടപയാദി സമ്പ്രദായവും മറ്റും അക്ഷരങ്ങളേയും അക്കങ്ങളേയും പരസ്പരം കൊളുത്തിയിട്ടിരിക്കുന്നു. ഒരേ വരിയിലും വരയിലും കൂടി കവിതയ്ക്കും കണക്കിനും വാനശാസ്ത്രത്തിനും വാസ്തുവിദ്യയ്ക്കും കടന്നുപോകാം. ഒന്നിലൂടെ മറ്റൊന്നിന്റെ ലോകത്തില്‍ കറങ്ങാം. കവിതയില്‍ കണക്കുകൂട്ടാം. കണക്കില്‍ ഖഗോളങ്ങളുടെ താളമിടാം. കല്ലുകൊണ്ട് കവിതയെഴുതാം. ഒരു ലോകത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്കുള്ള – ‘ഇനി’യുടേയും ‘പോലെ’യുടേയും ഷോര്‍ട്ട് കട്ടുകളില്ലാത്ത – ഏറ്റവും വളഞ്ഞ വഴിയാണ് എഴുത്ത്. കവിതയുടെ ജനിതക വിദ്യയാണ് എഴുത്തിന്റേയും ചൂതിന്റേയും പൊതുരഹസ്യമായ അക്ഷ(ര)ഹൃദയവിദ്യയെന്ന മനക്കണക്ക്. കഥബാധിച്ച ആട്ടക്കവിത കവിതയുടെ ജീനിനെ ഈ കഥാസന്ദര്‍ഭത്തില്‍ കലിസംഖ്യയെന്നോണം കുറിച്ചു വെച്ചിരിക്കുന്നു. ഈ കുറിപ്പിലും കുരുക്കിലും നിന്നഴിഞ്ഞു വരുന്ന ‘ക്ഷ’കളാണ് ലതീഷിന്റെ വരികളില്‍. സാഹിത്യ ചരിത്രത്തിനു വെളിയിലുള്ള ഭൂമികയിലാണ് ബീഡിപ്പുകയില്‍ അലര്‍മേല്‍ വല്ലിയെ ആടിക്കുന്ന ഈ ആട്ടക്കവിതകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

 

കഥയില്‍ ചോദ്യമില്ല. എന്നാല്‍ കവിതയില്‍ അതാകാം. കവിത സംഗീതത്തെ ഭഞ്ജിക്കുന്നത് മൗനം പൂണ്ടല്ല, ചോദ്യം കൊണ്ടാണ്. പട്ടമ്മാളിന്റെ പാട്ടില്‍ അത് ചോദ്യം കേള്‍ക്കുന്നു.

പാട്ടല്ല അമ്മാളേ
പേരാണ് ചോദിച്ചത്
എന്നോര്‍മ്മിപ്പിച്ചു

ചോദ്യം പാട്ടുമുറിച്ച് പേരിനെ തേടുന്നു. പേര് പെരുക്കി ഇരട്ടപ്പേരാക്കുന്നു. ഈ തനിയാവര്‍ത്തനമാണ് കവിതയിലെ word processing.

ഒന്നേ രണ്ടേ എന്നടുക്കിവെച്ച തടികള്‍
ഒന്നൊന്നിലേക്ക് മറിയുന്നതു പോലെ

ഒന്നേ, രണ്ടേ – ഓരോ അടിയിലും കുറേശ്ശെ കുറേശ്ശ മറക്കുന്ന അരണകളുടെ താളമാണിത്. അനന്തതയിലേക്കാണെങ്കില്‍ എത്രയോ വളഞ്ഞ വഴികളുണ്ട്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍