UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാവ്‌ലിന്‍ ഹര്‍ജി രാഷ്ട്രീയ പ്രേരിതം: സിപിഐഎം

അഴിമുഖം പ്രതിനിധി

ലാവ്‌ലിന്‍ കേസിനെ വീണ്ടും സജീവമാക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. കേസില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ സിബിഐ കുറ്റവിമുക്തനാക്കിയിട്ട് രണ്ടുകൊല്ലവും രണ്ടുമാസവും കഴിഞ്ഞു. ഇക്കാലയളവില്‍ മുഖ്യമന്ത്രി ഉറക്കത്തിലായിരുന്നുവോയെന്ന് കോടിയേരി ചോദിച്ചു.

അന്ന് റിവിഷന്‍ ഹര്‍ജി കൊടുക്കാതെ ഇന്ന് കൊടുക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. ഇപ്പോള്‍ ആര്‍എസ്എസും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ ഹര്‍ജി. സിബിഐയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണ്. ആര്‍എസ്എസ് പറയുന്നതിന് അനുസരിച്ചാണ് സിബിഐ പ്രവര്‍ത്തിക്കുന്നതിന് തെളിവാണ് കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ പ്രതി ചേര്‍ക്കാന്‍ സിബിഐ നടത്തുന്ന ശ്രമങ്ങളെന്ന് കോടിയേരി ആരോപിച്ചു.

സോളാര്‍ കേസില്‍ കമ്മീഷനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നുള്ള കമ്മീഷന്റെ ആരോപണം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് എതിരായ കുറ്റപത്രമാണ്. മുഖ്യമന്ത്രിയെ വിസ്തരിക്കാന്‍ തീരുമാനിച്ച കമ്മീഷന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ഇതില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനാണ് ലാവ്‌ലിന്‍ കേസില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. പിണറായി വിജയന്റെ നവകേരളാ മാര്‍ച്ചും സിപിഐഎമ്മിന്റെ വികസന അജണ്ടയും ഇന്ന് സംസ്ഥാനത്ത് ചര്‍ച്ചാ വിഷയമാണ്. അതില്‍ നിന്നുകൂടി ശ്രദ്ധ തിരിച്ചുവിടാനാണ് ഇപ്പോഴത്തെ നീക്കം.

2006 ഫെബ്രുവരിയില്‍ 28-ന് രാവിലെ ഉമ്മന്‍ചാണ്ടി മന്ത്രി സഭ ചേര്‍ന്ന് ലാവ്‌ലിന്‍ കേസ് സിബിഐയ്ക്ക് വിട്ടത്. അതിന്റെ തലേദിവസമാണ് വിജിലന്‍സ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പിണറായിയെ കുറ്റവിമുക്തനാക്കിയിരുന്നു. 28-ന് ഉച്ചയ്ക്കുശേഷം തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.

അന്ന് കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിനെ സ്വാധീനിച്ച് പിണറായിയെ കുടുക്കാനാണ് കേസ് സിബിഐയ്ക്ക് വിട്ടത്. എന്നാല്‍ സിബിഐ കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ല. പിന്നീട് കോടതി വഴിയാണ് കേസ് സിബിഐയില്‍ എത്തുന്നത്. ആ സിബിഐ അന്വേഷണത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തേയാണ് സിബിഐ കോടതി റദ്ദാക്കി പിണറായിയെ കുറ്റവിമുക്തനാക്കിയത്. എന്നാല്‍ കുറ്റവിമുക്തനാക്കിയപ്പോള്‍ അപ്പീല്‍ നല്‍കാതെ ഇന്ന് ഹര്‍ജി സമര്‍പ്പിച്ചത് രാഷ്ട്രീയ പ്രേരിതമാണ്. നിയമപരമായ സ്‌ക്രൂട്ടിനിക്ക് വിധേയമായ കേസാണിത്. അതിനാല്‍ പേടിയില്ല. തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും ലാവ്‌ലിന്‍ ചര്‍ച്ചാ വിഷയമാക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്നും കോടിയേരി പറഞ്ഞു.

ലാവ്‌ലിന്‍ ഹര്‍ജി നിയമോപദേശം മറികടന്ന്

അതേസമയം ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് നിയമ വകുപ്പ് സെക്രട്ടറിയുടെ നിയമോപദേശത്തെ മറികടന്ന്. സിബിഐയാണ് ഈ കേസില്‍ ഹര്‍ജി നല്‍കേണ്ടതെന്ന് എന്നാണ് സെക്രട്ടറി നിയമോപദേശം നല്‍കിയിരുന്നത്. പുതിയ സത്യവാങ്മൂലം സര്‍ക്കാരിന് നല്‍കാനാകില്ല. സര്‍ക്കാരിന് റോളില്ലെന്നും സെക്രട്ടറി ഉപദേശിച്ചിരുന്നു. ഇത് മറികടന്നാണ് ഇന്ന് കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫ് സര്‍ക്കാര്‍ തങ്ങള്‍ക്ക് എതിരെ നടത്തുന്ന നീക്കമായിട്ടാണ് സിപിഐഎം ഇന്നത്തെ ഹര്‍ജിയെ വിലയിരുത്തുന്നത്.

വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ കോടതിയുടെ ഉത്തരവിന് എതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്നും തെളിവുകള്‍ അപഗ്രഥിക്കുന്നതില്‍ വിചാരണക്കോടതിക്ക് തെറ്റുപറ്റിയെന്നും ഹര്‍ജിയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍