UPDATES

ട്രെന്‍ഡിങ്ങ്

ഹരീഷ് സാല്‍വേയ്ക്ക് കൊടുക്കുന്ന മുപ്പത് ലക്ഷം പിണറായിക്ക് മുതലാകുമോ?

ലാവ്‌ലിന്‍ കേസില്‍ നിന്നും സാല്‍വെ എന്നന്നേക്കുമായി പിണറായിയെ രക്ഷപ്പെടുത്തുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്

രണ്ട് പതിറ്റാണ്ടോളമായി മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് മീതെ തൂങ്ങിയാടുന്ന വാളാണ് എസ്എന്‍സി ലാവ്‌ലിനുമായുണ്ടാക്കിയ കരാറും അതിനെച്ചൊല്ലിയുള്ള അഴിമതി കേസും. 1987ലെ നയനാര്‍ സര്‍ക്കാരിലെ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഉയര്‍ന്ന ആരോപണം പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറിയായപ്പോഴും ഇപ്പോളിതാ സംസ്ഥാന മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹത്തെ പിന്തുടരുകയാണ്. കാലാകാലങ്ങളില്‍ അദ്ദേഹത്തിനെതിരായ രാഷ്ട്രീയ ആയുധമായി എതിരാളികള്‍ ഈ കേസിനെ ഉപയോഗിക്കുന്നുമുണ്ട്.

ഈ സാഹചര്യത്തിലാണ് പിണറായിയും മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സിബിഐ റിവ്യൂ ഹര്‍ജി നല്‍കിയത്. പിണറായിക്ക് വേണ്ടി ഹൈക്കോടതിയില്‍ വാദിക്കാനെത്തിയതാകട്ടെ രാജ്യത്തെ ഏറ്റവും വിലയുള്ള അഭിഭാഷകരില്‍ ഒരാളായ അഡ്വ. ഹരീഷ് സാല്‍വെയും. ഇതോടെ ഇന്ന് കേരള ഹൈക്കോടതിയില്‍ നടന്ന വാദത്തിന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ ലഭിക്കുകയും ചെയ്തു. സാല്‍വെയുടെ വാദം കേള്‍ക്കാന്‍ നിരവധി പേരാണ് ഹൈക്കോടതി പരിസരത്ത് ഇന്ന് തടിച്ചു കൂടിയതെന്ന് കൂടി കണക്കിലെടുക്കുമ്പോള്‍ ആരാണ് സാല്‍വെയെന്ന് വ്യക്തമാകും. ലാവ്‌ലിന്‍ കേസില്‍ നിന്നും സാല്‍വെ എന്നന്നേക്കുമായി പിണറായിയെ രക്ഷപ്പെടുത്തുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

അദ്ദേഹം ഇന്ന് ഹൈക്കോടതിയില്‍ നടത്തിയ വാദങ്ങള്‍ പരിശോധിച്ചാല്‍ അതിനുള്ള ഉത്തരം ലഭിക്കും. കുറ്റപത്രത്തിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു സാല്‍വേയുടെ വാദം. ലാവ്‌ലിന്‍ കേസ് ഒരു കെട്ടുകഥയാണെന്നും അതിനെ ഒരു അഴിമതിക്കേസായി പരിഗണിക്കാന്‍ പോലുമാകില്ലെന്നും സാല്‍വേ വാദിച്ചു. കേരളത്തിന്റെയും നഷ്ടത്തിലായിരുന്ന കെഎസ്ഇബിയുടെയും പുരോഗതിയായിരുന്നു അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായിയുടെ ലക്ഷ്യം.

കെഎസ്ഇബിയുടെ പുരോഗതിക്ക് വേണ്ടിയാണ് പിണറായി പ്രവര്‍ത്തിച്ചത്. നല്ലത് ചെയ്തിട്ടും പഴി കേള്‍ക്കേണ്ട അവസ്ഥയാണ് അദ്ദേഹത്തിന്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്ന കാലത്താണ് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി കരാറിന് ശ്രമിച്ചത്. വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിന് സര്‍ക്കാരിന് മേല്‍ കനത്ത സമ്മര്‍ദ്ദവും അക്കാലത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പിണറായി വിജയന്‍ മന്ത്രിയെന്ന നിലയിലെ തന്റെ കര്‍ത്തവ്യം മാത്രമാണ് നിര്‍വഹിച്ചതെന്നും അദ്ദേഹം വാദിച്ചു. വാണിജ്യ പുരോഗതിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

അതേസമയം മലബാര്‍ ക്യാന്‍സര്‍ സെന്ററിന് സഹായം കിട്ടുന്നതിനുള്ള കരാറില്‍ ഗൂഢാലോചനയുണ്ടെന്ന സിബിഐ വാദം ഹരീഷ് സാല്‍വെ തള്ളി. സിബിഐയുടെ കുറ്റപത്രം അസംബന്ധമാണെന്നും അദ്ദേഹം പരിഹസിച്ചു. കുറ്റപത്രത്തിലെ പിഴവുകള്‍ നിരന്തരം ചൂണ്ടിക്കാട്ടിയായിരുന്നു കേസിന്റെ വാദം. പിണറായിയുടെ കാലത്തല്ല, ജി കാര്‍ത്തികേയന്റെ കാലത്താണ് കരാര്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ കാര്‍ത്തികേയന്റെ നടപടി തെറ്റായി സിബിഐ കണ്ടെത്തിയിട്ടില്ല.

ഹൈക്കോടതിയിലെ കേസിന്റെ മേല്‍നോട്ടം മുതിര്‍ന്ന അഭിഭാഷകന്‍ എംകെ ദാമോദരനാണ്. ഇന്ന് മാത്രമാണ് ഹരീഷ് സാല്‍വെ ഹൈക്കോടതിയില്‍ വാദം നടത്തുന്നത്. അതുകൊണ്ട് തന്നെ വാദം കേള്‍ക്കാന്‍ ഹൈക്കോടതിയിലെ മുതിര്‍ന്നവരും ഇളമുറക്കാരുമായ എല്ലാ അഭിഭാഷകരും എത്തിയിരുന്നു. മുപ്പത് ലക്ഷം രൂപയാണ് ഹരീഷ് സാല്‍വെ ഒരു സിറ്റിംഗിന് ഫീസായി വാങ്ങുന്നത് എന്നാണ് മാധ്യമ വാര്‍ത്തകള്‍.

ഹരീഷ് സാല്‍വേയുടെ വാദം ഇന്ന് പൂര്‍ത്തിയായി. തുടര്‍വാദം ഈ മാസം അവസാനം നടക്കും. ഇത്രവലിയ തുക പ്രതിഫലം നല്‍കി സാല്‍വെയെ കൊണ്ടുവന്ന് കേസ് വാദിച്ചത് പിണറായിയ്ക്ക് ഗുണം ചെയ്യുമോയെന്നും ഇനിയെങ്കിലും ഈ കേസില്‍ നിന്നും പിണറായിക്ക് മോചനം ലഭിക്കുമോയെന്നും വരുംദിവസങ്ങളില്‍ അറിയാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍