UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാവ്‌ലിന്‍ കേസിനെന്താ കൊമ്പുണ്ടോ?

ഹിറ്റ്‌ലറിന്റെ പ്രതാപകാലം. ബവേറിയന്‍ മലനിരകളില്‍ ഹിറ്റ്‌ലര്‍ക്ക് ഒരു രഹസ്യ താവളമുണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ഹിറ്റ്‌ലര്‍ അതിനുള്ളില്‍ ചെല്ലും. ധാരാളം മുറികളുള്ള ആ കെട്ടിട സമുച്ചയത്തിന് മുകളിലായൊരു മുറിയുണ്ട്.  അതിലേക്കു പോകാന്‍ ലിഫ്റ്റുണ്ട്. ഹിറ്റ്‌ലര്‍ മുകളില്‍ എത്തിയശേഷം ലിഫ്റ്റിന് യന്ത്രത്തകരാറു സംഭവിച്ചാല്‍ എന്തു സംഭവിയ്ക്കുമെന്ന് ഒരിക്കല്‍ ഒരു ചരിത്രലേഖകന്‍ ഹിറ്റ്‌ലറോട് ചോദിച്ചു. ഗൗരവം വിടാതെയുള്ള ഹിറ്റ്‌ലറുടെ മറുപടി ഇതായിരുന്നു: “History of the world will stop unitl it gets repaired.”

പിന്നീടെന്നോ ഹിറ്റലറിന്റെ മുകളിലൂടെ ചരിത്രം കടന്നുപോയി. അങ്ങനെ പല ഹിറ്റ്‌ലര്‍മാരുടേയും മുകളിലൂടെയും…

ലാവ്‌ലിനെക്കുറിച്ച് മിണ്ടണ്ട എന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളഘടകത്തിന്റെ തീരുമാനം. കേരള ഘടകം, എന്നാല്‍ പിണറായി വിജയന്‍ എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. നവകേരള യാത്രയില്‍ പത്രക്കാര്‍ ചോദ്യം ചോദിക്കും. പിണറായി അവരെ നോക്കി പരിഹസിച്ചു ചിരിക്കും. (ഇപ്പോള്‍ സഖാവിന് സദാ ചിരിയാണ്. ഇക്കാലമത്രയും ചിരിയ്ക്കാതിരുന്നതിന്റെ കുറവ് ഇനിയുള്ള കാലങ്ങളില്‍ നികത്താനാണോ ഭാവം? ഏതായാലും ഈ ചിരിയേക്കാള്‍ ശാന്തത ആ പഴയ ഗാംഭീര്യത്തിനാണ്, സഖാവേ) പത്രക്കാരെ കണ്ടു കഴിഞ്ഞാല്‍ കൈയ്യും മെയ്യും പ്രായവും പദവിയും മറന്ന് ആടിത്തിമിര്‍കകുന്ന വി.എസ്സിനാണെങ്കില്‍ മൗനം. (ലാവ്‌ലിന്റെ പേരില്‍ പിണറായിക്ക് അടിതെറ്റിയാല്‍ താന്‍ കേരളത്തെ നയിക്കാന്‍ ഉള്ള സാധ്യത സഖാവ് തിരിച്ചറിയുന്നു. സ്വന്തം നിലയ്ക്ക് പൊരുതാന്‍ അസ്ത്രമൊന്നും ബാക്കിയില്ല. ആവനാഴിവരെ പാര്‍ട്ടി പരണത്തു വച്ചു. ചില ക്ഷേമവചനങ്ങള്‍ മാത്രമാണ് ആശ്രയത്തിന്. അപ്പോള്‍, ഔദാര്യം കാത്തിരിയ്ക്കുക എന്നതാണ് പ്രായോഗിക ബുദ്ധി.)

പിന്നെയുള്ളത് കോടിയേരിയാണ്. സഖാവിന്റെ ചിരിയുടെ അര്‍ത്ഥം നാളിതുവരെ ആര്‍ക്കും മനസ്സിലാകാത്തതുപോലെ തന്നെ, സഖാവ് പറയുന്നതും ആര്‍ക്കും മനസ്സിലാകാറില്ല. അന്നും ഇന്നും. എം.എ. ബേബിയ്ക്കാണെങ്കില്‍ ഗുലാം അലി വന്നതിന്റെ ത്രില്ലാണ്. രണ്ടാളും ഒരുമിച്ച് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചവരാണ്; പ്രാവീണ്യം നേടിയവരാണ്. ഗുലാം അലി സംഗീതം തന്റെ വയറ്റിപ്പാടിനായി തിരഞ്ഞെടുത്തു; ബേബി വയറ്റിപ്പാടിനായി രാഷ്ട്രീയം തിരഞ്ഞെടുത്തു.  അത്രയേ ഉള്ളൂ വ്യത്യാസം. പഴയ സുഹൃത്തിനെ കണ്ടുമുട്ടുമ്പോള്‍ ആരാണ് മറ്റെല്ലാം മറന്നുപോകാത്തത്?

പാര്‍ട്ടി മിണ്ടിയില്ലെങ്കില്‍ കേരളം മിണ്ടില്ല എന്ന് പാര്‍ട്ടി കരുതിയോ?

ലാവ്‌ലിന്‍ വിഷയത്തില്‍ പാര്‍ട്ടി ചര്‍ച്ചയ്ക്ക് പോകണ്ട എന്നത് കൊണ്ട് വലിയ നേട്ടങ്ങളാണ്  കേരള ജനത അനുഭവിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം കൈരളി പീപ്പിളിലുള്ള വാര്‍ത്തയില്‍  ലാവ്‌ലിന്‍ വരുന്നില്ല എന്നതാണ്. ചര്‍ച്ച വന്നിരുന്നെങ്കില്‍ ഉള്ള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കു.  ആങ്കര്‍ ഡോക്ടര്‍ ലാല്‍ പിണറായി വിജയന്‍ കേരളത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക നയിച്ച നായകനായിരുന്നു എന്ന് എത്ര പ്രാവശ്യം ഉറക്കെ, ഉറക്കെ പറയുമായിരുന്നു. (നല്ലവണ്ണം കള്ളം പറയാന്‍ അറിയാത്തതുകൊണ്ടായിരിക്കാം കള്ളം പറയുമ്പോള്‍ ഡോ. ലാലിന്റെ മുഖം വല്ലാതെ തുടിയ്ക്കുന്നത്!)

മാത്രമല്ല, ഭാസുരേന്ദ്ര ബാബു മുതല്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നു വരെയുള്ള സ്വതന്ത്ര ചിന്തകരും ആനത്തലവട്ടം മുതല്‍ ഇ.പി.ജയരാജന്‍ വരെയുള്ള മുതിര്‍ന്ന നേതാക്കളും എ.സമ്പത്ത് മുതല്‍ ഡോ. തോമസ് ഐസക്ക് വരെയുള്ള പാര്‍ട്ടി ബുദ്ധിജീവികളും കൂടി ലാവ്‌ലിന്‍ എന്ന പ്രശ്‌നം തന്നെ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പടച്ചുവിട്ടതാണെന്ന് തട്ടിവിടുന്നത് കേള്‍ക്കേണ്ടിവരുമായിരുന്നു. (‘ഇനിയെന്ത് ലാവ്‌ലിന്‍?’ എന്ന പുസ്തകമെഴുതിയ ഐസക് ‘ഏത് ലാവ്‌ലിന്‍’ എന്ന അടുത്ത പുസ്തകരചനയും നടത്തിയേനേ.)

ഏതായാലും അത്തരം അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മിണ്ടാതിരുന്നിട്ടും കേരളം ലാവ്‌ലിനെക്കുറിച്ച് മിണ്ടുന്നുണ്ട്. സഖാക്കളുടെ ആടിനെ പട്ടിയാക്കുന്ന മിടുക്ക്  കാണേണ്ടിവരാത്തതുകൊണ്ട് കാര്യങ്ങള്‍ പയ്യെപ്പയ്യെ  തെളിഞ്ഞുവരുന്നുണ്ട്. കേരളത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച പിണറായി വിജയന്‍ ലാവ്‌ലിന്‍ കമ്പനിയുമായി ചേര്‍ന്ന് നടത്തിയ വൈദ്യുതി വിപ്ലവത്തിലൂടെ ഒരു യൂണിറ്റ് അധിക വൈദ്യുതി പോലും കേരളത്തില്‍ ഉത്പാദിപ്പിച്ചിട്ടില്ല. വിപ്ലവത്തിന് ആകെ ചെലവായ തുക 374 കോടി രൂപയോളം വരും. അത് സംസ്ഥാന ഖജനാവില്‍ നിന്നു പോയി. (എല്ലാ വിപ്ലവങ്ങളും വിജയിക്കണമെന്നില്ലല്ലോ!)

സര്‍ക്കാരിന് നഷ്ടം വന്നിട്ടില്ല എന്ന സഖാക്കളുടെ വാദവും പൊളിയുന്നു. പൊതുഖജനാവിനുണ്ടായ നഷ്ടത്തെ സംബന്ധിച്ച് സര്‍ക്കാരിനുള്ള താല്‍പ്പര്യം മനസ്സിലാക്കണമെന്നാണ് ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ അടിയന്തിരമായി കേള്‍ക്കണമെന്നുള്ള സര്‍ക്കാരിന്റെ ഉപഹര്‍ജി അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

ലവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ മേല്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം തള്ളിക്കൊണ്ട് പ്രതികളെ ഡിസ്ചാര്‍ജ്ജ് ചെയ്തുകൊണ്ടുള്ള സി.ബി.ഐ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ്. ഈ വാദം അംഗീകരിച്ചാല്‍ വിചാരണ പോലും കൂടാതെ കുഴിച്ചുമൂടിയ കുറ്റപത്രം ഉയര്‍ന്നെഴുന്നേല്‍ക്കും. പിന്നീട് വിചാരണ ഉണ്ടാകും. പ്രതികളില്‍ ഒരാളായ പിണറായി വിജയനെ കോടതി വിചാരണ ചെയ്യാം. വക്കീലന്‍മാരുടെ ചോദ്യത്തിന് വിജയന്‍ മറുപടി പറയണം. കോടതിയില്‍ പരിഹാസച്ചിരി അധികനേരം അനുവദിക്കില്ല.

ഒരു ക്രിമിനല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ അത് വിചരാണ കൂടാതെ തള്ളരുതെന്ന് സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പല കീഴ്‌കോടതികളും നിയമവാഴ്ച്ചയ്ക്കപ്പുറമുള്ള കാരണങ്ങളാല്‍ കുറ്റപത്രം വിചാരണ കൂടാതെ തള്ളിയ ചരിത്രമുണ്ട്. കോണ്‍ഗ്രസ് നേതാവായിരുന്ന ജാഫര്‍ ഷെരീഫിനെതിരെയുള്ള അഴിമതി കേസ്. അമിത്ഷായ്‌ക്കെതിരെയുള്ള കേസ്. പിണറായി വിജയനെതിരെയുള്ള കേസ്.

ഒരുപാട് നിയമ – രാഷ്ട്രീയ യുദ്ധങ്ങള്‍ക്കൊടുവിലാണ് സി.ബി.ഐ പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്ക് കുറ്റപത്രം സമര്‍പ്പിച്ചത്. 374 കോടി രൂപയുടെ നഷ്ടം വരുത്തി എന്ന് സി.എ.ജി കണ്ടെത്തിയ ലാവ്‌ലിന്‍ കേസ് സി.ബി.ഐ അന്വേഷിക്കുന്നതിന് വേണ്ടി കൊടുത്ത സ്വകാര്യ ഹര്‍ജിയില്‍ അതിനെതിരെ വാദിക്കാന്‍ വേണ്ടി ദില്ലിയില്‍ നിന്ന് കേരള സര്‍ക്കാര്‍ പണം മുടക്കി (ഇത് ഒരു കോടി രൂപയോളം വരും) വക്കീലന്‍മാരെ കൊണ്ടുവന്നു. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ കോലം കത്തിച്ചുകൊണ്ടാണ് സഖാക്കള്‍ അന്ന് പിണറായിക്ക് പിന്നില്‍ അണിനിരന്നത്.

പക്ഷെ, സഖാക്കള്‍ അറിയേണ്ട ഒരു കാര്യമുണ്ട്. ലാലവ്‌ലിന്‍ കേസില്‍ വിദേശത്തുനിന്ന് പണം വന്നിട്ടുണ്ട്. അങ്ങനെ വരുന്ന പണം FCRA (Foreign contribution Regulation Act)യുടെ പരിധിയില്‍ വരും. ലാവ്‌ലിന്റെ കാര്യത്തില്‍ FCRA നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ട്. FCRA രജിസ്‌ട്രേഷന്‍ ഉള്ള ഒരു സംഘടനയ്ക്കു മാത്രമേ വിദേശ പണം സ്വീകരിക്കുവാന്‍ കഴിയുകയുള്ളു. ലാവ്‌ലിനുമായി വൈദ്യുതി ബോര്‍ഡ് കരാര്‍ ഒപ്പിടുന്ന സമയത്ത് മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്ന സ്ഥാപനത്തിന് FCRA രജിസ്‌ട്രേഷന്‍ ഇല്ലായിരുന്നു. ഈ രജിസ്‌ട്രേഷന്‍ നല്‍കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്. രജിസ്‌ട്രേഷന്‍ കിട്ടിയാല്‍ ഒരു ബാങ്ക് അക്കൗണ്ട് നമ്പര്‍ ആ സംഘടനയുടെ ബാങ്കിനെ അറിയിക്കും. പണം ആ അക്കൗണ്ട് വഴി മാത്രമേ വരാന്‍ പാടുള്ളു. ആ അക്കൗണ്ടില്‍ മറ്റു വിദേശപണമല്ലാതുള്ള പണം വന്നുകൂടാ. മലബാര്‍ കാന്‍സര്‍ സെന്ററിന് 100 കോടി സഹായം നല്‍കാമെന്ന ഉറപ്പിന്മേലാണല്ലോ BHEL ക്വാട്ടു ചെയ്ത തുകയുടെ ഇരട്ടിയിലേറെ തുകയ്ക്ക് ലാവ്‌ലിനുമായി കരാര്‍ ഒപ്പിട്ടത്. കരാര്‍ ഒപ്പിട്ട  സമയത്ത് പണം ലഭിയ്‌ക്കേണ്ട മലബാര്‍ കാന്‍സര്‍ സെന്ററിന് FCRA രജിസ്‌ട്രേഷന്‍ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ, ആ പണം എങ്ങനെയാണ് മലബാര്‍ കാന്‍സര്‍ സെന്ററില്‍ എത്തുന്നത്?

ഈ ചോദ്യം നിലനില്‍ക്കെയാണ് ടെക്‌നിക്കാലിയ എന്ന ഒരു സംഘടന രംഗത്തുവന്നത്. ടെക്ക്‌നിക്കാലിയയുടെ ആസ്ഥാനം ചെന്നൈയിലായിരുന്നു. സംഘടനയ്ക്ക് FCRA രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള പണം ടെക്‌നിക്കാലിയ വഴി വന്നു എന്നതാണ് സത്യം. പക്ഷെ, ടെക്‌നിക്കാലിയയും മലബാര്‍ കാന്‍സര്‍ സെന്ററുമായി എന്തു ബന്ധം? ഇത് ടെക്‌നിക്കാലിയയ്ക്കു വന്ന പണം മലബാര്‍ കാന്‍സര്‍ സെന്ററിലേയ്ക്കു മാറ്റണമെങ്കില്‍ അപ്പോഴുമുണ്ട് നിയമ തടസ്സം. കാരണം FCRA അക്കൗണ്ടിലേയ്ക്കു വന്ന പണം മറ്റൊരു FCRA അക്കൗണ്ടിലേയ്ക്കു മാത്രമേ മാറ്റാന്‍ കഴിയുകയുള്ളു. ഈ നൂറുകോടിയില്‍ 10 കോടി രൂപ മാത്രമേ മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിച്ചിട്ടുള്ളു എന്ന് കേരളം പറയുമ്പോള്‍ തുക മുഴുവന്‍ നല്‍കിയിട്ടുണ്ട് എന്നാണ് പണം നല്‍കാമെന്നേറ്റിരുന്ന ലാവ്‌ലിന്‍ കമ്പനി പറയുന്നത്. എങ്കില്‍ കാനഡയില്‍ നിന്ന് എത്തി എന്നു പറയുന്ന ബാക്കി 90 കോടി രൂപ എവിടെ?

ഈ ലളിതമായ ചോദ്യത്തിനുത്തരം പറയാന്‍ കഴിയാത്തതാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രശ്‌നം. പക്ഷെ, എഫ്.സി.ആര്‍.എ അനുസരിച്ച് ഈ ചോദ്യം ലളിതമല്ല. എഫ്.സി.ആര്‍.എയുടെ ലംഘനം നടന്നാല്‍ അന്വേഷിയ്‌ക്കേണ്ട ഏജന്‍സി, നിയമപരമായി തന്നെ, സി.ബി.ഐ ആണ്.  കാരണം, പണമിടപാട് മറ്റൊരു രാജ്യവുമായാണ്. അപ്പോള്‍ ലാവ്‌ലിന്‍ കേസ് സി.ബി.ഐ അന്വേഷിയ്ക്കണമെന്നതിനെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്തിനെതിര്‍ത്തു? എന്തിനാണ് ഉത്തരവിട്ട ചീഫ് ജസ്റ്റിസിന്റെ കോലം സഖാക്കള്‍ കത്തിച്ചത്? നിയമ വാഴ്ച നടപ്പിലാക്കിയതിനാണോ?

2009 ജനുവരി 21 ന് സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പിണറായി വിജയനെ ഒമ്പതാം പ്രതിയാക്കിയ കാര്യം പറഞ്ഞിരുന്നു. മന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയന്‍ ചെയ്ത പ്രവര്‍ത്തിയിന്മേലുള്ള കേസായതു കാരണം Cr.PC. 197-ാം വകുപ്പനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നേടി 2009 ഫെബ്രുവരി രണ്ടാം തീയതി സി.ബി.ഐ കേരള ഗവര്‍ണര്‍ക്ക് കത്തെഴുതി. ചട്ടപ്രകാരം ഗവര്‍ണര്‍ കത്ത് കാബിനറ്റിലേക്കയച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസിനു മേല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കടുത്ത സമ്മര്‍ദ്ദം ചെലുത്തിയശേഷമാണ് 2009 മേയ് ആറാം തീയതി പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചുകൊണ്ട് മന്ത്രിസഭാ തീരുമാനം വന്നത്.

കേസന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നതിനെ പാര്‍ട്ടി എതിര്‍ക്കുന്നു.  കോടതി അതു തള്ളി.  സി.ബി.ഐ വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടുന്നു. പാര്‍ട്ടിയുടെ ചൊല്‍പ്പടിയ്ക്കു നിര്‍ത്തിക്കൊണ്ട് മന്ത്രിസഭയെ കൊണ്ട് അനുമതി നിഷേധിക്കുന്നു. ഇതൊക്കെ എന്തിനുവേണ്ടിയായിരുന്നു? ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന് ലഘുഭായ് പഠക് എന്ന വ്യാപാരി ഒരു കോടി രൂപ കോഴ കൊടുത്തു എന്ന പരാതിയിന്‍മേല്‍ പ്രധാനമനമന്ത്രി പദം ഒഴിഞ്ഞശേഷം നരസിംഹറാവുവിന് മജിസ്‌ട്രേറ്റ് കോടതിയില്‍ പോയി ജാമ്യമെടുക്കാമെങ്കില്‍, സംസ്ഥാനത്തിന് 374 കോടി രൂപ നഷ്ടമുണ്ടാക്കി എന്ന് സി.എ.ജി കണ്ടെത്തിയ ലാവ്‌ലിന്‍ കരാറിന്‍മേല്‍ എടുത്ത കേസില്‍ സി.ബി.ഐ പിണറായി വിജയനെതിരെ പ്രോസിക്യൂഷന് അനുമതി തേടിയപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്തിനാണ് വിറകൊണ്ടത്? എന്തിനാണ് സ്വന്തം മുഖ്യമന്ത്രിയെപ്പോലും ഭീഷണിപ്പെടുത്തി മന്ത്രിസഭയെക്കൊണ്ട് പ്രോസിക്യൂഷനുള്ള അനുമതി നിഷേധിച്ചത്.

പിണറായിക്കെന്താ കൊമ്പുണ്ടോ? എന്തായാലും സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ തള്ളി. ഗവര്‍ണറുടെ discretion എന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തിട്ടൂരമനുസരിയ്ക്കുക എന്നതല്ല എന്നു കാട്ടിക്കൊടുത്ത അന്നത്തെ ഗവര്‍ണറായിരുന്ന ആര്‍.എസ്.ഗവായിയുടെ വസതിയ്ക്കുമുന്നില്‍ ധര്‍ണ നടത്തിക്കൊണ്ടാണ് സഖാക്കള്‍ നിയമവാഴ്ചയെ വെല്ലുവിളിച്ചതും പിണറായിയെ സുഖിപ്പിച്ചതും.

ഗവര്‍ണറുടെ ഉത്തരവിനെതിരെ പിണറായി വിജയന്‍ സുപ്രീംകോടതിയില്‍പ്പോയി അന്ന് മുറതെറ്റിച്ച് വിജയന്റെ ഹര്‍ജി വേഗത്തില്‍ എടുത്തു എന്നു വാര്‍ത്തയുണ്ടായിരുന്നു. അങ്ങനെ ഒരു തീരുമാനമെടുത്തത് എന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണനായിരുന്നതുകൊണ്ട്  അതിലൊന്നും യാതൊരു അസ്വാഭാവികതയും ആര്‍ക്കും തോന്നിയില്ല. ബാലകൃഷ്ണന്റെ വിശാലമനസ്‌കതയുടെ ചിത്രം പിന്നീട് പത്രങ്ങളില്‍ ചൂടുള്ള വാര്‍ത്തയായിരുന്നു.

ഏതായാലും സുപ്രീംകോടതി പിണറായിയുടെ ഹര്‍ജി തള്ളി. പിന്നീടാണ് സി.ബി.ഐ. എറണാകുളത്തെ സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കുറ്റപത്രമാണ് 2014 നവംബര്‍ 5-ാം തീയതി സി.ബി.ഐ കോടതി വിചാരണ പോലും കൂടാതെ തള്ളിയത്. (സരിതയുടെ കത്തുമായി ബന്ധപ്പെട്ട മജിസ്‌ട്രേറ്റു രാജുവും കുറ്റപത്രം തള്ളിയ ആര്‍.രഘു എന്ന ജഡ്ജും, തീര്‍ച്ചയായും നിയമവാഴ്ചയെക്കുറിച്ച് ധാരാളം സംശയങ്ങള്‍ ഉയര്‍ത്തുന്നു.)

കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ സമര്‍പ്പിക്കുവാന്‍ സി.ബി.ഐയ്ക്ക് ഒന്നരവര്‍ഷം വേണ്ടിവന്നു. അതിനുശേഷവും കേസില്‍ പുരോഗതി ഒന്നും ഉണ്ടാകാതെ വന്നപ്പോഴാണ് കേരള സര്‍ക്കാര്‍ Speedy disposalനു വേണ്ടിയുള്ള ഉപഹര്‍ജി കൊടുത്തത്. ആ ഹര്‍ജി ഫെബ്രുവരി മൂന്നാം വാരം വാദം കേള്‍ക്കാമെന്ന  കോടതിയുടെ വിധിയാണ് പുതിയ വിവാദത്തിന്റെ കേന്ദ്രബിന്ദു.

കേസുകേള്‍ക്കാന്‍ യാതൊരു തിടുക്കവുമില്ല എന്നാണ് സി.ബി.ഐയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. (സി.ബി.ഐ.യുടെ എറണാകുളത്തെ അഭിഭാഷകരെ കുറിച്ചു മാത്രം ഒരു സി.ബി.ഐ അന്വേഷണം ഉണ്ടാകേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.) എന്നാല്‍ പിണറായിയിക്കു വേണ്ടി ഹാജരായ എം.കെ.ദാമോദരന്‍ എന്ന പഴയ അഡ്വക്കേറ്റ് ജനറല്‍ വിചിത്രമായ വാദമാണ് ഉന്നയിച്ചത്. കേരള സര്‍ക്കാര്‍ കേസില്‍ കക്ഷിയല്ലല്ലോ? പിന്നെ ഇത്തരം ഒരു Speedy disposal ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായി എന്തവകാശം? (സംസ്ഥാന സര്‍ക്കാരിന് 374 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന സി.എ.ജി റിപ്പോര്‍ട്ടാണ് കേസിന് ആധാരമെന്നിരിക്കെയാണ് കേസില്‍ സര്‍ക്കാരിനെന്തു കാര്യമെന്ന് ഒരു മുന്‍ അഡ്വക്കേറ്റ് ജനറല്‍ യാതൊരു ഉളുപ്പുമില്ലാതെ ചോദിക്കുന്നത്.) എന്നാല്‍ അടുത്ത വാദത്തോടെ പൂച്ച ചാക്കിനു പുറത്തുചാടി. തിരഞ്ഞെടുപ്പ് അടുക്കുന്നു. അപ്പോള്‍ അടുത്ത മുഖ്യമന്ത്രിയാകാനുള്ള പിണറായിക്കെതിരെ ഇത്തരം കേസുകള്‍ കൊണ്ടുവരികയാണത്രെ.

അപ്പോള്‍ ഇക്കാലമത്രയും അന്വേഷണത്തെ പിണറായി എതിര്‍ത്തതിന്റെ ഗുട്ടന്‍സ് പിടികിട്ടിയില്ലേ? അടുത്ത മുഖ്യമന്ത്രി. ആ പഴയ ജര്‍മ്മനിയിലെ പിണറായി വിജയനെ ഓര്‍മ്മവരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍