UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ടെന്നാല്‍, കോണ്‍ഗ്രസ് സെല്‍ഫ് ഗോളടിക്കുകയാണ്

Avatar

ശ്രീജിത്ത് കെ. 

ലാവ്‌ലിന്‍ വീണ്ടും കുത്തിപ്പൊക്കി സി.പി.എമ്മിനെ അസ്വസ്ഥമാക്കുകയും അതുവഴി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നുമുള്ള കോണ്‍ഗ്രസിന്റെ തന്ത്രം യഥാര്‍ത്ഥത്തില്‍ ഒരു ബൂമറാങാണ്. സ്വന്തം പോസ്റ്റില്‍ ഗോളടിക്കുന്നതിന് തുല്യം. ഇത്തവണ പിണറായി വിജയനായിരിക്കും സി.പി.എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കേരളത്തിലെ ബഹുഭൂരിഭാഗവും വിശ്വസിക്കുന്നതുപോലെ കോണ്‍ഗ്രസും വിശ്വസിക്കുന്നു. അതുകൊണ്ട് ജനം മറന്നുതുടങ്ങിയ ലാവ്‌ലിന്‍ വീണ്ടുമെടുത്തിട്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ നിന്ന് പിണറായിയെ മാറ്റിനിര്‍ത്താമെന്ന് കോണ്‍ഗ്രസ്  ‘തലച്ചോറുകള്‍’ കരുതുന്നു. അതുവരെ ഒരുവിധം ശരിയാണെന്ന് പറയാം. എന്നാല്‍ സംസ്ഥാനത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുകയും ഒടുവില്‍ നനഞ്ഞ പടക്കം പോലെയാവുകയും ചെയ്ത ഒരു അഴിമതിക്കേസ് വീണ്ടും പൊടിതട്ടിയെടുത്ത് ഇടതുപക്ഷത്തെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താമെന്നുമുള്ള ചിന്ത സാമാന്യബുദ്ധിയ്ക്ക് നിരക്കാത്തതാണ്.

കാരണം ലാവ്‌ലിന്‍ കേസ് വീണ്ടും ചൂടുപിടിക്കുകയും ഒരു രാഷ്ട്രീയ വിവാദമാവുകയും ചെയ്‌തെന്നുതന്നെ വെയ്ക്കുക. അതുവഴി പിണറായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ സ്വയം മാറിനില്‍ക്കുകയോ അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ സി.പി.എം നേതൃത്വം നിര്‍ബന്ധിതമാവുകയോ ചെയ്‌തെന്നും കരുതുക. അങ്ങനെ വന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ വി.എസ്.അച്യുതാനന്ദനെ ചുമതലപ്പെടുത്താന്‍ സി.പി.എം നിര്‍ബന്ധിതരാകും. കാരണം ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റൊരു ജനകീയ നേതാവിനെ അഥവാ മാസ് ലീഡറെ കണ്ടെത്തുക ഇപ്പോഴത്തെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണെന്നതുതന്നെ കാരണം. ഒരു കോടിയേരിക്കോ അല്ലെങ്കില്‍ എം.പി.പരമേശ്വരന്റെ നോമിനിയായ തോമസ് ഐസക്കിനോ ഒരു പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പാലം കടത്താന്‍ കെല്പില്ല എന്നത് പച്ച പരമാര്‍ത്ഥമാണ്.

വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അതി നിര്‍ണായകമാണ്. ഇവിടെ കാലിടറിയാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സി.പി.എമ്മിന്റെ അവസ്ഥ ദയനീയമാകും. പിന്നെ ഒരു തിരിച്ചുവരവ് ഏറെ കഠിനമാകും. അത് പാര്‍ട്ടിയും വ്യക്തമായി തിരിച്ചറിയുന്നുണ്ട്. ആ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ നയിക്കാന്‍ വി.എസ്സിനെ പാര്‍ട്ടി നിയോഗിച്ചാല്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി അധികാരത്തില്‍ തിരിച്ചുവരാനാണ് സാധ്യത. ഇതുവരെ രണ്ട് മന്ത്രിമാര്‍ രാജിവെച്ച ബാര്‍ കോഴക്കേസ്, സോളാര്‍ കേസ് തുടങ്ങി നിരന്തരം കോടതിയില്‍ നിന്ന് കടുത്ത പരാമര്‍ശങ്ങള്‍ ശേഖരത്തില്‍ വാങ്ങിക്കൂട്ടുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ ‘പ്രതിച്ഛായ’ ഉപയോഗിക്കാന്‍ ‘ജനങ്ങളുടെ വിശ്വസ്തനായ’ വി.എസ്സിന് ഏറെയൊന്നും കഷ്ടപ്പെടേണ്ടിവരില്ല (ഇതിനിടെ ബാര്‍ കേസെല്ലാം യു.ഡി.എഫ് സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണെന്നും മാണിയും ബാബുവുമെല്ലാം ഉയര്‍ന്ന ‘ധാര്‍മിക ബോധ’മുള്ളതുകൊണ്ട് മാത്രമാണ് രാജിവെച്ചതെന്നും ചില പ്രമുഖ പത്രങ്ങളും അവരുടെ തലസ്ഥാനത്തെ രാഷ്ട്രീയ ലേഖകരും വിശദീകരിച്ച് കഷ്ടപ്പെടുന്നുണ്ടെങ്കിലും അതൊന്നും യു.ഡി.എഫിനെ സഹായിക്കുമെന്ന് തോന്നുന്നില്ല. മന്ത്രി ബാബു രാജിവെച്ചപ്പോള്‍ രാജ്യത്ത് എന്തോ കടുത്ത അനീതി നടന്നിരിക്കുന്നു എന്ന നിലയിലായിരുന്നു ഈ പത്രങ്ങളുടെ റിപ്പോര്‍ട്ടിംഗും രാഷ്ട്രീയ വിശകലന ലേഖനങ്ങളും).

വി.എസ് ഏതോ നന്മയുടെ പ്രതീകമാണെന്നും പിണറായി ഏതോ വലിയ അപരാധം ചെയ്ത് ‘തിന്മ’യുടെ സ്ഥിരം പ്രതീകമാണെന്നുമുള്ള തരത്തില്‍ കഴിഞ്ഞ രണ്ട് പതീറ്റാണ്ടായി ചില പ്രമുഖ പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും നടത്തിയ പ്രതിച്ഛായ നിര്‍മിതി ജനങ്ങളെ ഒട്ടുവളരെ സ്വാധീനിച്ചിട്ടുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം കണക്കിലെടുത്താല്‍ ജനമധ്യത്തില്‍ പിണറായിയെക്കാള്‍ ശക്തനായ പ്രതിയോഗിയായിരിക്കും കോണ്‍ഗ്രസിനും യു.ഡി.എഫിനും വി.എസ് എന്നുറപ്പാണ്. ജനപ്രിയ മാധ്യമങ്ങള്‍ പിണറായിയ്ക്ക് ചാര്‍ത്തിക്കൊടുത്തിട്ടുള്ള ‘രാക്ഷസ’ ഇമേജ് മാത്രമാണ് കോണ്‍ഗ്രസിന് ഏതെങ്കിലും തരത്തില്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള നേരിയ അവസരം നല്‍കുന്നത്. മാത്രമല്ല വരുന്ന തിരഞ്ഞെടുപ്പില്‍ ശക്തിപ്രകടനം നടത്താന്‍ ബി.ജെ.പി അരയും തലയും മുറുക്കിക്കൊണ്ടിരിക്കുകയാണെന്നതിനാല്‍ അരുവിക്കരയില്‍ നടന്നതുപോലെ സാമുദായിക ചേരിതിരിവുണ്ടായി ഇടതുമുന്നണി അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും ഭരിക്കാനുള്ള ശക്തി ബി.ജെ.പിയ്ക്ക് ഇല്ലാത്തതിനാല്‍ അതുവഴി തങ്ങള്‍ക്ക് കടന്നുകൂടാമെന്നുമുള്ള ഒരു മോഹം കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ അവരുടെ ‘ചെറിയ ബുദ്ധി’യിലുദിച്ച ലാവ്‌ലിന്‍ റീലോഡഡ് വഴി എവിടെയെങ്കിലും ഒരു പച്ചത്തുരുത്ത് തേടുന്ന വി.എസ്സിനെ വീണ്ടും നേതൃവഴിയിലുറപ്പാക്കുന്നത് ചുരുക്കിപ്പറഞ്ഞാല്‍ സ്വന്തം കുഴി അവനവന്‍ തന്നെ വെട്ടുന്നതിന് തുല്യമാണെന്നര്‍ത്ഥം. വി.എസിനെ തിരഞ്ഞെടുപ്പ് നേതൃത്വത്തിലെത്തിക്കുന്നതിന് ലാവ്‌ലിന്‍ വിവാദം കാരണമായാല്‍ അത് ഇടതുപക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാക്കും. പ്രതീക്ഷിച്ചത്ര ബുദ്ധിമുട്ടില്ലാതെ അവര്‍ അധികാരത്തില്‍ തിരിച്ചുവരും.

മുഖ്യധാരാ രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കേരളത്തിലുള്ള ഏക ‘സൂപ്പര്‍സ്റ്റാര്‍'(അഡ്വ.ജയശങ്കറിനോട് കടപ്പാട്) ആയ വി.എസ് മുകളില്‍ പറഞ്ഞതരത്തിലുള്ള രാഷ്ട്രീയ സാഹചര്യം അഥവാ രൂപപ്പെട്ടാല്‍ അത് രണ്ട് കൈയും നീട്ടി സ്വീകരിക്കുകയും പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്നത് ഉറപ്പാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ജനപ്രിയ മാധ്യമങ്ങള്‍ (അവരുടെ ഉദ്ദേശം മറ്റ് പലതുമായിരുന്നെങ്കിലും) അദ്ദേഹത്തിന് നേടിക്കൊടുത്ത ‘ജനങ്ങളുടെ വിശ്വസ്തന്‍’ എന്നോ ‘അഴിമതിവിരുദ്ധന്‍’ എന്നോ ഒക്കെയുള്ള പ്രതിച്ഛായ അദ്ദേഹം ഈ അവസരത്തില്‍ കൃത്യമായും പ്രയോജനപ്പെടുത്തും. അത്തരമൊരു അവസരം ഇപ്പോഴത്തെ ലാവ്‌ലിന്‍ രണ്ടാം വരവിലുണ്ടെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ചാടിക്കയറി അഭിപ്രായങ്ങള്‍ പറയാതെ അദ്ദേഹം മൗനം ഭജിക്കുന്നതും.

മറുവശത്ത് പിണറായിയും ഏറെ ശ്രദ്ധയോടെത്തന്നെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ലാവ്‌ലിന്‍ ഒരു തരത്തിലും ആര്‍ക്കും പുതിയൊരവസരം തുറന്നുകൊടുക്കുകയോ അതിനുള്ള ഇടവരുത്താതിരിക്കുകയോ ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അഭിപ്രായം പറഞ്ഞ് വിവാദമുണ്ടാക്കാന്‍ പിണറായി തുനിഞ്ഞിട്ടില്ല. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് വ്യക്തമായ തിരിച്ചറിവുള്ള പിണറായി വിജയന്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നീക്കത്തിന് തല വെച്ചുകൊടുക്കാന്‍ സാധ്യത തീരെ കുറവാണ്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍