UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോമസ് ഐസക്ക്, താങ്കളീ കള്ളങ്ങള്‍ സഖാക്കളോട് പറയൂ; അവര്‍ വിശ്വസിച്ചേക്കും

തോമസ് ഐസക്കിന് നന്നായി നുണപറയാന്‍ അറിയാമായിരിക്കാം. ബുദ്ധിപരമായി നുണപറയാന്‍ അറിയാമെന്നതാണ് ഐസക്കിനെ ബുദ്ധിജീവിയാക്കുന്ന പ്രധാന ഘടകം. (വളരെ സീനിയറായ ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഒരു സ്വകാര്യസംഭാഷണത്തിനിടയ്ക്ക് പറഞ്ഞത് ഓര്‍മ്മവരുന്നു: ”എഴുത്തും വായനയുമില്ലാത്ത സഖാക്കളുള്ളതുകൊണ്ടാണ് പി.ഗോവിന്ദപ്പിള്ളയും തോമസ് ഐസക്കും പാര്‍ട്ടിയിലെ ബുദ്ധിജീവികളായത്.”) ലാവ്‌ലിന്‍ കേസിന്റെ കാര്യത്തില്‍ ഐസക്ക് പറഞ്ഞ നുണകളും അര്‍ദ്ധസത്യങ്ങളും വച്ചുകൊണ്ടുതന്നെ തുടങ്ങാം.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ സി.ബി.ഐ. കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. Discharge ചെയ്യുകയാണ് ചെയ്തത്. കുറ്റവിമുക്തനാക്കുക എന്നാല്‍ exonerate ചെയ്യുക എന്നാണ് നിയമഭാഷയില്‍ പറയുക. ഐസക്കിനെപ്പോലൊരാള്‍ ഇത്തരം പ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അതിന്റെ അര്‍ത്ഥം അറിയാതെയാകില്ല; മറിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്.

കേസന്വേഷണത്തെ തുടര്‍ന്ന് അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിക്കുകയോ റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യും. റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അന്വേഷണത്തില്‍ കേസ് തെളിഞ്ഞില്ല എന്നാണര്‍ത്ഥം. കോടതിക്ക് റഫര്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയോ തള്ളിക്കളഞ്ഞ് വീണ്ടും അന്വേഷിക്കാന്‍ അതേ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെടുകയോ ചെയ്യാം. (കവിയൂര്‍ കൊലപാതക കേസില്‍ സി.ബി.ഐ കൊടുത്ത മൂന്നു റഫര്‍ റിപ്പോര്‍ട്ടുകള്‍ കോടതി തള്ളിയശേഷം വീണ്ടും അതേ അന്വേഷണ ഉദ്യോഗസ്ഥനോടുതന്നെ അന്വേഷിക്കാന്‍ പറഞ്ഞ കാര്യം ഓര്‍ക്കുക.)

കുറ്റപത്രം സമര്‍പ്പിച്ചാല്‍ പിന്നീടുള്ളത് വിചാരണയാണ്. തെളിവുകള്‍ ലീഗല്‍ സ്ക്രൂട്ടിണിക്ക്  വിധേയമാകുന്നത് ഈ ഘട്ടത്തിലാണ്. പ്രതികളേയും സാക്ഷികളേയും തെളിവുകളുടെ അടിസ്ഥാനത്തില്‍ വിസ്തരിക്കുന്നതും ഈ ഘട്ടത്തിലാണ്. ഈ വിസ്താരത്തിനൊടുവില്‍ പ്രതി കുറ്റക്കാരനല്ല എന്ന് കോടതി കണ്ടെത്തിയാലാണ് അയാളെ കുറ്റവിമുക്തനാക്കുന്നത് (exonerate) ചെയ്യുന്നത്. അതായത് പ്രതിയില്‍ ആരോപിച്ച കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എങ്കില്‍ മാത്രം.

പിണറായി വിജയന്‍ സമര്‍പ്പിച്ചത് discharge petition ആണ്. വിചാരണ നടക്കുന്നതിനു മുമ്പു  കുറ്റപത്രം തന്നെ റദ്ദാക്കണമെന്ന് കാണിച്ച് പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടന്ന വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടശേഷം കുറ്റപത്രം റദ്ദു ചെയ്ത് പിണറായി വിജയനെ discharge ചെയ്തത് എങ്ങനെ കുറ്റവിചാരണയ്ക്കുശേഷം കുറ്റം സംശയാതീതമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കോടതി പ്രതിയെ കുറ്റവിമുക്തനാക്കുന്ന (exonerate)തായി വ്യാഖ്യാനിക്കാന്‍ കഴിയും? ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ 50 ശതമാനത്തോളം അഴിമതിക്കാരാണെന്നിരിക്കെ, ഇങ്ങനെയൊരു റദ്ദാക്കല്‍ നടപടി (ക്രിമിനല്‍ കേസുകളുടെ നടത്തിപ്പില്‍ ഇത്തരം റദ്ദാക്കലുകള്‍ സാധാരണമാണ്. സാധാരണയായി രാഷ്ട്രീയ പ്രവര്‍ത്തകരുടെ വഴിതടയലും കല്ലെറിയലുമൊക്കെയുള്ള ക്രിമിനല്‍ കേസുകളാണ് ഇങ്ങനെ discharge  ചെയ്യപ്പെടുന്നത്.) സംശയത്തോടെ കാണുന്നവരില്‍ ഒരാളാണ് ഞാന്‍.

ഇത്തരം വ്യത്യാസങ്ങള്‍ ഐസക്കിന് അറിയില്ല എന്നു ഞാന്‍ കരുതുന്നില്ല. അറിയില്ല എന്ന് നടിക്കുന്നതാണ് രാഷ്ട്രീയമായി ഐസക്കിന് സുരക്ഷിതം.

ലാവ്‌ലിന്‍ കേസ് ശുദ്ധ അസംബന്ധമാണെന്ന് ഐസക്കിന് എഴുതാം. സാങ്കേതിക കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എത്ര പുസ്തകം വേണമെങ്കിലും എഴുതാം. പക്ഷെ, എത്ര പുസ്തകമെഴുതിയാലും ഐസക്കിന് സമര്‍ത്ഥിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ചിലതുകൂടിയുണ്ട് ലാവ്‌ലിന്‍ കേസില്‍.

ലാവ്‌ലിന്‍ കമ്പനിയുമായി ഒപ്പിടുമ്പോള്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് FCRA രജിസ്‌ട്രേഷന്‍ ഇല്ലായിരുന്നു. 100 കോടി രൂപയുടെ സഹായം മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായമായി എത്തിക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. വിദേശപണം സ്വീകരിക്കണമെങ്കില്‍ സ്വീകരിക്കുന്ന സ്ഥാപനത്തിന് FCRA രജിസ്‌ട്രേഷന്‍ വേണമെന്നും അങ്ങനെയില്ലാത്തത് സാമ്പത്തികകുറ്റകൃത്യമാണെന്നും കരാര്‍ ഒപ്പിട്ട സമയത്ത് പിണറായി വിജയന് അറിയില്ലായിരുന്നോ? മലബാര്‍ കാന്‍സര്‍ സെന്ററിന് ആ  സമയത്ത് FCRA രജിസ്‌ട്രേഷന്‍ ഇല്ലാത്തതുകൊണ്ടല്ലേ ടെക്‌നിക്കാലിയ എന്ന കമ്പനി തന്നെ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടത്. കരാറിന്റെ ഭാഗമാക്കാതെ MoU വിന്‍റെ ഭാഗമായി 100 കോടി സഹായധനം മലബാര്‍ കാന്‍സര്‍ സെന്ററിന് എത്തിയ്ക്കാമെന്ന് ലാവ്‌ലിന്‍ കമ്പനി വാക്കുനല്‍കിയപ്പോള്‍ (നിയമപരമായി നിലനില്‍ക്കാത്ത വെറും വാക്ക്) MoU വില്‍ ടെക്‌നിക്കാലിയ വഴി പണം മലബാര്‍ കാന്‍സര്‍ സെന്ററില്‍ എത്തിച്ചുകൊടുക്കുമെന്ന് വ്യക്തമാക്കിയിരുന്നോ? ഇല്ലെങ്കില്‍ ടെക്‌നിക്കാലിയ എന്ന സ്ഥാപനം ആരുടെ നിര്‍ദ്ദേശപ്രകാരം രംഗത്തുവന്നു. (ഈ കാര്യം പൊതുസമൂഹത്തിന് അറിയാന്‍ താല്‍പ്പര്യമുണ്ട്. അതിനു മറുപടി ടെക്‌നിക്കാലിയ പരിയാരം മെഡിക്കല്‍ കോളേജ് നിര്‍മ്മിച്ചു എന്നതല്ല). നിര്‍ദ്ദേശം വന്നത്  കേരള ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നാണെങ്കില്‍ അതിനുള്ള രേഖ എവിടെ? നിര്‍ദ്ദേശം ലവ്‌ലിന്‍ കമ്പനിയുടെ ഭാഗത്തുനിന്നാണുവന്നതെങ്കില്‍ അതിനുള്ള രേഖ എവിടെ? ആരുടേയും രേഖാമൂലമുള്ള നിര്‍ദ്ദേശമില്ലാതെ ടെക്‌നിക്കാലിയ എങ്ങനെ നൂറുകോടിരൂപയുടെ ഇടപാടില്‍ വന്നു? വാസ്തവത്തില്‍ ഈ കമ്പനിയല്ലേ ലാവ്‌ലിന്‍ പ്രശ്‌നം കുഴപ്പമാക്കാന്‍ കാരണമായത്? കൊടുക്കാമെന്ന് ഏറ്റ പണം മുഴുവന്‍ കൊടുത്തു എന്ന് ലാവ്‌ലിന്‍ കമ്പനി പറയുമ്പോള്‍ (അതായത് നൂറു കോടി രൂപ) 12 കോടി മാത്രമേ കിട്ടിയിട്ടുള്ളു എന്ന് കേരള സര്‍ക്കാര്‍ പറയുന്നു. ബാക്കി 88 കോടി രൂപ എവിടെപ്പോയി? ടെക്‌നിക്കാലിയ വിഴുങ്ങിയോ? അതോ, ടെക്‌നിക്കാലിയയെ പിന്‍വാതിലില്‍ക്കൂടി കടത്തി രംഗത്തെത്തിച്ചവര്‍ വിഴുങ്ങിയോ? ഇതറിയാന്‍ കേരള സമൂഹത്തിന് താല്‍പ്പര്യമുണ്ട്. അതിന് ഐസക്കിന്റെ വാദങ്ങള്‍ മതിയാകില്ല.

പണം മുഴുവന്‍ തന്നു എന്ന് ലാവ്‌ലിന്‍ കമ്പനി പറയുകയും 12 കോടി മാത്രമേ കിട്ടിയുള്ളു എന്ന് കേരള സര്‍ക്കാര്‍ പറയുമ്പോള്‍ ബാക്കി 88 കോടി രൂപയ്ക്ക് എന്തു സംഭവിച്ചു എന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ ടെക്‌നിക്കാലിയയോട് ഔദ്യോഗിക വിശദീകരണം ചോദിച്ചോ? ചോദിച്ചെങ്കില്‍ മറുപടി എന്തായിരുന്നു? ചോദിച്ചില്ലെങ്കില്‍ എന്തുകൊണ്ട്?

 

ലാവ്‌ലിന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ കമ്പനിയ്ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമായിരുന്നുവെന്നും കേസിന്റെ നടപടികള്‍ പാരീസിലെ അന്താരാഷ്ട്ര കോടതിയില്‍ ആകുമായിരുന്നു നടക്കുകയെന്നും തോമസ് ഐസക്ക് പറയുമ്പോള്‍ ലാവ്‌ലിന് കൊടുക്കാനുള്ള കരാര്‍ എഗ്രിമെന്റ് ആക്കുകയും ലാവ്‌ലിന് മലബാര്‍ കാന്‍സര്‍ സെന്ററിന് നല്‍കാമെന്നേറ്റ തുക (100 കോടി രൂപ) ധാരണാ പത്രത്തിന്റെ (MoU) ഭാഗം മാത്രമാക്കിയത് പിണറായി വിജയനല്ലേ? മലബാര്‍ കാന്‍സര്‍ സെന്ററിന് 100 കോടി രൂപ ലവ്‌ലിന്‍ തരാമെന്ന കാരണം പറഞ്ഞല്ലേ അന്ന് കരാറിനെ ന്യായീകരിച്ചത്. എന്നിട്ട് ആ പണം എവിടെ? അതാണ് ചോദ്യം. അതിനുത്തരം പറയാന്‍ ഐസക്കിന് കഴിയില്ല. കാരണം, ഐസക്കിന് ഒത്തിരി രാഷ്ട്രീയ മോഹങ്ങളുണ്ട്. പാര്‍ട്ടി നേതൃത്വത്തെ (അന്നത്തെ ജനറല്‍ സെക്രട്ടറി സുര്‍ജിത്ത് ഉള്‍പ്പെടെ) മൊത്തമായും കേരളത്തിലെ പാര്‍ട്ടിയായ പിണറായി വിജയനേയും വെട്ടിലാക്കുന്ന ഒരു കാര്യവും ഐസക്ക് പറയില്ല. അതിന് ഐസക്കിനെ ആരും കുറ്റപ്പെടുത്തുന്നുമില്ല. പക്ഷെ, ആ ചെയ്തികളൊക്കെ കുറ്റമറ്റതും മഹത്തരവുമാണെന്ന കാര്യം പാര്‍ട്ടിയിലെ സഖാക്കളോടു പോയി പറയൂ. അവര്‍ നേതാവിന് കീ വിളിക്കും.

സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ഉള്ള തോമസ് ഐസക്കിനോട് മറ്റു ചില ചോദ്യങ്ങള്‍.

ഇത്രയും പണം മുടക്കി പുതുക്കിയ ഡാമുകളില്‍ നിന്ന് ഒരു യൂണിറ്റ് അധിക വൈദ്യുതി എങ്കിലും  ഉല്‍പ്പാദിപ്പിച്ചോ? ഡാമിന് സുരക്ഷിത പ്രശ്‌നമില്ലെന്നും അതിനുവേണ്ടി പണം മുടക്കേണ്ട എന്നും  ഉല്‍പാദനശേഷി കൂട്ടാനുള്ള ശ്രമങ്ങള്‍ ആണ് നടത്തേണ്ടതെന്നും Central Electricity Authority വ്യക്തമാക്കിയ ശേഷം നടത്തിയ ഈ പണികൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമുണ്ടായി? യാതൊരു ഗുണവുമുണ്ടാകാത്ത പണി എതിര്‍പ്പുകളെ മറികടന്ന് എന്തിന് നടത്തി. സാമ്പത്തികശാസ്ത്രത്തിനും മാനേജ്‌മെന്റിലും Cost Benefit Analysis എന്നൊന്നുണ്ട്. അതനുസരിച്ച് ഗുണം വട്ടപ്പൂജ്യം. ഇതിനു പുറമെയാണ് നല്‍കാമെന്ന് ഏറ്റിരുന്ന, നല്‍കി എന്ന് ലാവ്‌ലിന്‍ പറയുന്ന, സംസ്ഥാനത്തിന് എത്താതെ ആവിയായിപ്പോയ 88 കോടി രൂപ (100 കോടി – 12 കോടി)യുടെ കണക്കും ഇടനിലക്കാരനായി ആരോ നിയമിച്ച ടെക്‌നിക്കാലിയ എന്ന സംഘടനയുടെ റോളും ചര്‍ച്ചാവിഷയമാകേണ്ടതാണ്.

കരാര്‍ ഒപ്പിടുന്ന സമയത്ത് ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ട പണം ഒരു കോടി രൂപയായിരുന്നു. അപ്പോഴാണ് നൂറു മെഗാവാട്ട് വൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിക്കാനും ഡാമുകളെ പുതുക്കിപ്പണിയലിനും ഒക്കെയായി 374 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടതും അതിനനുബന്ധമായി 100 കോടി രൂപ ലാവ്‌ലിന്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് നല്‍കാമെന്ന ധാരണയുമൊക്കെയായത്. ഇന്ന് ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടിവരുന്ന തുക ഏകദേശം 20 കോടി രൂപയാണ്. അതായത് ഇന്നത്തെ കണക്കനുസരിച്ച് നോക്കിയാല്‍ കരാര്‍ തുക 5000 കോടി (അയ്യായിരം) രൂപയോളം ആകും. ഈ തുകയാണ് വെള്ളത്തില്‍ വരച്ച വരയായത്. ലവ്‌ലിനെക്കുറിച്ച് പറയുമ്പോള്‍ അന്നത്തെ കരാര്‍ തുകയല്ല, മറിച്ച് അത് ഇന്നത്തെ കണക്കനുസരിച്ച്  പുനര്‍നിര്‍ണ്ണയം നടത്താനും സാമ്പത്തികശാസ്ത്രജ്ഞന് കഴിയണം. കരാര്‍ തുക പണിയുടെ  കാലാവധി നീളുന്നതിനനുസരിച്ച് രൂപയ്ക്കുവന്ന മൂല്യം കണക്കാക്കി കരാറുകാരന്  കൂട്ടിക്കൊടുക്കുന്ന രീതി എല്ലാ രാഷ്ട്രീയക്കാര്‍ക്കും പരിചയമുള്ളതാണല്ലോ. സംസ്ഥാനത്തിനു വന്ന നഷ്ടവും  അങ്ങനെ 20 വര്‍ഷം കൊണ്ടുവന്ന രൂപയുടെ മൂല്യത്തിനും നിര്‍മ്മാണത്തിന്റെ ചിലവിനും വന്ന വ്യത്യാസങ്ങള്‍ക്കനുസരിച്ച് പുനര്‍നിര്‍ണ്ണയം നടത്തിനോക്കൂ. അപ്പോള്‍ അറിയാം ആവിയായിപ്പോയ തുക എത്രയെന്ന്.

സി.എ.ജി. 374 കോടി രൂപയുടെ നഷ്ടം വന്നു എന്നു പറഞ്ഞിട്ടില്ല എന്നാണ് ഐസക്കിന്റെ വാദം. ആകെ കരാര്‍ തുക 374 കോടി രൂപ. ഈ പണം മുടക്കിയതിന് സര്‍ക്കാരിന് എന്തു ഗുണമുണ്ടായി? ഇതിനു പുറമെയാണ് 100 കോടി രൂപ കാന്‍സര്‍ സെന്ററിനു തരാനുള്ളതില്‍ 90 ശതമാനവും ആവിയായി പോയ കഥ.

കരാര്‍ ഒരു തട്ടിപ്പാണ്. കാന്‍സര്‍ സെന്ററിന് കിട്ടാനുള്ള പണം കടംകഥയാണ്. അതിന്റെ ഗുണഭോക്താക്കള്‍ പാര്‍ട്ടിക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. ഐസക്ക് പുരപ്പുറത്തുകയറി നിന്ന് കരാര്‍ കീ ജയ്, പിണറായി കീ ജയ് എന്നു വിളിക്കുന്നു.

ഇതൊരു തുടര്‍ക്കഥയാണ്. ഇനിയും കേരളത്തിലോ ഇന്ത്യയിലോ തുടങ്ങാത്ത ഇസ്ലാമിക് ബാങ്കില്‍ നിന്ന് പലിശരഹിത വായ്പ എടുത്ത് വികസന പ്രവര്‍ത്തനത്തിന് ഫണ്ടു കണ്ടെത്തും എന്ന് ആറുകൊല്ലം മുമ്പ് ബജറ്റില്‍ പറഞ്ഞ ഐസക്കിന്റെ തുടര്‍ക്കഥ. പൊതുമരാമത്തിന്റെ അധികച്ചുമതല കിട്ടിയ രണ്ടുനാളുകള്‍ക്കുള്ളില്‍ കേരളത്തിലെ റോഡുകളില്‍ ആകെയുള്ള കുഴികളുടെ എണ്ണം  കൃത്യമായി പത്രസമ്മേളനത്തില്‍ പറഞ്ഞതിന്റെ തുടര്‍ക്കഥ. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍