UPDATES

ട്രെന്‍ഡിങ്ങ്

ലോ അക്കാദമിയില്‍ പഴുതുകളടച്ച് റവന്യൂ വകുപ്പിന്റെ പൊളിച്ചടുക്കല്‍

മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോള്‍ തന്നെ പൊളിച്ചടുക്കല്‍ നടത്തിയതും ബോധപൂര്‍വമാണെന്നാണ് കരുതപ്പെടുന്നത്

തിരുവനന്തപുരത്തെ ലോ അക്കാദമി ലോ കോളേജില്‍ ഒരു പൊളിച്ചടുക്കല്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ കോളേജ് അധികൃതര്‍ പ്രധാനകവാടം പൊളിച്ചടുക്കിയതിന് പിന്നാലെ റവന്യൂ വകുപ്പ് ഇന്ന് മതിലും പുറമ്പോക്ക് ഭൂമി കയ്യേറി നടത്തിയ മറ്റ് നിര്‍മ്മാണങ്ങളും ഇടിച്ചുപൊളിച്ചു.

വെള്ളിയാഴ്ച പുറമ്പോക്കില്‍ നിര്‍മ്മിച്ച ലോ അക്കാദമിയുടെ മുഖ്യകവാടവും മതിലും മറ്റും പൊളിച്ചുമാറ്റാന്‍ റവന്യു വകുപ്പ് ലോ അക്കാദമി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കവാടത്തിന്റെ ഗെയ്റ്റും ബോര്‍ഡും മാത്രമാണ് അക്കാദമി പൊളിച്ചു നീക്കിയത്. കവാടവും മതിലും പൂര്‍ണമായും പൊളിച്ചുമാറ്റാനുള്ള സമയപരിധിയായ 24 മണിക്കൂര്‍ അവസാനിച്ചതോടെ റവന്യൂ വകുപ്പ് ഇന്ന് നേരിട്ടെത്തി കോണ്‍ക്രീറ്റ് തൂണുകള്‍ ഉള്‍പ്പെടെ പൊളിച്ചു നീക്കുകയായിരുന്നു. ജല അതോറിറ്റിയുടെ ഭൂമിയിലുള്ള അക്കാദമിയുടെ പ്രധാന കവാടം പൊളിച്ച് നീക്കാനാണ് റവന്യു വകുപ്പ് സെക്രട്ടറി നോട്ടീസ് നല്‍കിരിക്കുന്നത്. വ്യവസ്ഥ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കാന്റീനും സഹകരണ ബാങ്കും പ്രവര്‍ത്തിക്കുന്ന കെട്ടിടം ഏറ്റെടുക്കാനും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരത്തെ ഉത്തരവിട്ടിരുന്നു.

അതേസമയം പഴുതുകളടച്ചാണ് റവന്യൂ വകുപ്പ് ലോ അക്കാദമിയിലെ പൊളിച്ചടുക്കല്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ചയിറങ്ങിയ ഉത്തരവിന് കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങാനുള്ള സാവകാശം പോലും അവര്‍ അക്കാദമിക്ക് അനുവദിച്ചില്ലെന്നത് ശ്രദ്ധേയമാണ്. രണ്ടാം ശനിയാഴ്ചയായിരുന്ന ഇന്നലെയും ഞായറാഴ്ചയായ ഇന്നും കോടതി അവധിയാണ്. തിങ്കളാഴ്ച സ്‌റ്റേ ഓര്‍ഡറും നേടി കോളേജ് മാനേജ്‌മെന്റ് എത്തുമ്പോഴേക്കും പൊളിക്കല്‍ പൂര്‍ത്തിയാക്കാം എന്ന കണക്കുകൂട്ടലും റവന്യൂ വകുപ്പിന് ഉണ്ടായിരുന്നു. റവന്യു വകുപ്പ് ഭരിക്കുന്ന സിപിഐയുടെ ആശിവാര്‍വാദത്തോടെയായിരുന്നു ഈ പൊളിച്ചടുക്കല്‍ എന്നതിന് സംശയമില്ല. മതില്‍ പൊളിക്കാന്‍ ഇന്ന് റവന്യൂ വകുപ്പ് അധികൃതര്‍ എത്തിയപ്പോള്‍ എഐഎസ്എഫ്, എഐവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനമാണ് ഇതിന് ഏറ്റവും നല്ല തെളിവ്.

അതോടൊപ്പം അക്കാദമിയെ സഹായിക്കുമെന്ന് കരുതപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥലത്തില്ലാത്തപ്പോള്‍ തന്നെ പൊളിച്ചടുക്കല്‍ നടത്തിയതും ബോധപൂര്‍വമാണെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് മൂന്നാറില്‍ നടത്തിയ ഇടിച്ചു നിരത്തലിന് സിപിഐ നടത്തിയ പ്രതികാരമായും ഇതിനെ ചിലര്‍ കാണുന്നുണ്ട്. അതോടൊപ്പം മതില്‍ പൊളിച്ചു നീക്കലിന് അമിതമായ പ്രാധാന്യം നല്‍കി ലോ കോളേജ് തന്നെ പൊളിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നതിലും സിപിഐ വിജയിച്ചിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍