UPDATES

ഒട്ടകവും അറബിയും അഥവാ ലക്ഷ്മി നായരുടെ അടുക്കള വരാന്തയിലെ കേരള സര്‍ക്കാര്‍

പൂർണമായും വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി നൽകിയ ഭൂമിയിൽ ഫ്ലാറ്റും കച്ചവട സ്ഥാപനങ്ങളും എങ്ങിനെ ഉയർന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്

കെ എ ആന്റണി

കെ എ ആന്റണി

ഒട്ടകത്തിന് അല്പം ഇടം നൽകി ഒടുവിൽ സ്വന്തം ടെന്റിൽ നിന്നും നിഷ്കാസിതനാക്കപ്പെട്ട അറബിയുടെ അവസ്ഥയിലാണ് തിരുവനന്തപുരം ലോ അക്കാദമി വിഷയത്തിൽ കേരള സർക്കാർ. അക്കാദമിക്ക് ഭൂമി നൽകിയതിന്റെ പിന്നിൽ കേരളത്തിലെ ഒട്ടുമിക്ക മുഖ്യധാര പാർട്ടികളും ഉണ്ടെന്നതിനാൽ പാപഭാരം ആർക്കും ഏതെങ്കിലും ഒരു കക്ഷിയുടെ തലയിൽ കെട്ടിവെച്ചു രക്ഷപ്പെടാൻ പറ്റാത്ത അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നത്. അതുകൊണ്ടു കൂടിയാണ് ലോ അക്കാദമിക്ക് മുൻപിൽ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി നടത്തി വരുന്ന സമരം എങ്ങുമെത്താതെ നീണ്ടുപോകുന്നതും.

ലക്ഷ്മി നായർ പ്രിൻസിപ്പൽ പദവി രാജിവെക്കും വരെ സമരത്തിൽ നിന്നും പിൻവാങ്ങില്ലെന്ന കടുത്ത നിലപാടിലാണ് വിദ്യാർത്ഥികൾ. എന്നാൽ താൻ രാജിവെക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്ന വാശിയിൽ ലക്ഷ്മി നായരും അവരെ പിന്തുണച്ച് മാനേജ്മെന്റും നിലപാട് കടുപ്പിക്കുമ്പോൾ ഇനിയുള്ള ഏക മാർഗം ചാൻസലർ എന്ന നിലയിൽ ഗവർണർ ഇടപെടുക എന്നത് മാത്രമാണ്. എന്നാൽ ലക്ഷ്മി നായരും സഹ പൊങ്ങച്ചക്കാരും ചേർന്ന് കൊണ്ടുനടക്കുന്ന ഈ മഹാസ്ഥാപനത്തിന് സത്യത്തിൽ യൂണിവേഴ്സിറ്റി ആഫിലിയേഷൻ തന്നെ ഇല്ലെന്ന ഞെട്ടിക്കുന്ന ആരോപണവുമായാണ് അക്കാദമിക്കെതിരെ ഏറെ കാലം കേസ് നടത്തിയ ഡോക്ടർ വിൻസെന്റ് പാനികുളങ്ങര രംഗത്ത് വന്നിരിക്കുന്നത്. ഏറ്റവും രസകരമായ കാര്യം അക്കാദമിയുടെ അഫിലിയേഷനുമായി ബന്ധപ്പെട്ട രേഖകളൊന്നും യൂണിവേഴ്സിറ്റിയിൽ കാണാനില്ലെന്നതാണ്. അതിനിടയിൽ കേരള സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലോ അക്കാദമി സർക്കാർ കോളേജ് ആണെന്ന് അറിയിപ്പ് പ്രത്യക്ഷപ്പെട്ടതും പിന്നീട് തിരുത്തപ്പെട്ടതും കൂടുതൽ തമാശക്കും അതിലേറെ ഉത്കണ്ഠയ്ക്കും വഴി വെക്കുന്നു.

അക്കാദമിക്കും ലക്ഷ്മി നായർക്കും എതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചു സിന്‍ഡിക്കേറ്റ് ഉപസമിതി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സിന്‍ഡിക്കേറ്റ് ചില തീരുമാനങ്ങൾ എടുത്തെങ്കിലും ഒന്നും നടപ്പിൽ വന്നിട്ടില്ല. ഈ വിഷയത്തിൽ സർക്കാർ ഇന്ന് എന്തൊക്കെയോ തീരുമാനം എടുക്കുമെന്ന് പറഞ്ഞു കേൾക്കുന്നുണ്ട്. ആ തീരുമാനം വിദ്യാർത്ഥികൾക്കനുകൂലം ആയാൽ നന്ന് എന്ന് മാത്രമേ ഇപ്പോൾ പറയാനാവൂ. കാരണം സുപ്രീം കോടതിയിൽ വരെ പിടിപാടുള്ള ഒരു അച്ഛനെയും മകളെയും അത്ര എളുപ്പത്തിൽ ചങ്ങലക്കിടാൻ പറ്റുമെന്ന് തോന്നുന്നില്ല.

ലോ അക്കാദമി കൈവശം വച്ചിരിക്കുന്ന ഭൂമി സംബന്ധിച്ച തർക്കവും നിലനിൽക്കുന്നുണ്ട്. പൂർണമായും വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി നൽകിയ ഭൂമിയിൽ ഫ്ലാറ്റും കച്ചവട സ്ഥാപനങ്ങളും എങ്ങനെ ഉയർന്നു എന്ന ചോദ്യം വീണ്ടും ആ പഴയ അറബിയുടെയും ഒട്ടകത്തിന്റെയും കഥ തന്നെയാണ് ഓർമിപ്പിക്കുന്നത്.
ലഭ്യമായ രേഖകൾ പ്രകാരം ഈ ഭൂമി കുംഭകോണം നടന്നത് ഇങ്ങനെയാണ്.

കൃഷി വകുപ്പിന് കീഴിൽ ഉണ്ടായിരുന്ന 11.49 ഏക്കര്‍ ഭൂമി സി പി ഐക്കാരനായ എൻ നാരായണൻ നായരും ബി ജെ പി നേതാവ് അയ്യപ്പൻ പിള്ളയും അടങ്ങുന്ന ട്രസ്റ്റിന് 1968-ൽ പാട്ടത്തിനു നൽകിയത് അക്കാലത്തു കൃഷി മന്ത്രിയായിരുന്ന എം എൻ ഗോവിന്ദൻ നായർ എന്ന സിപിഐ നേതാവ്. സർക്കാർ ഭൂമി പാട്ടത്തിനു നൽകേണ്ടത് റവന്യു വകുപ്പാണെങ്കിലും നിയമം മറികടന്നു എംഎൻ സ്വന്തം ഇഷ്ടപ്രകാരം ഭൂമി നൽകുകയായിരുന്നു. 1975 ൽ സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ പാട്ടക്കരാർ 30 വർഷമാക്കി പുതുക്കി നൽകി. പിന്നീട് 1984- ൽ കെ കരുണാകരൻ മുഖ്യമന്ത്രിയും പിജെ ജോസഫ് റവന്യു മന്ത്രിയും ആയപ്പോൾ പാട്ടം ഒഴിവാക്കി ഭൂമി പൂർണമായും പതിച്ചു നൽകി. നാരായണൻ നായരുടെ സഹോദരൻ കോലിയക്കോട് കൃഷ്ണൻ നായർ സിപിഎമ്മുകാരൻ ആകയാൽ ആ വഴിക്കും എതിർപ്പൊന്നും ഉണ്ടായില്ല. അക്കാദമി നടത്തുന്ന ട്രസ്റ്റിന്റെ തലപ്പത്ത് അയ്യപ്പൻ പിള്ള എന്ന ബി ജെ പി നേതാവുള്ളതിനാൽ ഇക്കാലമത്രയും അവരും വഴിവിട്ട ഈ ഭൂമി ദാനത്തിനു എതിരെ ഉരിയാടിയില്ല.

ഭൂമി കൈമാറ്റം അതിന്റെ വ്യവസ്ഥകളും സംബന്ധിച്ച്  വിഎസും മറ്റും അന്വേഷണം ആവശ്യപ്പെട്ടു കത്ത് നല്‍കിയതോടെ ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കാതെ റവന്യൂ മന്ത്രിക്കു മുന്നില്‍ മറ്റ് വഴിയില്ലാരുന്നു. സ്വന്തം പാർട്ടി നേതാക്കളെ, അതും അച്യുത മേനോൻ, എം എൻ ഗോവിന്ദൻ നായർ തുടങ്ങിയവരെ കുറ്റവാളികളാക്കാൻ സിപിഐക്കാരനായ പുതിയ റവന്യു മന്ത്രി എവിടം വരെ പോകും എന്നിനി കണ്ടറിയാം.

എന്തായാലും സമരം നടത്തുന്നതും അല്ലാത്തതുമായ (സ്വാശ്രയ കച്ചവട വിദ്യാഭ്യാസ സ്ഥാപങ്ങളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും കക്കൂസിലടക്കം സി സി ടി വി കാമറകൾ ഫിറ്റ് ചെയ്യുന്ന ഇത്തരം മോറൽ പോലീസിങ്ങിനെ എതിർക്കുന്നുണ്ട്) മുഴുവൻ വിദ്യാർഥികളും ആഗ്രഹിക്കുന്നത് ലക്ഷ്മി നായരെപോലെയുള്ളവരുടെ അനിവാര്യമായ പതനം തന്നെയാണ്.

എന്തായാലും അവർക്കാഹ്ളാദിക്കാൻ അല്പം വകയുണ്ട്. ഗത്യന്തരമില്ലാതെ വന്ന കേരള പോലീസ് ഒടുവിൽ ലക്ഷ്മി നായർക്കെതിരെ ജ്യാമ്യമില്ല വകുപ്പ് പ്രകാരം ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതും ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചതിന്. വിദ്യാർത്ഥികൾ മാത്രമല്ല കേരളത്തിലെ പൊതു സമൂഹവും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നുണ്ട് ഈ ഒട്ടകങ്ങളെ ഒന്ന് ഒഴിവാക്കി തരൂ എന്ന്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍