UPDATES

പിണറായിക്കിത് വാണിംഗ് സിഗ്നല്‍; മണ്ഡല്‍ പ്രക്ഷോഭം ഓര്‍മ്മിപ്പിച്ച് ലോ അക്കാദമി സമരം

ഓര്‍ക്കുക, വിദ്യാഭ്യാസ ബില്ലിനെതിരെ പട്ടക്കാരും എൻ എസ് എസ്സും മുസ്ലിം ലീഗും കോൺഗ്രസിലെ ഒരു വിഭാഗവും ചേർന്ന് 1958 ൽ നയിച്ച വിമോചന സമരം ഇ എം എസ് സർക്കാരിന്റെ പിരിച്ചുവിടലിലാണ് കലാശിച്ചത്

കെ എ ആന്റണി

കെ എ ആന്റണി

തിരുവനന്തപുരം ലോ അക്കാദമി വിഷയവുമായി വിദ്യാർത്ഥികൾ നടത്തിവരുന്ന സമരത്തിന്റെ രൂപമാറ്റം (മരത്തിൽ കയറി എ ബി വി പി പ്രവർത്തകൻ നടത്തിയ ആത്‍മഹത്യ ഭീഷണിയും പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി മരിക്കാൻ ചില കോൺഗ്രസ് പ്രവർത്തകർ നടത്തിയ ശ്രമവും) പിണറായി സർക്കാരിന് നൽകുന്ന മുന്നറിയിപ്പ് അത്യന്തം ഗൗരവം അർഹിക്കുന്ന ഒന്നാണ്. ഇത് പെട്ടെന്ന് ഓർമപ്പെടുത്തുന്നത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട രണ്ടു വലിയ പ്രക്ഷോഭങ്ങളാണ്. ഒന്ന് കേരളത്തിലെ ആ പഴയ വിമോചന സമരവും മറ്റൊന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ ആകെ പിടിച്ചു കുലുക്കിയ മണ്ഡൽ വിരുദ്ധ പ്രക്ഷോഭവും.

വിദ്യാഭ്യാസ ബില്ലിനെതിരെ പട്ടക്കാരും എൻ എസ് എസ്സും മുസ്ലിം ലീഗും കോൺഗ്രസിലെ ഒരു വിഭാഗവും ചേർന്ന് 1958 ൽ നയിച്ച വിമോചന സമരം ഇ എം എസ് സർക്കാരിന്റെ പിരിച്ചുവിടലിലാണ് കലാശിച്ചത്. 1990ൽ അധികാരത്തിൽ വന്ന വി പി സിംഗ് സർക്കാരിന്റെ പതനത്തിനു വഴിവെച്ചതാവട്ടെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം ലാക്കാക്കി നടപ്പിലാക്കിയ മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിലെ ശുപാര്‍ശകള്‍ക്കെതിരായ പ്രക്ഷോഭവും അദ്വാനിയുടെ രഥയാത്ര തടയലും. ലോ അക്കാദമി സമരത്തിന് പിന്നിൽ അണിനിരന്നിട്ടുള്ള സംഘ പരിവാർ തന്നെയായിരുന്നു മണ്ഡൽ വിരുദ്ധ പ്രക്ഷോഭത്തിനും പിന്നിൽ.

പിന്നാക്ക വിഭാഗത്തിൽ പെട്ട ഒ ബി സി വിഭാഗക്കാര്‍ക്ക് സർക്കാർ ജോലികളിൽ 27 % സംവരണം ഉറപ്പു വരുത്തുന്നതായിരുന്നു മണ്ഡൽ കമ്മീഷൻ നടപടി. ഇതിനെതിരെ ഡൽഹി സർവകലാശാലക്കു കീഴിലുള്ള ദേശബന്ധു കോളേജിലെ വിദ്യാർത്ഥികളാണ് ആദ്യം രംഗത്തുവന്നത്. രാജീവ് ഗോസ്വാമി എന്ന വിദ്യാർത്ഥി സ്വയം തീകൊളുത്തി മരിക്കാൻ ശ്രമം നടത്തി പരാജയപ്പെട്ടെങ്കിലും മണ്ഡൽ വിരുദ്ധ സമര രീതി ആ വഴിക്കു തിരിയുന്നതാണ് പിന്നീട് കണ്ടത്. ഡൽഹി ദേശബന്ധു കോളേജിലെ തന്നെ സുരേന്ദ്രർ സിംഗ് ചൗഹാൻ തീ കൊളുത്തി മരിച്ചതോടെ സമരം കത്തിപ്പടർന്നു. നിരവധി വിദ്യാർത്ഥികൾ ഇതേ പാത പിന്തുടർന്നതോടെ മണ്ഡൽ വിരുദ്ധ പ്രക്ഷോഭം ശരിക്കും ഒരു തീക്കളിയായി മാറി. തൊട്ടു പിന്നാലെ രാമക്ഷേത്രത്തിന്റെ പേരുപറഞ്ഞു ബി ജെ പി നേതാവ് എൽ കെ അദ്വാനി രാമജന്മ ഭൂമിയിലേക്ക്‌ നടത്തിയ രഥയാത്ര ബീഹാറിൽ വെച്ച് തടയപ്പെട്ടതോടെ വി പി സിംഗ് സർക്കാരിന്റെ പതനവും ഏതാണ്ട് പൂർത്തിയായി.

ലോ അക്കാദമി സമരത്തെ തികച്ചും ലാഘവ ബുദ്ധിയോടെ നോക്കിക്കാണുന്ന പിണറായി സർക്കാരിനുള്ള മുന്നറിയിപ്പാണ് ആ സമരത്തിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള ദിശാമാറ്റം എന്നുതന്നെ വേണം കാണാൻ. സമരത്തിന് പിന്നിലെ സംഘ പരിവാർ, കോൺഗ്രസ് അജണ്ട പകൽ പോലെ വ്യക്തമാണ്. എന്നാൽ ഇന്നലത്തെ സംഭവങ്ങളും സഘർഷസ്ഥലത്ത് വെച്ച് ഒരാൾ കുഴഞ്ഞുവീണു മരിച്ചതും പൊതുസമൂഹത്തിനു മുന്നിൽ സർക്കാരിനെ പ്രതികൂട്ടിൽ എത്തിച്ചിരിക്കുന്നു എന്നതും കാണാതെ പോകരുത്.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍