UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാദമി സമരം ഒത്തുതീര്‍ന്നു; പുതിയ പ്രിന്‍സിപ്പല്‍ ഉടന്‍

മാനേജ്‌മെന്റ് പുതുക്കിയ കരാര്‍ ഉണ്ടാക്കിയതായി വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു

ലോ അക്കാദമി ലോ കോളേജില്‍ നടന്നു വരുന്ന സമരം ഒത്തുതീര്‍ന്നതായി വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറ്റിയതായും സര്‍വകലാശാല മാനദണ്ഡങ്ങള്‍ പാലിച്ച് കാലാവധിയില്ലാതെ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുമെന്നും രേഖാമൂലം ഉറപ്പുലഭിച്ചതായി വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു. ഇന്ന് രാവിലെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സമരം ഒത്തുതീര്‍പ്പായത്. യോഗത്തില്‍ മാനേജ്‌മെന്റ് പുതുക്കിയ കരാര്‍ ഉണ്ടാക്കിയതായി വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു.

ഇന്നലെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ എകെജി സെന്ററിലെത്തി ചര്‍ച്ച നടത്തിയതോടെ ഇന്ന് സമരം ഒത്തു തീര്‍പ്പാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇന്ന് രാവിലെ മന്ത്രിസഭ യോഗത്തില്‍ മന്ത്രി വിഎസ് സുനില്‍കുമാറിന്റെ നിര്‍ബന്ധ പ്രകാരമാണ് ഇന്ന് ചര്‍ച്ച വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്.

ലോ അക്കാദമി സമരം വിജയിച്ചതായി സുനില്‍കുമാര്‍ ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു. ചൂഷണത്തിനെതിരായ സമരമാണ് ലോ അക്കാദമിയില്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡം വേണമെന്നാണ് വിദ്യാര്‍ത്ഥികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്. പ്രിന്‍സിപ്പല്‍ നിയമനത്തില്‍ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ സമരം പിന്‍വലിക്കുമെവന്നും അവര്‍ അറിയിച്ചു.

യോഗത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ചാണ് വിദ്യാഭ്യാസമന്ത്രി സംസാരിച്ചത്. പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ലക്ഷ്മി നായര്‍ ലോ അക്കാദമിയില്‍ തിരിച്ചെത്തില്ലെന്നതിന് കൃത്യമായ ഉറപ്പു വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷത്തേക്ക് പ്രവേശിക്കില്ലെന്നതിന് വ്യക്തതയില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. സമരം ഒത്തു തീര്‍പ്പായതോടെ തിങ്കളാഴ്ച മുതല്‍ ലോ അക്കാദമിയില്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

ഒരുമാസത്തോളമായി വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരമാണ് ഇന്ന് ഒത്തുതീര്‍പ്പായത്. ഇതോടെ ലോ അക്കാദമിയിലെ സമരപ്പന്തലുകളില്‍ വിദ്യാര്‍ത്ഥികള്‍ ആശ്വാസത്തിലായി. സമരം അവസാനിപ്പിച്ച വിദ്യാര്‍ത്ഥികള്‍ പേരൂര്‍ക്കടയില്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചിട്ടുണ്ട്. സമരം വിജയിച്ചതോടെ നിരാഹാര സമരം ഇരിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ബിജെപി നേതാവ് വി വി രാജേഷും സമരം ഇന്ന് അവസാനിപ്പിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍