UPDATES

തിരുത്തല്‍ ശക്തിയാകാന്‍ വിദ്യാര്‍ത്ഥികള്‍ക്കേ കഴിയൂ; ലോ അക്കാദമി സമരം മാടമ്പി ഭരണകൂടങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം

കണ്ടിട്ടും പഠിക്കാതെ ചിലരുണ്ട് അവര്‍ക്ക് ചരിത്രം എന്ന് മാപ്പ് നല്‍കും എന്നറിയില്ല

കെ എ ആന്റണി

കെ എ ആന്റണി

ഏതാണ്ട് ഒരുമാസത്തോളം (കൃത്യമായി പറഞ്ഞാല്‍ 29 ദിവസം) നീണ്ടുനിന്ന ലോ അക്കാദമി സമരത്തിന് ഒടുവില്‍ ഒരു പരിസമാപ്തി എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ഒരു ആശ്വാസ നിശ്വാസം ഉയരുക മാതാപിതാക്കളുടെയും നീണ്ട് നീണ്ടു പോകുന്ന സമരം തങ്ങളുടെ ഭാവി എവിടെ കൊണ്ടുചെന്നെത്തിക്കുമെന്നറിയാതെ അന്തം വിട്ട് നില്‍ക്കുന്ന കുട്ടികളുടേതുമാണ്. കൈവിട്ട് പോകുന്ന ഒരു സമരം തങ്ങളുടെ ഭാവിയെ എത്രകണ്ട് ബാധിക്കുമെന്ന് അവരില്‍ പലരും ചിന്തിച്ചതിന്റെ ഭാഗമായി കൂടി വേണം ഈ ഒത്തുതീര്‍പ്പിനെ വായിച്ചെടുക്കാന്‍.

ഒരിക്കലും തോല്‍ക്കാത്ത വിദ്യാര്‍ത്ഥി സമരങ്ങളെക്കുറിച്ച് അവര്‍ക്ക് അറിവില്ലാത്തതുകൊണ്ടല്ല ഇങ്ങനെയൊരു മനംമാറ്റവും ഒത്തുതീര്‍പ്പും. പഠിക്കണം വലുതാകണം എന്ന നന്മ പൂണ്ട ചിന്തയില്‍ നിന്ന് തന്നെയാവണം ഇങ്ങനെയൊരു ഒത്തുതീര്‍പ്പ്. സമരത്തില്‍ നിന്ന് വൈകിയെത്തിയ എസ്എഫ്‌ഐ പിന്മാറിയപ്പോള്‍ തന്നെ കാര്യങ്ങളുടെ ഗതികെട്ട പോക്ക് ഏകദേശം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മനസിലായത് തന്നെയാണ്. 2004ല്‍ എ കെ ആന്റണിയെ പറ്റിച്ച് ഉണ്ടാക്കിയ സ്വാശ്രയ കരാറും അതിന് മുമ്പ് എംഎന്‍ ഗോവിന്ദന്‍ നായരെ സ്വാധീനിച്ച് ലക്ഷ്മി വിലാസം ഹോട്ടലുകാരും വാങ്ങിയെടുത്ത ഒരു ഭൂമിയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ചെയര്‍മാന്‍ ബിജെപിക്കാരനായ പിള്ള പെട്ടെന്ന് രാജിയായതും കൈരളിയില്‍ വിഭവങ്ങളൊരുക്കിയിരിക്കുന്ന ലക്ഷ്മിയുമായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ അവിടെ നില്‍ക്കട്ടെ.

1968ല്‍ പാരിസിലുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭം മാത്രമല്ല മെക്‌സിക്കന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭവും അരിയാഹാരമാക്കി മാറ്റിയ വിദ്യാര്‍ത്ഥികള്‍ക്ക് അറിയാം. 1960ലെ അമേരിക്കയിലെ യുദ്ധവിരുദ്ധ മുന്നേറ്റവും സൗത്ത് കൊറിയയിലെ 1979ലെ വിദ്യാര്‍ത്ഥി മുന്നേറ്റം മാത്രമല്ല ഇറാനിലെ മുല്ലപ്പൂ വിപ്ലവത്തില്‍ 1979ല്‍ അവര്‍ നടത്തിയ മുന്നേറ്റവും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ മറന്നുപോകാനിടയില്ല. ഇതിനിടെയില്‍ കമ്മ്യൂണിസ്റ്റുകാര്‍ മാത്രം മറന്നുപോകുന്ന ഒരു വിദ്യാര്‍ത്ഥി മുന്നേറ്റമുണ്ടായിരുന്നു ചൈനയില്‍. അതാകട്ടെ ടിയാമെന്‍ സ്‌ക്വയറില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭകരുടെ നെഞ്ചിലൂടെ ഉരുളന്‍ വണ്ടി കയറ്റി കൊന്നുകളഞ്ഞ അതിദാരുണമായ ഒരു സംഭവവുമാണ്. ഇതേ പ്രശ്‌നത്തെച്ചൊല്ലി കേരളത്തിലെ സിപിഎമ്മും സിപിഐയും മാത്രമല്ല ഇപ്പോള്‍ കേരള കാസ്‌ട്രോയെന്ന് അറിയപ്പെടുന്ന വിഎസ് അച്യുതാനന്ദനും ചില ചിന്തകളും ചോദ്യങ്ങളും ഉന്നയിച്ചിരുന്നു. അമേരിക്കന്‍ അതിനിവേശം എന്ന് പറഞ്ഞ് അതേപടി തന്നെ ചൈനയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അമര്‍ച്ച ചെയ്തതിനെ അന്നും കൈയടിച്ച് പ്രോത്സാഹിപ്പിച്ചവരാണ് കേരളത്തില്‍ ഇന്നും ഭരണത്തിലുള്ളത്.

അതും എന്തുമാകട്ടെ. സമരം അവസാനിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏറ്റവും വലിയ നന്മ ഒരു സമരത്തിലേക്ക് എടുത്തെറിയപ്പെട്ട് എങ്ങും എത്തപ്പെടാതെ നില്‍ക്കുന്ന അവരുടെ ഭാവിക്ക് പെട്ടെന്നൊരു തീര്‍ച്ചയും തീരുമാനവുമുണ്ടാകുന്നു എന്നതാണ്. ലോ അക്കാദമിയില്‍ പുതിയൊരു പ്രിന്‍സിപ്പലിനെ കണ്ടെത്താന്‍ പത്രപ്പരസ്യത്തിലൂടെ നടപ്പ് ഇന്റര്‍വ്യൂ നടത്തുന്നു എന്ന ഒരു പരസ്യം വച്ച് ഇങ്ങനെയൊരു സമവായം എങ്ങനെ സാധ്യമാകും എന്നത് തികച്ചും അത്ഭുതമുളവാക്കുന്നതാണ്.

കുട്ടികള്‍ക്ക് പരീക്ഷകളുണ്ട്. അവരതിന്റെ വഴിക്ക് തന്നെ നടക്കട്ടെ. പക്ഷെ നിങ്ങള്‍ കാണാതെ പോകാതിരിക്കാന്‍ പറ്റാത്ത ഒന്നുണ്ട്. തിരുത്താന്‍, തിരുത്തല്‍ ശക്തിയാകാന്‍ പുതുതലമുറയ്‌ക്കേ കഴിയൂ. കുട്ടികള്‍ എന്റെയടുത്തേക്ക് വരട്ടെ അവരെ തടയരുത് എന്ന് പറഞ്ഞത് യേശു ക്രിസ്തുവാണത്രെ. ചരിത്രം ആരൊക്കെയോ വളച്ചൊടിക്കുന്നതിനാല്‍ അങ്ങനെയൊരു ആശങ്ക ഈ കുറിമാനക്കാരനും ഇല്ലാതില്ല. എന്റെ പ്രിയ ചിത്രകാരന്‍ പാബ്ലോ പിക്കാസോയാണ് കുട്ടികളെക്കുറിച്ച് ഇങ്ങനെയൊരു കാര്യം ഉന്നയിച്ചത്. യേശു കുട്ടികളില്‍ കണ്ടത് അവരുടെ നിഷ്‌കളങ്കതയും മാലാഖ മുഖങ്ങളുമാണെങ്കില്‍ പിക്കാസോ കണ്ടത് ഇതിലുമപ്പുറം ചിത്രരചനയില്‍ കുട്ടികള്‍ കാണിക്കുന്ന ഒട്ടും കലര്‍പ്പില്ലാത്ത വാശികളുമാണ്.

ഇന്ന് ഇപ്പോള്‍ ലോ അക്കാദമി സമരം അവസാനിക്കുമ്പോള്‍ നെടുനിശ്വാസം വിടുന്ന മറ്റൊരാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആകാം. ആകാം എന്നല്ല, അദ്ദേഹം തന്നെയാണ്. എംഎന്‍ കനിഞ്ഞരുളിയ ഭൂമിയില്‍ ലക്ഷ്മി നായര്‍ വിലാസം സര്‍ക്കസ് നടക്കുന്നതിന് താന്‍ ഉത്തരവാദിയല്ലല്ലോ എംഎന്‍ ഗോവിന്ദന്‍ സ്മാരകത്തില്‍ താമസിക്കുന്ന സിപിഐക്കാരല്ലേ എന്ന ദുഷ്ചിന്ത കൊണ്ടുചെന്നെത്തിച്ചിടത്താണ് കാര്യങ്ങള്‍ കൈവിട്ട് പോയതും സംഘപരിവാര്‍ ബുദ്ധിയിലേക്ക് ഒടുവില്‍ എത്തിച്ചേര്‍ന്നതും. കണ്ടിട്ടും പഠിക്കാതെ ചിലരുണ്ട് അവര്‍ക്ക് ചരിത്രം എന്ന് മാപ്പ് നല്‍കും എന്നറിയില്ല. തിരക്ക് പിടിച്ചുള്ള വിദേശ യാത്രകള്‍ക്ക് അപ്പുറം കേരളത്തില്‍ സംഘികള്‍ ഒഴിവുനികുത്തുന്നത് കാണാന്‍ പഠിക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും മാറിയ കാലത്തില്‍ കുറ്റം തങ്ങളുടേതല്ലെങ്കിലും തീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതാകില്ലേ കമ്മ്യൂണിസ്റ്റ് ധര്‍മ്മം. അതിനാവില്ലേ ജനം നിങ്ങളെ അധികാരത്തിലേറ്റിയത്.

എങ്കിലും ഒരു കാര്യം ഇഷ്ടമായി പിണറായി സംഘം മുഖംതിരിഞ്ഞ് നിന്നപ്പോള്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഒരു തീരുമാനമുണ്ടാക്കാന്‍ ശ്രമിച്ച കാനം രാജേന്ദ്രനും വി എസ് സുനില്‍കുമാര്‍ മന്ത്രിക്കും കുട്ടികള്‍ നന്ദി പറയേണ്ടതുണ്ട്. ഇതാ പഴയ കാലമല്ല.  സെമസ്റ്ററുകളും ഇയര്‍ ഔട്ടുകളും പീഡിതമാക്കുന്ന പുതിയ വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നത് മാത്രമല്ല ആരൊക്കെ സഹായിക്കും എന്നിടത്തേക്ക് കൂടി വേണം എവിടെയും കണ്ണുവയ്ക്കാന്‍.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍