UPDATES

ലോ അക്കാദമി സമരം; വിജയിച്ചെന്നും ഒത്തുതീര്‍പ്പായെന്നും പറയാം; വര്‍ണ്യത്തില്‍ ആശങ്ക

ലോ അക്കാദമി സമരം വിജയിച്ച സ്ഥിതിക്ക് നമുക്ക് ഇനി മരിച്ചു പോയ ജിഷ്ണു പ്രണോയിയെ ഓര്‍ക്കാം; ആ യുവാവും വിദ്യാഭ്യാസ കച്ചവടക്കാരുടെഗുണ്ടായിസത്തിന്റെഇരയാണല്ലോ?

ഈ അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ വിദ്യാര്‍ത്ഥി സമരം വിജയകരമായി അവസാനിച്ചതില്‍ സന്തോഷം. സമരത്തിലൂടെ തങ്ങളുടെ ആവശ്യം നേടിയെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനം. എത്രവലിയ സ്വാധീന ശക്തായായാലും ഇച്ഛാശക്തിയുള്ളവരുടെ ചോദ്യം ചെയ്യപ്പെടലുകള്‍ക്കു വിധേയരാകാതിരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നു ലോ അക്കാദമിയെ മുട്ടു കുത്തിച്ചുകൊണ്ടു വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന വിജയാഹ്ളാദങ്ങള്‍ക്കും ഒപ്പം ചേരുന്നു.

29 ദിവസം നീണ്ടു നിന്ന വിദ്യാര്‍ത്ഥി സമരത്തിനിടയില്‍ ഉണ്ടായ രാഷ്ട്രീയമായതുള്‍പ്പെടെയുള്ള എല്ലാ സമ്മര്‍ദ്ദങ്ങളും അതിജീവിക്കുകയും, 1200 കുട്ടികള്‍ക്കിടയില്‍ നിന്നും വെറും 250 പേര്‍ മാത്രം ഒത്തുകൂടി നടത്തിയ സമരം എന്ന് ആക്ഷേപിച്ചിട്ടു പിന്മാറാതെയും ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം വിജയിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ അതുണ്ടാക്കുന്ന പ്രചോദനം കേരളത്തിനേറെ ഗുണം ചെയ്യും.

ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ സമരം വിജയിച്ചതായി പറയാനുള്ള ഒരു കരാറിനെ കുറിച്ച് ഇനി പറയാം.പ്രസ്തുത കരാര്‍ ഇപ്രകാരമാണ്;
കേരള ലോ അക്കാദമി-ലോ കോളേജിലെ പ്രിന്‍സിപ്പലായ ശ്രീമതി. ലക്ഷ്മി നായരെ ഗവേണിംഗ് കൗണ്‍സില്‍ തീരുമാന പ്രകാരം പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറ്റി. യൂണിവേഴ്‌സിറ്റി നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള ഒരു പുതിയ പ്രിന്‍സിപ്പലിന നിയമിക്കുന്നതിനു ബഹ. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി പ്രതിനിധികളും, മാനേജ്‌മെന്റ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. മാനേജ്‌മെന്റ് ഈ ഉറപ്പില്‍ നിന്നും വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുന്നതായിരിക്കും.

മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധിയും ഒപ്പുവച്ച് അംഗീകരിച്ചിരിക്കുന്ന ഈ കരാറില്‍ വിശ്വാസം രേഖപ്പെടുത്തിയാണ് ലോ കോളേജ് സമരം അവസാനിപ്പിച്ചത്. അടുത്ത തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനഃരാരംഭിക്കുകയും ചെയ്യും.

എന്നാല്‍ എല്ലാം ശുഭം എന്നു പറഞ്ഞു പിരിഞ്ഞുപോകാന്‍ ആ വിദ്യാര്‍ത്ഥികള്‍ക്കാല്ലാതെ മറ്റു സമരക്കാര്‍ക്ക് സാധ്യമാണോ എന്നൊരു ചോദ്യമുണ്ട്. ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കാരും അവരുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനക്കാരും വിജയത്തിന്റെ ക്രെഡിറ്റ് യഥാര്‍ത്ഥ അവകാശികള്‍ക്കു നല്‍കാതെ താന്തങ്ങള്‍ക്കായി ജയ് വിളികേള്‍ക്കാന്‍ മത്സരിക്കുമ്പോള്‍ സ്വാഭാവികമായി തോന്നുന്ന ചില ചോദ്യങ്ങള്‍.

29 ദിവസം നീണ്ടു നിന്ന സമരത്തിന്റെ പ്രധാന ആവശ്യം എന്തായിരുന്നു? വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്നത് ലക്ഷ്മി നായര്‍ പ്രിന്‍സിപ്പള്‍ സ്ഥാനം രാജിവയ്ക്കുക എന്നതായിരുന്നു. ഇന്നീ ദിവസം വരെ അവര്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്നതും രാജി ആയിരുന്നു.

ഇന്നത്തെ കരാറില്‍ അങ്ങനെയൊരു രാജി തീരുമാനം പ്രതിപാദിച്ചിട്ടുണ്ടോ?

ഇല്ലെന്നു മാത്രമല്ല, കരാര്‍ ഒപ്പിടലിനു ശേഷം ലോ അക്കാദമി ചെയര്‍മാന്‍ നാരായണന്‍ നായര്‍ വ്യക്തമാക്കിയത് ലക്ഷ്മി നായര്‍ രാജി വയ്ക്കുന്നില്ല എന്നാണ്. മാനേജ്‌മെന്റ് പ്രതിനിധികളും ലക്ഷ്മി നായരുടെ രാജി തള്ളിക്കളഞ്ഞിരിക്കുന്നു.

അങ്ങനെയെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം പൂര്‍ണമായി അംഗീകരിക്കപ്പെട്ടു എന്നു പറയാന്‍ കഴിയുമോ?

നിലവിലെ കരാറില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും ലക്ഷ്മി നായരെ മാറ്റുന്നു എന്നാണു പറഞ്ഞിരിക്കുന്നത്. രാജിവയ്പ്പിക്കുന്നു എന്നല്ല. പകരം യൂണിവേഴ്‌സിറ്റി നിര്‍ദേശിക്കുന്ന യോഗ്യതയുള്ള ഒരാളെ പ്രിന്‍സിപ്പല്‍ ആക്കാമെന്നു മാനേജ്‌മെന്റ് പറയുന്നു. ഈ നിര്‍ദേശം അംഗീകരിക്കാമെങ്കില്‍ ജനുവരി 30 നു നടന്ന ചര്‍ച്ചയില്‍, എസ് എഫ് ഐ അംഗീകരിച്ച ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്കു പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു മാറ്റിനിര്‍ത്താമെന്നുള്ള നിര്‍ദേശം എന്തുകൊണ്ട് സ്വീകാര്യമായില്ല?

അഞ്ചു വര്‍ഷത്തേക്ക് എന്നതു നിശ്ചിതമായൊരു കാലയളവാണ്. ആ കലയളവ് കഴിഞ്ഞു ലക്ഷ്മി നായര്‍ക്ക് പ്രിന്‍സിപ്പാള്‍ സ്ഥാനത്തേക്ക് മടങ്ങി വരാം എന്നതായിരുന്നു അന്നു വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്ന സംശയവും സമരം തുടരാനുള്ള കാരണവും. തികച്ചും ന്യായമായണത്. എങ്കില്‍ ഇപ്പോഴത്തെ കരാറില്‍ അങ്ങനെയൊരു സംശയം ഇല്ലായെന്നാണോ? കലാവധി വയ്ക്കാതെ പുതിയ പ്രിന്‍സിപ്പിളിനെ നിയമിക്കും എന്നതിന് അര്‍ത്ഥം ലക്ഷ്മി നായരെ ആജീവനാന്തം പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും വിലക്കിയതാണെന്നെണോ? അതൊരു വിശ്വാസം മാത്രമല്ലേ!

ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് വിലക്കുകയും പകരം ചുമതല വൈസ് പ്രിന്‍സിപ്പാളിനു നല്‍കാനും തീരുമാനിച്ചപ്പോള്‍ വൈസ് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ ഡമ്മിയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇനി നിയമിതനാകാന്‍ പോകുന്ന, എല്ലാ യോഗ്യതകളും ഉള്ള പുതിയ പ്രിന്‍സിപ്പള്‍ മാനേജ്‌മെന്റിന്റെ വിധേയനായിരിക്കില്ല എന്നതും ഒരു വിശ്വാസം മാത്രമല്ലേ!

എസ് എഫ് ഐ സമ്മതിച്ച വ്യവസ്ഥയില്‍ നിന്നും വ്യത്യസ്തമായി പുതിയ പ്രിന്‍സിപ്പാളെ നിയമിക്കുന്നതു കലാവധി നിശ്ചയിക്കാതെയാണെങ്കിലും അയാള്‍ക്ക് സ്വയം രാജിവയ്ക്കാനോ ന്യായമായൊരു കാരണം കണ്ടെത്തി മാനേജ്‌മെന്റിനു പുറത്താക്കാനോ സാധിക്കില്ലേ? അങ്ങനെയൊരു സാഹചര്യം വരികയും പ്രിന്‍സിപ്പാള്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയും ചെയ്താല്‍ അതിലേക്ക് ലക്ഷ്മി നായരെ വീണ്ടും നിയമിക്കുന്നതിന് എന്തെങ്കിലും നിയമതടസം ഉണ്ടോ? അങ്ങനെയൊന്നും സഭവിക്കില്ല എന്നു കരാറിനോ മാനേജ്‌മെന്റ് പ്രതിനിധികളുടെ പ്രതികരണങ്ങളിലോ കാണുന്നില്ല. ലക്ഷ്മി നായരെ ലോ അക്കാദമിയുടെ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് തിരികെ കൊണ്ടു വരില്ല എന്ന വ്യവസ്ഥയില്ലാത്തതിനാല്‍, അങ്ങനെ സംഭവിച്ചാലും അതു കരാര്‍ ലംഘനവുമാകില്ല, സര്‍ക്കാരിന് ഇടപെടാനുമാകില്ല. നേരത്തെ ഉണ്ടാക്കിയ 5 വര്‍ഷം എന്ന ക്ലോസ് എടുത്തു കളഞ്ഞതോടെ എപ്പോള്‍ വേണമെങ്കിലും ലക്ഷ്മി നായര്‍ക്ക് തിരിച്ചു വരാം എന്നായിരിക്കുന്നു. അന്തിമ വിജയം അവരുടെ താലത്തില്‍ വെച്ചുകൊടുത്തതുപോലെ ആയില്ലേ ഒത്തുതീര്‍പ്പെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.

ഇതെല്ലാം പറഞ്ഞതുകൊണ്ട് വിദ്യാര്‍ത്ഥികളുടെ നേട്ടം വിലകുറച്ചു കാണുകയോ തള്ളിപ്പറയുകയോ അല്ല. ചില സംശയങ്ങളാണ്. വീണ്ടും സംഭവിച്ചേക്കാവുന്ന അപകടത്തെ ഓര്‍ത്തുള്ള ആശങ്കകള്‍.

ഇങ്ങനെയൊരു കരാര്‍ ഉണ്ടാക്കി തന്നെ പുറത്താക്കിയതിനെതിരേ ലക്ഷമി നായര്‍ കോടതയില്‍ പോയാലോ? അക്കാദമിയുടെ ഗവേര്‍ണിംഗ് കൗണ്‍സില്‍ അവര്‍ക്കെതിരെ എന്തു തെളിവാണ് കണ്ടെത്തിയിരിക്കുന്നത്? എന്തെങ്കിലുമൊക്കെ കണ്ടെത്തിയാല്‍ തന്നെ അതെല്ലാം പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നു നീക്കുന്നതിനു മതിയായ കാരണമാകുമോ? അവരുടെ ഭാഗം കേള്‍ക്കാന്‍ ഗവേണിംഗ് കൗണ്‍സില്‍ തയ്യാറായിട്ടുണ്ടോ? സംശയങ്ങളാണ്.

ഞങ്ങള്‍ നേടിയതിനേക്കാള്‍ കൂടുതലായി നിങ്ങള്‍ എന്തു നേടി എന്നു ചോദിക്കുന്നവരാണ് എസ് എഫ് ഐക്കാര്‍. അഞ്ചുവര്‍ഷത്തേക്കെന്ന ക്ലോസ് ഒഴിവാക്കി കൊണ്ട് കാലവാധി നിശ്ചയിക്കാതെ തന്നെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നു ലക്ഷ്മി നായരെ മാറ്റുന്ന തീരുമാനം എടുക്കുന്നതിലേക്കു മാനേജ്‌മെന്റിനെ കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിഞ്ഞു എന്നതാണ് അവരുടെ നേട്ടം. കേരളത്തിലെ ഏറ്റവും ശക്തമായ വിദ്യാര്‍ത്ഥി പ്രസ്ഥാനം ഇടയില്‍ പിന്മാറിയാലും ഒരു വിദ്യാര്‍ത്ഥി സമരം പരാജയപ്പെടില്ല എന്നു തെളിയിക്കാന്‍ കുറച്ചു കുട്ടികള്‍ക്കു കഴിഞ്ഞു എന്നതുമാണ് അവരുടെ വിജയം.

ഇനിയുള്ള സംശയങ്ങള്‍ക്ക് മറുപടി പറയേണ്ടത് നിരാഹാര സമരക്കാരാണ്.

ബിജെപിയും കോണ്‍ഗ്രസുമെല്ലാം വിദ്യാര്‍ത്ഥികളെ പിന്തുണച്ചാണു സമരരംഗത്തു വന്നതൈങ്കിലും വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെക്കാള്‍ വീണു കിട്ടിയ സാഹചര്യം രാഷ്ട്രീയമായി ഉപയോഗിക്കാനാണു ആ പാര്‍ട്ടികള്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥി സമരത്തെ ഹൈജാക്ക് ചെയ്യുന്ന തരത്തിലേക്ക് റിലേ നിരാഹര സമരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകടനങ്ങള്‍ നടത്തിയവര്‍ ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം അംഗീകരിക്കപ്പെട്ടിട്ടുണ്ടോ?

ലക്ഷ്മി നായരെ അറസ്റ്റ് ചെയ്‌തോ? ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കിയോ? സര്‍ക്കാര്‍ ഭൂമി തിരിച്ചെടുത്തോ? ഇതൊക്കെ ദിവസംപ്രതി തങ്ങളുടെ ആവശ്യങ്ങളായി പറഞ്ഞു കൊണ്ടിരുന്നവരാണ് മുരളീധരന്മാരും രാജേഷുമെല്ലാം. ഇനിയവര്‍ എന്തു പറയും? ഈ ദിവസങ്ങളത്രയും കാടും പടലും തല്ലിയത് ആര്‍ക്കു വേണ്ടിയായിരുന്നു? പ്രിന്‍സിപ്പാള്‍ രാജിവയ്ക്കാന്‍ വേണ്ടി മരത്തിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥി പരിഷത്തുകാരനെ പൊതിഞ്ഞു പിടിച്ചുകൊണ്ടു വി വി രാജേഷ് ആവേശം കൊണ്ടത് ഇന്നലെ വൈകുന്നേരമായിരുന്നു. നേരത്തോടു നേരം കഴിയും മുന്നേ ലക്ഷ്മി നായരുടെ രാജിയില്ലാതെ തന്നെ എല്ലാം വിജയിച്ചു എന്നു പറഞ്ഞു ആര്‍പ്പും കുരവുമായി സമരപന്തല്‍ വിടുമ്പോള്‍ രാജേഷ് മറന്നുപോകുന്നത് പൊതുപ്രവര്‍ത്തനത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം തന്നെയാണ്- ആത്മാര്‍ത്ഥത?

പിതാവ് നല്‍കിയ ഭൂമിയില്‍ ഹോട്ടലും ബാങ്കും കെട്ടിയതിനെ ചോദ്യം ചെയ്തുകൊണ്ട് സമരം ചെയ്യാനെത്തിയ കണ്ണോത്ത് കരുണാകരന്റെ മകന്‍ മുരളീധരനോട്- പൂട്ടിച്ച ഹോട്ടലും ബാങ്കും എന്നത്തേക്കുമായി പൂട്ടി തന്നെ കിടക്കുമെന്നു സമാധാനം നാരായണന്‍ നായര്‍ പേപ്പറില്‍ എഴുതി ഒപ്പിട്ടു തന്നിട്ടുണ്ടോ? താടിക്കു തീ പിടിച്ചിട്ടും ഇളകാതെ നില്‍ക്കുന്നവനെ പോലെ നിന്ന കാനം രാജേന്ദ്രനും പാര്‍ട്ടിക്കാരും വിദ്യാര്‍ത്ഥി വിപ്ലവക്കാരും ഉറക്കെ ഉറക്കെ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം തന്നെ പെട്ടെന്നൊരു ദിവസം മറന്നു പോകാന്‍ കാരണമെന്തേ?

ഇങ്ങനെയുള്ള ചോദ്യങ്ങളൊക്കെ ബാക്കി നില്‍ക്കുമ്പോഴും പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ നടത്തിവന്ന ആ സമരം വിജയിച്ചു എന്നു തന്നെ പറയും. കാരണം അതിലൊരു ധാര്‍മികതയുണ്ട്. ലോ അക്കാദമി സമരം ഒരു പാഠപുസ്തകമാണ്. തെറ്റായ വരികള്‍ പലതും കയറി കൂടിയിരുന്നെങ്കിലും അതെല്ലാം മനസിലാക്കി തിരുത്തിയാല്‍ നാളെയും മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടത്തില്‍ സഹായിയാകും. ഒരുമിച്ചു കൂടാന്‍ പ്രസ്ഥാനത്തിന്റെയും പ്രത്യശശാസ്ത്രത്തിന്റെയോ ബലം വേണ്ട, ഇച്ഛാശക്തി മതി. അതാണിവിടെയും കണ്ടത്.

പിന്‍കുറിപ്പ്; ലോ അക്കാദമി സമരം വിജയിച്ച സ്ഥിതിക്ക്  നമുക്ക് ഇനി മരിച്ചു പോയ ജിഷ്ണു പ്രണോയിയെ ഓര്‍ക്കാം. ആ യുവാവും വിദ്യാഭ്യാസ കച്ചവടക്കാരുടെഗുണ്ടായിസത്തിന്റെഇരയാണല്ലോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍