UPDATES

ട്രെന്‍ഡിങ്ങ്

ഉപസമിതി റിപ്പോര്‍ട്ടില്‍ ലക്ഷ്മി നായര്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍; പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആവശ്യം

കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സര്‍ക്കാര്‍ ഭൂമി തിരികെ എടുക്കണമെന്നും ഉപസമതി റിപ്പോര്‍ട്ട്

തിരുവനന്തപുരം ലോ അക്കാദമിയില്‍ സര്‍വ്വകലാശാലാ ഉപസമിതി നടത്തിയ തെളിവെടുപ്പില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള വിരോധം തീര്‍ക്കാനും ഭീഷണിപ്പെടുത്താനും ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. സദുദ്ദേശത്തോടുകൂടി സര്‍വ്വകലാശാല നടപ്പിലാക്കിയ പരിഷ്‌കാരമാണ് ഇന്റേണല്‍ ഇവാലുവേഷന്‍. സമഗ്രവും നിരന്തരവുമായ മുല്യനിര്‍ണ്ണയത്തിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഹാജര്‍, സെമിനാര്‍, പ്രൊജക്ട്, ക്ലാസ് ടെസ്റ്റ് എന്നീ വിവിധങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെ വിജ്ഞാനം, വ്യക്തിത്വം, കൃത്യനിഷ്ഠ, ആശയവിനിമയശേഷി എന്നിവ അളന്നുകൊണ്ടുള്ള മൂല്യനിര്‍ണ്ണയമാണ് നടക്കേണ്ടത്. എന്നാല്‍ ലോ അക്കാദമി ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഇന്റേണലിന്റെപേരില്‍ പകപോക്കലിന് ഇരകളാകുന്നു എന്നാണ് ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സര്‍വകലാശാല ഉപസമിതി കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന മററുകാര്യങ്ങള്‍ ഇവയാണ്.

സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ സാമ്രാജ്യത്വ, കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി കാമ്പസ്സുകളില്‍ രാഷ്ട്രീയചിന്തകളും ജനാധിപത്യ മതേതര കാഴ്ചപ്പാടുകളും രൂപപ്പെട്ടു. കോളനിവാഴ്ചയുടെയും, ഫാസിസത്തിന്റെയും ചിന്താധാരകളെ ഉന്മൂലനം ചെയ്ത് ജനാധിപത്യ ബോധത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും ക്യാമ്പസ്സുകളെ സൃഷ്ടിക്കുന്നതില്‍ മഹാത്മാഗാന്ധിയുടെയും, ജവഹര്‍ലാല്‍ നെഹുറുവിന്റെയും നേതൃത്വം വലിയ പങ്കുവഹിച്ചു. ക്യാമ്പസ്സുകള്‍ ഉജ്ജ്വലമായ സമരങ്ങള്‍ക്കും അവകാശസമരപോരാട്ടങ്ങള്‍ക്കും സാക്ഷ്യംവഹിച്ചു. അഭിപ്രായം പറയാന്‍ പഠിക്കുക, ചോദ്യം ചോദിക്കുക, സമരങ്ങള്‍, പ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, സര്‍ഗ്ഗാത്മക ചര്‍ച്ചകള്‍ എന്നത് കര്‍മ്മമായി കരുതിയ ഒരു തലമുറയുടെ പിന്‍ഗാമികള്‍ ഇന്ന് ലോ അക്കാദമി ലോകോളേജില്‍ ആത്മാഭിമാനം നഷ്ടപ്പെട്ട് മനുഷ്യാവകാശ ലംഘനങ്ങളുടെയും പീഢനങ്ങളുടെയും അപമാനിക്കലിന്റെയും ഇരകളായി മാറിയിരിക്കുന്നു. സാമൂഹികവും, രാഷ്ട്രീയവും, സാംസ്‌കാരികവുമായ പ്രതിബന്ധത നഷ്ടപ്പെട്ട, സ്വത്വവും, വ്യക്തിത്വവും ഇല്ലാതാക്കുന്ന, ആശ്രിതരുടെ ഒരു വര്‍ഗ്ഗത്തെ സൃഷ്ടിക്കാന്‍ മാത്രം ഉപകരിക്കുന്ന, ഉല്‍പാദന കേന്ദ്രമായി ലോ അക്കാദമി ലോ കോളേജിനെ മാറ്റാനുള്ള ശ്രമമാണ് കോളേജ് പ്രിന്‍സിപ്പല്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രിന്‍സിപ്പല്‍, ഇന്റേണല്‍ മാര്‍ക്ക് എന്ന ആയുധം ഉപയോഗിച്ച് വിദ്യാര്‍ത്ഥികളോട് വിരോധം തീര്‍ക്കുന്നതിനും, ഭീഷണിപ്പെടുത്തുന്നതിനും ആയുധമാക്കി അവരെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി അടിമകളും നിശബ്ദരുമായി മാറ്റുന്നു. സദുദ്ദേശത്തോടുകൂടി സര്‍വ്വകലാശാല നടപ്പിലാക്കിയ പരിഷ്‌കാരമാണ് ഇന്റേണല്‍ ഇവാലുവേഷന്‍. സമഗ്രവും നിരന്തരവുമായ മുല്യനിര്‍ണ്ണയത്തിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഹാജര്‍, സെമിനാര്‍, പ്രൊജക്ട്, ക്ലാസ് ടെസ്റ്റ് എന്നീ വിവിധങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെ വിജ്ഞാനം, വ്യക്തിത്വം, കൃത്യനിഷ്ഠ, ആശയവിനിമയശേഷി എന്നിവ അളന്നുകൊണ്ടുള്ള മൂല്യനിര്‍ണ്ണയമാണ് നടക്കേണ്ടത്. എന്നാല്‍ ലോ അക്കാദമി ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഇന്റേണലിന്റെപേരില്‍ പകപോക്കലിന് ഇരകളാകുന്നു.

പരീക്ഷയെഴുതാന്‍ ഹാള്‍ടിക്കറ്റുകിട്ടിയ വിദ്യാര്‍ത്ഥിയെ വ്യക്തിവിരോധത്തിന്റെപേരില്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല എന്നത് ഞെട്ടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിക്കുന്ന കൃത്യങ്ങളാണ് ചെയ്യുന്നതെന്ന് പ്രസ്തുത വിദ്യാര്‍ത്ഥി കരഞ്ഞുകൊണ്ടുപറഞ്ഞു. കോളേജിലെയും ഹോസ്റ്റലിലെയും തെറ്റുകളെയും അഴിമതിയെയും ചോദ്യംചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഇന്റേണലില്‍ കൃത്രിമം കാട്ടി മനപ്പൂര്‍വ്വം തോല്‍പ്പിക്കുന്നു. അന്‍പതുശതമാനം മാത്രം ഹാജര്‍ഉള്ള കോളേജ് പ്രിന്‍സിപ്പലിന്റെ സ്വന്തക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ഇന്റേണലില്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്നു. ഇന്റേണല്‍ മൂല്യനിര്‍ണ്ണയം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിരാഷ്ട്രീയം വരുതിയിലാക്കി അഭിപ്രായ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും തടഞ്ഞിരിക്കുന്നു. ആത്മാഭിമാനം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ അടിമകളെപ്പോലെ പീഢനങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു.

അപവാദങ്ങള്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പ്രചരിപ്പിക്കുന്നു. വിദ്യാര്‍ത്ഥിനിയുടെ പിതാവും മറ്റൊരാളും തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ വിദ്യാര്‍ത്ഥിനിയെ വിളിച്ചുവരുത്തി അപരിചിതനായ വ്യക്തിയുടെ (Male) മുന്നില്‍വച്ച് പരസ്യമായി അപമാനിച്ച സംഭവം ഗൗരവമുള്ളതാണ്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥിനി കാര്യങ്ങള്‍ വിശദീകരിച്ചത്.

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയെ ഹനിക്കുന്നരീതിയില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നു. കോറിഡോറില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറക്കണ്ണുകള്‍ ബാത്ത് റൂമില്‍നിന്നും മടങ്ങിവരുന്ന വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ വ്യക്തമായി കാണുന്നതരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. സര്‍വ്വകലാശാലയുടെയും സര്‍ക്കാരിന്റെയും ചട്ടങ്ങള്‍ക്ക് വിരുദ്ധമാണിത്.

കഥാകാരിയും ഒന്‍പതു പുസ്തകങ്ങളുടെ രചയിതാവും എഴുത്തുകാരിയും, ഗായികയും, നൃത്തത്തിലും പാട്ടിലും ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത വിദ്യാര്‍ത്ഥിനിയെ അപവാദങ്ങള്‍ മെനഞ്ഞ് പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചു. ഒടുവില്‍ മാനസിക പീഢനം ആത്മഹത്യയുടെ വക്കില്‍വരെ എത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണ്.

ലോ അക്കാദമി ലോ കോളേജ് ക്യാമ്പസില്‍ ‘ചെറിയകട’ എന്ന പേരില്‍ ബീവറേജസ് ഔട്ട്‌ലെറ്റിന് അഭിമുഖമായി ഒരു ഹോട്ടല്‍ കോളേജ് അധികൃതര്‍ നടത്തുന്നു. രോഗാതുരമായ പ്രൊഫഷണലിസവും, വില്‍പനയുടെ കച്ചവട തന്ത്രവും ഇവിടെ പരീക്ഷിക്കപ്പെടുന്നു. ദളിത് വിദ്യാര്‍ത്ഥികള്‍ ഇവിടെ പീഡിപ്പിക്കപ്പെടുന്നു. കോളേജ് നടത്തുന്ന ചെറിയകട എന്ന ഹോട്ടലില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ബിരിയാണി വിളമ്പിക്കുകയും മേശ തുടപ്പിക്കുകയും ചെയ്യുന്നു. ഇതിന് ഇരയായ ഒരു ദളിത് വിദ്യാര്‍ത്ഥി പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസ്സെടുത്തിട്ടില്ല. വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രിന്‍സിപ്പലിന്റെ കാര്‍ െ്രെഡവ് ചെയ്യിക്കുന്നതും നിത്യ സംഭവമാണ്. ഇത്തരം ജോലിചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് ഇന്റേണല്‍ മാര്‍ക്ക് കൂട്ടി നല്‍കുന്നു.

മാതാപിതാക്കളെ കോളേജില്‍ വിളിപ്പിക്കുമ്പോള്‍ മണിക്കൂറുകളോളം അവരെ ഓഫീസ് വരാന്തയില്‍ നിറുത്തുകയും വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് അപമാനിക്കുകയും ചെയ്യുന്നു. ഭാഷ, ജാതി, ദേശം, നിറം എന്നതിന്റെ പേരിലുള്ള അപമാനിക്കലും പീഡനവും നടക്കാറുണ്ട്.

കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ രോഗികളാകുമ്പോള്‍ രോഗത്തിന്റെ പേരുപറഞ്ഞ് അവരെ അപമാനിക്കുന്നു. ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നല്‍കുന്നില്ല.

വിദ്യാര്‍ത്ഥികളുടെ അന്തസ്, വ്യക്തിത്വം ഇവ കാത്തുസൂക്ഷിക്കപ്പെടുന്നില്ല. സാമൂഹിക വിദ്യാഭ്യാസ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ കോളേജ് ദയനീയമായി പരാജയപ്പെട്ടു. കോളേജില്‍ സര്‍ഗ്ഗാത്മകമായ അന്തരീക്ഷം ഇല്ല. കലാപ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നില്ല. ഉന്നതമായ ചിന്തകള്‍, അന്വേഷണങ്ങള്‍, വിമര്‍ശനങ്ങള്‍, സംവാദങ്ങള്‍, സാമൂഹ്യനീതി, സ്ത്രീ സുരക്ഷ, ജനാധിപത്യ ബോധം, മതേതരത്വം ഇവയെല്ലാം ലോ അക്കാദമി ലോ കോളേജില്‍ ഇല്ലാതായി.

നിരവധി നിഷ്‌കാമികളായ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെയും ആത്മാര്‍ത്ഥതയുടെയും ഫലമായിരുന്നു മുന്‍കാലങ്ങളിലെ കോളേജിന്റെ വളര്‍ച്ച. ഇന്ന് നിരവധി ജീവിതങ്ങളും വ്യക്തിത്വങ്ങളുമാണ് ക്യാമ്പസിനുള്ളില്‍ തകര്‍ന്നുവീഴുന്നത്.

പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണുവും, ഹൈദരബാദ് കേന്ദ്രസര്‍വ്വകലാശാലയിലെ രോഹിത് വേമുലയും ആത്മഹത്യ ചെയ്തതുപോലെയുള്ള സംഭവങ്ങള്‍ ഒരിക്കലും ഇനി ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല.

സര്‍വ്വകലാശാല ഉപസമിതി തെളിവെടുപ്പിലൂടെ കണ്ടെത്തിയ സുപ്രധാന തെളിവുകളുടെ അടിസ്ഥാനത്തില്‍ വളരെ ഗൗരവമേറിയ ശുപാര്‍ശകള്‍ താഴെ ചേര്‍ക്കുന്നതായി കാണിച്ചു സിന്‍ഡിക്കേറ്റ് അംഗം ജോണ്‍സണ്‍ എബ്രഹാം ഗവര്‍ണര്‍ക്കു കത്തയക്കുകയും ചെയ്തു. കത്തില്‍ ജോണ്‍സണ്‍ എബ്രഹാം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഇവയാണ്;

1. ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലുള്ള പീഢനങ്ങള്‍ ക്രിമിനല്‍ കുറ്റമായി കണ്ട് കേസ്സെടുക്കുക.
2. കോളേജ് പ്രിന്‍സിപ്പലിനെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യുക.
3. കോളേജിന്റെ സര്‍വ്വകലാശാല നല്‍കിയിരിക്കുന്ന അഫിലിയേഷന്‍ പിന്‍വലിക്കുക. വിദ്യാര്‍ത്ഥികളുടെ ഭാവിയെകരുതി കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുക.
4. ലോ കോളേജ് പ്രവര്‍ത്തിക്കുന്നതും സര്‍ക്കാര്‍ നല്‍കിയതുമായ 11.49 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക.

ഉപസമിതി റിപ്പോര്‍ട്ടിന്റെ കോപ്പി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍