UPDATES

ട്രെന്‍ഡിങ്ങ്

വിദ്യാര്‍ഥി പീഡനം, സദാചാര പൊലീസിംഗ്, ജാതി അധിക്ഷേപം: ചാനല്‍ ഷോയ്ക്ക് പുറത്ത് ലക്ഷ്മി നായരുടെ റിയല്‍ ഷോ

പ്രിന്‍സിപ്പാളിന്‌റെ സ്വേച്ഛാധിപത്യ ഭരണമാണ് ലോ അക്കാഡമിയില്‍ നടക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പാലക്കാട് പാമ്പാടി നെഹ്രു എഞ്ചിനിയറിംഗ് കോളേജിലെ വിദാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകളില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭം പടരുകയാണ്. ഈ കലാപം സംസ്ഥാനത്തെ പ്രമുഖ സര്‍ക്കാര്‍ ഇതര ലോ കോളേജായ കേരള ലോ അക്കാഡമിയിലേയ്ക്കും പടര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥി പീഡനവുമായി ബന്ധപ്പെട്ട് ലോ അക്കാഡമിയില്‍ മാനേജ്‌മെന്‌റിനും പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കും എതിരായ വിദ്യാര്‍ത്ഥി സമരം തുടങ്ങിയിട്ട് കുറേ കാലമായി. കൈരളി ചാനലിലെ പാചക പരിപാടിയുടെ അവതാരകയുമാണ് ലക്ഷ്മി നായര്‍. ലക്ഷ്മി നായരുടെയും കുടുംബത്തിന്‌റേയും സ്വേച്ഛാധിപത്യമാണ് ലോ അക്കാഡമിയില്‍ നടക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ഇന്‌റേണല്‍ മാര്‍ക്ക്, അറ്റന്‍ഡന്‍സ് അടക്കമുള്ള കാര്യങ്ങളിലെ വിവേചനപരമായ ഇടപെടല്‍, ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള ബന്ധങ്ങളില്‍ വ്യാജ പ്രചാരണം അഴിച്ചുവിട്ടുകൊണ്ടുള്ള സദാചാര പൊലീസിംഗ്, വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ജാതി അധിക്ഷേപങ്ങള്‍, എസ് സി – എസ്ടി ഗ്രാന്‍ഡ് നേടിയെടുക്കുന്നതിലുള്ള അലംഭാവം, വിദ്യാര്‍ത്ഥികള്‍ക്കെതിരായ പ്രതികാര നടപടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടാണ് പ്രക്ഷോഭം. കെ എസ് യുവും എംഎസ്എഫും എഐഎസ്എഫും അടങ്ങുന്ന സംയുക്ത സമര മുന്നണിയാണ് ഏറ്റവും ശക്തമായി രംഗത്തുണ്ടായിരുന്നത്. എസ്എഫ്‌ഐയും എബിവിപിയും ഒറ്റയ്‌ക്കൊറ്റയ്ക്ക് നില്‍ക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ എബിവിപിയും സംയുക്ത സമരമുന്നണിയിലേയ്ക്ക് വന്നു. എഐഎസ്എഫ്, എബിവിപി പ്രവര്‍ത്തകര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം പ്രിന്‍സിപ്പാള്‍ രാജി വയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ഇതുവരെ ഉന്നയിച്ചുകൊണ്ടിരുന്നതെങ്കിലും ഇപ്പോള്‍ പ്രിന്‍സിപ്പാള്‍ രാജി വച്ചേ മതിയാകൂ എന്ന നിലപാടിലാണ് എസ്എഫ്‌ഐയും സംയുക്ത സമര മുന്നണിയും.

പ്രിന്‍സിപ്പാളിന്‌റെ സ്വേച്ഛാധിപത്യ ഭരണമാണ് ലോ അക്കാഡമിയില്‍ നടക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രിന്‍സിപ്പാളിന് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രിന്‍സിപ്പാളിനെ പ്രീണിപ്പിച്ച് നില്‍ക്കുന്നവര്‍ക്കും ഇന്‌റേണല്‍ മാര്‍ക്ക് കൂട്ടി നല്‍കുമ്പോള്‍ മറ്റുള്ളവരെ ഇടിച്ചു താഴ്ത്തുന്നു. അധ്യാപകര്‍ ഇടുന്ന ഇന്‌റേണല്‍ മാര്‍ക്ക് പ്രിന്‍സിപ്പാളിന് തോന്നിയ പോലെ വെട്ടിക്കുറക്കുകയും കൂട്ടുകയും ചെയ്യുന്നു. ഇതിന്‌റെ പേരില്‍ ഒരു അധ്യാപിക രാജി വച്ച് പോയിരുന്നു. പ്രിന്‍സിപ്പാളിന് താല്‍പര്യമില്ലാത്തവര്‍ ക്ലാസില്‍ കയറിയിട്ടും കാര്യമില്ല. അറ്റന്‍ഡന്‍സ് അവര്‍ക്ക് തോന്നിയതേ ഇടൂ. അറ്റന്‍ഡന്‍സ് പ്രസിദ്ധീകരിക്കുന്ന ഏര്‍പ്പാടില്ല. ക്ലാസില്‍ കൃത്യമായി കയറുന്നവര്‍ക്കും ആവശ്യത്തിന് അറ്റന്‍ഡന്‍സ് ഉള്ളവര്‍ക്കും അത് രേഖപ്പെടുത്താത്തത് കൊണ്ട് പരീക്ഷ എഴുതാന്‍ കണ്ടൊണേഷന്‍ അടയ്‌ക്കേണ്ടി വരുന്നു. പ്രിന്‍സിപ്പാളിന്‌റെ ഇഷ്ടക്കാരായ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറാതെ അറ്റന്‌റന്‍സും നല്ല രീതിയില്‍ ഇന്‌റേണല്‍ മാര്‍ക്കുകയും നേടുന്നു.

മാതൃകാ കോടതി നടപടികള്‍, സെമിനാറുകള്‍, വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയ പരിപാടികള്‍ അടങ്ങുന്ന മൂട്ട് കോര്‍ട്‌സിന്‌റെ ഭാഗമായവര്‍ക്ക് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ അനുവാദമില്ല. എന്നാല്‍ ഇവര്‍ക്ക് ഇന്‌റേണലിന്‌റെ കാര്യത്തില്‍ സഹായം നല്‍കുന്നു. മറ്റുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്ന യൂണിഫോം ഇവര്‍ക്ക് ബാധകമല്ല. അതേസമയം മൂട്ടില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളോട് പോലും ഒരേ സമീപനമല്ല ഉള്ളതെന്ന് മൂട്ടിന്‌റെ ഭാഗമായ വിദ്യാര്‍ത്ഥിനി പറയുന്നു. വിദ്യാര്‍ത്ഥികളെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. നാട്ടിലേയ്ക്ക് പോകുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പലപ്പോഴും ട്രെയിനില്‍ ഒരുമിച്ചാണ് പോകുന്നത്. ഇത് വച്ച് കോളേജിന് ചീത്തപ്പേരുണ്ടാക്കി എന്ന് പറഞ്ഞ് അപവാദങ്ങള്‍ പ്രചരിപ്പിക്കാനും വീട്ടില്‍ വിളിച്ച് പറഞ്ഞ് പ്രശ്‌നമുണ്ടാക്കാനും ശ്രമിച്ചു. പരീക്ഷാത്തലേന്ന് ഒരു ആവശ്യവുമില്ലാതെ പല തവണ വിളിച്ച് ചീത്ത പറഞ്ഞു. സംസ്‌കാരശൂന്യമായി മാത്രമേ പ്രിന്‍സിപ്പാള്‍ സംസാരിക്കൂ എന്നാണ് പെണ്‍കുട്ടികളുടെ പരാതി. ഒരു പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുമ്പോള്‍ കാണിക്കുന്ന മര്യാദയോ സഭ്യതയോ സംസാരിക്കുമ്പോള്‍ ഇവര്‍ കാണിക്കാറില്ല. അധ്യാപകര്‍ മനസുകൊണ്ട് വിദ്യാര്‍ത്ഥികളെ പിന്തുണക്കുന്നുണ്ടെങ്കിലും പ്രിന്‍സിപ്പാളിനെ പേടിച്ച് ഒതുങ്ങിനില്‍ക്കുകയാണ്.

മാനേജ്‌മെന്‌റിനെതിരെ സംസാരിക്കരുതെന്നും സംഘടനാ പ്രവര്‍ത്തനം നടത്തരുതെന്നും അങ്ങനെ ചെയ്താല്‍ കോഴ്‌സ് തുടരാനാവില്ലെന്നും പറഞ്ഞ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നുണ്ട്. സദാചാര പൊലീസിംഗ് വലിയ പ്രശ്‌നമാണ്. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും കാന്‌റീനില്‍ ഇരുന്ന സംസാരിക്കുന്നത് പോലും വിലക്കുകയും ഇത്തരത്തില്‍ സംസാരിക്കുന്നവരെ ഓഫീസില്‍ വിളിച്ച് വരുത്തി വിരട്ടുകയും ചെയ്യുന്ന പരിപാടി പ്രിന്‍സിപ്പാളിനുണ്ട്. വീട്ടുകാരെ വിളിച്ച് വിദ്യാര്‍ത്ഥികളെ കുറിച്ച് മോശമായ രീതിയില്‍ സംസാരിക്കും. അവസാന സെമസ്റ്ററില്‍ പരിശീലനത്തിന്‌റെ ഭാഗമായി വിദ്യാര്‍ത്ഥികളെ കോടതികളിലേയ്ക്ക് വിടുന്ന പരിപാടിയുണ്ട്. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ച് കോര്‍ട്ട് വര്‍ക്കിന് വിടില്ലെന്നാണ് പ്രിന്‍സിപ്പാളിന്‌റെ നിലപാട്. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സിസിടിവി ക്യാമറ വച്ച് നിരീക്ഷണം നടത്തുകയും അനാവശ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പെണ്‍കുട്ടികളുടെ സുരക്ഷക്കെന്ന് പേര് പറഞ്ഞാണ് ഹോസ്റ്റലില്‍ ടോയ്‌ലറ്റുകള്‍ക്ക് മുമ്പിലടക്കം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.

യൂണിയന്‍ ഭരിക്കുന്ന എസ്എഫ്‌ഐ ഇപ്പോള്‍ സമരരംഗത്തുണ്ടെങ്കിലും ക്യാമ്പസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ വലിയൊരു ഭാഗം വിദ്യാര്‍ത്ഥികള്‍ അവരുടെ സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നാണ് എഐഎസ്എഫ് പറയുന്നത്. ഒട്ടും സഹകരണ മനോഭാവമില്ലാത്ത സമീപനമാണ് എസ്എഫ്‌ഐയുടേതെന്ന് എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി വിവേകും പ്രസിഡന്‌റ് അബിനും പറയുന്നു. ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടേയും പിന്തുണ തങ്ങള്‍ക്കാണ്. അതേസമയം പൊതുവായ ആവശ്യത്തില്‍ ഒരു സമരം നടക്കുന്നതിനാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ താല്‍പര്യമില്ലെന്നും വിവേക് അഴിമുഖത്തോട് പറഞ്ഞു.

എസ് സി – എസ്ടി ഗ്രാന്‍ഡ് നേടിയെടുക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടേത്. എസ് സി – എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ തന്നെ പ്രിന്‍സിപ്പാളും മാനേജ്‌മേന്‌റും വലിയ വിമുഖത കാണിക്കുന്നുണ്ട്. എസ് സി – എസ്ടി കോട്ടയില്‍ എത്ര വിദ്യാര്‍ത്ഥികള്‍ ഇവിടെ ചേര്‍ന്നിട്ടുണ്ട് എന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാത്തത് കൊണ്ട് രജിസ്റ്റര്‍ ബുക്കില്‍ നിന്ന് തന്നെ ഒഴിവാക്കി. നിങ്ങള്‍ കുടില്‍ കെട്ടിയോ അല്ലാതെയോ എങ്ങനെ വേണമെങ്കില്‍ സമരം ചെയ്‌തോ. എനിക്കൊരു പ്രശ്‌നവുമില്ല. ചിലപ്പോള്‍ കോളേജ് അടച്ചു പൂട്ടിയേക്കാം. എനിക്ക് വേറെ ജോലിയും വരുമാനവുമുണ്ട്. ഇതാണ് ലക്ഷ്മി നായരുടെ നിലപാട്. പട്ടികജാതിക്കാരനെന്നും ഈഴവനെന്നും മേത്തനെന്നും മറ്റും വിളിച്ചുള്ള ജാതീയ അധിക്ഷേപങ്ങള്‍ പ്രിന്‍സിപ്പാളിന്‌റെ സ്ഥിരം പരിപാടിയാണ്. കോളേജിന്‌റെ ഒദ്യോഗിക വെബ്‌സൈറ്റില്‍ ബോഡ് അംഗങ്ങളുടെ വിവരങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇതില്‍ ബോഡ് പ്രസിഡന്‌റ് എന്ന് ഇപ്പോഴും കാണുന്നത് അന്തരിച്ച ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ഗവേണിംഗ് കൗണ്‍സിലിലും വിആര്‍ കൃഷ്ണയ്യര്‍ ഇപ്പോഴും അംഗമാണ്. ഇതാണ് ഇവിടത്തെ അവസ്ഥ.

എസ്എഫ്‌ഐ മൂന്ന് ദിവസം കഴിഞ്ഞാണ് സമരരംഗത്തെത്തിയത്. ഞങ്ങളാണ് സമരം തുടങ്ങിവച്ചത്. അവര്‍ ഒറ്റയ്ക്ക് സമരം നടത്തുന്നു. എന്നാല്‍ ഏതെങ്കിലും സംഘടനകള്‍ക്കെതിരെ ഇപ്പോഴത്തെ സാഹര്യത്തില്‍ എന്തെങ്കിലും പറയാന്‍ താല്‍പര്യമില്ലെന്ന് കെ എസ് യു യൂണിറ്റ് പ്രസിഡന്‌റ് ക്രിസ്റ്റിന്‍ മാത്യുവും എംഎസ്എഫ് യൂണിറ്റ് പ്രസിഡന്‌റ് മന്‍സൂര്‍ ബാഫഖിയും പറയുന്നു. വര്‍ഷങ്ങളായി മാനേജ്‌മെന്‌റുമായി വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി പ്രശ്‌നങ്ങളുണ്ട്. കഴിഞ്ഞ ആറ് മാസത്തിനകം 21 വിദ്യാര്‍ത്ഥികളെ ഇയര്‍ ഔട്ട് ആക്കി. ഏഴ് പേര്‍ കോഴ്‌സ് നിര്‍ത്തിപ്പോയി. ജിഷ്ണുവിന്‌റെ വിഷയത്തില്‍ കാമ്പെയിന്‍ ചെയ്യാം. ലോ അക്കാഡമിയുമായി ബന്ധപ്പെട്ട കാര്യം മിണ്ടാന്‍ പാടില്ല എന്നാണ് ലക്ഷ്മി നായരുടെ നിലപാട്. കാമ്പെയിന് അനുമതി ചോദിച്ച അന്ന് തന്നെ കോളേജ് അടച്ചിടുകയാണ് അവര്‍ ചെയ്തത്. ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഇതുവരെ അവര്‍ തയ്യാറായിട്ടില്ല.

അതേസമയം എസ്എഫ്‌ഐ സമരരംഗത്ത് നിന്ന് വിട്ടുനിന്നു എന്ന പ്രചാരണം ശരിയല്ലെന്ന് യൂണിറ്റ് ജോയിന്‌റ് സെക്രട്ടറി വൈഷ്ണവ് പറഞ്ഞു. എസ്എഫ്‌ഐയ്ക്ക് വളരെ കൃത്യമായ സംഘടനാരീതികളുണ്ട്. ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നത്തില്‍ ഇടപെടാതിരുന്നിട്ടില്ല. പെട്ടെന്നൊരു ദിവസം വിദ്യാര്‍ത്ഥികളെ തെരുവില്‍ ഇറക്കുകയല്ല ചെയ്യുന്നത്. ജൂണ്‍ 14ന് 13 അവകാശങ്ങള്‍ ആവശ്യപ്പെട്ട് അവകാശ പത്രിക സമര്‍പ്പിച്ചിരുന്നു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ഇടപെട്ടതോടെ സമരത്തിന്‌റെ രൂപം മാറി. എസ്എഫ്‌ഐ മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ സമരത്തിന് എതിരല്ല. അതേസമയം എസ്എഫ്‌ഐ നേരത്തെ തന്നെ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളുടെ തുടര്‍ച്ചയായാണ് ഈ സമരത്തിലേയ്‌ക്കെത്തുന്നത്. എസ്എഫ്‌ഐയ്ക്ക് ഒറ്റയ്ക്ക് ഇത് മുന്നോട്ട് കൊണ്ടുപോവാനുള്ള ശേഷിയുമുണ്ട് – വൈഷ്ണവ് പറഞ്ഞു.

പ്രിന്‍സിപ്പാളിന്‌റെ മകന്‍ വിവാഹം കഴിക്കാന്‍ പോകുന്ന യുവതി, ലോ അക്കാഡമിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഈ പെണ്‍കുട്ടിയുടെ താല്‍പര്യത്തിനനുസരിച്ചാണ് ക്യാമ്പസില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന പരാതിയും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. ലേഡീസ് ഹോസ്റ്റലില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഈ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണെന്ന് സമരരംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഹോസ്റ്റലില്‍ നിന്ന് പുറത്ത് പോകണമെങ്കില്‍ പോലും പെണ്‍കുട്ടികള്‍ ഈ വിദ്യാര്‍ത്ഥിനിയോട് ചോദിക്കേണ്ട അവസ്ഥയാണ്. അധ്യാപകരെ പോലും ഭരിക്കാനുള്ള അവകാശം പ്രിന്‍സിപ്പാള്‍ ഈ വിദ്യാര്‍ത്ഥിനിക്ക് നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അദ്ധ്യാപകര്‍ക്ക് ഇവിടെ യാതൊരു വിലയുമില്ല. പ്രിന്‍സിപ്പാളിന്‌റെ വണ്‍ വുമണ്‍ ഷോയാണ് ഇവിടെ നടക്കുന്നത്.

വിദ്യാര്‍ത്ഥികളെ ഗുണ്ടകളെ വിട്ട് തല്ലിക്കുമെന്ന് വരെ പ്രിന്‍സിപ്പാള്‍ ഭീഷണിപ്പെടുത്തിയിട്ടുള്ളതായി എബിവിപി നേതാവ് അഭിജിത് പറയുന്നു. പിന്‍സിപ്പാളിന്‌റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളില്‍ വിദ്യാര്‍ത്ഥികളെ പണിയെടുപ്പിക്കുക, അവരുടെ കാര്‍ കഴുകിക്കുക, പട്ടിക്ക് ഇഞ്ചക്ഷനെടുക്കാന്‍ കൊണ്ടുപോവാന്‍ ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങളുണ്ട്. ഇങ്ങനെയൊക്കെ പണിയെടുത്താലേ ഇന്‌റേണല്‍ മാര്‍ക്ക് കിട്ടൂ എന്നും വിദ്യാര്‍ത്ഥികളോട് പറയുന്നുണ്ട്. സെമിനാറിന് എന്ന് പറഞ്ഞ് നിര്‍ബന്ധിതമായി അഞ്ഞൂറ് രൂപ വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്നു. ആണ്‍കുട്ടികള്‍ക്ക് വൃത്തിയുള്ള ടോയ്‌ലറ്റുകളില്ല. എല്ലാ തരത്തിലും പ്രിന്‍സിപ്പാളിന്‌റെ ആനുകൂല്യങ്ങളും പറ്റി, അവസാനനിമിഷം സമരത്തിലേയ്ക്ക് കടന്നുകയറി അക്രമം അഴിച്ച് വിടുകയാണ് എസ്എഫ്‌ഐ എന്നാണ് അഭിജിത്തിന്‌റെ ആരോപണം. അവര്‍ വെറുതെ കോളേജിലെ ക്യാമറകള്‍ തല്ലിത്തകര്‍ക്കുന്നു. ഗ്ലാസ് അടിച്ചുപൊട്ടിക്കുന്നു, വാതിലുകളുടെ പൂട്ടുകള്‍ തല്ലിത്തകര്‍ക്കുന്നു. ഇങ്ങനെ അനാവശ്യ കാര്യങ്ങളാണ് എസ്എഫ്‌ഐ ചെയ്യുന്നത്. അക്രമം അഴിച്ച് വിടുന്നതിലൂടെ ഒരു തരത്തില്‍ അവര്‍ ഈ സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. പെണ്‍കുട്ടികളില്‍ വലിയൊരു വിഭാഗം സമരത്തിനെത്താത്തതും ഈ അക്രമം ഭയന്നിട്ടാണെന്നും എബിവിപി നേതാവ് അഭിപ്രായപ്പെട്ടു.

ജിഷ്ണു പ്രണോയിയുടെ മരണത്തോടെ കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥി പീഡനം പെട്ടെന്ന് ഒരു ദിവസം തുടങ്ങിയതല്ല. എന്നാല്‍ ഇത്തരം പ്രക്ഷോഭങ്ങളുടെ തീ കെടുന്നതോടെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പഴയ പോലെ തുടരുന്നു എന്നാണ് കാണുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്എഫ്‌ഐയ്ക്ക് അവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടെങ്കിലും ലോ അക്കാഡമിയിലെ സമരത്തില്‍ വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗത്തിന്‌റെ പിന്തുണ സംയുക്ത വിദ്യാര്‍ത്ഥി മുന്നണിക്ക് ലഭിക്കുന്നുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍