UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീകളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചിട്ടല്ല കേസ് തീരുമാനിക്കേണ്ടത് – അഡ്വ. ബിന്ദു കൃഷ്ണ

സ്ത്രീ സുരക്ഷാനിയമങ്ങള്‍ മാത്രം പോര; അത് നടപ്പാക്കുകയും വേണം

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള ബലാത്സംഗത്തിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 1644. 2007ല്‍ ഇത് 500 ആയിരുന്നു. ലൈംഗിക പീഡനക്കേസുകളുടെ എണ്ണത്തിലും അതേ വര്‍ദ്ധനവു പ്രകടമായി കാണാം. 2007ല്‍ ഈ കണക്ക് 2604 ആയിരുന്നെങ്കില്‍ 2016 ല്‍ എത്തുമ്പോള്‍ കേസുകളുടെ എണ്ണം 4035 ല്‍ എത്തി. കുഞ്ഞുങ്ങൾ, പെണ്‍കുട്ടികള്‍, വൃദ്ധകള്‍ തുടങ്ങി ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കെതിരേയും കേരളത്തില്‍ നടന്നു വരുന്ന അക്രമങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. സൗമ്യ, ജിഷ എന്നീ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരന്തങ്ങളില്‍ നാം ഏറെ ചര്‍ച്ച ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇനിയങ്ങനെയൊന്ന് ഒരു സ്ത്രീക്കു നേരെയും ഉണ്ടാകില്ലെന്ന വിശ്വാസം തകര്‍ത്തു കൊണ്ട് കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് സ്ത്രീകളുടെ ജീവിതം പോകുന്നതെന്നതിന് തെളിവായിരുന്നു കൊച്ചി പോലൊരു വലിയ നഗരത്തില്‍, പ്രശസ്തയായൊരു ചലച്ചിത്ര താരത്തിനു നേരിടേണ്ടി വന്ന പീഡനം. ഈ ഓരോ സംഭവവും ഒറ്റപ്പെട്ടവയായി കാണാനാകില്ല. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. സമൂഹത്തിന്റെ വിവിധധാരകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് അഴിമുഖം. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊല്ലം ജില്ല പ്രസിഡന്‍റും മഹിളാ കോണ്‍ഗ്രസ്സ് നേതാവുമായ അഡ്വ. ബിന്ദു കൃഷ്ണ പ്രതികരിക്കുന്നു.

സ്റ്റേറ്റിന്റെ അനാസ്ഥയും നിസംഗതയുമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടാന്‍ കാരണമാവുന്നത്. സൗമ്യ, ജിഷ, അവസാനം ഭാവന-എല്ലാ കേസുകളിലും ഇത് പ്രകടമാണ്. അങ്ങേയറ്റം ഞെട്ടിപ്പിക്കുന്ന സംഭവമാണ് സെലിബ്രിറ്റിയായ ഒരു നടിക്കു നേരെയുള്ള ആക്രമണം. തിരക്കുള്ള നാഷണല്‍ ഹൈവേയില്‍ ആ നടിയെപ്പോലൊരാള്‍ക്ക് ഇത് സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നുപോലുമില്ല. ഈ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ കാരണം നമ്മുടെ നാട്ടിലെ സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഇതൊന്നും നടപ്പാക്കപ്പെടുന്നില്ല എന്നതുകൊണ്ടാണ്.

കേരളത്തിലെ പൊതുസമൂഹം രാഷ്ട്രീയ വേര്‍തിരിവോ മറ്റ് ഭേദചിന്തകളോ ഇല്ലാതെ ഒറ്റക്കെട്ടായി നിന്ന രണ്ട് കേസുകളാണ് സൗമ്യ കേസും ജിഷ വധക്കേസും. പ്രതികളെ പിടിക്കണം, അവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കണം എന്ന് എല്ലാവരും ആവശ്യപ്പെട്ടു. എന്നിട്ടും എന്താണുണ്ടായത്. സൗമ്യക്കേസില്‍ ഹൈക്കോടതി കൊലക്കയര്‍ വിധിച്ചിട്ട് സുപ്രീംകോടതി നേരെ തിരിച്ച് പറഞ്ഞു. കേസ് നടത്തിപ്പിന്റെ അപാകതയാണ് അതിന് കാരണം എന്നാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. സ്റ്റേറ്റിന്റെ അനാസ്ഥയും നിസംഗതയും നിഷ്‌ക്രിയത്വവുമാണ് അതില്‍ വെളിവാകുന്നത്. ജിഷ കേസില്‍ കുറ്റപത്രത്തില്‍ പോലും പ്രശ്‌നങ്ങള്‍ വന്നിട്ട് കുറ്റപത്രം തിരുത്തേണ്ടി വന്നു. വടക്കാഞ്ചേരി പീഡന കേസില്‍ ഒരു സ്ത്രീയും ഭര്‍ത്താവും ഒരുമിച്ച് വന്നിരുന്ന് അക്ഷരാര്‍ഥത്തില്‍ കേരള സമൂഹത്തിന് മുന്നില്‍ കരയുകയായിരുന്നു. പ്രതി ഒരു രാഷ്ട്രീയക്കാരനായതുകൊണ്ട് അയാള്‍ക്ക് സംരക്ഷണം കൊടുക്കുകയാണ് പോലീസ് ചെയ്യുന്നത്. രാഷ്ട്രീയക്കാര്‍ക്കോ ജാതിമതസംഘടനകളില്‍ സ്വാധീനമുള്ളവര്‍ക്കോ വേണ്ടി നമ്മുടെ നിയമം വഴിമാറുകയാണ്. അവസാനം നടന്ന ഭാവനയുടെ സംഭവം നോക്കിയാല്‍ നടന്‍ ലാല്‍ പോലീസുകാരേയും ജനപ്രതിനിധകളേയും വിളിച്ചപ്പോള്‍ അവരാരും ഇക്കാര്യം അറിഞ്ഞിട്ടില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം വന്നപ്പോള്‍ പ്രതി പാലാരിവട്ടത്തിനടുത്തുണ്ടെന്ന് ബോധ്യമായതായാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഈ കേസില്‍ പ്രതികളെ പിടിക്കുന്ന കാര്യത്തിലും പോലീസിന്റെ ശുഷ്‌കാന്തിക്കുറവുണ്ട്. മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം തന്നെ ഇതിന് തെളിവാണ്. പ്രതികള്‍ വലയ്ക്ക് പുറത്തു പോയിട്ട് പിന്നെ വലവിരിക്കുന്നതില്‍ എന്ത് കാര്യമാണുള്ളത്.

ഒരു പെണ്ണ് എന്റെ ശരീരത്തില്‍ തൊടരുതെന്ന് പറഞ്ഞാല്‍ അത് തൊടരുതെന്ന് തന്നെയാണ്. പിന്നെ തൊടുന്നവന്‍ കുറ്റവാളിയാണ്. സ്ത്രീകളുടെ പശ്ചാത്തലവും സ്വഭാവ സര്‍ട്ടിഫിക്കറ്റും പരിശോധിച്ചിട്ടല്ല കേസ് തീരുമാനിക്കേണ്ടത്. സ്ത്രീപീഡനക്കാര്‍ ജീവിക്കേണ്ടത് ജയിലിലാണ്. പൊതു സമൂഹത്തില്‍ സ്വതന്ത്രരായി നമ്മളോടൊപ്പം ജീവിക്കാന്‍ അവരെ അനുവദിക്കരുത്. സാമൂഹിക മന:പരിവര്‍ത്തനം ഉണ്ടായാല്‍ മാത്രമേ പെണ്ണുങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതി വരുത്താനാവൂ.

(തയ്യാറാക്കിയത് കെ ആര്‍ ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍