UPDATES

വായന/സംസ്കാരം

പൂച്ചയെ പോലെ ചില പുലികള്‍

Avatar

വി കെ അജിത്‌ കുമാര്‍

ഭ്രമിപ്പിക്കുന്ന ഒരു വാചാലതയുണ്ട് ലാസറിന്‍റെ എഴുത്തിന്. നാഗരികതയുടെ കെട്ടുപാടുകള്‍ വിട്ട്‌ മാനവികതയുടെ തുരുത്തില്‍ ഇടം തേടുന്ന വാചാലത. അവിടെ പ്രകൃതിയും മണ്ണും പൂവും മിന്നാമിനുങ്ങിയും കാട്ടിലെ ഇരപിടിയനായ പുലിയും അതിബുദ്ധിയുടെ സൂചകമായ മനുഷ്യനും ഒരുപോലെ മതിഭ്രമത്തിന്‍റെ ജീവിതം ഘോഷിക്കുന്നു. ഉടച്ചുവാര്‍ക്കല്‍ എന്നേ അനിവാര്യമായ പൊതുജിവിതം എന്ന ചട്ടക്കൂട്ടില്‍ മനുഷ്യന്‍ പ്രകൃതിയെ എത്രമാത്രം തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് മനസിലാക്കണമെങ്കില്‍ ഒരിക്കലെങ്കിലും മനസില്‍ ആദര്‍ശത്തിന്‍റെ ഭാരമില്ലാതെ സ്വപ്നം കാണാന്‍ ശീലിക്കണം. ഇതിനെ ഫ്രോയിഡ് സൂചിപ്പിക്കന്ന ഓട്ടോമറ്റിസം എന്ന അവസ്ഥയുമായി താരതമ്യപ്പെടുത്താം. സ്വതന്ത്ര രൂപകങ്ങളുടെ ബിംബങ്ങളുടെ ഭാവനയുടെ ഒരു ലോകം എഴുത്തുകാരന്‍റെ ഭാവനാ മണ്ഡലത്തെ വരുതിയില്‍ നിര്‍ത്തുകയും ഭാവനയുടെ അവകാശം കൈക്കലാക്കുകയും ചെയ്യുന്നു. അത്തരം ഒരു അവസ്ഥയാണ് ലാസര്‍ ഷൈന്‍ ആദം ന്യൂട്ടണ്‍ എന്ന കഥയിലും  കൂ എന്ന പേര് നല്‍കിയ കഥയിലും അനുഭവിക്കുന്നത്.

നിരന്തരമായ മാറ്റം ആസ്വാദനത്തിന്‍റെ അനിവാര്യതയാണ്. അത് നല്‍കാന്‍ കഥാകാരന് കഴിയണം. ഒഴിഞ്ഞുനില്‍ക്കുന്ന ജിവിതത്തിന്‍റെ ലാളിത്യം കണ്ടെത്തി ലാസര്‍ ഷൈന്‍ ഇത് ക്രമമായി നല്‍കുന്നു.. വന്യതയുടെയും ഭീതിയുടെയും ബിംബവല്‍ക്കരണം മനുഷ്യന്‍ നടത്തുന്നത് അവന്‍റെ ജിവിതത്തെ ആസ്പദമാക്കി മാത്രമാണെന്ന ചിന്തയെ പരിഹസിക്കുന്നതാണ് കൂ എന്ന കഥയിലെ പൂച്ചയെ പോലുള്ള പുലിയിലൂടെ ലഭിക്കുന്നത്. ഒരു രാത്രിയുടെ ഇരുട്ടില്‍ റാഹേലിന്‍റെ അങ്ങേര് കൊണ്ടുവന്നത് ഒരു പുലിയെയായിരുന്നു. ഇരുളില്‍ തുറന്ന വതിലിലൂടെ നിലാവും പുലിയും ഒരു മിന്നാമിനുങ്ങും മരം ചീഞ്ഞ കാടിന്‍റെ ഗന്ധവും അവളുടെ ഇടുങ്ങിയ ജിവിതത്തിലേക്കാണ് കടന്നുവന്നത്. കയറിവന്നപ്പോള്‍ തന്നെ പുലി അതിന്‍റെ പ്രണയത്തിന്‍റെ മിന്നാമിനുങ്ങിനെ ഒരു നക്കലിലൂടെ റാഹേലിന്‍റെ ഉള്ളിലേക്ക് കടത്തിവിടുകയും ഒരു ഇക്കിളിയുടെ നിലാവായി അതു മാറുമ്പോള്‍ മുതല്‍ സമൂഹജീവിതമെന്ന വ്യവസ്ഥാപിത സ്ഥാപനം പെണ്ണില്‍ നിന്നും അടര്‍ത്തിമാറ്റിയ രതിയും പ്രണയവും എത്ര വന്യമായിരുന്നു എന്ന് വരച്ചു കാണിക്കപ്പെടുകയും ചെയ്യുന്നു. വെറും പാര്‍ശ്വജിവിതം വഹിക്കുന്നവരില്‍ നിന്നുപോലും പ്രകൃതിയും സ്നേഹവും പ്രണയവും അകന്നുപോകുന്നത് അവിടെ നിലനില്‍ക്കുന്ന ഇല്ലായ്മയോ  അതുമല്ലെങ്കില്‍ മുകളിലുള്ള ജിവിതം സ്വപ്നം കാണുന്നതു കൊണ്ടോ ആകുന്നു.

പുലിയെ മൊത്തത്തില്‍ ഒരു ലാഭക്കച്ചവടതിനുള്ള ചരക്കായി സ്വപ്നം കാണുന്ന ഗൃഹനാഥന്‍ എങ്ങനെ പ്രകൃതിയുടെ നൈസര്‍ഗ്ഗിക ജിവിതങ്ങളെ വരുതിയില്‍ കൊണ്ടുവന്നു വിറ്റഴിക്കാം എന്ന ചിന്തയിലാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ലിംഗനിര്‍ണ്ണയം നടത്തിയിട്ടില്ലാത്ത പുലി പെണ്ണാണെങ്കില്‍ പ്രസവവും കുഞ്ഞുങ്ങളുടെ എണ്ണവും എല്ലാം കൂടി നല്‍കാവുന്ന ഒരു വന്‍ ലാഭത്തിലേക്കാണ് റാഹേലിന്‍റെ ചിന്ത കടന്നു പോകുന്നത്.

പുലി പൂച്ചയെപ്പോലെയോ മനുഷ്യനെ പ്പോലെയോ  അവര്‍ക്കിടയില്‍ ജീവിക്കുമ്പോഴും റാഹേലിന്‍റെ നോട്ടം അതിന് ആണുങ്ങള്‍ക്കുള്ളതുപോലെ നീണ്ടത്  വല്ലതുമുണ്ടോ എന്ന ലിംഗനിര്‍ണ്ണയത്തിലായിരുന്നു. എന്നാല്‍ പുലിയുടെ ഇടപഴകല്‍ ആണിന്‍റെതായി അവള്‍ക്കു തോന്നുകയും കാമത്തിന്‍റെ  സ്ഖലനങ്ങള്‍ അവളില്‍ രൂപപ്പെടുകയും ചെയ്യുന്നു. മാറിവന്ന നിലനില്‍പ്പിന്‍റെ സാഹചര്യത്തില്‍ അവള്‍ അതിനെ ജിവിതത്തിന്‍റെ ഭൌതികമായ സുഖം നല്‍കുന്ന ഒരു കമ്പോള വസ്തുവായി മാത്രം കാണുകയും ഒറ്റുകൊടുക്കുകയും ചെയ്യുന്നു. പിന്നെയുണ്ടാകുന്ന സൗഭാഗ്യത്തിന്‍റെ ദിനങ്ങളില്‍ അവള്‍ക്ക് അവളുടെ അങ്ങേരുടെ സാന്നിധ്യം സ്വപ്നമായി മാത്രം അവശേഷിക്കുന്നു.

പ്രമേയപരമായ ഒരു പ്രത്യേക സ്ത്രീ പക്ഷപാതം ഇവിടെ നിലനില്‍ക്കുന്നു. രതിയും കാമവും പ്രണയവും അന്യമായ ഒറ്റമുറി ജിവിതത്തിനുള്ളില്‍ നിന്നും രക്ഷനേടാനുള്ള കുറുക്കുവഴികള്‍ ഓരോരുത്തരും അന്വേഷിക്കുന്നു. കൂടാതെ എത്ര ശ്രമിച്ചാലും ഉള്ളില്‍ നിന്നും മാറ്റാന്‍ കഴിയാത്ത ആദ്യ ഇണയെ പറ്റിയുമൊക്കെയുള്ള ഓര്‍മ്മകള്‍ പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഈ കഥയില്‍ നിറയുന്നു.

എന്നാല്‍ ആദം ന്യുട്ടണ്‍ തികച്ചും വ്യത്യസ്തമാണ്. ഇവിടെ അപനിര്‍മ്മിക്കപ്പെടുന്നത് പഴയ രൂപകങ്ങളും ബിബങ്ങളും ഭ്രമകല്‍പ്പനകളുമാണ്. എഴുത്തിന്‍റെ പക്ഷം ചേരുന്നത് ചില മിത്തുകളുടെ പുതിയ വ്യഖ്യാനങ്ങളും. മുങ്ങിപ്പോയ സൃഷ്ടിപ്പഴമയുടെ ജലയാനത്തിലേക്ക് ഒരു നിധിവേട്ടയുടെ പ്രാഥമിക തലം നല്‍കുന്ന ഇതില്‍ ശിഥിലചിന്തകളുടെ പ്രളയം തന്നെ  നിറയുന്നു. അപ്പിള്‍ കണ്ടപ്പോള്‍ മുതല്‍ എനിക്ക് വെള്ളം വരാന്‍ തുടങ്ങി….”ആണും പെണ്ണുമല്ലാത്ത ദൈവം എല്ലാ ജീവികളില്‍ നിന്നും ആണിനേയും പെണ്ണിനേയും മാത്രം പെട്ടകത്തില്‍ കയറാന്‍ പറഞ്ഞത് മൈരിലെ കല്‍പനയാണ്.”  “കപ്പലില്‍ നിന്നും അവര്‍ മോഷ്ടിക്കാന്‍ ഉദ്ദേശിച്ചിരുന്നത് ന്യൂട്ടന്‍റെ തലയില്‍ വീണ ആപ്പിളും ആദത്തെയും ഹവ്വയെയും പുറത്താക്കി ദൈവം നടത്തിയ അശരീരിയുടെ ഓഡിയോ സിഡിയും ..അതിനു വലിയ ഡിമാന്‍റാണുള്ളത്” ഇങ്ങനെ ചിന്തയുടെയും ഭാവനയുടെയും അതിവാചാലതയില്‍ കടന്നുപോകുന്ന കഥയില്‍ ന്യൂട്ടണ്‍ എന്ന അതിബുദ്ധിയുടെ പുരുഷരൂപം പോലും ജെന്‍ഡര്‍ നിശ്ചയിക്കാന്‍ കഴിയാത്ത കാമത്തിന്‍റെ പ്രതീകമാകുന്നു. കാമം വിളിച്ചറിയിച്ച് ഭൌതികസൌഭാഗ്യങ്ങള്‍ എല്ലാം നിരാകരിച്ച ആദ്യ വിപ്ലവകാരിയായ ആദ്യ പുരുഷന് തലമുറകള്‍ക്കിപ്പുറമുള്ള അതിബുദ്ധിമാനായ മനുഷ്യന്‍ ഇണചേരാനുള്ള സ്ത്രീ ബിംബമാകുന്നത് ബുദ്ധിക്കുപരിനില്‍ക്കുന്നതാണ് രതിയെന്ന ഗോപ്യാവസ്ഥ എന്ന് വ്യക്തമാക്കുന്നുണ്ട്.  ഗേ തുല്യതയും കഴിഞ്ഞു പോകുന്ന  ആ ബന്ധം മനുഷ്യന്‍റെ അടിസ്ഥാന വികാരങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല എന്നതാണ് കാണിക്കുന്നത്. നിരന്തരമായി സൃഷ്ടിക്കപ്പെടുന്ന ബിംബങ്ങളും അതിലൂടെ വികസിക്കുന്ന കഥാപാത്രങ്ങളും സംവേദനത്തില്‍ അപഭ്രംശം സൃഷ്ടിക്കുന്നില്ല എന്നതാണ് രചനാപരമായി ഈ കഥയെ വേര്‍തിരിച്ചു നിര്‍ത്തുന്നത്. 

വ്യക്തി ജീവിതവും ചില പൊതു ജീവിതവും തമ്മില്‍ ബന്ധപ്പെടുന്നതിന്‍റെ കാഴ്ചയാണ് പ്രമോദ് രാമന്‍റെ ‘ലൈറ്റ് ഹൌസ്’. വി എസ് അച്യുതാനന്ദന്‍ എന്ന കേരളത്തിന്‍റെ പൊതുവികാരം പാര്‍ട്ടിയില്‍ സ്വീകാര്യനല്ലാതാകുന്നത് കേരളം അനുഭവിച്ചറിയുന്ന ഒരു സത്യമായി നിലനില്‍ക്കുന്നു. പാര്‍ട്ടിയുടെ ആലപ്പുഴ സമ്മേളനത്തില്‍ നിന്നും വി എസിന്‍റെ ഇറങ്ങിപോക്കും തിരുവനന്തപുരം യാത്രയും മറ്റൊരാളില്‍ സൃഷ്ടിക്കുന്ന വ്യക്തിപരമായ പ്രതിഫലനമാണ് ലൈറ്റ് ഹൌസ്. പ്രമേയ പരമായ പുതുമ അവകാശപ്പെടാനില്ലെങ്കിലും സമകാലിക കേരളം സി പി എം എന്ന പ്രസ്ഥാനത്തോട് ആവശ്യപ്പെടുന്ന ചിലത് വ്യക്തിപരമായ വൈകാരികതയില്‍ വരച്ചിടുകയാണ് പ്രമോദ്.


(കടപ്പാട്: മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്)

ആര്‍ കെ നാരായണന്‍റെ Waiting for Mahathmaയിലൂടെയും കെ എ അബ്ബാസിന്‍റെ ഇന്‍ക്വിലാബിലൂടെയും എത്തുന്ന ഗാന്ധിയും ഇത്തരം വികാരപരമായ സാന്നിധ്യമാണ് നല്‍കുന്നത്. നദിം ഗോര്‍ദിമറിലൂടെ മണ്ടേല കടന്നുവരുന്നതും പ്രിയനന്ദനന്‍റെ ഇ എം എസ് സാന്നിധ്യം ജിവിതത്തില്‍ ആവാഹിച്ച നെയ്ത്തുകാരനും  എഴുത്തുകാര്‍ പ്രോലിട്ടേറിയന്‍ പദവിയിലല്ലാതെ എഴുതുന്ന/നടത്തുന്ന സാമുഹിക ഉത്തരവദിത്വത്തിനുള്ള ഉദാഹരണങ്ങളാണ്.വിഎസ് എന്ന രാഷ്ട്രീയ നേതാവ് നേടിയെടുക്കുന്ന വികാരപരമായ സാന്നിധ്യം ചരിയുന്ന ഗോപുരമെന്ന ബിംബസാന്നിധ്യത്തിലൂടെ പാര്‍ട്ടിക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നുവെന്ന് പ്രമോദ് പറയുമ്പോള്‍ എഴുത്തിനിരുത്ത് എന്ന മറ്റൊരു കഥയില്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ രചനാപരമായ ഔന്നിത്യം നല്‍കാന്‍ ഇതേ കഥാകാരന്‍ ശ്രമിക്കുന്നു. രചനാവേളയില്‍ പെട്ടെന്ന് എഴുത്തുനിര്‍ത്തിയ പവന്‍ എന്ന എഴുത്തുകാരന്‍റെ കഥാപത്രങ്ങള്‍ അയാളുടെ ഭാര്യയായ മിയയില്‍ സൃഷ്ടിക്കുന്നത്  ക്ലൌസ്ട്രോഫോബിയയെന്നു വിളിക്കാം അല്ലെങ്കില്‍, പെണ്ണിന്‍റെ  ഇടുങ്ങിയ ജിവിതം നല്‍കുന്ന സംഘര്‍ഷങ്ങള്‍. അതില്‍നിന്നും രൂപപ്പെടുന്ന ഒരു പ്ലോട്ടില്‍ നിന്നും വികസിക്കുന്ന ഈ കഥയിലും ചരിത്രത്തിന്‍റെ ചില വായനകള്‍ നടക്കുന്നു. എന്നാല്‍ സ്വയം തിരിച്ചറിയപ്പെടാത്ത വിദ്യാസമ്പന്നയായ പെണ്ണിനെയാണ് ഈ കഥയില്‍ കാണുന്നത്. വിശാലമായ ഒരുലോകം അവള്‍ക്കു മുന്‍പിലുണ്ടെങ്കിലും അതെല്ലാം പുരുഷന് കൊടുത്തിട്ട് വീടെന്ന സ്ഥാപനത്തിനുള്ളില്‍ ആരുടെയൊക്കെയോ ഇച്ഛയുടെ ഫലമായി എന്താണ് ഐഡന്‍റിറ്റി എന്നുപോലുമറിയാതെ ജിവിക്കുന്ന അവസ്ഥയില്‍ നിന്നുള്ള ഒരു സര്‍ഗ്ഗാത്മക സ്വാതന്ത്ര്യമാണ് ഈ കഥ.

‘ചെറുകഥകള്‍ കുടുതല്‍ ലക്ഷ്യാധിഷ്ഠിതമാണ്. ആശയങ്ങളുടെ കൈബോംബുകളാണവ. അത് പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ പൊട്ടിത്തെറിക്കുന്നതുപോലെയാകണം. അതൊരിക്കലും മറക്കാന്‍ സാധിക്കാത്ത വിധമുള്ളതുമായിരിക്കും.’ പുതു അമേരിക്കന്‍. ചെറുകഥാകൃത്തായ  പോളോ ബസിഗലുപി ഇങ്ങനെ അഭിപ്രായപ്പെടുമ്പോള്‍, ഉത്തരാധുനികതയുടെ വായനയില്‍ എന്തും ഏതുരീതിയിലും എഴുതപ്പെടുകയും സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോള്‍, എഴുത്ത് മുന്നനുഭവങ്ങളില്‍ നിന്നും നിലവിലുള്ള  എഴുത്തില്‍നിന്നും ആശയങ്ങളും അനുഭവങ്ങളും സ്വാംശീകരിച്ചും (Pastiche) കാലത്തിന്‍റെയും വിവരണത്തിന്‍റെയും നിലനില്‍ക്കുന്ന മാതൃകകളെ നിരാകരിച്ചും (Temporal Distortion) അസാധാരണവും ചിലപ്പോള്‍ സാധാരണ കഥാപാത്രങ്ങളും നിറയുന്ന (Minimalism)തുമായ ഉത്തരാധുനിക വായന ശരിക്കും ശക്തമാക്കുന്നതിന്‍റെ തെളിവുകള്‍ നല്‍കുന്ന പുതിയ എഴുത്തുകാര്‍ മലയാളം കിഴടക്കുന്ന കാലം അതിവിദൂരമല്ല.

അലംബമാക്കിയ ചെറുകഥകള്‍;
*എഴുത്തിനിരുത്ത് (മാതൃഭൂമി) ,പ്രകാശഗോപുരം (പ്രസാധകന്‍-ഓണപ്പതിപ്പ്)—പ്രമോദ് രാമന്‍
*കൂ(മാതൃഭൂമി) ആദം ന്യൂട്ടണ്‍ (പ്രസാധകന്‍-ഓണപ്പതിപ്പ്)— ലാസര്‍ ഷൈന്‍

(ഐ എച്ച് ആര്‍ ഡി യില്‍ ഉദ്യോഗസ്ഥനാണ് വി കെ അജിത്ത് കുമാര്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍