UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐ ഗ്രൂപ്പിന്റെ ആത്മാര്‍ത്ഥത എങ്കിലും പ്രതിപക്ഷത്തിനുവേണം

Avatar

അഴിമുഖം പ്രതിനിധി

അങ്ങനെ അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കേരളം വഴുതാന്‍ തുടങ്ങി. രണ്ട് മുന്നണികളെയും ബിജെപിയേയും കൂടാതെ അഴിമതി വിമോചന മുന്നണിയെന്ന പിസി ജോര്‍ജ്ജ് പ്രസ്ഥാനം തികച്ചും പുതുമയാര്‍ന്ന രീതിയില്‍ ഒരു എഎപി ലൈനില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല, പതിവ് പോലെ ആദ്യം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഇടതുമുന്നണി ഒരു പടി മുന്നോക്കം പോവുകയും ചെയ്തിരുന്നു.

എന്നാല്‍ കാര്യങ്ങളെ അവര്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ പ്രകടമായ തെളിവായി വേണം ഇന്നലത്തെ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തെ കാണേണ്ടത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തും സര്‍ക്കാര്‍ അഴിമതിക്കെതിരായ സമരങ്ങളിലുമൊക്കെ പൊതുവില്‍ ഉയര്‍ന്ന് വന്ന ഒരു സംശയമായിരുന്നു പ്രതിപക്ഷം ബോധപൂര്‍വമോ അബോധപൂര്‍വമോ ഭരണപക്ഷത്തെ സഹായിക്കുന്നു എന്ന തോന്നല്‍. അതിന് കൂടുതല്‍ ബലം പകരുന്ന തരത്തിലായിരുന്നു ഇന്നലത്തെ കണ്‍വെഷന്‍ എന്ന് ഒറ്റനോട്ടത്തില്‍ മനസിലാവും.

സിപിഎമ്മിലെ അധികാര രാഷ്ട്രീയ വടംവലിയുടെ ഭാഗമായി നടക്കുന്ന നാടകങ്ങളാണോ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്ന പോലെ ഇത്തവണ അരുവിക്കരയിലും കാര്യങ്ങള്‍ തീരുമാനിക്കുക? ഉമ്മന്‍ചാണ്ടി അഞ്ചു വര്‍ഷം ഭരിച്ചാലും വിഎസ് അച്യൂതാനന്ദനെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ല എന്ന ഔദ്യോഗികപക്ഷ നിലപാടിന്റെ ആവര്‍ത്തനം തന്നെയല്ലെ ഇന്നലെ അരുവിക്കരയിലും കണ്ടത്?

അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഒരു സര്‍ക്കാരിനെതിരായ നിര്‍ണായക ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ തങ്ങളുടെ ഏറ്റവും ജനപ്രിയരായ, ആളെ കൂട്ടാന്‍ പ്രാപ്തിയുള്ള നേതാക്കളെയല്ലെ ഒരു രാഷ്ട്രീയ പ്രസ്ഥാനം രംഗത്തിറക്കൂ? നിര്‍ഭാഗ്യവശാല്‍ അരുവിക്കരയില്‍ അങ്ങനെ സംഭവിച്ചു കണ്ടില്ല. കണ്‍വെന്‍ഷന്‍ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തതിന് കാരണങ്ങള്‍ നിരത്തി കാനം രാജേന്ദ്രന്‍ രംഗത്തിറങ്ങിയിരുന്നു. ശരി, സ്വന്തം പാര്‍ട്ടിയുടെ മണ്ഡലം കണ്‍വെന്‍ഷന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് വാദത്തിന് സമ്മതിച്ചാല്‍ പോലും സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ സമ്മേളനത്തില്‍ അദ്ധ്യക്ഷനായോ അല്ലെങ്കില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യാനായോ എങ്കിലും ക്ഷണിക്കേണ്ടതല്ലെ? ഇത് സംബന്ധിച്ച് വിവാദം ഉണ്ടായപ്പോള്‍, ക്ഷണിച്ചാല്‍ അരുവിക്കരയില്‍ പോകാന്‍ തയ്യാറാണെന്ന് വിഎസ് ഇടതുമുന്നണി കണ്‍വീനറെ അറിയിച്ച സ്ഥിതിക്ക് പ്രത്യേകിച്ചും.

പകരം പ്രസംഗിച്ച പ്രതിഭകളെ കാണുമ്പോഴാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും രാഷ്ട്രീയ പാപ്പരത്വം വ്യക്തമാവുന്നത്. ആര്‍ ബാലകൃഷ്ണപിള്ള, ഉഴവൂര്‍ വിജയന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി സ്വന്തമായി പത്ത് വോട്ട് ആ മണ്ഡലത്തില്‍ ഇല്ലാത്തവരായിരുന്നു എല്‍ഡിഎഫിന്റെ മണ്ഡലം കണ്‍വെഷന്റെ പ്രാസംഗികര്‍. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ അനുഭവത്തില്‍ നിന്നും എല്‍ഡിഎഫ് ഒന്നും പഠിച്ചിട്ടില്ലെന്ന് തന്നെയല്ലെ ഇത് വ്യക്തമാക്കുന്നത്? 

ലോക്‌സഭ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വൈദഗ്ധ്യം ഒന്നു കൊണ്ട് മാത്രമല്ലെ യുഡിഎഫ് പന്ത്രണ്ട് സീറ്റില്‍ ജയിച്ചു കയറിയത്? ബെനറ്റ് എബ്രഹാം, ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ഫിലിപ്പോസ് തോമസ് തുടങ്ങി പ്രഗത്ഭര്‍ക്ക് പകരം മുന്നണി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ആ കസേരയില്‍ ഇപ്പോള്‍ ഉണ്ടാകുമായിരുന്നോ? ഇക്കാര്യത്തില്‍ ഐ ഗ്രൂപ്പ് കാണിക്കുന്ന ആത്മാര്‍ത്ഥയെങ്കിലും നമ്മുടെ ആസ്ഥാന പ്രതിപക്ഷം കാണിക്കേണ്ടതല്ലെ?

ഇത്രയും അഴിമതി ആരോപണങ്ങള്‍ നേരിട്ട ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. അതും ചെറിയ ആരോപണങ്ങളല്ല. എല്ലാ പ്രധാനപ്പെട്ട മന്ത്രിമാര്‍ക്കെതിരെയും വമ്പന്‍ അഴിമതി ആരോപണങ്ങള്‍ തന്നെ ഉയര്‍ന്ന് വന്നിട്ടുണ്ട്. അതിനെതിരെ ഈ പ്രതിപക്ഷം ചില സമരാഭാസങ്ങള്‍ക്ക് അപ്പുറം ആത്മാര്‍ത്ഥമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? അപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഇതില്‍ ചില കൊടുക്കല്‍ വാങ്ങലുകള്‍ സംഭവിക്കുന്നുണ്ട്. അത് ബിജെപിയുടെ കാര്യത്തില്‍ പോലും സംഭവിക്കുന്നില്ലെ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.

കാരണം അവര്‍ പോലും പ്രഖ്യാപനങ്ങള്‍ക്കപ്പുറം സര്‍ക്കാരിനെ വിറപ്പിക്കാന്‍ പാകമായ സ്വഭാവത്തിലുള്ള ഒന്നും ചെയ്തിട്ടില്ല. അതായത്, പരസ്പരം ചൊറിയുന്ന കുറെ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ജനം വിഡ്ഢിയാവുന്നു. അവരുടെ സ്വത്തും ഭാവിതലമുറയ്ക്ക് ജീവിക്കാനുള്ള അവകാശങ്ങളും തുടര്‍ച്ചയായി കൊള്ളയടിക്കപ്പെടുന്നു. അതില്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസമില്ലെന്ന് വീണ്ടും വ്യക്തമാകുന്നു. പൊതുജനം കഴുതയായി തന്നെ തുടരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍