UPDATES

ബി.ജെ.പിയുമായി മുഖ്യമന്ത്രിക്ക്‌ അവിഹിത ബന്ധം: വൈക്കം വിശ്വം

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് കോടതി വിധി അനുസരിച്ചുളള തുടരന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തില്‍ നടത്തണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് പ്രക്ഷോഭം ആരംഭിക്കുമെന്ന് ഇടുക്കി പ്രസ് ക്ലബിന്റെ നേതാവ് നിലപാട് മുഖാമുഖം പരിപാടിയില്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

കോടതിയില്‍ കേസ് നിലനില്‍ക്കെ വിജിലന്‍സ് റിപ്പോര്‍ട്ട് തളളി കെ.എം മാണിയെ കുറ്റവിമുക്തനാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിധി പ്രഖ്യാപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ സുകേശന്റെ റിപ്പോര്‍ട്ട് മാണിക്കു വേണ്ടി അട്ടിമറിച്ച മന്ത്രിസഭ ഒന്നടങ്കം ഇക്കാര്യത്തില്‍ കുറ്റക്കാരാണ്. അതു കൊണ്ട് കെ.എം മാണിയും മുഖ്യമന്ത്രിയും ഒരു നിമിഷം പോലും തല്‍സ്ഥാനത്ത് തുടരരുത്. വിജിലന്‍സിലെ വഴിവിട്ട നടപടികള്‍ കോടതി തുറന്നുകാണിച്ച സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രിക്കും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ല.

സത്യസന്ധമെന്ന് ഇപ്പോള്‍ കോടതി കണ്ടെത്തിയിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിച്ച വിജിലന്‍സ് ഡി.ജി.പി വിന്‍സന്‍.എം.പോളിനെതിരെ നടപടിയെടുക്കണം.നിയമവും നീതിയും നടപ്പാക്കേണ്ട സര്‍ക്കാര്‍ ഈ ഉത്തരവാദിത്വം ലംഘിച്ചിരിക്കുകയാണ്. മന്ത്രി ആരോപിതനായ കേസിലെ നിഷ്പക്ഷ അന്വേഷണ റിപ്പോര്‍ട്ട് കുറ്റക്കാരനു വേണ്ടി സര്‍ക്കാര്‍ വളച്ചൊടിച്ചതിനെതിരെയുളള കോടതി വിധി സ്വാഗതം ചെയ്യുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണ് വിധിക്ക് കാരണം എന്ന് പറയുന്ന മുഖ്യമന്ത്രി സര്‍ക്കാര്‍ വക്താവാണോ കോടതിയെ തെറ്റിദ്ധരിപ്പിച്ചതെന്ന് വ്യക്തമാക്കണം.

അരുവിക്കരയിലെ പോലെ യു.ഡി.എഫും ബി.ജെ.പിയുമായാണ് ഈ തെരഞ്ഞെടുപ്പില്‍ മല്‍സരം എന്ന ആദ്യം പറഞ്ഞിരുന്ന മുഖ്യമന്ത്രിയടക്കമുളളവര്‍ ഇപ്പോള്‍ എല്‍.ഡി.എഫ്-ബി.ജെ.പിയും തമ്മിലാണ് മല്‍സരം എന്നു പറയുന്നു. ബി.ജെ.പിയുമായി അവിഹിത ബന്ധം മുഖ്യമന്ത്രി തുടരുകയാണ്. ആര്‍.എസ്.എസ് -ബി.ജെ.പി നേതാക്കള്‍ക്കെതിരെയുളള കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചത് ഇതിന് തെളിവാണ്. എസ്.എന്‍.ഡി.പിയുടെ നേതൃത്വം കൈയാളുന്ന കുടുംബം വഴി ബി.ജെ.പി- യു.ഡി.എഫ് ബന്ധം നിലനിര്‍ത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. എസ്.എന്‍.ഡി.പി നേതൃത്വമല്ലാതെ അണികളൊന്നും ഈ വഴിക്ക് ചിന്തിക്കില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.വി മത്തായി, പ്രസ് ക്ലബ് പ്രസിഡന്റ് ഹാരീസ് മുഹമ്മദ്, സെക്രട്ടറി വിനോദ് കണ്ണോളി പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍