UPDATES

ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ്: എല്‍ഡിഎഫ് മദ്യനയം പ്രഖ്യാപിച്ചു

രാവിലെ 11 മുതല്‍ രാത്രി 11 മണി വരെയാണ് ബാറുകള്‍ ഇനി പ്രവര്‍ത്തിക്കേണ്ടത്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന് ശേഷം ലഹരിയുടെ ഉപയോഗം വര്‍ദ്ധിച്ചുവെന്ന് പിണറായി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ തിരിച്ചറിവിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യനയം പുതുക്കി നിശ്ചയിക്കുന്നത്. മദ്യം ലഭിക്കാതെ വരുമ്പോള്‍ മറ്റുള്ള ലഹരികള്‍ തേടുന്നതാണ് കാണാന്‍ സാധിക്കുന്നത്. മദ്യ വര്‍ജ്ജനത്തിനുള്ള കാമ്പെയ്‌നിംഗുകള്‍ ഇനിയും തുടരും. അതേസമയം സമ്പൂര്‍ണ മദ്യവര്‍ജ്ജനം സാധ്യമല്ല. യുഡിഎഫിന്റെ മദ്യനയം സമ്പൂര്‍ണ പരാജയമായിരുന്നെന്ന് വിലയിരുത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ മദ്യനയം രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആരോഗ്യവകുപ്പും എക്‌സൈസ് വകുപ്പും യോജിച്ച് എല്ലാ ജില്ലകളിലും ആരംഭിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. മദ്യപാന രോഗികളെ പുനരധിവസിപ്പിക്കാന്‍ ഡിഅഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങും. നിലവില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമുള്ള ബാര്‍ ലൈസന്‍സ് ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും അനുവദിക്കും. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ നിയമം അനുസരിച്ച് യോഗ്യതയുള്ളവര്‍ക്ക് അനുവദിക്കും. ദേശീയ പാതയുടെ അഞ്ഞൂറ് മീറ്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്യശാലകളും അടച്ചു പൂട്ടണം. തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാന്‍ അവ മാറ്റി സ്ഥാപിക്കാനുള്ള അനുമതി നല്‍കും. ഏപ്രില്‍ ഒന്നിന് മുമ്പ് ജോലി നോക്കിയിരുന്നവര്‍ക്ക് ജോലി കൊടുക്കുമെന്ന ഉറപ്പിലാണ് അതേ താലൂക്കില്‍ തന്നെ വൃത്തിയുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കാനാണ് അനുമതി.

നിലവില്‍ 12.30 മണിക്കൂര്‍ പ്രവര്‍ത്തനം എന്നത് 12 മണിക്കൂര്‍ ആയി ചുരുക്കും. രാവിലെ 11 മുതല്‍ രാത്രി 11 മണി വരെയാണ് ബാറുകള്‍ ഇനി പ്രവര്‍ത്തിക്കേണ്ടത്. ടൂറിസം മേഖലയില്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെയാണ് വില്‍പന അനുവദിക്കുക. മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 എന്നത് 23 ആക്കും.

പരമ്പരാഗത വ്യവസായമായ കള്ളു ഷാപ്പുകളെ സംരക്ഷിക്കുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. കള്ളുഷാപ്പുകള്‍ വില്‍പ്പന നടത്തുമ്പോള്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. അബ്കാരിച്ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണം. മുപ്പത് ത്രീ സ്റ്റാര്‍ ഹോട്ടലുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത് ഇതില്‍ ഏഴ് എണ്ണം പൂട്ടിക്കിടക്കുകയായിരുന്നു. വ്യവസ്ഥതകള്‍ അനുസരിച്ച് ഇവ തുറക്കും. 306 ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ പൂട്ടിക്കിടന്ന 96 എണ്ണം വീണ്ടും തുറക്കും. 36 ക്ലബ്ബ് ലൈസന്‍സുകളും വീണ്ടും അനുവദിക്കും. 470ഓളം ടു സ്റ്റാര്‍ ഹോട്ടലുകള്‍ പൂട്ടിക്കിടക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍