UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പറയാന്‍ കുറ്റങ്ങളുണ്ട്, അതിലേറെ നേട്ടങ്ങളും

Avatar

കെ എ ആന്റണി

ഒരു മുഖ്യമന്ത്രിയും സ്വന്തം ഭരണം മോശമെന്നു പറയില്ല. നല്ലതു ചെയ്താല്‍ അത് അംഗീകരിക്കാന്‍ പ്രതിപക്ഷം മടികാണിക്കുകയും ചെയ്യും. 100 ദിവസം തികച്ച പിണറായി സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ചു പറയുമ്പോള്‍ ഇക്കാര്യങ്ങള്‍ വിസ്മരിക്കാന്‍ പറ്റില്ല.

വികസനവും ആശ്വാസവും ഉറപ്പുവരുത്തുന്ന ഭരണമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണത്തെ വിലയിരുത്തുന്നത്. മോഡറേഷന്‍ നല്‍കിയാലും പാസാകാത്ത സര്‍ക്കാര്‍ എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം. എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ ഒന്നും ശരിയാക്കുന്ന ലക്ഷണം കാണിക്കുന്നില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പറയുന്നത്.

ഭരണ-പ്രതിപക്ഷ കക്ഷിനേതാക്കളുടെ അഭിപ്രായപ്രകടനങ്ങളില്‍ നിന്നും അല്‍പ്പം മാറി നിന്ന് പിണറായി സര്‍ക്കാരിന്റെ നൂറു ദിനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഗംഭീരം എന്നൊന്നും പറയാന്‍ ആകില്ലെങ്കിലും എല്‍ഡിഎഫിന്റെ പ്രകടനപത്രികയോട് കഴിയുന്നത്ര നീതി പുലര്‍ത്തിക്കൊണ്ടാണ് ഈ സര്‍ക്കാരിന്റെ പോക്കെന്നു പറയേണ്ടി വരും. പോരായ്മകള്‍ ഏറെയുണ്ട്. കുറച്ചുകൂടി ശ്രദ്ധവച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്നവയാണ് അവയെല്ലാം.

പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ കൈയില്‍ അലാവുദ്ദീന്റെ അത്ഭുതവിളക്കൊന്നും ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടു തന്നെ പരിമിതികളെ മറികടക്കാന്‍ സമയമെടുക്കും എന്ന വസ്തുത അംഗീകരിക്കാതെ തരമില്ല.

പോരായ്മകള്‍ക്കൊപ്പം തന്നെ വിവാദങ്ങളും സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് അല്‍പ്പം മങ്ങലേല്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മുഖ്യ നിയമോപദേഷ്ടാവായി അഡ്വ. എം കെ ദാമോദരനെയും സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെയും നിയമിച്ചതും ഒളിമ്പ്യന്‍ അഞ്ജു ബോബിജോര്‍ജിനെതിരെ മന്ത്രി ഇ പി ജയരാജന്‍ നടത്തിയ ചില പരാമര്‍ശങ്ങളും വിവാദത്തിനു തിരികൊളുത്തി. മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ ചില പരാമര്‍ശങ്ങളും വിവാദത്തിന് ഇടവച്ചു. എന്നാല്‍ ഈ വിവാദങ്ങളെ വളരെ സമര്‍ത്ഥമായി തന്നെയാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്തത്.

വിവാദങ്ങള്‍ ശമിച്ചെങ്കിലും അടിയന്തരപ്രാധാന്യം അര്‍ഹിക്കുന്ന ചില പ്രശ്‌നങ്ങള്‍ സര്‍ക്കാരിനു മുന്നിലുണ്ട്. തെരുവുനായ ശല്യവും മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനവും വല്ലാത്തൊരു കീറാമുട്ടിയായി അവശേഷിക്കുന്നൊരു വേളയിലാണ് സര്‍ക്കാര്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. പയ്യന്നൂരിലെയും വടകരയിലേയും അടക്കമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏല്‍പ്പിച്ച ക്ഷീണവും ചില്ലറയല്ല. പൊലീസിന്റെ ചില നടപടികളും പരക്കെ വിമര്‍ശിക്കപ്പെടുന്നുണ്ട്.

കോട്ടങ്ങളുടെ പട്ടികയേക്കാള്‍ ബഹുദൂരം മുന്നിലാണു നേട്ടങ്ങളുടെ പട്ടിക. അധികാരത്തിലേറി ദിവസങ്ങള്‍ക്കകം പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതിയെ പിടിക്കാന്‍ കഴിഞ്ഞു എന്നതു തന്നെയാണ് ആദ്യത്തെ നേട്ടം. കാര്യക്ഷമതയും അര്‍പ്പണ മനോഭാവവുമുള്ള ജേക്കബ് തോമസിനെ വിജിലന്‍സ് തലവനാക്കുക വഴി പിണറായി സര്‍ക്കാര്‍ അതിന്റെ നയം വ്യക്തമാക്കി കഴിഞ്ഞു. പെന്‍ഷന്‍ കുടിശ്ശിക ഓണത്തിനു മുമ്പ് കൊടുത്തുതീര്‍ക്കാന്‍ നടപടിയെടുത്തതും പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചതുമൊക്കെ ധാരാളം പേര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. അടച്ചുപൂട്ടി കിടന്നിരുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നതും ആ മേഖലയിലെ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ ആശ്വാസമാണ് പകര്‍ന്നത്.

എന്നാല്‍ മുഖ്യമന്ത്രി ഏകാധിപത്യപ്രവണത കാട്ടുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്. ഒരര്‍ത്ഥത്തില്‍ ഇതു നല്ലതാണെങ്കിലും മറ്റൊരര്‍ത്ഥത്തില്‍ ഈ നയം വരും ദിനങ്ങളില്‍ അപകടം ചെയ്‌തേക്കാം, സംശയം നിലനില്‍ക്കുന്നു. മാധ്യമങ്ങള്‍ക്കു മുഖം കൊടുക്കാതിരിക്കുന്നത്, വിവരാവകാശ നിയമത്തെ തീര്‍ത്തും അവഗണിക്കുന്നത് അത്രകണ്ട് നന്നാണെന്നു തോന്നുന്നില്ല.

തുടക്കം നന്നായാല്‍ ഒടുക്കവും നന്നാകുമെന്നാണല്ലോ. പ്രതീക്ഷയുടെ കിരണങ്ങള്‍ വിതറുന്ന ഈ നൂറുദിനങ്ങള്‍ ഭരണത്തിന്റെ അവസാനനാളുകള്‍ വരെ നിലനിര്‍ത്തിയാല്‍ മാത്രം പോര അതിനും അപ്പുറത്തേക്കു ജനോപകാരപ്രദമായ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന ചിന്ത സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടായിരുന്നാല്‍ നല്ലത്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍